ഐപിസി ബെഥേൽ സൺഡേ സ്കൂൾ 14-ാം വാർഷികത്തിന് സമാപനം

ഐപിസി ബെഥേൽ സൺഡേ സ്കൂൾ 14-ാം വാർഷികത്തിന് സമാപനം

ബഹ്റൈൻ: “നക്ഷത്രങ്ങളെ പോലെ പ്രകാശിക്കുക” എന്ന പ്രമേയത്തെ ആസ്പദമാക്കി സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിജ്ഞാനപ്രദവും വർണ്ണശബളവും രസകരവുമായ സ്കിറ്റുകൾ, കൊറിയോഗ്രഫി, ആക്ഷൻ സോങ്ങുകൾ തുടങ്ങിയ വിവിധ പ്രോഗ്രാമുകളോടെ ഐ.പി.സി ബെഥേൽ സൺഡേ സ്കൂളിന്റെ 14-ാം വാർഷികം സമാപിച്ചു.

മെയ് 15 വെള്ളിയാഴ്ച വൈകിട്ട് ചർച്ച് ഹാളിൽ നടന്ന യോഗത്തിൽ, ദൈവം സൃഷ്ടിച്ച നക്ഷത്രങ്ങൾ അവിടുന്ന് നിശ്ചയിച്ച ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതുപോലെ നമുക്കായി ഒരുക്കിയ ആത്മീയ ശുശ്രൂഷാ പാതയിലൂടെ നാം മുന്നേറണമെന്നും, നക്ഷത്രങ്ങളുടെ ശോഭ കെടുത്തിക്കളയുവാൻ കാറ്റിനോ മഴയ്ക്കോ കഴിയാത്തതുപോലെ നമ്മുടെ ഉള്ളിൽ യേശു കത്തിച്ച രക്ഷയുടെ ദീപം കെടുത്താൻ ലോകശക്തികൾക്ക് സാധ്യമല്ലെന്ന് തിരിച്ചറിയണമെന്നും ഐ.പി.സി ബെഥേൽ സഭാ പ്രസിഡന്റ് ഡോ. ഏബ്രഹാം വെണ്മണി തന്റെ മുഖ്യ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പരീക്ഷകളിലും ടാലന്റ് പരിശോധനയിലും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് ട്രോഫികൾ നൽകി. ദൈവവചനം പഠിപ്പിച്ച സൺഡേ സ്കൂൾ അധ്യാപകരെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. +2 പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു.

സൺഡേ സ്കൂൾ സെക്രട്ടറി ബ്രദർ ജോബിൻ ജോയി സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സുനിജ വിൻസെന്റ് റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരായ ഫേബ സാം, ജീനാ ജാബിൻ എന്നിവർ പ്രോഗ്രാം ആങ്കർ ചെയ്തു. സഹശുശ്രൂഷകൻ മനോഹ ജോസഫിന്റെ പ്രാർത്ഥനയോടെ വാർഷികം അനുഗ്രഹത്തോടെ സമാപിച്ചു.