യഥാർത്ഥ ഉണർവ്വിനെ സ്വാധീനിക്കുന്ന ആറ് ഘടകങ്ങൾ
യഥാർത്ഥ ഉണർവും നിർമ്മിത ഉണർവ്വുകളും തമ്മിൽ തിരിച്ചറിയാൻ നന്നേ ബുദ്ധിമുട്ടുള്ള ഒരു കാലമാണിത്. ഇവിടെയാണ് ഉണർവ്വിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചു നാം പഠിക്കേണ്ടത്. ദൈവം ഓരോ കാലഘട്ടത്തിലും തന്റെ ജനത്തെ നവീകരിക്കുന്നതിനായി വിവിധ മുഖാന്തരങ്ങളിലൂടെ ഉണർവ്വിനെ പകരുന്നു. എല്ലാ ഉണർവ്വുകളുടെയും തൊട്ടു പിന്നിൽ ഉറക്കത്തിന്റെ ഒരു കാലഘട്ടമുണ്ട്. അത് അധഃപതനത്തിന്റെയും ജീർണ്ണതയുടെയും കാലഘട്ടമാണ്. എന്നാൽ അത് ചെന്നവസാനിക്കുന്നത് മറ്റൊരു ഉണർവ്വിലാണ്. ഇന്നത്തെ സഭയെ, ജനതയെ ദൈവം സ്പർശിക്കുന്ന, സന്ദർശിക്കുന്ന നാളുകൾ യഥാർത്ഥ ഭക്തന്മാർ കാത്തിരിക്കുന്നു. വേദപുസ്തകത്തോട് നീതി പുലർത്തുന്ന ആത്മീക പുനരുജ്ജീവനത്തിന്റെ നാളുകൾ ആഗതമായി. ആയതിലേക്ക് നാം നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ, ഉണർവ്വിനെ സ്വാധീനിക്കുന്ന ആറ് ഘടകങ്ങളെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നു. മറ്റൊരു ആത്മീയ ഉണർവ്വിനെ ആഗ്രഹിക്കുന്ന ദൈവമക്കൾക്ക് ഇവ പ്രചോദനമാകും. എന്താണ് ആ ആറ് ഘടകങ്ങൾ? (1) വചനം അഥവാ വചനത്തിലേക്കുള്ള മടങ്ങിവരവ്, (2) പ്രാർത്ഥന (3) വിശ്വാസം (4) വിശുദ്ധി, (5) ആരാധന (6) സാക്ഷ്യജീവിതം. ഇവയെക്കുറിച്ച് അല്പമായ വിശദീകരണം ഇവിടെ ആവശ്യമുണ്ട്.
ഉണർവ്വും വചനപഠനവും
യഥാർത്ഥ ഉണർവ്വ് വേദപുസ്തകാടിസ്ഥാനം ഉള്ളതായിരിക്കണം. ദൈവത്തിന്റെ വാക്കുകളും വാഗ്ദത്തങ്ങളുമാണ് ദൈവവചനം. ദൈവമാണ് ഉണർവ്വ് അയക്കുന്നത്. അത് ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ അഥവാ വചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ദൈവവചനത്തിന്റെ അടിസ്ഥാനം മാനദണ്ഡവും അവകാശവുമായി കണക്കാക്കി വേണം ഉണർവ്വിനായി കാംഷിക്കുവാനും അതിൽ പങ്കാളിയാകുവാനും.
- വചനത്തിലേക്ക് മടങ്ങുക
ഉണർവ്വുകളുടെ മുദ്രാവാക്യം വചനത്തിലേക്ക് മടങ്ങുക(Come back to the Bible)എന്നതാകണം. വചനത്തിൽ നിന്നും ക്രിസ്തു നൽകുന്ന ഉപദേശങ്ങളിൽ നിന്നും അകലുന്നു എന്നതാണ് ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങൾക്ക് സംഭവിച്ച തെറ്റ്. തെറ്റുകൾ തിരുത്തപ്പെടുമ്പോഴാണ് ദൈവം സന്ദർശനം ആരംഭിക്കുന്നത്. യിസ്രായേൽ ജനത ദൈവത്തിന്റെ നിയമങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും അകന്നപ്പോൾ ദൈവം അവരെ ശിക്ഷിക്കുവാൻ ആരംഭിച്ചു. ആ ശിക്ഷയുടെ കാലം അധഃപതനത്തിന്റെ കാലഘട്ടമായിരുന്നു. എന്നാൽ ദൈവത്തിന്റെ വചനത്തിലേക്ക് മടങ്ങി വന്നപ്പോൾ ദൈവം അവരെ ഉണർത്തി, നവീകരിച്ചു. അർത്ഥപൂർണ്ണമായ ഭാവി നൽകി. പുതിയനിയമ സഭ യേശുക്രിസ്തുവിന്റെ വചനത്തിലേക്ക് മടങ്ങണം. പരിശുദ്ധാത്മാവിനെ നൽകാമെന്ന് വാഗ്ദത്തം ചെയ്തത് യേശുവാണ്. അവിടുത്തെ വാക്കുകൾ നാം കൈക്കൊള്ളണം. വിശ്വസിക്കണം. അപ്പോൾ നമ്മെ നവീകരിക്കുന്ന, പുതുക്കുന്ന ജീവൻ നൽകുന്ന പരിശുദ്ധാത്മാവിനെ അവിടുന്ന് നൽകിത്തരും. അതേ, ഉണർവ്വിന് ഏറ്റവും അത്യാവശ്യം വചനത്തിലേക്കുള്ള മടങ്ങിവരവാണ്. - വചനം വാഗ്ദത്തമാണ്
എന്തു കൊണ്ട് ഉണർവ്വിനെ ദൈവവചനം സ്വാധീനിക്കുന്നു? ഉത്തരം. ദൈവവചനം വാഗ്ദത്തമാണ്. പഴയനിയമ ചരിത്രത്തിലെ നവീകരണ നായകനായ നെഹെമ്യാവ് തന്നെ അത്യുത്തമമായ ഒരു ഉദാഹരണമാണ്. യരുശലേമിന്റെ മതിലുകൾ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീ വെച്ചും, ചുട്ടും കിടക്കുന്നത് കണ്ടപ്പോൾ നെഹെമ്യാവ് കരഞ്ഞു പ്രാർത്ഥിക്കുവാൻ തുടങ്ങി. പ്രാർത്ഥനയിലെ ഒരു വാചകം ശ്രദ്ധേയമാണ്. ''എന്നാൽ നിങ്ങൾ എങ്കലേക്ക് തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ച് നടന്നാൽ, നിങ്ങളുടെ ഭൃഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെ എത്തിയിരുന്നാലും ഞാൻ അവിടെ നിന്നും അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടു വരും എന്ന് നിന്റെ ദാസനായ മോശയോട് അരുളിച്ചെയ്ത വചനം ഓർക്കേണമേ'' (നെഹെ.1:9). മോശയോടുള്ള ദൈവവാഗ്ദത്തത്തെ അഥവാ വചനത്തെ നെഹെമ്യാവ് ഓർപ്പിക്കുന്നു. മറ്റൊരു വാക്കിൽ വചനത്തെ വാഗ്ദത്തമായി സ്വീകരിച്ചു. പിന്നീട് യരുശലേമിലുണ്ടായ നവോത്ഥാനത്തിനും ഉണർവ്വിനും കാരണമായി നെഹമ്യാവിന്റെ വാക്കുകൾ പരിണമിച്ചു. - വചനം ദിശാസൂചിയാണ്
ഉണർവ്വിന് മുമ്പ് മാത്രം വചനപഠനവും ആവിഷ്‌ക്കാരവും ഉണ്ടായാൽ പോര, ഉണർവ്വിന് ശേഷം ഉണർത്തപ്പെട്ട സമൂഹത്തിൽ ഒരു വേദശാസ്ത്ര അടിത്തറ കെട്ടിപ്പടുക്കണം. ചാൾസ് പാർഹാമിനേപ്പോലെയുള്ളവർ പെന്തെക്കോസ്ത് വേദശാസ്ത്ര രൂപീകരണത്തിന് നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. ഉണർവ്വിന്റെ വേദശാസ്ത്രം എന്നത് ദൈവമക്കൾ ആത്മീയ ഉണർവ്വിന് ശേഷവും വേദപുസ്തക മാതൃകയിൽ ജീവിക്കുന്നു എന്നതാണ്. അതോടൊപ്പം തന്നെ ദൗത്യകേന്ദ്രീകൃതമായ ഒരു ജീവിതശൈലിക്ക് അത് ആഹ്വാനം ചെയ്യുന്നു. പരിശുദ്ധാത്മാഭിഷേകത്തിന് ശേഷമുള്ള ജീവിതത്തിന് വേദപുസ്തകം ഒരു ദിശാസൂചിയായി മാറണം. വചനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നുവെന്നതാണ് ഉണർത്തപ്പെട്ടവരുടെ പ്രത്യേകത.
ഉണർവ്വും പ്രാർത്ഥനയും
നവോത്ഥാനം, നവീകരണം, പുനരുജ്ജീവനം, പുനർനിർമ്മാണം, പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവ് എന്നിവയിലേക്ക് ദൈവജനതയെ നയിച്ചിട്ടുള്ള വ്യക്തികളുടെ പ്രാർത്ഥന വ്യക്തതയോടെ വേദപുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. പാപം ഏറ്റു പറഞ്ഞ് ജനത്തിന് വേണ്ടി മദ്ധ്യസ്ഥതയണച്ചു കൊണ്ടുള്ള പ്രാർത്ഥനയായിരുന്നു അവയെല്ലാം തന്നെ. നെഹെമ്യാവിന്റെ പ്രാർത്ഥന തന്നെ ശ്രദ്ധേയമാണ് ''ഞങ്ങൾ നിന്നോട് ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റ് പറയുകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന് നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണ് തുറന്നും ഇരിക്കേണമേ, ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. കർത്താവേ നിന്റെ ചെവി അടിയന്റെ പ്രാർത്ഥനക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനക്കും ശ്രദ്ധയുള്ളതായിരിക്കേണമേ'' (നെഹെ.1:6-11) എന്ന അപേക്ഷ ശ്രദ്ധേയമാണ്. ദാനിയേലിന്റെ പ്രാർത്ഥനയിലും സമാനമായ വാക്കുകളുണ്ട്. "തന്നെ സ്‌നേഹിക്കുന്നവർക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു വികടമായി നടന്നു. ദുഷ്ടത പ്രവർത്തിച്ചു. ഞങ്ങൾ മത്സരിച്ച് നിന്റെ വിധികളും കല്പനകളും വിട്ട് മാറിയിരിക്കുന്നു" (ദാനി.9:4-5). നെഹെമ്യാവിന്റെയും ദാനിയേലിന്റെയും പ്രാർത്ഥനകൾ ആ കാലഘട്ടത്തിലെ നിലവിളിയായിരുന്നു. ദൈവം സന്ദർശിക്കുവാനും ജനത്തെ പുനരുജ്ജീവനത്തിലേക്ക് നയിക്കുവാനും ഈ പ്രാർത്ഥനകൾ കാരണമായിത്തീർന്നു.
ദൈവജനത്തിന്റെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായാണ് ഉണർവ്വ് സംഭവിക്കുന്നത്. പ്രാർത്ഥന 'മുഴങ്കാലുകളുടെ വരമാണ്'. പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരത്തെ ചലിപ്പിക്കുന്നതാണ് പ്രാർത്ഥന. എവിടെ പ്രാർത്ഥനക്കായി മടക്കുന്ന മുഴങ്കാലുകൾ ഉണ്ടോ അവിടെ ദൈവപ്രവർത്തിയുടെ ആരംഭമായി. ലോകം കണ്ട ഉണർവ്വ് നായകന്മാർ എല്ലാവരും തന്നെ പ്രാർത്ഥനാ വീരന്മാരായിരുന്നു. ഒരു മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ പ്രാർത്ഥിക്കുന്ന ഉണർവ്വ് പ്രഭാഷകന്മാരുണ്ടായിരുന്നു. ഇന്നും മണിക്കൂറുകൾ ജാഗരിക്കുന്ന പ്രാർത്ഥനാവീരന്മാരുണ്ട്. അവരാണ് ദൈവത്തിന്റെ കരങ്ങളിൽ ഉപയോഗിക്കപ്പെടുവാൻ പോകുന്നവർ, അല്ല ഉപയോഗിക്കപ്പെടുന്നവർ.
- പ്രാർത്ഥനയിൽ പാപങ്ങളെ ഏറ്റു പറയുന്നു
മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു പോലെ വേദപുസ്തക പ്രാർത്ഥനകളുടെ ഒരു പ്രത്യേകത പാപങ്ങളെ ഏറ്റു പറഞ്ഞു കൊണ്ടുള്ള പ്രാർത്ഥന എന്നതാണ്. ''ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കയില്ലായിരുന്നു'' (സങ്കീ.66:18). ''കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ, നിന്റെ ചെവി എന്റെ യാചനകൾക്ക് ശ്രദ്ധിച്ചിരിക്കേണമേ, യഹോവേ നീ അകൃത്യങ്ങളെ ഓർമ്മ വച്ചാൽ, കർത്താവേ ആർ നില നില്ക്കും'' (സങ്കീ.130:2-3). സ്വന്തപാപങ്ങളെയും സമൂഹത്തിന്റെ പാപങ്ങളെയും ഏറ്റു പറഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാണ് ജനങ്ങളെ ഉണർവ്വിലേക്ക് നയിക്കുന്നത്. - പ്രാർത്ഥന അനിവാര്യമായതാണ്
പ്രാർത്ഥന അത്യാവശ്യവും അനിവാര്യതയുമുള്ളതാണ്. ദിവസം മൂന്ന് നേരം പ്രാർത്ഥിച്ച പ്രാർത്ഥനാവീരന്മാർ നമുക്ക് മാതൃകയാണ്. നെഹെമ്യാവ് പ്രാർത്ഥനക്ക് ഉത്തമമായ ഉദാഹരണമാണ്. ഉണർവ്വിന് പ്രാർത്ഥന അനിവാര്യമാണെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. പ്രാർത്ഥന ദൈവജനത്തെ നവീകരിക്കുന്നു. നന്ദിയുള്ളവരാക്കുന്നു. ദൈവത്തോടുള്ള സമർപ്പണത്തേയും ആരാധനാ മനോഭാവത്തെയും വർദ്ധിപ്പിക്കുന്നു. ദൈവത്തിന്റെ ദാനങ്ങളേയും വാഗ്ദത്തങ്ങളേയും സ്വീകരിക്കുവാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. - പ്രാർത്ഥന ശ്വാസോച്ഛ്വാസമാണ്
ഉണർവ്വ് അഥവാ ചൈതന്യത്തിനാവശ്യം ജീവനാണ്. ജീവന് കാരണമാകുന്ന ഒരു പ്രധാന ഘടകം വായുവാണ്. ഓക്‌സിജൻ അകത്തേക്കും കാർബൺ ഡൈഓക്‌സൈഡ് പുറത്തേക്കും വിടുന്നു. അതു പോലെ ആത്മീയ ചൈതന്യത്തിലേക്ക് നയിക്കുന്ന ശ്വാസോച്ഛ്വാസ പ്രക്രിയയാണ് പ്രാർത്ഥന. ഉണർവ്വിനും നവ ചൈതന്യത്തിനും അത് കാരണമാകുന്നു. നന്മയെ ഉള്ളിലേക്കും തിന്മയെ പുറത്തേക്കും കളയുവാൻ പ്രാർത്ഥന ആവശ്യമാണ്.
ഉണർവ്വും വിശ്വാസവും
യഥാർത്ഥ ഉണർവ്വിനെ സ്വാധീനിക്കുന്ന മൂന്നാമത്തെ ഘടകം വിശ്വാസമാണ്.
- വിശ്വാസത്തിന് ഒരു നിർവ്വചനം
അവിശ്വസിക്കുന്നതിനെതിരെയാണ് വിശ്വാസം. വിശ്വാസത്തിന്റെ യഥാർത്ഥ നിർവ്വചനം അവിശ്വസനീയമാണ്. വിശ്വാസത്തെ സാംശീകരിച്ചാൽ അത് വിജയത്തിന്റെ ഉച്ചകോടിയിൽ എത്തിക്കും.
വിശ്വാസത്തിന്റെ സാർവ്വത്രികമോ പൊതുവായതോ ആയ ഒരു നിർവ്വചനമാണ് എബ്രായർ 11:1-ൽ നാം വായിക്കുന്നത്. ഡൊണാൾഡ് ഗത്രി അഭിപ്രായപ്പെട്ടതു പോലെ ''ക്രിസ്തീയ വിശ്വാസം''എന്ന അർത്ഥത്തിലല്ല, വിശ്വാസത്തിന്റെ പൊതുവായ അർത്ഥത്തിലാണ് എബ്രായ ലേഖന കർത്താവ് വിശ്വാസം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. മൂലഭാഷയിൽ വിശ്വാസം എന്നർത്ഥം വരുന്ന 'പിസ്റ്റിസ്' എന്ന പദം 'ആർട്ടിക്കൾ' കൂടാതെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ അർത്ഥതലത്തിൽ വിശ്വാസത്തിന്റെ അനന്ത സാദ്ധ്യതകളിലേക്ക് വെളിച്ചം വീശുന്ന നിർവ്വചനമാണ് ''വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകന്നു'' എന്നത്. - വിശ്വാസത്തിന്റെ പ്രായോഗികത
വിശ്വാസത്തിന് ആഴമായ അടിവേരുകളുണ്ട്. അതിന്റെ അതിർത്തി ആകാശം പോലെയാണ്. റെയ്മണ്ട് ബ്രിട്ടൺ അഭിപ്രായപ്പെട്ടതു പോലെ ''വിശ്വാസം അവ്യക്തമായ ഭാവിയെക്കുറിച്ച് ദീർഘമായ ദർശനം നൽകുകയും കാലികമായ വിലയിരുത്തലിന് സഹായിക്കുകയും ചെയ്യുന്നു.'' (Faith anticipates the future and evaluate the present). ഈ ആശയത്തിന്റെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പഴയനിയമ വ്യക്തിത്വമാണ് യബ്ബേസ്. അവന്റെ ജീവിതം വ്യസനപൂർണ്ണമായിരുന്നു. 'വേദന' (pain) എന്നായിരുന്നു പേരിനർത്ഥം. കാലികമായ വിലയിരുത്തലിന് തയ്യാറായ യബ്ബേസ് ദൈവത്തോട് പ്രാർത്ഥിച്ചു. ''എന്റെ അതിരുകൾ വിശാലമാക്കേണമേ.'' ഭാവിയെക്കുറിച്ച് വ്യക്തമായ ദർശനമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രാർത്ഥനയായിരുന്നു അത്. യബ്ബേസ് എന്ന സാധാരണ മനുഷ്യനെ അസാധാരണ മനുഷ്യനാക്കി. തന്റെ അതിർത്തികൾ വിശാലതയിലേക്ക് കൊണ്ടു വരുവാൻ വിശ്വാസത്താലുള്ള പ്രാർത്ഥന സഹായിച്ചു. വിശ്വാസത്തിന്റെ സാദ്ധ്യതകൾ അനന്തമാണ്. - വിശ്വാസത്തിന്റെ സമകാലിക പ്രസക്തി
ഇന്ന് ഉപഭോഗസംസ്‌ക്കാരമാണ് മനുഷ്യനെ കാർന്ന് തിന്നുന്നത്. എല്ലാം ബിസിനസ് മൈൻഡഡാണ്. സ്വകാര്യ ലാഭമാണ് എല്ലാറ്റിന്റെയും മൂല്യം നിർണ്ണയിക്കുന്നത്. എനിക്ക് എന്തു കിട്ടുമെന്നതാണ് ഏറ്റവും വലിയ ചോദ്യം. സ്വയകേന്ദ്രീകൃതമായ (self-centered) ഒരു പശ്ചാത്തലത്തിൽ ആത്മീയതയേപ്പോലും കച്ചവടക്കണ്ണുകൾക്കൊണ്ട് കാണുന്ന സാഹചര്യത്തിൽ അതേ കണ്ണുകളോടെ വിശ്വാസത്തെ സമീപിക്കുന്നതിനോട് തെറ്റാണു.
വിശ്വാസം ത്യാഗത്തിൽ അധിഷ്ഠിതമാണ്. ത്യജിക്കാൻ മനസ്സില്ലാത്തവന് വിശ്വാസത്തെ സ്പർശിക്കുവാനോ അതിന്റെ നന്മകളെ അനുഭവിക്കുവാനോ സാധിക്കുകയില്ല. ത്യജിക്കുവാൻ തയ്യാറായ അബ്രഹാമാണ് വിശ്വാസികളുടെ പിതാവായത്. ദൈവത്തിന് സമർപ്പിച്ചതു കൊണ്ടാണ് ഹാബേലിന് നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചത്. ദൈവകേന്ദ്രീകൃതമായ (God-centered) ജീവിത ശൈലിയായിരുന്നു ഹാനോക്കിനെ വിശ്വാസത്തിന്റെ മകുടോദാഹരണമാക്കിയത്. സമകാലിക വിശ്വാസ സമൂഹത്തിന് വിശ്വാസത്തിന്റെ അനന്ത സാദ്ധ്യതകളെ സ്പർശിക്കണമെങ്കിൽ ഇത്തരത്തിലുള്ള ഒരു സ്വയത്യാഗത്തിന് തയ്യാറാകണം.
വിശ്വാസത്തിന്റെ പ്രസക്തി എന്നും നില നില്ക്കുന്നതാണ്. വ്യക്തിപരമായി ജീവിതത്തിന്റെ വളർച്ചക്കും കുടുംബത്തിന്റെ കെട്ടുറപ്പിനും വിശ്വാസം അനിവാര്യമാണ്. സാമൂഹ്യമായി, ആത്മവിശ്വാസവും ദീർഘ വിശ്വാസവും ഇല്ലാത്ത ഒരു സമൂഹത്തിന് നിലനില്പ്പില്ല. ആത്മീകമായി, ദൈവവിശ്വാസത്തിലൂടെയാണ് രക്ഷയും ദൈവീക വാഗ്ദത്തങ്ങളും അവകാശങ്ങളും നാം സ്വന്തമാക്കുന്നത്. - വിശ്വാസത്തിന്റെ പ്രായോഗിത
വിശ്വാസത്തിന്റെ പ്രായോഗിത വ്യക്തിപരമാണ്. അതിന് പ്രാർത്ഥനയുടെയും ദൈവീക അനുഗ്രഹത്തിന്റെയും ആവശ്യകതയുണ്ട്. ചരിത്രത്തിലെ വിശ്വാസ പോരാളികളുടെ ചുവടുവയ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും വേണം. അചഞ്ചലമായ ദൈവവിശ്വാസമാണ് ഗിലെയാദിലെ മലനിരകളിൽ നിന്ന് ഏലിയാവിനെ ആഹാബിന്റെ കൊട്ടാരത്തിലേക്ക് നയിച്ചത്. വിശ്വാസത്തിന്റെ വേദപുസ്തക ചരിത്ര കാഴ്ചപ്പാടുകളോടൊപ്പം വ്യക്തിപരമായ ജീവിതത്തിൽ പുതിയ പരീക്ഷണങ്ങൾക്ക് നാം തയ്യാറാകണം. - വിശ്വാസവും ഉണർവ്വും തമ്മിലുള്ള ബന്ധം
വിശ്വാസത്തിന് ഉണർവ്വുമായി അഭേദ്യ ബന്ധമുണ്ട്. യേശുക്രിസ്തുവിന്റെ വാഗ്ദത്തം വിശ്വസിച്ച് കാത്തിരുന്ന സംഘത്തിലാണ് തീജ്വാല പോലെ പിളർന്നിരുന്ന നാവുകൾ പ്രത്യക്ഷമായത്. അത്ഭുതങ്ങളും അടയാളങ്ങളും ഉണർവ്വിന്റെ ഭാഗമായി നടന്നിടത്തൊക്കെ വിശ്വാസത്തിന്റെ അനന്തസാദ്ധ്യതകൾ നിറഞ്ഞു നിന്നിരുന്നു. ഉണർവ്വ് ഉണ്ടാകണമെങ്കിൽ വിശ്വാസം അന്നെന്ന പോലെ ഇന്നും ആവശ്യമാണ്.
ഉണർവ്വും വിശുദ്ധിയും
ഉണർവ്വിനെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് വിശുദ്ധി. ദൈവം വിശുദ്ധനാക കൊണ്ട് തന്നെ ആരാധിക്കുന്ന ജനങ്ങളും വിശുദ്ധരാകണമെന്ന് അവിടുന്ന് നിഷ്‌ക്കർഷിച്ചിരുന്നു. ലക്ഷ്യം വിശുദ്ധമായിരിക്കുന്നതു പോലെ മാർഗ്ഗവും വിശുദ്ധമായിരിക്കണം.
- ദൈവം വിശുദ്ധനാണ്
യിസ്രായേലിന്റെ അതുല്യഗായകൻ ദാവീദ് ഇങ്ങനെ പാടുന്നു, ''യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ'' (സങ്കീ.22:3). ദൈവം പരിശുദ്ധനാകയാൽ സ്തുതി അർപ്പിക്കുന്നവരും വിശുദ്ധരായിരിക്കണം. ദൈവം ചോദിക്കുന്നു, ''ആകയാൽ നിങ്ങൾ എന്നെ ആരോട് സദൃശ്യമാക്കും? ഞാൻ ആരോട് തുല്യമാകും എന്ന് പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു'' (യെശ.40:25). ദൈവത്തിന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ അവിടുന്ന് അനുവദിക്കുകയില്ല. ''ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന് നടുവിൽ വെളിപ്പെടുത്തും. ഇനി എന്റെ നാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല. ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്ന് ജാതികൾ അറിയും'' (യെഹെ.39:7). ദൈവത്തിന്റെ വിശുദ്ധിയെ ദർശിച്ചവരൊക്കെ പരിവർത്തനം സംഭവിച്ചവരായിത്തീർന്നു. - ദൈവമക്കൾ വിശുദ്ധരാണ്
വേദപുസ്തകത്തിലുടനീളം വിശുദ്ധിക്ക് വേണ്ടിയുള്ള ആഹ്വാനം നിറഞ്ഞു നില്ക്കുന്നു. ദൈവം വിശുദ്ധനാകയാൽ തന്നെ പിൻപറ്റുന്ന തന്റെ മക്കളും വിശുദ്ധരാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഹൃദയശുദ്ധിക്ക് ഏറെ പ്രാധാന്യം പുതിയനിയമം കല്പിക്കുന്നുണ്ട്. - വിശുദ്ധി ഉണർവ്വിനെ ത്വരിതപ്പെടുത്തുന്നു
പുതിയനിയമ സങ്കൽപ്പമനുസരിച്ച് വിശുദ്ധി ഒരു വ്യക്തിയുടെ മനോഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉണർവ്വിനായി കാത്തിരിക്കുന്ന, പ്രാർത്ഥിക്കുന്ന, വ്യക്തികളുടെ മനോഭാവം നിർമ്മലമായിരിക്കണം. ഹൃദയശുദ്ധിയോടുള്ള പ്രാർത്ഥനയേ ദൈവം ചെവിക്കൊള്ളുകയുള്ളു. ദൈവജനത്തിന്റെ വിശുദ്ധി ഉണർവ്വിനെ ത്വരിതപ്പെടുത്തുകയും ഉണർവ്വിന്റെ ഫലങ്ങളെ ഫലവത്താക്കിത്തീർക്കുകയും ചെയ്യുന്നു.
ഉണർവ്വും ആരാധനയും
ഇതര സഭകളെ അപേക്ഷിച്ച് പെന്തെക്കോസ്ത് കരിസ്മാറ്റിക് സമൂഹങ്ങൾ വളരുവാൻ പല കാരണങ്ങളുണ്ടായിരുന്നു. ഹൃദയം തുറന്ന് ദൈവത്തെ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം, ദൈവവചനം ആഴത്തിൽ മനസ്സിലാക്കുവാൻ സഹായിക്കുന്ന യോഗങ്ങൾ, സ്‌നേഹം തുളുമ്പുന്ന കൂട്ടായ്മ, ആരാധനാ ഗീതങ്ങളുടെ ധാരാളിത്വം... ഇവ പെന്തെക്കോസ്ത് കൂട്ടായ്മകളുടെ പ്രത്യേകതകളായിരുന്നു. ഔപചാരികതയിലും മാമൂലുകളുടെ അടിമത്വത്തിലും കിടന്ന് ആത്മസാന്നിദ്ധ്യം നഷ്ടപ്പെട്ട ജനഹൃദയങ്ങൾക്ക് ഹൃദ്യവും ലളിതവുമായ ഈ ആരാധന ആകർഷകമായി. തദ്വാര സഭ വളർന്നു.
- ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം
ഉണർവ്വു യോഗങ്ങളെയെല്ലാം തന്നെ സ്വാധീനിച്ച ഒരു ഘടകമാണ് സംഗീതം. പെന്തെക്കോസ്ത്-കരിസ്മാറ്റിക് സംഗീതത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
ഉണർവ്വിന്റെ ഭാഗമാണ് സംഗീതം. അതിന്റെ പ്രസക്തി ഹൃദയസ്പർശിയാണ്. ആരാധനയിലെ സംഗീതത്തിന് പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകൾക്കും നേതൃത്വം നൽകാം. പുറപ്പാട് പുസ്തകത്തിലെ മിര്യാം ഇതിനുദ്ദാഹരണമാണ്. ഗാനങ്ങൾ അർത്ഥ സമ്പുഷ്ടമായിരിക്കണം. ഹൃദയസ്പർശിയായിരിക്കണം. ആത്മാവിന്റെ ദിവ്യചൈതന്യം ജനങ്ങൾക്ക് അനുഭവവേദ്യമാകുവാൻ സഹായിക്കുന്നതായിരിക്കണം. - ബുദ്ധിയുള്ള ആരാധന
ആരാധന തുടർച്ചയായ ഒരു കീഴ്‌വഴക്കമായി തീരരുത്. ദൈവത്തെ സ്തുതിക്കേണ്ടത് അതിന്റെ വില മനസ്സിലാക്കി വേണം. ഞാൻ എന്തു കൊണ്ട് ദൈവത്തെ സ്തുതിക്കുന്നു എന്നതിന് ആത്മാർത്ഥമായി മറുപടി പറയുവാൻ നമ്മുടെ ബോധമണ്ഡലത്തിന് കഴിയണം. ''നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദമുള്ള യാഗമായി സമർപ്പിപ്പിൻ'' (റോമർ 12:1) എന്നാണ് വേദപുസ്തകം ആഹ്വാനം ചെയ്യുന്നത്. ആത്മസാന്നിദ്ധ്യം ഇല്ലാത്ത ആരാധനയിൽ ദൈവം പ്രസാദിക്കുന്നില്ല. ആരാധനയിൽ മനസ്സിന്റെ ഏകാഗ്രത പ്രധാനമാണ്. - വ്യക്തിപരമായ ആരാധന
സമൂഹത്തോട് കൂടെ മാത്രമേ ദൈവത്തെ ആരാധിക്കാവൂ എന്നും ചിന്തിക്കുന്നവരുണ്ട്. ആരാധന വ്യക്തിപരവും ആത്മനിഷ്ഠവുമാണ്. അത് ആരംഭിക്കേണ്ടത് സഭാ ഹാളിലല്ല. വ്യക്തിപരമായ ജീവിതത്തിലാണ്. വ്യക്തിയിൽ രൂപാന്തരം ഉണ്ടാവുകയും അവൻ സൃഷ്ടാവിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഇതേ അനുഭവം കുടുംബത്തിലെ മറ്റംഗങ്ങൾക്കും ഉണ്ടാകുന്നു. അത്തരം കൂടുംബാംഗങ്ങൾ ആരാധനക്കായി ഒത്തു ചേരുന്നത് എത്ര ശുഭവും എത്ര മനോഹരവുമാണ്. - ആരാധനയും സ്തുതിയും
സമൂഹ ആരാധനയിലെ പ്രധാനപ്പെട്ട ഭാഗമാണ് സ്തുതി. ''ഞാൻ എന്റെ മഹത്വം മറ്റൊരുത്തനും, എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടു കൊടുക്കുകയില്ല.'' (യെശ.42:8) എന്ന് ദൈവം അരുളിച്ചെയ്യുന്നു. ദൈവം ആരെന്ന് മനസ്സിലാക്കി, അവിടുത്തെ ശക്തി, സാന്നിദ്ധ്യം, ദാനങ്ങൾ, ഭയങ്കരത്വം, നീതി, വിശുദ്ധി, ദയ തുടങ്ങിയവയുടെ ശ്രേഷ്ഠത മനസ്സിലാക്കി ദൈവത്തെ സ്തുതിക്കുവാൻ കഴിയണം. അതാണ് യഥാർത്ഥ ആരാധന.
ഉണർവ്വും സാക്ഷ്യ ജീവിതവും
ഉണർവ്വിന്റെ ഫലമാണ് സാക്ഷ്യജീവിതം. പരിശുദ്ധാത്മനിയോഗം പ്രാപിച്ചവരാണ് സാക്ഷികളാകേണ്ടത്. അതിന് വേണ്ടിയാണ് ക്രിസ്തുവും ആഹ്വാനം ചെയ്തത്.
ലോകപ്രശസ്തമായ ഉണർവ്വുകൾക്ക് ശേഷം ഉണർവ്വ് പ്രാപിച്ചവർ സുവിശേഷദൗത്യവുമായി ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും യാത്രയായി. സുവിശേഷീകരണം നടക്കുന്നില്ലായെങ്കിൽ ഉണർവ്വ് അർത്ഥപൂർണ്ണമാകില്ല.
സുവിശേഷീകരണം എന്നത് ഏതൊരു ക്രിസ്ത്യാനിയുടെയും ദൗത്യമാണ്. ദൗത്യം വിസ്മരിച്ച ഒരു ആത്മീയ ജീവിതവുമില്ല. ശക്തമായ ആത്മപകർച്ചക്ക് ശേഷം നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് നഷ്ടപ്പെടുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരം നമ്മിൽ തരുന്നു.
- സാക്ഷ്യജീവിതത്തിന്റെ രണ്ട് തലങ്ങൾ
ലക്ഷ്യത്തിന് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് സാക്ഷി. യേശുക്രിസ്തു നൽകിയ ദൗത്യത്തിന് അഥവാ ലക്ഷ്യത്തിന് രണ്ട് തലങ്ങളുണ്ട്. അപ്പൊസ്തലന്മാർ അതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്.
സുവിശേഷ ദൗത്യം
സുവിശേഷം പ്രസംഗിക്കുക, യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളെയും ഉപദേശങ്ങളെയും എല്ലാവരിലും എത്തിക്കുക. ക്രിസ്തുവിന്റെ തലയോളം വളരുവാൻ എല്ലാവർക്കും അവസരം ഉണ്ടാക്കുക. ജീവിതത്തിൽ ഒരിക്കലെങ്കിലും സുവിശേഷം കേൾക്കുവാനുള്ള അവസരം ലോകമെമ്പാടുമുള്ള ജനതക്ക് നാം നൽകണം. ഇത് ദൗത്യത്തിന്റെ പ്രാഥമിക കാലമാണ്.
സാമൂഹ്യ സേവനം
സുവിശേഷപ്രഭാഷണം കൊണ്ട് മാത്രം സാക്ഷ്യജീവിതം അവസാനിക്കുന്നില്ല. മറ്റൊരു തലം കൂടി അതിനുണ്ട്. അതാണ് സാമൂഹ്യസേവനം, പാവങ്ങളെ കരുതുക. അഭയാർത്ഥികൾ, ആദിവാസികൾ, ചേരിനിവാസികൾ തുടങ്ങി കഷ്ടപ്പെടുന്ന ജനതക്ക് നന്മ ചെയ്യുക, തകരുന്ന കുടുംബങ്ങളെ പണിയുക. കൗൺസിലിംഗ് നൽകുക, ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസൗകര്യവും ഒരുക്കുക. യേശുക്രിസ്തുവിന്റെ ആഗ്രഹപ്രകാരം ഉണർവ്വ് പ്രാപിച്ചവരൊക്കെ ഒരു നല്ല ശമര്യാക്കാരനായിത്തീരുക.
ഉണർവ്വിനെക്കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിച്ച് വിശാല അർത്ഥത്തിൽ അതിനെ ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കണം. വേദപുസ്തകം നൽകുന്ന എല്ലാ മേഖലകളിലേക്കും ഉണർത്തപ്പെട്ടവർ ചലിക്കണം. ഒരു യഥാർഥ ഉണർവ്വിനായി ഒരുക്കപ്പെടാം.
Advt.





























Advt.
























