ദൈവം സമ്മതിപ്പിച്ചു അതിനാൽ സമ്മതിച്ചു
റവ. ജോർജ് മാത്യു പുതുപ്പള്ളി
ചില വർഷങ്ങൾക്കുമുമ്പ് സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ ബഹ്‌റൈനിൽ പോയി. അവിടെ ഒരു പെന്തെക്കൊസ്ത് സഭയിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുമ്പോൾ എന്റെ കൂടെ കോട്ടയം ബസേലിയോസ് കോളജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന ഒരു പൂർവസുഹൃത്തിനെ സദസിൽ കണ്ടു.
എനിക്കത് തീർത്തും അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. കാരണം അന്ന് അദ്ദേഹം ഒരു കടുത്ത നിരീശ്വരവാദി യായിരുന്നു. അദ്ദേഹം എങ്ങനെ അവിടെ വന്നു എന്നത് എനിക്ക് വിശ്വസിക്കാനാവാത്ത ഒരു സമസ്യയായി തോന്നി. മുൻ വൈദികനായ എന്നെ യോഗനന്തരം അദ്ദേഹം വന്നു കണ്ടു. ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു : 'സുഹൃത്തേ, എങ്ങനെയാണ് താങ്കൾ ഒരു ദൈവവിശ്വാസിയായി തീർന്നത് ?' അദ്ദേഹം മറുപടിയായി ഒരു വാചകമേ എന്നോട് പറഞ്ഞുള്ളൂ. അത് ഇപ്രകാരമായിരുന്നു : 'നീ മുമ്പും പിമ്പും എന്നെ അടച്ച് നിന്റെ കൈ എന്റെ മേൽ വച്ചിരിക്കുന്നു.'
അദ്ദേഹത്തിന്റെ മാനസാന്തരത്തെപ്പറ്റി കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ടായി. താൻ ഏറ്റവും അധികം സ്നേഹിച്ച ഏകമകനെ രോഗിയാക്കി, ബിസിനസിനെ തകർത്ത്, വിവിധ മുഖാന്തരങ്ങളിലൂടെ ഇടപെട്ട് ദൈവം വിശ്വാസത്തിൽ കൊണ്ടുവന്ന അത്ഭുതകഥ അദ്ദേഹം എന്നോട് വിവരിച്ചു. ദൈവത്തെ അംഗീകരിച്ച അതേ നിമിഷം മകന് പൂർണസൗഖ്യവും കുടുംബത്തിൽ സന്തോഷവും സമാധാനവും ദൈവം നൽകി. ഇന്ന് ആ കുടുംബം രക്ഷയുടെ സന്തോഷമനുഭവിച്ച് പ്രത്യാശയോടെ മുന്നോട്ടു പോകുന്നു.
പലരും വിശ്വാസമാർഗത്തിലേക്കു കടന്നുവരുന്നത് ദൈവത്തിന്റെ കരസ്പർശനം ഏറ്റിട്ടാണ്. വിവിധങ്ങളായ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുവാൻ ദൈവം അവരെ അനുവദിക്കും. ഒടുവിൽ രക്ഷയില്ലാതെ നിരാശയിൽ വീണ് നിസഹായരാകുമ്പോൾ ദൈവം തന്റെ ശക്തിയുള്ള കരം അവരിൽനിന്ന് പിൻവലിച്ച് തന്റെ ശക്തി പൂർണമായി വെളിപ്പെടുത്തും.
'ജീവിതത്തിൽ കഷ്ടത വന്നത് എനിക്ക് ഏറെ ഗുണമായി' എന്ന് സങ്കീർത്തനക്കാരൻ പാടിയത് ദൈവത്തെ കണ്ടുമുട്ടാൻ കഷ്ടത ഒരു ചൂണ്ടുപലകയായി തീർന്നതുകൊണ്ടാണ്.
പ്രിയ ദൈവജനമേ, ജീവിതത്തിൽ കഷ്ടത വരുമ്പോൾ നാം നിരാശപ്പെടുകയോ പരിഭവിക്കുകയോ ദൈവത്തോട് പിറുപിറുക്കുകയോ ചെയ്യരുത്. അത്ഭുതമന്ത്രിയും വീരനാം ദൈവവും സമാധാനപ്രഭുവുമായ യേഷികർത്താവ് നമ്മെ സഹായിക്കുവാനുണ്ട് എന്ന സത്യം നാം മറക്കാതിരിക്കുക.
ചിന്തക്ക് : 'യഹോവേ, നീ എന്നെ ശോധനചെയ്ത് അറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു. എന്റെ വഴികളൊക്കെയും നിനക്കു മനസിലായിരിക്കുന്നു. യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല. നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്റെ കൈ എന്റെമേൽ വച്ചിരിക്കുന്നു' (സങ്കീർത്തനങ്ങൾ 139 : 1...5).
Advertisement





































































