ജീവിക്കുന്നത് ക്രിസ്തു മരിക്കുന്നത് ലാഭം

റവ. ജോർജ് മാത്യു പുതുപ്പള്ളി
ചിക്കാഗോയിലെ തിരക്കേറിയ ഹൈവേയിലൂടെ കാറിൽ ഒരു പാസ്റ്ററും ഭാര്യയും മകളും യാത്ര ചെയ്യുകയായിരുന്നു. ഒരു ചെറിയ മഴയും അപ്പോൾ പെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ട്രക്ക് ദിശതെറ്റി അവരുടെ വാഹനത്തിൽ ചെന്നിടിച്ചത്.ഇടിയുടെ ആഘാതത്തിൽ അവരുടെ കാർ ട്രക്കിനടിയിൽപ്പെട്ടു. ട്രക്കിൽനിന്നു ഡീസൽ പുറത്തേക്ക് ഒഴുകി. ഗ്യാസ് ഓയിൽ കത്തിയെരിയുന്ന പുക അവിടെയെല്ലാം വ്യാപിച്ചു. അതിന്റെയുള്ളിൽ കിടന്നുകൊണ്ട് ഭാര്യക്ക് ശ്വാസംവിടാൻ പഴുതു ലഭിച്ചെങ്കിലും ഭർത്താവിന്റെയും മകളുടെയും സ്ഥിതി വളരെ മോശമായിരുന്നു.
പാസ്റ്റർ ഒടിഞ്ഞു മടങ്ങിയാണ് കിടന്നിരുന്നത്.അദ്ദേഹത്തിന്റെ കാൽ ഭാര്യ അല്പം നിവർത്തിവച്ചു. മകൾ കമിഴ്ന്നു കിടക്കുകയായിരുന്നു. പൊതുവെ ആശാവഹമായ നിലയിലല്ലായിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഒരു ഫയർമാനെത്തി അവർക്ക് ശ്വസിക്കുവാനുള്ള ഓക്സിജൻ ട്യൂബ് ഇട്ടുകൊടുത്തത്. ട്രക്ക് അവരുടെ കാറിൽനിന്നും പൊക്കിയെടുത്തശേഷം മൂന്നു പേരെയും വണ്ടിയിൽനിന്നു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ചില ദിവസങ്ങൾക്കുശേഷം അവർ സുഖം പ്രാപിച്ച് ഭവനത്തിൽ മടങ്ങിയെത്തി.
പാസ്റ്ററുടെ ഒരു സ്നേഹിതൻ അദ്ദേഹത്തോട് 'ട്രക്കിനടിയിൽ കാറിൽ കിടന്ന സമയമൊക്കെയും അതിനുള്ളിലെ അവസ്ഥ എപ്രകാരമായിരുന്നു' എന്നു ചോദിച്ചു. അതിനു പാസ്റ്റർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു : 'ജീവിച്ചാലും മരിച്ചാലും ദൈവകരങ്ങളിലാണെന്ന് ഞങ്ങൾ വിശ്വസിച്ചു. ഞങ്ങൾക്ക് എന്തു സംഭവിച്ചാലും അത് ദൈവഹിതമാണെന്ന് ഞങ്ങൾ ഉറച്ചിരുന്നു. ഈ ചിന്തയോടെ ഞങ്ങൾ അതിനുള്ളിലും ദൈവത്തെ മഹത്വപ്പെടുത്തി.
മരണത്തെ മുഖാമുഖം കാണുന്നവരുടെ മാനസികനില എപ്രകാരമായിരിക്കും എന്നതാണ് അവരുടെ ജീവിതത്തിൽ ആകെത്തുകയായി കണക്കാക്കുന്നത്. രാവിലെ മുതൽ വൈകുന്നേരംവരെ വെള്ളം കോരിയിട്ട് കുടം ഉടച്ചുകളയുന്നു എങ്കിൽ അത് നഷ്ടത്തിൽ കലാശിച്ച ജീവിതമായിരിക്കും. നഷ്ടത്തിൽ അവസാനിക്കുന്ന ഒരു ജീവിതത്തിനായി നമ്മുടെ സമയത്തെയും അവസരങ്ങളെയും ധനത്തെയും ആരോഗ്യത്തെയും ആയുസിനെയും വിനിയോഗിക്കുന്നത് എത്രയോ ഭോഷത്തമാണെന്ന് മനസിലാക്കുക.
അപ്പൊസ്തലനായ പൗലൊസിന്റെ ജീവിതം എന്തിനായി വിനിയോഗിച്ചുവോ അതിനനുസരിച്ചുള്ള ഒരു മരണമാണ് തനിക്കു ലഭിക്കുവാൻ പോകുന്നതെന്ന് പൗലൊസ് അറിഞ്ഞിരുന്നു. ലാഭത്തെ വിളിച്ചു വരുത്തുന്ന മരണമാണ് തനിക്കു ഉണ്ടാകുവാൻ പോകുന്നതെന്ന് പൗലൊസ് അറിഞ്ഞിരുന്നു. നമ്മുടെ ജീവിതവും മരണവും ലാഭമോ ഒരു നഷ്ടമോ ?
ചിന്തക്ക് : 'അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകയേയുള്ളൂ എന്ന് പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു. എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു. വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്. അത് അത്യുത്തമമല്ലോ' (ഫിലിപ്യർ 1 : 20, 21, 23).
Advertisement