ഐപിസി ബഹ്റൈൻ സൺഡേ സ്കൂൾ 47-ാം വാർഷികത്തിനു സമാപനം
മനാമ: ബൈബിൾ സത്യങ്ങളും സമകാലിക വിഷയങ്ങളും സമന്വയിപ്പിച്ച് “ക്രിസ്തുവിൽ വളരുക” എന്ന പ്രമേയത്തെ ആസ്പദമാക്കി സ്കിറ്റുകൾ, കോറിയോഗ്രാഫി, ഗാനങ്ങൾ, സാക്ഷ്യങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ വിവിധ പ്രോഗ്രാമുകളോടെ ഐ.പി.സി ബഹ്റൈൻ സൺഡേ സ്കൂളിന്റെ 47-ാം വാർഷികം സമാപിച്ചു.
ഇസ്സാ ടൗൺ ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ മേയ് 28 വൈകിട്ട് 7 ന് ആരംഭിച്ച വാർഷിക സമ്മേളനത്തിൽ, ഐപിസി ബഹ്റൈൻ സഭാ പ്രസിഡന്റ് പാസ്റ്റർ വി.പി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ദൈവവചനത്തെ ഭക്തിയോടെ പ്രമാണിക്കുകയും ജീവിതം വിശുദ്ധിയിൽ സൂക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം ദൈവവചനം മറ്റുള്ളവർക്ക് പങ്കിടുവാനും കഴിയണമെന്ന് പാസ്റ്റർ വി. പി.ഫിലിപ്പ് മുഖ്യ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ഹെഡ്മാസ്റ്റർ ബ്രദർ ഷാജൻ മാത്യു സ്വാഗതം ആശംസിച്ചു. ആക്ടിംഗ് സെക്രട്ടറി ബ്രദർ മനോജ് തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ജയ്സൺ കുഴിവിള ആമുഖ സന്ദേശം നൽകി. ഐ.പി.സി ബഹ്റൈൻ സൺഡേ സ്കൂൾ റീജിയൺ ഡയറക്ടർ ബ്രദർ ജിൻസി മാത്യു ആശംസകൾ നേർന്നു. സീനിയർ പാസ്റ്റർ എം. ജെ. ഡേവിഡ്, ഇവാ. മധുസൂദൻ, റീജിയൺ സൺഡേ സ്കൂൾ സെക്രട്ടറി ബ്രദർ നിവിൻ ജേക്കബ് എന്നിവർ പങ്കെടുത്തു. പരീക്ഷകളിലും വിവിധ മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഐ.പി.സി ബഹ്‌റൈൻ 70 വർഷങ്ങൾ പിന്നിടുന്ന ഈ അനുഗ്രഹീത വർഷത്തിൽ നടന്ന സൺഡേ സ്കൂൾ വാർഷികം സൺഡേ സ്കൂൾ പ്രവർത്തകരോടൊപ്പം വിശ്വാസികൾ ഒന്നടങ്കം ആഘോഷ നിർഭരമാക്കി.



