അസാധാരണമായ ഒരു രക്ഷപ്പെടുത്തലിന്റെ കഥ, രക്ഷപ്പെടലിന്റെയും...

അസാധാരണമായ ഒരു രക്ഷപ്പെടുത്തലിന്റെ കഥ, രക്ഷപ്പെടലിന്റെയും...
നീതു ബാബു

ജോബി ജോർജ് കോതമംഗലം

ഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ നീട്ടിയടിക്കുന്ന ഹോൺ ശബ്ദം കേട്ട് പാളത്തിൽ കിടന്നുകൊണ്ട് തിരിഞ്ഞ് നോക്കിയ അവളുടെ ശരീരം തളർന്നുപോയി. വളവുതിരിഞ്ഞ്   ഹോൺ മുഴക്കിക്കൊണ്ട് അതിവേഗം പാഞ്ഞുവരുന്ന ട്രെയിൻ വെറും നൂറുമീറ്റർ ദൂരത്തിലാണ്. ഇരുവശത്തും നിൽക്കുന്നവർ അലറി വിളിക്കുന്നുണ്ട്. പെട്ടെന്ന് ഒരു കൈ അവളെ വലിച്ച് പാളത്തിന് പുറത്തേക്കിട്ടതും ട്രെയിൻ അവളുടെ സമീപത്തുകൂടെ പാഞ്ഞുപോയി. അപ്പോഴും അതിന്റെ ഹോൺ ശബ്ദം നിലച്ചിരുന്നില്ല...
  
2026 ജനുവരി 19നു കടത്തുരുത്തിയ്ക്കും കുറുപ്പംത്തറയ്ക്കുമിടയിലുള്ള മാഞ്ഞൂർ എന്ന സ്ഥലത്ത് റെയിൽവേയുടെ സ്ഥലം അളന്ന് അലൈൻമെന്റ് തിരിക്കാനെത്തിയതായതായിരുന്നു വൈക്കം സർവെയൂണിറ്റിലെ ടീം. പുറമ്പോക്കിൽ വീടുവച്ച് താമസിക്കുന്ന പല കുടുംബങ്ങളുണ്ട് അവിടെ. സർവെ സംഘം എത്തിയതോടെ പ്രദേശവാസികൾ സ്വാഭാവികമായി എതിർപ്പ് പ്രകടിപ്പിച്ച് തുടങ്ങി. അവരോട് നല്ലവാക്ക് പറഞ്ഞ് ജോലി തുടരുന്നതിനിടെയാണ് വീട് പൂർണ്ണമായി നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു മനുഷ്യൻ അസഭ്യവർഷവുമായി അവരെ നേരിട്ടത്. എത്ര പറഞ്ഞിട്ടും അയാൾ കൂട്ടാക്കുന്നില്ല. കേട്ടാലറയ്ക്കുന്ന വാക്കുകളും, ശാപവും. തിരിച്ച് മറുപടിയൊന്നും പറയാതെ, സങ്കടം ഉള്ളിലൊതുക്കി, തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് നീതു ബാബു എന്ന സർവേയർ.
 
സമയം 2 മണി കഴിഞ്ഞു. അതിശക്തമായ വെയിലിനെ വകവയ്ക്കാതെ ജോലി തുടരുകയാണ്. ഇനി അളക്കേണ്ടത് രണ്ടാമത്തെ റെയിൽവേ ലൈനിൽ നിന്നുകൊണ്ടാണ്. അവരുടെ മുന്നിലൂടെ മെമു ട്രെയിൻ പാഞ്ഞുപോയി. സിഗ്‌നൽ ലൈറ്റ് ഇപ്പോഴും പച്ചയാണ്. ഒരു ട്രെയിൻ പോയ ഉടനെ അതേ പാളത്തിലൂടെ വീണ്ടും ട്രെയിൻ വരാൻ സാധ്യതയില്ലെന്ന ധൈര്യത്തിൽ നീതുവും സഹപ്രവർത്തകയും സർവെ ഉപകരണങ്ങളുമായി പാളത്തിലേക്കിറങ്ങിക്കൊണ്ട് അടുത്തുനിന്ന നാട്ടുകാരോട് ചോദിച്ചു ഉറപ്പുവരുത്തി; ട്രെയിൻ വരില്ലല്ലോ അല്ലെ.

താളംതെറ്റിയ മനസ്സിന്റെ ഉലച്ചിൽ കൊണ്ടാകാം, മെറ്റൽ കൂനകളിലൂടെ നടന്ന് പരിചയമില്ലാത്ത നീതു പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് റെയിൽ പാളത്തിലേക്ക് കമിഴ്ന്നടിച്ചു വീണു. എഴുന്നേൽക്കാൻ നോക്കിയിട്ട് സാധിക്കുന്നില്ല. കാലുകൾ പിണഞ്ഞ് കെട്ടിയിരിക്കുന്നതുപോലെ. പെട്ടെന്നാണ് അതേ പാളത്തിലൂടെ പാഞ്ഞുവരുന്ന ട്രെയിന്റെ ഹോൺ ശബ്ദം കേട്ടത്. വീണുകിടന്ന നീതുവിനെ ലോക്കോപൈലറ്റ് കണ്ടുകാണാൻ സാധ്യതയില്ല. ചാരനിറമുള്ള ചുരിദാർ ധരിച്ച് റെയിൽപാളത്തിൽ നിസ്സഹായയായി കിടക്കുന്ന കൃശഗാത്രയെ തിളക്കുന്ന വെയിലിൽ കാണുക ബുദ്ധിമുട്ടാണ്. പക്ഷേ തന്റെ സഹപ്രവർത്തക സരിത ധരിച്ചിരുന്നത് കടും ചുവപ്പ് നിറത്തിലുള്ള ചുരിദാറായിരുന്നു. ഒരുപക്ഷേ അത് കണ്ടിട്ടാകണം എൻഞ്ചിൻ ഡ്രൈവർ ഹോൺ മുഴക്കിയത്.

രക്ഷിക്കാൻ ആർക്കും കഴിയില്ല എന്ന് ഉറപ്പായ നിമിഷം. തങ്ങളുടെ ജീപ്പിന്റെ ഡ്രൈവർ ഓടി വരുന്നുണ്ട്. പക്ഷേ അയാൾക്ക് നീതുവിന്റെ അടുക്കലെത്തുവാൻ കഴിയുകയില്ല. അത്രയ്ക്ക് അടുത്തുവരെ ട്രെയിൻ എത്തിക്കഴിഞ്ഞു. പാളത്തിന്റെ ഇരുവശത്തും കണ്ടുകൊണ്ടിരുന്ന ആളുകൾ അലറി വിളിച്ചു പറയുന്നുണ്ട് എഴുന്നേൽക്കാൻ. പക്ഷേ ശരീരം ഒന്നു ചലിപ്പിക്കാൻ പോലും അവൾക്കാകുന്നില്ല. നൂറുമീറ്റർ പോലും അകലെയല്ല ട്രെയിൻ. അവൾ കണ്ണുകൾ ഇറിക്കിയടച്ചു. 

പെട്ടെന്നുണ്ടായ ഷോക്കിൽ പകച്ചുപോയ സഹപ്രവർത്തക സരിതയിലേക്ക് പെട്ടെന്നൊരു ധൈര്യവും ശക്തിയും ഇരച്ചുകയറി. കണ്ണടച്ച് തുറക്കും മുമ്പ് അവൾ നീതുവിനെ പിടിച്ചുയർത്തി പാളത്തിന് വെളിയിലേക്കിട്ടതും ഇരുവരുടെയും വസ്ത്രത്തിലുരസിക്കൊണ്ട് ടെയിൻ പാഞ്ഞുപോയി. അപ്പോഴും അതിന്റെ ഹോൺ നിലച്ചിരുന്നില്ല.
 
ആളുകൾ ചുറ്റിലും ഓടിക്കൂടുമ്പോഴും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാനാവാതെ ഇരുവരും രണ്ട് റെയിൽവേപാളത്തിനും ഇടയിലുള്ള ഇരിമ്പുതൂണിൽ കെട്ടിപ്പിടിച്ചിരുന്ന് കരയുകയായിരുന്നു. ആളുകളുടെ ആശ്വസിപ്പിക്കലുകളുടെ ഇടയിലും അവൾ കേട്ടു ആക്രോശിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്റെ പരിഹാസം!  ദിവസങ്ങളെടുത്തു ആ മാനസികാഘാതത്തിൽ നിന്ന് പുറത്തു കടക്കാൻ. കണ്ണടച്ചാൽ തെളിയുന്നത് അതിവേഗം പായുന്ന ട്രെയിനിന്റെ മിന്നി മിന്നിയുള്ള കാഴ്ചയും, ചൂളംവിളിയും മാത്രമായിരുന്നു. എങ്കിലും അതിനിടയിലും തന്റെ സഹപ്രവർത്തകയുടെ കൈകളിലേക്ക് അസാമന്യശക്തിയും ധൈര്യവും പകർന്ന ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് എപ്പോഴും ചിരിക്കുന്ന മുഖത്തോടെ അവൾ ജോലിയിൽ തുടരുകയാണ്. (ഐപിസി കോട്ടയം ഇല്ലിക്കൽ ശാലേം സഭാംഗമാണ് നീതു.)

Advertisement