ഭൂമിയിൽ പി.ജി. മാത്യൂസിന് സമാധാനം


ഭൂമിയിൽ പി.ജി. മാത്യൂസിന് സമാധാനം
ad
ad
ad

ഭൂമിയിൽ പി.ജി. മാത്യൂസിന് സമാധാനം

തയാറാക്കിയത്:
സജി മത്തായി കാതേട്ട്

ഇനിയും ഏറെക്കാതം ഓടിത്തീര്‍ക്കേണ്ട കുതിപ്പിലാണ് പാസ്റ്റര്‍ പി.ജി. മാത്യൂസ്.

അതിന് നാലാള്‍ കൂടുന്ന ഒരു നാല്‍ക്കവല മതി. അവിടെ നില്‍ക്കാനൊരിടം കിട്ടിയാല്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് ഉറക്കെ വിളിച്ചു പറയും "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം..."

കേള്‍വിക്കാരുടെ ഉള്ളിലേക്ക് ചാട്ടുളിപോലെ കയറിചെല്ലുന്ന ചോദ്യങ്ങളുമായി പിന്നെ പാസ്റ്റര്‍ പി.ജി. മാത്യൂസ് മനുഷ്യമനസുകളുമായി ദൈവരാജ്യത്തെക്കുറിച്ചും ഭൂമിയിലെ സമാധാനത്തെക്കറിച്ചും സംവേദനം നടത്തുകയായി.

ഇന്ത്യാ ദൈവസഭയുടെ സൗമ്യമുഖമാണ് മുന്‍ അസിസ്റ്റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ്. പെന്തെക്കോസ്ത് പ്രസ്ഥാനത്തിന്‍റെ രണ്ടാംഘട്ട ചരിത്രത്തില്‍ ഒപ്പം സഞ്ചരിക്കുന്ന സഭാനേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

റോഡുകളോ വൈദ്യുതിയോ ഒന്നുമില്ലാത്ത കുന്നം എന്ന കൊച്ചു ഗ്രാമത്തില്‍, മാരാമണ്‍ പുതുപ്പറമ്പില്‍ ജോര്‍ജിന്‍റെ മകനായി ജനിച്ചു വളര്‍ത്തപ്പെട്ടു. തികഞ്ഞ ആത്മീയ അന്തരീക്ഷത്തിലാണ് മാത്യൂസ് വളര്‍ന്നത്. ബാല്യംമുതലേ ആത്മീയ കാര്യങ്ങളില്‍ അതീവ തല്‍പരനായിരുന്നു മാത്യൂസ്.

കോളേജ് പഠനകാലത്ത് ഹൃദയത്തെ വല്ലാതെ ഉലച്ച ഒരു സംഭവമായിരുന്നു തന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യ. നിത്യതയെക്കുറിച്ചും മനുഷ്യ ജീവിതത്തിന്‍റെ നൈമിഷികതയെക്കുറിച്ചും ആഴമായി ചിന്തിക്കുവാന്‍ ഈ സംഭവം മുഖാന്തരമായി.

പാസ്റ്റര്‍ വില്‍സണ്‍ കടവില്‍ (കാനഡ കാല്‍വറി ചര്‍ച്ച് ശുശ്രൂഷകന്‍) ആത്മീയ ശുശ്രൂഷകള്‍ക്കായി പോകുമ്പോള്‍ തന്നെയും കൂടെ കൂട്ടുകയും, പാസ്റ്റര്‍ പി.ജെ. ജോര്‍ജ് ഭവനത്തില്‍ വന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഈ ദൈവദാസന്മാരുടെ കണ്ണീരില്‍ കുതിര്‍ന്ന വചനസന്ദേശങ്ങള്‍ പി.ജി. മാത്യൂസിനെ സ്വാധീനിക്കുകയും വീണ്ടും ജനനാനുഭവം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് വിശ്വാസ സ്നാനം സ്വീകരിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ ദൈവവേലയ്ക്കായി സമര്‍പ്പിച്ചു.

ആദ്യമൊക്കെ സഞ്ചാരസുവിശേഷകനായി ഒരു ഒറ്റയാള്‍പട്ടാളംപോലെ പരസ്യയോഗങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചു. അതിരാവിലെ തിരുവചനം വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്ന ഒരു ശീലവും തനിക്കുണ്ടായിരുന്നു. ഒടുവില്‍ 1971-ല്‍ വേദപഠനത്തിനായി കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളേജില്‍ എത്തി.

കുമ്പനാട്ടെ പഠനത്തിനുശേഷം മുളക്കുഴയില്‍ വേദപഠനം തുടര്‍ന്നു. അങ്ങനെ പാസ്റ്റര്‍ പി.ജി. മാത്യൂസ് ചര്‍ച്ച് ഓഫ് ഗോഡുകാരനായി.

വചനത്തിലുള്ള നിശ്ചയം, പരിശുദ്ധാത്മ നിറവ്, വിശുദ്ധജീവിതം എന്നിങ്ങനെ ഒരു ശുശ്രൂഷകനുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളെക്കുറിച്ച് പറഞ്ഞു പാസ്റ്റര്‍ കെ.ഇ. എബ്രഹാം ശുശ്രൂഷയ്ക്കായി പ്രാര്‍ഥിച്ച് അനുഗ്രഹിച്ചു.

മുളക്കുഴയില്‍ വേദപഠനം നടത്തുമ്പോഴാണ് എം.വി. ചാക്കോ സാര്‍ സുവിശേഷപ്രവര്‍ത്തനത്തിനായി പ്രാര്‍ഥിച്ച് അയച്ചത്. മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ പ്രാരംഭം നൂറനാടായിരുന്നു. പിന്നീട് അതൊരു സഭയായി വളര്‍ന്നു. മേപ്രാല്‍, ഇളമ്പല്‍, കോട്ടയം, വാര്യാപുരം, മഴുക്കീര്‍ എന്നിവിടങ്ങളില്‍ കുടുംബമായി സഭാ ശുശ്രൂഷയില്‍ ആയിരുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ കൂടാതെ ഓസ്ട്രേലിയ, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളിലൊക്കെ വിവിധ ഘട്ടങ്ങളില്‍ ശുശ്രൂഷകളുമായി പി.ജി. മാത്യു സാര്‍ എത്തി. 

ലളിതമായി സംസാരിച്ച് മനുഷ്യഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മാസ്മരിക വ്യക്തിത്വത്തിന് ഉടമയാണ് സുവിശേഷ പ്രസംഗകനായ പാസ്റ്റര്‍ പി.ജി. മാത്യൂസ്.

ഓസ്ട്രേലിയയില്‍ ആയിരുന്നപ്പോള്‍ ബൈബിള്‍ ക്ലാസുകള്‍ നടത്തുകയും തെരുവുകളില്‍ പ്രസംഗിക്കുകയും ധാരാളം പേരെ സ്നാനപ്പെടുത്തിയും നിരവധി വീടുകളില്‍ ലഘുലേഖകള്‍ എത്തിക്കുവാനും മിഷന്‍ പ്രവര്‍ത്തനത്തിനുവേണ്ടി അവിടെയുള്ള ദൈവമക്കളെ ഒരുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

ദൈവവേലയുടെ ആദ്യകാലങ്ങളില്‍ ഒട്ടേറെ വേദനകളും പ്രയാസങ്ങളും അവഗണനകളും സാമ്പത്തിക ഞെരുക്കങ്ങളും പാസ്റ്റര്‍ പി.ജി. മാത്യൂസ് അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഏതു പ്രതിസന്ധിയിലും കണ്ണുനീരോടെ പ്രാര്‍ഥിക്കാന്‍ അദ്ദേഹത്തിനും ഭാര്യ അമ്മിണിയ്ക്കും കഴിഞ്ഞിരുന്നു.

ഒരിക്കല്‍ മകളുടെ കോളേജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ ഇരുവരും പ്രാര്‍ഥിച്ചിരുന്നപ്പോള്‍, ദൈവം അത്ഭുതകരമായി ഇടപെടുകയുണ്ടായി. മറ്റൊരാള്‍ മുഖാന്തരം ഒരു വ്യക്തി വലിയൊരു തുക അവരുടെ കൈകളില്‍ എത്തിച്ചുകൊടുത്തു. ദൈവത്തിന്‍റെ പ്രകടമായ കരുതല്‍ അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

മറ്റൊരു സംഭവം അദ്ദേഹത്തിന്‍റെ പഠനകാലത്താണ്. കുമ്പനാടുള്ള കോളേജില്‍ എത്താന്‍ വണ്ടിക്കൂലി ഇല്ലാത്തതിനാല്‍ രാത്രി 12ന് വീട്ടില്‍ നിന്നിറങ്ങി നടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ആ സമയത്ത് ഇറങ്ങിയാല്‍ രാവിലെ 6 മണിയോടെ കോളേജില്‍ എത്താമായിരുന്നു. എന്നാല്‍ അന്നു രാത്രി, റാന്നി കോളേജില്‍ പഠിച്ചിരുന്ന ഒരു സുഹൃത്ത് വീടിനു മുന്നിലെത്തി അദ്ദേഹത്തെ രഹസ്യമായി വിളിച്ചു. 'രാത്രി 11.30-ഓടെ ഒരു ദൈവദൂതന്‍ എന്‍റെ അടുക്കല്‍ വന്ന് മാത്യൂസിനു കുറച്ചു പണം കൊടുക്കാന്‍ ആവശ്യപ്പെട്ടു; അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വന്നത്' എന്ന് പറഞ്ഞ് ആ സുഹൃത്ത് ഒരു തുക അദ്ദേഹത്തെ ഏല്പിച്ചു. ആകാശത്തുനിന്ന് നൂലുകെട്ടി ഇറക്കിത്തന്നതുപോലെയുള്ള ദൈവ കരുതലിന്‍റെ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

പ്രസംഗത്തോടൊപ്പം എഴുത്തുമേഖലയിലും പി.ജി മാത്യു സാര്‍ അഗ്രഗണ്യനാണ്. ചെറുപ്രായത്തില്‍ തന്നെ എഴുതിത്തുടങ്ങിയ അദ്ദേഹം സോബി, റോയ് മേപ്രാല്‍ എന്നിവരോടൊപ്പം ഒരു കൈയെഴുത്ത് മാസിക ആരംഭിക്കുകയും പിന്നീട് നിരവധി ലഘുലേഖകള്‍ അച്ചടിപ്പിക്കുകയും ചെയ്തു.

1982-ല്‍ ജ്യോതിമാര്‍ഗ്ഗം മാസികയ്ക്ക് തുടക്കം കുറിച്ചു. 35 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

പെന്തെക്കോസ്തല്‍ പ്രസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍, സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പെന്തെക്കോസ്തു എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഘടനയായ പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്‍റെ ചെയര്‍മാനാണ്.

  •  ഒരു സീനിയര്‍ ശുശ്രൂഷകന്‍ എന്ന നിലയില്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് ഇന്നത്തെ പെന്തെക്കോസ്തിനെ എങ്ങനെ വീക്ഷിക്കുന്നു

പഴയ പെന്തെക്കോസ്തിനെയാണ് എനിക്ക് ഏറെ ഇഷ്ടം. ഇനി ഒരു മടങ്ങിവരവ് ഉണ്ടായില്ലെങ്കില്‍ പെന്തെക്കോസ്ത് വെറുമൊരു പ്രസ്ഥാനമായി അധഃപതിക്കും. അതിന്‍റെ സൂചനകള്‍ ഇപ്പോള്‍ കണ്ടു തുടങ്ങി. സഭയ്ക്കുള്ളിലെ

അമിതമായ രാഷ്ട്രീയവും നേതാക്കള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം, എവിടെയും മുഖസ്തുതി ഇവയെല്ലാം പെന്തെക്കോസ്തിനെ വെറും സംഘടനയാക്കി.

  •  ഇന്നത്തെ പെന്തെക്കോസ്ത് സഭകളില്‍ നിശ്ചയമായും വേണ്ടതെന്ന് കരുതുന്ന കാര്യങ്ങള്‍ മൂന്നെണ്ണം പറയാമോ

ആളാം പ്രതിയുള്ള സുവിശേഷവേല

സഭയിലെ കാത്തിരിപ്പുയോഗങ്ങള്‍

നിരന്തരമായ ബൈബിള്‍ ക്ലാസും സാമൂഹിക പ്രവര്‍ത്തനങ്ങളും നന്മകളും ചെയ്യാനുള്ള നിരന്തരമായ സഭയുടെ ജാഗ്രതയും

  •  ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം

കരുനാഗപ്പള്ളിയില്‍ മിഷന്‍ പ്രവര്‍ത്തകനായ ജോണ്‍ പാസ്റ്റര്‍ നടത്തിയ കണ്‍വന്‍ഷനില്‍ അവസാനഘട്ടമായപ്പോള്‍ ഒരു കൂട്ടം സുവിശേഷവിരോധികള്‍ ഇരച്ചുകയറി ലൈറ്റ് മൈക്കും എല്ലാം നശിപ്പിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും അതിനിടയില്‍ സ്ത്രീകളെ ഉപദ്രവിക്കരുതെന്ന് നിലവിളിച്ചുകൊണ്ട് തടസ്സം നിന്ന എന്നെ ആരോ പുറകില്‍ നിന്നും അടിച്ചത്.

അടികൊണ്ട് പുറം തകര്‍ന്ന ഞാന്‍ ബോധരഹിതനായി അവിടെ വീണു. ഒരാഴ്ച ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. അന്നുണ്ടായ മര്‍ദ്ദനത്തിന്‍റെ ഫലമായുള്ള ആരോഗ്യപ്രശ്നങ്ങള്‍ എന്നും ശരീരത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കര്‍ത്താവിനുവേണ്ടി ദൈവദാസന്മാര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ക്കുമ്പോള്‍ ഇതൊന്നും സാരമില്ല. 

ഒരിക്കല്‍ തണ്ണിത്തോട്ടില്‍ നിന്നും രാത്രിയോഗം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെടുകയും ഒരു കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടതും അത്ഭുതകരമായി രക്ഷപ്പെട്ടതും മറക്കാനാവില്ല. മരണത്തെ മുഖാമുഖം കണ്ട ആ സാഹചര്യത്തില്‍ ദൈവത്തിന്‍റെ ഇടപെടല്‍ മൂലമാണ് വിടുതല്‍ സംഭവിച്ചത്.

  •  ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ദൈവവചന പ്രസംഗവിഷയം

ഠവല ഇവൃശെേ. ക്രിസ്തു കേന്ദ്രീകൃതമായ പ്രസംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടം. പ്രത്യേകിച്ച്, കര്‍ത്താവിന്‍റെ ക്രൂശീകരണവും രണ്ടാം വരവും. എത്ര കേട്ടാലും പ്രസംഗിച്ചാലും മതിയാവില്ല.

  •  ആത്മീയരംഗത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍, സ്വാധീനിക്കാന്‍ ഉണ്ടായ മൂന്നു സവിശേഷതകള്‍

വേദശാസ്ത്ര പഠനത്തില്‍ പാസ്റ്റര്‍ എം.വി. ചാക്കോ, നേതൃത്വഗുണങ്ങളില്‍ പാസ്റ്റര്‍ കെ.ഇ. എബ്രഹാം (ഉണ്ണൂണ്ണി സാര്‍), വചനപഠനത്തിലും പഠിപ്പിക്കുന്നതിനും പാസ്റ്റര്‍ ടി.ജി ഉമ്മച്ചന്‍, ലളിതമായി സുവിശേഷം പ്രസംഗിക്കുന്നതില്‍ കാനം അച്ചന്‍റെ ശൈലികള്‍, പ്രാര്‍ഥനാ ജീവിതത്തില്‍ എന്‍റെ ഭാര്യ പിതാവായ പാസ്റ്റര്‍ എം.ഡി മാത്യു.

  •  മനസ്സിനെ ഏറെ സ്വാധീനിച്ച (ഏറ്റവും ഇഷ്ടപ്പെട്ട) ആത്മീയഗാനം

നല്ല ദാസരെന്നു ചൊല്ലുവാന്‍...

എന്‍റെ സമ്പത്തെന്ന് ചൊല്ലുവാന്‍...

  •  ഇന്നത്തെ തലമുറ ചെയ്യേണ്ട നാലു കാര്യങ്ങള്‍

സഭകളില്‍ സജീവമായിരിക്കണം

മുടങ്ങാതെ ബൈബിള്‍ വായിക്കുകയും നിരന്തരമായ വചനപഠനവും

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള മനസ്സ്

ഏത് കാര്യവും ദൈവത്തോട് പറയാനുള്ള അടുപ്പം

  •  പെന്തെക്കോസ്തിന്‍റെ നന്മകള്‍

പെന്തെക്കോസ്തു വിശ്വാസികള്‍ തമ്മിലുള്ള അടുപ്പംപോലെ മറ്റൊരു സഭാവിഭാഗങ്ങളിലും കാണുകയില്ല.

മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനുള്ള നമ്മുടെ നല്ല മനസ്സ്

കറകളഞ്ഞ അടിസ്ഥാന വേദോപദേശം

  •  പെന്തെക്കോസ്തു നേതൃത്വത്തോടുള്ള പ്രയാസങ്ങള്‍?

നമ്മള്‍ സമൂഹത്തെ സ്വാധീനിച്ചു എങ്കിലും, അവസരം ഉണ്ടായിട്ടും നമുക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ, സ്ഥാപിക്കാനാവാത്തത് നമ്മുടെ പോരായ്മകളാണ്. അത്തരത്തില്‍ നമ്മുടെ നേതാക്കള്‍ക്കുള്ള ദീര്‍ഘവീക്ഷണക്കുറവ് പുതിയ തലമുറയെങ്കിലും പരിഹരിക്കണം. ഇതൊരു വേദന തന്നെ.

  •  ജീവിതചര്യ, ഭക്ഷണങ്ങള്‍, ഇഷ്ടങ്ങള്‍

വെളുപ്പിനെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും.

രാവിലെയുള്ള ബൈബിള്‍ ധ്യാനം, പ്രാര്‍ഥന, നടത്തം. ഏത് ഭക്ഷണവും ആസ്വദിച്ചു കഴിക്കും. ആത്മീയ ഗാനങ്ങള്‍ കേള്‍ക്കുന്നതും തെരുവുകളില്‍ സുവിശേഷം പ്രസംഗിക്കുന്നതുമാണ് ഏറെ ഇഷ്ടം.

  •  ഒരു മുതിര്‍ന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനും എന്ന നിലയിലുള്ള വീക്ഷണം

ദൈവം പറഞ്ഞതുകൊണ്ടാണ് നാം എഴുതേണ്ടത്. ഓരോ എഴുത്തിലും ക്രിസ്തു തിളങ്ങി നില്‍ക്കണം.

ദൈവത്തിന്‍റെ എഴുത്തുകോലാണ് ഓരോ എഴുത്തുകാരും.

അതുകൊണ്ട് ഓരോ എഴുത്തും ദൈവത്തിനു വേണ്ടിയുള്ളതാവണം.

  •  കുടുംബം

ഭാര്യ അമ്മിണി.

ചര്‍ച്ച് ഓഫ് ഗോഡിന്‍റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന പാസ്റ്റര്‍ എം.ഡി. മാത്യുവിന്‍റെ രണ്ടാമത്തെ മകള്‍.

മക്കള്‍: റൂഹ - സാജി (ഡാളസ്),

റൂത്ത് - ഡെന്നി (റാന്നി), പാസ്റ്റര്‍ ജെസ്വിന്‍ മാത്യൂസ് - സിജി (ഓസ്ട്രേലിയ), ഫേബാ - ജോബി (യുകെ), പ്രിസ്കില്ല - പാസ്റ്റര്‍ വി.ടി. ജിജി (ഓസ്ട്രേലിയ), പാസ്റ്റര്‍ ജീവന്‍ മാത്യൂസ് - സൗമ്യ (കര്‍ണാടക).

Advertisement