സുവിശേഷദർശനം ഹരമായി മാറിയ പാസ്റ്റർ ടി.പി. പൗലോസ്

സുവിശേഷദർശനം ഹരമായി മാറിയ  പാസ്റ്റർ ടി.പി. പൗലോസ്
പാസ്റ്റർ ടി.പി. പൗലോസ്

അനുസ്മരണം: സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)

ന്നലെ , ഓഗസ്റ്റ് 17 നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ടി.പി. പൗലോസ് സുവിശേഷദർശനം ഹരമായി മാറിയ അനുഗ്രഹീതനായ ഒരു ദൈവഭക്തനായിരുന്നു. തൻ്റെ പിതാവ് പാസ്റ്റർ ടി.പി പോളിൽ നിന്ന് ദർശനം കൈമാറി ലഭിച്ച മകൻ പൗലോസ് സുവിശേഷവേലയിൽ അതീവ തൽപ്പരനായിരുന്നു .1979ലാണ് പാസ്റ്റർ ടി പി പോൾ കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടത്ത്. തൃശൂർ ഭാഗത്തെ പെന്തെക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാലത്ത് വാളകത്തു നിന്നും ഇവിടെയെത്തിയ അദ്ദേഹം സുവിശേഷ ദർശനം ഉൾക്കൊണ്ട ഒരു അനുഗ്രഹീത ദൈവദാസനായിരുന്നു. തൃശൂരിലെ , വിശിഷ്യാ തൃശ്ശൂരിന് കിഴക്കുഭാഗത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം ഈ ഭാഗത്തെ പെന്തെക്കോസ്ത് സഭകളുടെ സ്ഥാപനത്തിനായി ദൈവത്താൽ ഉപയോഗിക്കപ്പെട്ട ദൈവദാസനായിരുന്നു. തികച്ചും ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യത്തിൽ പട്ടിണിയും പൈദാഹവും സഹിച്ചു സുവിശേഷീകരണ പ്രവർത്തനത്തിന് അദ്ദേഹം കൂട്ടുപ്രവർത്തകരോടൊപ്പം പരമാവധി ഉത്സാഹിച്ചു. തൽഫലമായി തൃശൂർ മാത്രമല്ല പാലക്കാട് ഭാഗത്തെ വിവിധ സ്ഥലങ്ങളിലും സഭകൾ സ്ഥാപിക്കുവാൻ തൻ്റെ ശുശ്രൂഷ മുഖാന്തരമായി. അദ്ദേഹതിൻ്റെ ശുശ്രൂഷയെക്കുറിച്ചുള്ള ഏതാനും അനുസ്മരണങ്ങൾ “ചരിത്രം ഉറങ്ങുന്ന ആൽപ്പാറ സഭ” എന്ന പുസ്തകത്തിൽ വായിക്കാം.

അന്ന് ഒരു പയനിയർ പ്രവർത്തന സ്ഥലമായിരുന്ന എളനാട് ക്രമീകരിച്ചിരുന്ന കൺവെൻഷനിൽ ആദ്യദിവസം പ്രസംഗിച്ച ശേഷം മറ്റൊരു സുവിശേഷനെ സഹായിക്കുവാൻ തൻ്റെ പക്കൽ ലഭിച്ച പണം കൊടുക്കുന്നതിനായി വീട്ടിലേക്ക് മടങ്ങി വന്നു . അന്നത്തെ ശുശ്രൂഷ മറ്റൊരാളെ ഏൽപ്പിച്ച ശേഷമാണ് താൻ തിരിച്ചുവന്നത്. പക്ഷേ , അന്ന് രാത്രി കർത്താവ് തന്നെ തന്റെ സമീപത്തേക്ക് വിളിച്ചു ചേർത്തു . കഴിഞ്ഞദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട മകൻ പാസ്റ്റർ പൗലോസിനും സമാനമായ  വിടവാങ്ങലാണ് ദൈവം കരുതി വച്ചിരുന്നത് എന്നത് നമുക്ക് ആകസ്മികമായി തോന്നാം. ആലത്തൂർ സെൻ്റ്റിലിലെ തേനിടുക്ക് സഭയിൽ ക്രമീകരിച്ചിരുന്ന മാസയോഗത്തിൽ സംബന്ധിക്കുവാൻ ശനിയാഴ്ച രാവിലെ ഭാര്യ ഏലിയാമ്മയുമായി തനിയെ കാർ ഓടിച്ചു പോയ അദ്ദേഹത്തിന് സംസാരിക്കുവാൻ ശ്വാസതടസം മൂലം ബുദ്ധിമുട്ട് തോന്നിയപ്പോൾ ശുശ്രൂഷ മറ്റൊരാളെ ഏൽപ്പിച്ച് മടങ്ങിപ്പോന്നു. പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഇ.സി.ജി.യിൽ വ്യത്യാസം കണ്ടതിനെത്തുടർന്ന് വിദഗ്ധ പരിചരണത്തിനായി തൃശൂരിലെ ആശുപത്രിയിലേക്കയക്കുകയായിരുന്നു. ഒരാഴ്ച അവിടെ കിടക്കുന്നതിനിടക്കു വിദേശത്തായിരുന്ന മക്കൾക്കും കൊച്ചുമക്കൾക്കുമെല്ലാം പിതാവിനെ വന്നു കാണുവാൻ അവസരം ലഭിച്ചു. ഞായറാഴ്ച ഉച്ചയോടെ കർത്താവ് വിശ്രമത്തിനായി തന്നെ വിളിച്ചു ചേർത്തു.

മാതാപിതാക്കളോടൊപ്പം ഫെയ്ത്ത്ഹോമിൽ താമസിച്ചാണ് ടി.പി പൗലോസും സഹോദരങ്ങളും വളർന്നത് .അന്ന് അധികസമയവും അവർ ചെലവഴിച്ചത് ആൽപ്പാറ സഭയിൽ ആയിരുന്നു. അന്നത്തെ ഫെയ്ത്ത് ഹോം അനുഭവങ്ങളിൽ വളർന്ന താൻ സുവിശേഷ വേലക്ക് ഇറങ്ങിത്തിരിച്ചപ്പോൾ പഴയ ഓർമ്മകൾ തന്നെ ത്യാഗം സഹിച്ച് സുവിശേഷ പ്രവർത്തനത്തിൽ തുടരുവാൻ പ്രോത്സാഹനം നൽകി. വളരെ ക്ഷമിക്കുവാനും സഹിക്കുവാനും കഴിവുള്ള പാസ്റ്റർ ടി പി പോളിന്റെയും, അതിഥി സൽക്കാര പ്രിയയായ അമ്മ ശോശാമ്മയുടെയും ത്യാഗപൂർവമായ പ്രവർത്തനങ്ങൾ മക്കൾക്കെല്ലാം ദൈവിക പാതയിൽ വളരുവാൻ പ്രോത്സാഹനം നൽകി. 

ഒരു നല്ല ഭൗതിക ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പൗലോസിന് സുവിശേഷവേലയ്ക്കുള്ള വിളിലഭിക്കുന്നത്. തൻ്റെ ജോലി ഉപേക്ഷിച്ച് ബൈബിൾ സ്കൂളിൽ പോയി ദൈവവചനം പഠിച്ച് സുവിശേഷവേലയ്ക്ക് ഇറങ്ങുകയായിരുന്നു. തൃശ്ശൂരിലെ പല സഭകളിൽ താൻ ശുശ്രൂഷ ചെയ്തു. തന്നാലാവോളം സുവിശേഷത്തിനായി ത്യാഗപൂർവ്വം പ്രവർത്തിക്കുക തൻ്റെ  ഒരു ശീലമായിരുന്നു. ആത്മാക്കളെ നേടുന്നതിന്നൊപ്പം പല സ്ഥലങ്ങളിൽ സഭാ ഹാളുകൾ സ്ഥാപിക്കുവാൻ താൻ ശ്രമിച്ചിട്ടുണ്ട്. കൂട്ടാല കിഴക്കെ ഹോൾ പണിയുവാൻ താൻ ചെയ്ത ശ്രമങ്ങൾ പങ്കുവെച്ചത് എനിക്ക് ഓർമ്മയുണ്ട്. തൃശൂർ ഈസ്റ്റ് സെൻ്ററിൻ്റെ ആസ്ഥാനം മന്ദിരം പട്ടിക്കാട് പണിയുവാൻ പലരോട് മടികൂടാതെ സഹായം ചോദിച്ചത് ആ പണികളുമായി ബന്ധപ്പെട്ടിട്ടുള്ള വർക്ക് അറിവുള്ളതാണ്. സ്വന്തകാര്യത്തിന് അല്ലാതെ സഭയുടെ വികസനത്തിനു വേണ്ടി ആരോടും മടികൂടാതെ ചോദിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. മക്കൾ എല്ലാവരും അദ്ദേഹത്തെ ഈ പ്രവർത്തനങ്ങളിൽ സഹായിച്ചിട്ടുള്ളതായി പറഞ്ഞറിവുണ്ട്.

വർഷങ്ങളായി ആലത്തൂരിൽ സഭ കൂടി വന്നത് ഒരു പഴയ ചെറിയ കെട്ടിടത്തിലായിരുന്നു. നാഷണൽ ഹൈവേക്കടുത്ത് ആലത്തൂർ സഭയ്ക്ക് ഒരു സ്ഥാപനം ഉണ്ടാകണമെന്നത് തന്റെ അതിയായ താല്പര്യമായിരുന്നു. അതിനുവേണ്ടി സഭകളോടും വ്യക്തികളോടും മടികൂടാതെ സഹായം ചോദിച്ചത് അനേകർക്ക് മാതൃകയാണ്. തനിക്ക് ലഭിക്കുന്നതിൽ ഒരു പൈസപോലും സ്വന്തമായി ഉപയോഗിക്കാൻ ശ്രമിക്കാതെ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. അങ്ങനെ മനോഹരമായ ഒരു സ്ഥാപനം ആലത്തൂർ ടൗണിൽ സെന്ററിന് വേണ്ടി ഉണ്ടാക്കുവാൻ തനിക്ക് കഴിഞ്ഞു. സെന്ററിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വളരെ ഉത്സാഹി ആയിരുന്നു. ഇതിനുവേണ്ടി ഒരു ജീപ്പ് വാങ്ങുന്നതിന് കടമെടുത്ത വിഷയം അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റു പലരും ചെയ്യുവാൻ മടിക്കുന്ന കാര്യങ്ങൾ സുവിശേഷത്തിനു വേണ്ടി ചെയ്യുവാൻ ശ്രമിച്ചത് ആർക്കും മറക്കാൻ കഴിയുകയില്ല.

തൃശൂരും ആലത്തൂരും സെൻ്റർ ശുശ്രൂഷകൻ ആയിരുന്നപ്പോൾ സഭകളിൽ കഷ്ടമനുഭവിക്കുന്ന അനേകരെ സഹായിക്കുവാൻ ഗുഡ്ന്യൂസിൻ്റെ സഹായം വാങ്ങിക്കൊടുത്തത് ഞങ്ങൾക്ക് നേരിട്ടനുഭവമുള്ള  വസ്തുതയാണ്. 

സുവിശേഷ സ്നേഹിയായ പ്രിയ കർത്തൃദാസൻ്റെ വേർപാട് മായ്ക്കാനാവാത്ത മുറിവും മറക്കാനാവാത്ത വേദനയുമാണ് അനേക ഹൃദയങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും കർത്താവെല്ലാം നന്നായി ചെയ്യുന്നവനാണ്. ശാരീരിക അസ്വസ്ഥതകൾ മറന്നു കർത്താവിനായി പ്രവർത്തിച്ച തൻ്റെ സേവനങ്ങൾ മറക്കാത്ത ദൈവം ശുശ്രൂഷ പൂർത്തിയാക്കിയെന്ന് ബോധ്യമായപ്പോൾ തിരുസവിധെ വിശ്രമത്തിനായി വിളിച്ചുചേർത്തു. നമുക്കതിനെ ചോദ്യം ചെയ്യുവാൻ അവകാശമില്ല. 

 പ്രിയ പിതാവ് കാണിച്ച നല്ല മാതൃകകൾ പിന്തുടരുവാൻ മക്കൾക്കും, സഹപ്രവർത്തകർക്കും, സഹവിശ്വാസികൾക്കും ഇടയാകട്ടെ .

വേർപാടിൻ്റെ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിലും വീണ്ടും കാണാമെന്ന പ്രത്യാശയിലും ഗുഡ്ന്യൂസ് കുടുംബാഗങ്ങളും പങ്കുചേരുന്നു. 

 .