വി.എസ് അച്യുതാനന്ദൻ: അടിസ്ഥാനവർഗ്ഗത്തിന്റെ വക്താവും ശക്തനായ നേതാവും

വി.എസ് അച്യുതാനന്ദൻ: അടിസ്ഥാനവർഗ്ഗത്തിന്റെ വക്താവും ശക്തനായ നേതാവും

സാം ടി. സാമുവേൽ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ അടയാളപ്പെടുത്താൻ എകെജി, ഇഎംഎസ്, എസ്ആർപി, പികെവി തുടങ്ങിയ മൂന്ന് അക്ഷരങ്ങൾ വീതം അവശ്യമായിരുന്നെങ്കിൽ അച്യുതാനന്ദൻ സഖാവിനെ തിരിച്ചറിയാൻ വി.എസ് എന്ന രണ്ടക്ഷരങ്ങൾ മാത്രം മതിയായിരുന്നു. പരിമിതമായ ജീവിതസാഹചര്യങ്ങളിൽ ജനിച്ചുവളർത്തപ്പെട്ട അദ്ദേഹത്തിനു വളരെ ചെറുപ്പത്തിൽ തന്നെ മാതാവിനെ നഷ്ടമായി. കൗമാരപ്രായത്തിൽ ജനസേവനം ജീവിതപന്ഥാവായി തെരെഞ്ഞെടുത്ത വി.എസ് പിൽക്കാലത്തു സമൂഹത്തിലെ അടിസ്ഥാനവർഗ്ഗത്തിന്റെ വക്താവും ശക്തനായ നേതാവുമായി മാറി.

കൈയേറ്റക്കാരുടെയും അഴിമതിക്കാരുടെയും സ്ത്രീപീഢകരുടെയും പേടി സ്വപ്നമായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി.എസ്. സഖാവിന്റെ ചില നീക്കങ്ങൾ പല സന്ദർഭങ്ങളിലും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം പൊതു സമൂഹത്തിന്റെ പിന്തുണ അദ്ദേഹത്തോടൊപ്പമായിരുന്നു. വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദനെ പാർട്ടി സംവിധാനത്തിന്റെ വേലിക്കകത്തു തളച്ചിടാൻ പലരും ശ്രമിച്ചെങ്കിലും നേതൃത്വത്തിനു വിധേയനാകാൻ ഒരു തികഞ്ഞ വിപ്ലവകാരിയായ അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നു. തന്നെ അച്ചടക്കം പഠിപ്പിക്കാൻ വടിയുമെടുത്തു പുറപ്പെട്ട നേതൃത്വത്തെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. നിർണ്ണായക ഘട്ടങ്ങളിൽ ആശയം വ്യക്തമാക്കുന്നതിനായി ബൈബിൾ വാക്യങ്ങൾ ചിലപ്പോഴൊക്കെ നിയമസഭയിലും പുറത്തും പ്രസ്താവിക്കുന്നതിൽ ശ്രദ്ധപുലർത്തി.

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് അച്യുതാനന്ദന്റെ പ്രവർത്തനമേഖല സാധുക്കളായ കർഷകതൊഴിലാളികളുടെയും ദിവസക്കൂലിക്കാരായ ഫാക്ടറി ജീവനക്കാരുടെയും മധ്യത്തിലായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്കു പ്രാമുഖ്യം നൽകിയ വിഎസിനു കമ്പ്യൂട്ടറും സ്വാശ്രയ കോളേജുകളും ദേശീയപാതയും മുഖ്യ വിഷയങ്ങളായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വികസനവിരോധിയായും പിന്തിരിപ്പൻ ചിന്താഗതിക്കാരനായും ചിലർ ചിത്രീകരിച്ചു. നാടിൻ്റ വികസനത്തെ അദ്ദേഹം ദശാബ്ദങ്ങൾ പിന്നോട്ടടിച്ചതായും വിമർശകർ കുറ്റപ്പെടുത്തി.

വിഎസ് കാലയവനികക്കു പിന്നിൽ മറയുമ്പോൾ എക്കാലത്തും കേരളസമൂഹത്തിൻ്റെ മനസ്സാക്ഷിക്കൊപ്പം നിലകൊണ്ട ഒരു ധീരനായ നേതാവിനെയും സാധുക്കളുടെ ഉറ്റതോഴനെയുമാണ്  നഷ്ടമാകുന്നത്. സംശുദ്ധരാഷ്ട്രീയത്തിന്റെ അവസാനകണ്ണി കൂടി അറ്റുപോകുന്നു, അദ്ദേഹത്തിന്റെ വേർപാടോടെ.