ഡോ. ഏഴംകുളം സാംകുട്ടിയുടെ സംസ്കാര ശുശ്രൂഷകൾ മെയ് 16ന്

ഡോ. ഏഴംകുളം സാംകുട്ടിയുടെ സംസ്കാര ശുശ്രൂഷകൾ മെയ് 16ന്
ഡോ. ഏഴംകുളം സാംകുട്ടി

വാർത്ത: ജോയ് തുമ്പമൺ

ഹൂസ്റ്റൺ: അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രമുഖ എഴുത്തുകാരനും പ്രസംഗകനും നോവലിസ്റ്റും അധ്യാപകനും സഭാ പ്രവർത്തകനുമായ ഡോ. ഏഴംകുളം സാംകുട്ടി (77) യുടെ  സംസ്കാര ശുശ്രൂഷകൾ മെയ് 16 ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും.

രാവിലെ 9 മുതൽ 12 വരെ ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൺ സഭയിൽ (4660 South Sam Houston Pkwy East, Houston, Texas 77048) പൊതുദർശനവും ശുശ്രൂഷയും നടക്കും. ഉച്ചയ്ക്ക് 1 മുതൽ 2 വരെ South Park Funeral Home-ൽ (1310 N Main St, Pearland, Texas 77581) സംസ്കാര ശുശ്രൂഷകൾ നടക്കും.

ദൈവവചനത്തിൽ ആഴമുള്ള പ്രസംഗങ്ങളിലൂടെ അനേകരെ സ്വാധീനിച്ച ഡോ.ഏഴംകുളം സാംകുട്ടി ആത്മീയ ലോകത്ത് ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം വിശ്വാസ സമൂഹത്തിന് വലിയ വിടവായി മാറിയാതായി വിവിധ ആത്മീയ-സാമൂഹിക സംഘടനകൾ അനുശോചനത്തിലൂടെ രേഖപ്പെടുത്തി.

ഡോ. ഏഴംകുളം സാംകുട്ടി (77) നിര്യാതനായി

വാർത്ത: സാം മാത്യു ഡാളസ്

ലൂസിയാന: പ്രമുഖ എഴുത്തുകാരനും പ്രസംഗകനും നോവലിസ്റ്റും സഭാ പ്രവർത്തകനുമായ ഡോ. ഏഴംകുളം സാംകുട്ടി (77) നിര്യാതനായി. ദീർഘകാലമായി രോഗാതുരനായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്.

ഇംഗ്ലീഷിലും മലയാളത്തിലും അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. “പാളം തെറ്റിയ തീവണ്ടി ” ഉൾപ്പെടെയുള്ള കൃതികൾ വിവിധ സഭാപശ്ചാത്തലങ്ങളിലുള്ള വായനക്കാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഗുഡ്ന്യൂസിലെ സ്‌ഥിരം എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിൻ്റെ നിരവധി ലേഖനങ്ങളും പഠനങ്ങളും ഗുഡ്ന്യൂസിൽ പ്രസിദ്ധീകരിക്കുകയും ചർച്ചക്കും സംവാദത്തിനും ഇടനൽകിയിട്ടുണ്ട്.

പാളം തെറ്റിയ തീവണ്ടി എന്ന ചരിത്ര നോവലിലൂടെ മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ അനുഗ്രഹീത സാഹിത്യകാരനും , പ്രഭാഷകനും ആയിരുന്നു. ലൂസിയാന സതേൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ആയി സേവനം ചെയ്തിരുന്നു. 

പത്തനംതിട്ട ജില്ലയിൽ ഏഴംകുളത്ത് 1949-ൽ ജനിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അർക്കെൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 1978-ൽ ലൂസിയാന സർവ്വകലാശാലയിൽ നിന്ന്ബ്രിട്ടീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. 

മലയാള മനോരമ സൺഡേപതിപ്പ് ഉൾപ്പെടെ നിരവധി ദിനപത്രങ്ങളിലും ആനുകാല്യങ്ങളിലും നിരവധി ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983 -ൽ പ്രസിദ്ധീകരിച്ച പാളം തെറ്റിയ തീവണ്ടി എന്ന നോവലിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ മറ്റ് പ്രമുഖ കൃതികളാണ് ശാസ്ത്രവും ബൈബിളും , ഒടുവിലത്തെ ശത്രു, യുക്തിവാദം ശനി ദിശയിൽ, AD 2000 ( English). ഇദ്ദേഹത്തിൻ്റെ രചനകൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇരുപതോളം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവ് ആണ്.

സാഹിത്യരംഗത്തും ശുശ്രൂഷാരംഗത്തും സജീവമായിരുന്ന ഡോ.സാംകുട്ടി കൗൺസിലിംഗ് ശുശ്രൂഷയിലും സൺഡേ സ്കൂൾ പാഠ്യപദ്ധതി വികസനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു. നിരവധി യുവജനപ്രവർത്തകർക്കും എഴുത്തുകാർക്കും മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും നൽകി. ക്രിസ്തുവിനോടുള്ള അചഞ്ചലമായ വിശ്വാസവും സത്യത്തിനോടുള്ള അനുരാഗവും സമർപ്പിതമായ ശുശ്രൂഷയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

ഭാര്യ: തിരുവല്ല ശങ്കരമംഗലം കുടുംബാംഗം പ്രൊഫ. പുഷ്പ സാംകുട്ടി. മക്കൾ: രഞ്ജിത്ത്,  ബിന്ദു. മരുമകൾ: ദീപ.

 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement