ഷാർജ ക്രിസ്ത്യൻ സെമിത്തേരി ചാപ്പൽ ഉദ്ഘാടനം ചെയ്തു

ഷാർജ ക്രിസ്ത്യൻ സെമിത്തേരി ചാപ്പൽ ഉദ്ഘാടനം ചെയ്തു

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

ഷാർജ : ഷാർജയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന സെമിത്തേരിയുടെ ചാപ്പൽ ജൂൺ 3 ന് ഹിസ് എക്സലെൻസി ബിഷപ്പ് പൗലോ മാർട്ടില്ലി OFM Cap. ( അപ്പോസ്തോലിക് വികാർ ഓഫ് സതേൺ അറേബ്യ )  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ വിവിധ സഭ നേതാക്കന്മാരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു. 

ഷാർജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി ഒബൈദ് സഈദ് അൽ തുനൈജി, SEWA വൈദ്യുതി വിതരണ വിഭാഗം ഡയറക്ടർ ഡോ. എഞ്ചി. ഹസ്സൻ അൽ സറൂണി, ഷാർജ പൊലീസ് പ്രിവന്റീവ് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ഖാലിദ്,ഹിസ് ഹൈനെസിന്റെ സ്പെഷ്യൽ പ്രോജക്ട്സ് ഡയറക്ടർ ശ്രീ. എച്ച്. എഡ്വിൻ മരിയ അറസു എന്നിവരും പങ്കെടുത്തു.

ഷാർജയിലെ സജ്ജയിൽ, ഷാർജ സിമന്റ് ഫാക്ടറിക്ക് എതിർവശവും ഷാർജ ഇന്ത്യൻ ബോയ്സ് സ്കൂളിന് അടുത്തുമായി സ്ഥിതി ചെയ്യുന്ന സെമിത്തേരിക്കുള്ള അനുമതിയും ചാപ്പൽ നിർമ്മാണവും അനുബന്ധ ക്രമീകരണങ്ങളും എല്ലാവിധ സൗകര്യങ്ങളും സൗജന്യമായി നിർമ്മിച്ചു നൽകിയ ഷാർജ ഭരണകൂടം ക്രിസ്ത്യൻ സമൂഹത്തോട് കാണിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമാണ്. ഏകദേശം 10 ഏക്കർ സ്ഥലത്തിന്റെ വിസ്തീർണത്തിൽ 260 കാർ പാർക്കിംഗ് സൗകര്യവും ഷാർജ ക്രിസ്ത്യൻ സെമിത്തേരിക്ക് ഉണ്ട്.

 വിലമതിക്കാനാവാത്ത പിന്തുണയ്ക്കും സഹകരണത്തിനും ക്രിസ്ത്യൻ സമൂഹത്തോട് കാണിച്ച സ്നേഹത്തിനും ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയും ആയ ഹിസ് ഹൈനെസ്സ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കും റൂളർ ഓഫീസിന്റെ ചെയർമാൻ ആയ ഹിസ് എക്സലൻസി ഡോ. ഷെയ്ഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമിക്കും ഷാർജ ഭരണകൂടത്തിനും പ്രത്യേക നന്ദി ഷാർജയിലെ ക്രിസ്ത്യൻ സമൂഹം അറിയിച്ചു. പെന്തക്കോസ്ത് സമൂഹത്തെ പ്രതിനിധീകരിച്ച് റവ. ഡോ. വിൽ‌സൺ ജോസഫ് ( ഫൗണ്ടർ പ്രസിഡന്റ്‌ ഷാർജ വർഷിപ്പ് സെന്റർ, പ്രസിഡന്റ് ഐപിസി യുഎഇ റീജിയൻ) തെരഞ്ഞെടുക്കപ്പെട്ട 10 സഭകളുടെ നേതാക്കളിൽ ഒരാൾ ആയി പങ്കെടുത്തു ആശംസകൾ അറിയിച്ചു.