ശത്രുക്കളെ മിത്രങ്ങളാക്കാം

റവ. ജോർജ് മാത്യു പുതുപ്പള്ളി
അസംഖ്യം ശത്രുക്കൾ ഉണ്ടായിരുന്നപ്പോഴും അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഏബ്രഹാം ലിങ്കൺ തന്റെ ശത്രുക്കളെ സ്നേഹിക്കുകയും അവരോട് മാനുഷിക പരിഗണനകൾ കാട്ടുകയും ചെയ്തിരുന്നു. ഇതു കണ്ട അദ്ദേഹത്തിന്റെ ഒരു അടുത്ത സഹകാരി അദ്ദേഹത്തോടു ചോദിച്ചു : 'താങ്കളുടെ ശത്രുക്കളെ നശിപ്പിക്കേണ്ടതിനു പകരം താങ്കൾ അവരെ സുഹൃത്തുക്കളാക്കുന്നത് എന്തുകൊണ്ടാണ് ?' ലിങ്കൺ ശാന്തമായി മറുപടി പറഞ്ഞു : 'ഞാൻ അവരെ മിത്രങ്ങളാക്കുമ്പോൾ അവരിലെ ശത്രുക്കളെ നശിപ്പിക്കുകയാണു ചെയ്യുന്നത്.'
ശത്രുക്കളായിരുന്ന നമ്മെ മിത്രങ്ങളാക്കുക വഴി യേശുകർത്താവ് വാസ്തവത്തിൽ ശത്രുക്കളെ നശിപ്പിക്കുകയായിരുന്നു ചെയ്തത്. പക്ഷെ നശീകരണം ഒരു നിർമ്മാർജ്ജനം ആയിരുന്നില്ല പിന്നെയോ ഒരു രൂപാന്തരമായിരുന്നു. നരകത്തിലേക്ക് അവരെ നിയോഗിക്കുകയായിരുന്നില്ല പ്രത്യുത സ്വർഗത്തിലേക്ക് അവരെ പറഞ്ഞയക്കുകയായിരുന്നു. ശത്രുക്കളെ മിത്രങ്ങളാക്കുന്നതിലും വലിയ ഒരു ശത്രുസംഹാരം എവിടെയാണുള്ളത് ?
ശത്രുക്കളെ സ്നേഹിക്കുക എന്നു കർത്താവ് പറഞ്ഞതിന്റെ അർത്ഥം അതാണ്. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് മനുഷ്യരായ ശത്രുക്കൾ ഉണ്ടായിരിക്കുകയില്ല. ഈ സത്യം നാം മനസിലാക്കുമ്പോൾ നമ്മുടെ ശത്രുക്കളെ നമുക്കു സ്നേഹിക്കുവാൻ കഴിയും.
ദൈവത്തിന്റെ സൃഷ്ടിയാണ് എല്ലാ മനുഷ്യരും. അവരിൽ ഒരാൾ മറ്റൊരാളെ സ്നേഹിക്കുക എന്നത് അസ്വഭാവികമായ കാര്യമാണ്. തമ്മിൽതമ്മിൽ സ്നേഹിക്കുക എന്നതാണ് ശത്രുതയില്ലാതാക്കുവാനുള്ള മറുമരുന്ന്. സ്നേഹം ദീർഘമായി ക്ഷമിക്കുവാൻ നമുക്ക് കൃപ തരുന്നു. കാരണം സ്നേഹത്തിന് അന്യോന്യം മനസിലാക്കുവാനുള്ള കഴിവുണ്ട്.
നാം ശത്രുക്കളെ സ്നേഹിച്ചു തുടങ്ങുമ്പോൾ തന്നെ അവരെല്ലാം വളരെ പെട്ടെന്ന് നമ്മുടെ മിത്രങ്ങളായിത്തീരുമെന്ന് കരുതരുത്. യേശുവിനു അസംഖ്യം ശത്രുക്കൾ ഉണ്ടായിരുന്നു. അവരെല്ലാം അവന്റെ മിത്രങ്ങളായിത്തീർന്നില്ല എങ്കിലും അവന്റെ സ്നേഹം ശത്രുപാളയത്തിൽ ഉണ്ടായിരുന്ന ചിലരുടെ ഹൃദയങ്ങളിൽ ചലനം സൃഷ്ടിച്ചു. അവനെ പഴിച്ചു പറഞ്ഞവർ അവനെ പുകഴ്ത്തി. യേശുവിന്റെ ക്രൂശുമരണം നേരിട്ടു കണ്ട ശതാധിപൻ സത്യം മനസിലാക്കി അനുതപിച്ചു. പ്രിയ സ്നേഹിതരേ, നമ്മുടെ ശത്രുക്കളെ സ്നേഹിക്കുവാൻ നാം തയാറാകുമോ ? നാം ദൈവത്തോട് ശത്രുത പുലർത്തിയിരുന്നപ്പോഴാണ് സ്നേഹവാനായ ദൈവം നമ്മെ സ്നേഹിച്ചതെന്ന് അറിയുക.
ചിന്തക്ക് : 'ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല' (1 കൊരിന്ത്യർ 13 : 1...3).