ഓപ്പറേഷൻ തൂഫാൻ: കൊടുങ്കാറ്റും മനംമാറ്റവും
കാലികം
വി. പി . ഫിലിപ്പ്
ലോകമെമ്പാടും എന്നപോലെ നമ്മുടെ നാട്ടിലും ലഹരിയുടെ കനത്ത സ്വാധീനം തുടരുന്നു. അക്രമാസക്തമായ പെരുമാറ്റങ്ങൾ, തകരുന്ന കുടുംങ്ങൾ, പുകയുന്ന കാമ്പസുകൾ, വേദനിപ്പിക്കുന്ന റിപ്പോർട്ടുകൾ എത്രയധികം!
കേരള സർക്കാരും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രധാന ഘടകമാണ് “ഓപ്പറേഷൻ തൂഫാൻ”. “തൂഫാൻ” എന്ന വാക്കിന്റെ അർത്ഥം കൊടുങ്കാറ്റ് അല്ലെങ്കിൽ ശക്തമായ ചുഴലിക്കാറ്റ് എന്നാണ്. ലഹരി മാഫിയകളെയും മയക്കുമരുന്ന് വ്യാപനത്തെയും ശക്തമായി നേരിടുന്ന സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെ പ്രതിനിധീകരിക്കുന്നതിനാലാണ് ഈ ദൗത്യത്തിന് “ഓപ്പറേഷൻ തൂഫാൻ” എന്ന പേര് നൽകപ്പെട്ടിരിക്കുന്നത്.
സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുക, ലഹരി മാഫിയകളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരിക, യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകളും റെയ്ഡുകളും നിരീക്ഷണ പ്രവർത്തനങ്ങളും നടത്തി ലഹരി ശൃംഖലകളെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് ഈ ദൗത്യത്തിന്റെ ഭാഗമായി നടക്കുന്നത്.
ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തങ്ങളിലൊന്നാണ് ലഹരിയുടെ വ്യാപനം. ആൺകുട്ടികളും പെൺകുട്ടികളും, വിദ്യാർത്ഥികളും യുവാക്കളും, പ്രായമായവരും വരെ ലഹരിയുടെ അടിമകളാകുന്ന കാഴ്ച അതീവ വേദനാജനകമാണ്. ലഹരിയുടെ സ്വാധീനത്തിൽ നടക്കുന്ന അക്രമങ്ങളും കുറ്റകൃത്യങ്ങളും കുടുംബ തകർച്ചകളുംആത്മഹത്യകളും സമൂഹത്തെ ഭീതിയിലാഴ്ത്തുന്നു. പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലുമെത്തുന്ന വാർത്തകൾ ഈ യാഥാർഥ്യത്തിന്റെ ഗൗരവം നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു.
ഒരിക്കൽ ഒരു കൗമാരപ്രായക്കാരന് കൈകൊടുക്കാൻ ഞാൻ സമീപിച്ചപ്പോൾ അവൻ തന്റെ കൈ പിൻവലിച്ചു. എന്തോ അസ്വാഭാവികത തോന്നിയതിനാൽ ഞാൻ സ്നേഹപൂർവം അവന്റെ കൈകൾ പിടിച്ചു. അപ്പോൾ ഒരു വയോധികന്റെ കൈകൾ വിറയ്ക്കുന്നതുപോലെ അവന്റെ കൈകൾ വിറയ്ക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. ആ കാഴ്ച എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
ചില ദിവസങ്ങൾക്കുശേഷം ആ യുവാവുമായി ദീർഘനേരം സംസാരിക്കാൻ അവസരം ലഭിച്ചു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനാകാൻ കഴിയാതെ അവൻ വേദനിക്കുകയായിരുന്നു. ലഹരി അവന്റെ നാഡീവ്യവസ്ഥയെ പോലും ബാധിച്ചിരുന്നു. അതിൽ നിന്ന് രക്ഷപ്പെടണമെന്ന ശക്തമായ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിന് അവന് സാധിച്ചിരുന്നില്ല. ദൈവകൃപയാലും കുടുംബത്തിന്റെ പിന്തുണയാലും പ്രാർത്ഥനയിലും ഏകദേശം ആറുമാസത്തെ പരിശ്രമത്തിനുശേഷമാണ് അവൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
അവൻ പങ്കുവെച്ച ചില വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. തനിക്ക് ആവശ്യമുള്ള ലഹരി വസ്തുക്കൾ വീടിനടുത്ത് വരെ എത്തിച്ചുനൽകുന്ന സംവിധാനങ്ങൾ ഉണ്ടായിരുന്നു. സാധാരണ ശീതളപാനീയക്കുപ്പികളിൽ മദ്യം നിറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പസുകളിലും എത്തിക്കുന്ന രീതികളെക്കുറിച്ചും അവൻ പറഞ്ഞു. ലഹരിയുടെ വ്യാപനം എത്രമാത്രം സംഘടിതവും അപകടകരവുമാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ മനുഷ്യജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടാണ് ഏറ്റവും പ്രധാനമാകുന്നത്. മനുഷ്യശരീരം ദൈവത്തിന്റെ സൃഷ്ടിയാണ്. അത് ദൈവത്തിന്റെ ആലയമാണെന്നും വിശുദ്ധിയോടും ഉത്തരവാദിത്തത്തോടും കൂടി സംരക്ഷിക്കപ്പെടേണ്ടതാണെന്നും വിശുദ്ധവേദപുസ്തകം പഠിപ്പിക്കുന്നു;
“വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.” (സദൃശ്യവാക്യങ്ങൾ 20:1). “അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!”(യെശയ്യാവ് 5:11). ഈ തിരുവചനങ്ങൾ വായിക്കുന്നത് മനം മാറ്റത്തിനു കാരണമാകട്ടെ.
ശരീരത്തെ സംബന്ധിച്ച ബൈബിൾ പുതിയ നിയമ ദർശനങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1 കൊരിന്ത്യർ 3:16). “വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ.”(എഫെസ്യർ 5:18).
ബൈബിൾ മദ്യപാനത്തെയും ലഹരിയെയും വെറും വ്യക്തിപരമായ ദൗർബല്യമായി മാത്രമല്ല, മനുഷ്യന്റെ ആത്മീയവും ധാർമ്മികവുമായ ജീവിതത്തെ തകർക്കുന്ന ശക്തിയായി കാണുന്നു. ലഹരി ശരീരത്തെ നശിപ്പിക്കുകയും മനസ്സിനെ അടിമപ്പെടുത്തുകയും കുടുംബങ്ങളെ തകർക്കുകയും സമൂഹത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ ലഹരി മാഫിയകൾക്കെതിരായ പോരാട്ടത്തിൽ വിജയകരമാകട്ടെ. എന്നാൽ നിയമനടപടികൾ മാത്രം മതിയാകില്ല. മാതാപിതാക്കൾ, അധ്യാപകർ, സഭകൾ, സാമൂഹിക സംഘടനകൾ, മാധ്യമങ്ങൾ, പൊതുസമൂഹം എന്നിവരും ഈ പോരാട്ടത്തിൽ പങ്കാളികളാകണം. യുവജനങ്ങൾക്ക് ശരിയായ മൂല്യബോധവും ജീവിതലക്ഷ്യവും ആത്മീയ ദിശാബോധവും നൽകുമ്പോഴാണ് ലഹരിമുക്ത സമൂഹം യാഥാർഥ്യമാകുക.
മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്റെ വചനത്തിലൂടെ നൽകുന്ന ജീവിതദർശനങ്ങൾ ഇന്നും പ്രസക്തമാണ്. ലഹരിയുടെ ഇരുളിൽ നിന്ന് യുവതലമുറയെ രക്ഷിക്കുവാൻ കുടുംബങ്ങളും സഭകളും വിദ്യാലയങ്ങളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണ്.
യഥാർത്ഥ വിമോചനം: മദ്യവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവർ പലപ്പോഴും നിരാശയുടെയും ശൂന്യതയുടെയും വഴിയിലാണ് സഞ്ചരിക്കുന്നത്. ലഹരി മനുഷ്യന്റെ സ്വപ്നങ്ങളെയും ബന്ധങ്ങളെയും ഭാവിയെയും നശിപ്പിക്കുന്നു. അത് മരണത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന വഴിയാണ്.
എന്നാൽ യേശുക്രിസ്തു മനുഷ്യന് ജീവന്റെയും പ്രത്യാശയുടെയും പ്രകാശത്തിന്റെയും ഉറവിടമാണ്. അവിടുന്ന് അരുളിച്ചെയ്തു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.” (യോഹന്നാൻ 8:12).
ലഹരിയുടെ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്ര നിയമത്തിന്റെ ശക്തികൊണ്ട് മാത്രം സാധ്യമല്ല; മനഃപരിവർത്തനത്തിലൂടെയും ആത്മീയ നവീകരണത്തിലൂടെയും കൂടിയാണ് അത് സംഭവിക്കുന്നത്. അതുകൊണ്ട് നമുക്ക് യുവതലമുറയെ കുറ്റപ്പെടുത്താതെ സ്നേഹത്തോടെ കൈപിടിച്ചുയർത്താം. സമൂഹത്തെ രക്ഷിക്കുന്ന കൊടുങ്കാറ്റായി ഓപ്പറേഷൻ തൂഫാൻ മുന്നേറട്ടെ; ഹൃദയങ്ങളെ മാറ്റിമറിക്കുന്ന ദൈവകൃപയുടെ കാറ്റും അതോടൊപ്പം വീശട്ടെ. ലഹരിയിൽ നിന്ന് വിമോചനം – അതാണ് യഥാർത്ഥ സ്വാതന്ത്ര്യം.
യേശുക്രിസ്തുവിൽ പുതിയ ജീവിതം – അതാണ് യഥാർത്ഥ പ്രത്യാശ.

