പാസ്റ്റർ പ്രവീൺ പഗഡാലയുടെ  മരണം: അന്വേഷണം പുരോഗമിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി

പാസ്റ്റർ പ്രവീൺ പഗഡാലയുടെ  മരണം: അന്വേഷണം പുരോഗമിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കർണാടകയിൽ  അഖിലേന്ത്യാ ക്രിസ്ത്യൻ മഹാസഭാ പ്രവർത്തകർ നിവേദനം നൽകി. 

വാർത്ത: ചാക്കോ കെ. തോമസ്‌, ബെംഗളൂരു

പാസ്റ്റർ പ്രവീൺ പഗഡാലയുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  ഭദ്രാവതിയിൽ അഖിലേന്ത്യാ ക്രിസ്ത്യൻ മഹാസഭാ പ്രവർത്തകർ  ഭദ്രാവതി തഹസിൽദാർക്ക്  നിവേദനം നൽകുന്നു

വിശാഖപട്ടണം: തെലുങ്കാനയിലെ പ്രമുഖ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ പ്രവീൺ പഗഡാലയുടെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു അവലോകനം ചെയ്തുവരികയാണെന്ന് ആഭ്യന്തര മന്ത്രി വംഗലപുടി അനിത പറഞ്ഞു.

അനകപ്പള്ളി ജില്ലയിലെ നക്കപ്പള്ളിയിലുള്ള ക്യാമ്പ് ഓഫീസിൽ ചൊവ്വാഴ്ച സംസ്ഥാന പാസ്റ്റേഴ്‌സ് അസോസിയേഷൻ്റെ   ഒരു പ്രതിനിധി സംഘം ആഭ്യന്തരമന്ത്രിയെ കാണുകയും അന്വേഷണത്തിന്റെ വിവിധ വശങ്ങളും പാസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട ആശങ്കകളും ചർച്ച ചെയ്യുകയും ചെയ്തു.

പോലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും എല്ലാ സിസിടിവി ദൃശ്യങ്ങളും പൂർണ്ണമായി പരിശോധിച്ചുവരികയാണെന്നും ചടങ്ങിൽ സംസാരിച്ച ആഭ്യന്തര മന്ത്രി അനിത പറഞ്ഞു. കേസിന്റെ വിശദമായ റിപ്പോർട്ട് ഉടനെ  പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതെ സമയം പാസ്റ്ററുടെ മരണം  സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ശിവമോഗ ജില്ലയിലെ  ഭദ്രാവതിയിൽ അഖിലേന്ത്യാ ക്രിസ്ത്യൻ മഹാസഭാ പ്രവർത്തകർ  ഭദ്രാവതി തഹസിൽദാർക്ക് പ്രസിഡൻ്റ് എം.ആർ. സുരേഷ് നായക്കിൻ്റെ നേതൃത്വത്തിൽ  നിവേദനം നൽകി.

Advertisement