പെന്തെക്കോസ്തു രാഷ്ട്രീയം: അകവും പുറവും

മോൻസി മാമ്മൻ തിരുവനന്തപുരം
ഡിസംബറിൽ കേരളം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാനുള്ള തയ്യറെടുപ്പിലാണ്. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകൾ ഡിസംബറിൽ രണ്ടു ഘട്ടങ്ങളിലായി നടക്കുവാൻ പോകുകയാണ്. കേരളത്തിലെ രാഷ്ട്രീയ മുന്നണികൾക്ക് വരുന്ന 2026 ൽ നടക്കുവാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ പോരാട്ടമാണ് ഡിസംബറിൽ കേരളത്തിൽ നടക്കുവാൻ പോകുന്നത്. കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും വളർന്നുവരുന്ന സാമൂഹിക—രാഷ്ട്രീയ വെല്ലുവിളികളുടെ നടുവിൽ ഈ തെരഞ്ഞെടുപ്പു ഒരു നിർണായക തിരുമാനഘട്ടമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രൈസ്തവരുടെ നേതൃത്വപങ്ക്, പ്രത്യേകിച്ച് ഒരു പെന്തെകോസ്ത് വിശ്വാസിയായ വ്യക്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴുള്ള ഉത്തരവാദിത്തവും ആത്മീയ കാഴ്ചപ്പാടും വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പിനെ സമീപിക്കേണ്ടതുണ്ട്. പൊതുവെ ഇലക്ഷൻ കാര്യങ്ങളിൽ നിന്നും മാറി നില്ക്കാറുള്ള കേരളത്തിലെ പെന്തെകൊസ്തു സമൂഹം, പൊതു രാഷ്ട്രീയത്തോടുള്ള അവരുടെ കാഴ്ചപ്പാടും നിലപാടും സമീപനവും മാറി മറിയുന്ന രീതിയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത്. വിവിധ പെന്തെകൊസ്തു സഭകളിലെ വിശ്വാസികൾ തിരഞ്ഞെടുപ്പിൽ അവരുടെ സഭകളുടെ ആശീർവാദത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്. അനേകം പെന്തെകോസ്ത് സഹോദരി -സഹോദരന്മാർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവുകയും അവരിൽ ചിലർ പിന്നീട് ഭരണത്തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കാഴ്ചയും കേരളത്തിലെ വിശ്വാസി സമൂഹം സാക്ഷ്യം വഹിച്ചു.

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ—സാമൂഹിക സാഹചര്യവും പൊതു കാഴ്ചപ്പാടും കൂട്ടിവായിക്കുമ്പോൾ ക്രൈസ്തവ സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമായിരിക്കുന്ന ഒരു രാഷ്ട്രീയ -സാമൂഹിക സാഹചര്യമാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്. "രാഷ്ട്രീയം" എന്നത്, അൽത്തൂഷ്യസ് പറയുന്നതുപോലെ, "മനുഷ്യർക്കിടയിൽ സാമൂഹിക ജീവിതം സ്ഥാപിക്കുന്നതിനും വളർത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി അവരെ ബന്ധിപ്പിക്കുന്ന ഒരു കലയാണ്."
നമ്മുടെ കൊച്ചു കേരളം സാംസ്കാരിക, മത, രാഷ്ട്രീയ വൈവിധ്യമുള്ള സംസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യ രംഗം, സാമൂഹിക പുരോഗതി തുടങ്ങിയ മേഖലകളിൽ കേരളം മുന്നിട്ടുനിൽക്കുന്നതാണ്. പക്ഷേ അതിനോട് കൂടെ അഴിമതിയുടെ വർദ്ധന, കുടുംബകേന്ദ്രമായ രാഷ്ട്രീയവും അധികാരമോഹവും, യുവാക്കളിലെ തൊഴിലില്ലായ്മ, പരിസ്ഥിതി നശീകരണം, ലഹരി പ്രശ്നങ്ങൾ, പ്രാദേശിക പ്രശ്‌നങ്ങളെ അവഗണിക്കുന്ന ഭരണനിർവഹണം എന്നിങ്ങനെ ഗൗരവമായ പ്രതിസന്ധികളും നമുക്ക് ചുറ്റും ഉടലെടുത്തിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ഒരു വിശ്വാസിയായ പൗരൻ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കുന്നത് ഒരു രാഷ്ട്രീയ തീരുമാനം മാത്രമല്ല; അത് സാമൂഹിക നീതിയെ സ്ഥാപിക്കാൻ ഉള്ള ദൈവിക നിയോഗത്തെ അനുസരിച്ചുള്ള നടപടി കൂടിയാണ്.

ഭരണത്തെ ഒരു ദൈവിക ഉത്തരവാദിത്വമായിട്ടു ബൈബിൾ കൃത്യമായി വരച്ചു കാണിക്കുന്നു. ഭരണനേതൃത്വത്തിലെ വിശ്വാസികളുടെ പങ്ക് ബൈബിൾ നിഷേധിക്കുന്നില്ല; മറിച്ച് പൂർണ്ണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പഴയനിയമത്തിൽ യോസേഫ് തനിക്ക് ലഭിച്ച നിയോഗത്തിൽ ദൈവിക ജ്ഞാനം കൃത്യമായി ഉപയോഗിച്ച ഭരണനേതാവായിട്ടു കാണുവാൻ സാധിക്കും. യോസേഫ് ഫറവോന്റെ ഭരണത്തിൽ രാജസഭയിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തി. സമൂഹത്തിന്റെ ഭാവി പ്രതിസന്ധികൾ തിരിച്ചറിഞ്ഞു. ഭക്ഷ്യ ക്ഷാമം പോലെയുള്ള സാമൂഹിക ദുരന്തങ്ങൾ ഒഴിവാക്കാൻ ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തി ആവിഷ്ക്കരിച്ചു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ദൈവം തനിക്ക് നൽകിയ ഭരണ ശേഷി ഉപയോഗിച്ചു. കേരളത്തിലെ ഒരു പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ആഗ്രഹിക്കുന്ന വിശ്വാസികളായവർ, തിരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിശ്വാസികൾ യോസേഫിനെപ്പോലെ ദർശനവും, പദ്ധതിയും, ഉത്തരവാദിത്വവും ഉള്ള നേതൃത്വമാകേണ്ടതുണ്ട്.

പഴയനിയമത്തിലെ മറ്റൊരു വിശിഷ്ട ജീവതത്തിനുടമയായ ദാനിയേലാണ്. നീതിയുടെ ശബ്ദമായി നിന്ന ഒരു നേതാവായി നമുക്ക് കാണുവാൻ സാധിക്കും. ദാനിയേൽ തന്റെ പൊതുജീവിതത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സത്യസന്ധതയോടെ ദൈവിക ജ്ഞാനത്തോടെ രാജ്യഭരണത്തെ സ്വാധീനിച്ചതായി നമുക്ക് കാണുവാൻ സാധിക്കും. ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ നൈതികതയുടെ അഭാവം കാണുമ്പോൾ, ദാനിയേലിനെ പോലെ അഴിമതിക്കു മുട്ടുമടക്കാതെ നേരിന്റെ പാതയിൽ സഞ്ചരിക്കുന്ന നേതൃപാരമ്പര്യം അനിവാര്യമാണ്.
ഒരു വിശ്വാസി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ: ഒരു വ്യക്തമായ സാമൂഹിക—ആത്മീയ ഉത്തരവാദിത്വം ഉയർത്തി പിടിച്ചു ക്രൈസ്തവ മൂല്യങ്ങൾ ഭരണതലത്തിൽ സ്വാധീനിക്കുവാനുള്ള അവസരമാണ് കൈമുതലാകുന്നത്. പുതിയനിയമത്തിൽ യേശു ഭിന്നശബ്ദങ്ങളുടെ സംരക്ഷകനായി നമുക്ക് കാണുവാൻ സാധിക്കും. യേശുവിന്റെ രാഷ്ട്രീയകാഴ്ചപ്പാടുകൾ തന്റെ സമകാലിക സംസ്കാരത്തിലെ ധ്രുവീകരണങ്ങളെ വെല്ലുവിളിക്കുകയും സമൂഹത്തെ ഒരു പുതിയ ചിന്താധാരയിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു യേശു തന്റെ ഐഹിക ജീവിതത്തിൽ കാണിച്ചു തന്നത്. യേശുവിന്റെ രാജ്യം എല്ലാ മനുഷ്യർക്കും തുല്യ മൂല്യത്തിൽ ഐക്യപ്പെട്ടതാണെന്നും നമ്മുടെ ജീവിതരീതിയിൽ ആഴത്തിലുള്ള മാറ്റത്തിനുള്ള ആഹ്വാനമാണെന്നും കൃത്യമായി വരച്ചു കാട്ടി. യേശുവിന്റെ ജനനം മുതൽ അന്തിമ നിയോഗം വരെ, യേശുവിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഒരിക്കലും ഒരു പ്രത്യേക ദേശീയതയെ അടിസ്ഥാനമാക്കിയുള്ളതോ ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തേക്കാൾ പ്രത്യേക പ്രീതി ഉണ്ടെന്ന ആശയവുമായി ബന്ധിപ്പിച്ചതോ ആകാൻ കഴിയില്ല. യേശുവിന്റെ രാജത്വം "എല്ലാവർക്കും വേണ്ടിയുള്ള സന്തോഷവാർത്ത"യാണ്

ചരിത്രപരമായി പെന്തെക്കോസ്ത സഭകൾ കൂടുതലും സഭകൾക്കുള്ളിലെ ആളുകളെയും അവരുടെ ആവശ്യങ്ങളെയും കേന്ദ്രീകരിച്ച പ്രസ്ഥാനമായിരുന്നുവെങ്കിലും ഇന്ന് വിദ്യാഭ്യാസം സാമൂഹിക പ്രതിബദ്ധത, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാരുണ്യപ്രവർത്തനങ്ങൾ എന്നിവയിൽ പെന്തകോസ്ത് സമൂഹം സജീവ പങ്കാളിത്തം വഹിക്കുന്നു. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിശ്വാസികളുടെ സജീവപങ്കാളിത്തം വളരെ അത്യാവശ്യവും ഇടപെടലുകളും വേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഓരോ വിശ്വാസിയും പ്രാർത്ഥനയോടെ ഉത്തരവാദിത്വത്തോടെ മൂല്യബോധത്തോടെ മറ്റുള്ളവരുടെ നന്മയെ മുന്‍നിര്‍ത്തി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ ഫലം സമൂഹത്തിനാകെ അനുഗ്രഹമായി മാറും.
രാഷ്ട്രീയത്തിൽ ക്രൈസ്തവ വിശ്വാസികളുടെ പങ്ക് ആഴമേറിയ ഉത്തരവാദിത്തവും ഒരു വിശ്വാസിക്ക് ലഭിക്കുന്ന സുപ്രധാന അവസരവുമാണ്. തങ്ങളുടെ വിശ്വാസത്തെ രാഷ്ട്രീയ ഇടപെടലിൽ സമന്വയിപ്പിക്കുന്നതിലൂടെയും, സമഗ്രത ഉയർത്തിപ്പിടിക്കുന്നതിലൂടെയും, ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ഒരു വിശ്വാസിക്ക് പൊതുമണ്ഡലത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകാൻ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ പൊതുനന്മയെ മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, പ്രവൃത്തിയിലൂടെ അവരുടെ വിശ്വാസത്തിന്റെ പരിവർത്തന ശക്തിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

വിശ്വാസികൾ ആയവർ അവരുടെ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന രീതിയിൽ രാഷ്ട്രീയത്തിൽ ഏർപ്പെടേണ്ടത് വളരെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, നയങ്ങളും നിയമങ്ങളും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാനും, പൊതുനന്മയെ പ്രോത്സാഹിപ്പിക്കാനും, സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനും മാത്രമല്ല സമൂഹത്തിലെ ആളുകൾക്കിടയിൽ അവർക്കിടയിലെ കണ്ണിയായും പ്രവർത്തിക്കുവാൻ സാധിക്കും. നീതിക്കും കാരുണ്യത്തിനും വേണ്ടിയുള്ള ധാർമ്മിക ദിശാസൂചകങ്ങളായും, വക്താക്കളായും പ്രവർത്തിക്കുന്നതിലൂടെ, ഒരു വിശ്വാസിക്ക് രാഷ്ട്രീയ രംഗത്ത് നല്ല സ്വാധീനം ചെലുത്താൻ കഴിയും.

