എനിക്കതീവ ദൂരമുണ്ട് അവിശ്രമം നടക്കുവാന്‍ 

എനിക്കതീവ ദൂരമുണ്ട് അവിശ്രമം നടക്കുവാന്‍ 

കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐപിസി ഭൂട്ടാൻ റീജിയൻ രക്ഷാധികാരിയുമായ മല്ലപ്പള്ളി ആനിക്കാട് പതാലിൽ പാസ്റ്റർ ഡോ. പി.എം മാത്യൂസിൻ്റെ സാഹസികമായ ജീവിതാനുഭവങ്ങൾ

ജോജി ഐപ്പ് മാത്യൂസ്

വിശ്വവിഖ്യാത സാഹിത്യകാരന്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ കവിതയിലെ വരികള്‍ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണന്റെ വാക്കുകളാണ് തലക്കെട്ട്.

'Miles to go before I sleep.'

കഴിഞ്ഞ ദിവസം ഭൂട്ടാൻ അതിർത്തിയാലെ ജെയ്‌ഗോണിൽ അന്തരിച്ച ഡോ. പി.എം. മാത്യൂസിൻ്റെ ജീവിതകഥ സഹനത്തിന്റെയും ത്യാഗത്തിന്റെയുമാണ്. ജീവിതത്തില്‍ ചെയ്തു തീര്‍ക്കുവാനുള്ള ഉത്തരവാദിത്വങ്ങളിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള യാത്ര കൂടിയായിരുന്നു അത്.

'മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും

അനേകമുണ്ട് കാത്തിടേണ്ട മാമകപ്രതിജ്ഞകള്‍

അനക്കമറ്റു നിദ്രയില്‍ ലയിപ്പതിനു മുന്‍പിലായി

എനിക്കതീവ ദുരമുണ്ട് അവിശ്രമം നടക്കുവാന്‍.'

ആര്‍ക്കും കടന്നെത്താന്‍ കഴിയാത്ത നാട്ടിലേക്കും ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സമൂഹത്തിലേക്കും അലിവിന്റെയും ആര്‍ദ്രതയുടെയും കണ്ണീര്‍ നനവുള്ള യാത്രകളായിരുന്നു.

ജീവിത അഭയം നഷ്ടപ്പെട്ട 31 പേരെ സ്വന്തം മക്കളായി സ്വീകരിച്ച്, അവരുടെ മാതാപിതാക്കളായി സര്‍ക്കാര്‍ രേഖകളില്‍ പേരു ചേര്‍ത്ത്, അടിസ്ഥാനവിദ്യാഭ്യാസസൗകര്യങ്ങളൊരുക്കി ഇവരെ ചേര്‍ത്തണയ്ക്കുമ്പോള്‍ പകരം വയ്ക്കാനില്ലാത്ത നന്മപ്രവൃത്തിയാണ് ഇന്ത്യാ-ഭൂട്ടാന്‍ ഗേറ്റിനോട് ചേര്‍ന്നുള്ള ജെയ്‌ഗോണ്‍ എന്ന ചെറുപട്ടണത്തിൽ ദര്‍ശിക്കാന്‍ കഴിയുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലെ ആനിക്കാട് എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലുള്ള ജെയ്‌ഗോണില്‍ 1968 ജൂണ്‍ 1ന് പാസ്റ്റര്‍ പി.എം. മാത്യൂസ് -ഗ്രേസി മാത്യൂസ് ദമ്പതികള്‍ എത്തുന്നു.

ഇവര്‍ കേരളത്തിലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മക്കള്‍ക്ക് മാതാപിതാക്കളായി കേവലം ഒരു സാധാരണ കര്‍ഷകനായി അല്ലെങ്കില്‍ ഒരു എളിയ പ്രേക്ഷിത പ്രവര്‍ത്തകനായി ജീവിതം മുമ്പോട്ട് കൊണ്ടുപോകുമായിരുന്നു. ജീവിതത്തിന്റെ അല്ലല്‍ അറിയേണ്ടി വരില്ലായിരുന്നു.

കാടും മേടും കുന്നുകളും മലകളും കടന്ന് കാട്ടാനകളും പുലികളും കാട്ടുപന്നികളും ഭീതി പടര്‍ത്തുന്ന കാട്ടുപാതയിലൂടെ കാനനഭംഗി ദര്‍ശിച്ചുള്ള ആദ്യയാത്ര വര്‍ണ്ണിക്കാന്‍ കഴിയുന്നതല്ല. കാനനപാത കടന്ന് ജെയ്‌ഗോണില്‍ എത്തുമ്പോള്‍ യാത്രായോഗ്യമായ റോഡുകളില്ല. വാഹനഗതാഗത സംവിധാനങ്ങളില്ല. വെള്ളം, വെളിച്ചം എന്നിവയില്ല. ഒരു പനി വന്നാല്‍ പോലും ചികിത്സിക്കാന്‍ ആശുപത്രികളില്ല. ഇന്നും ആശുപത്രികളുടെ കാര്യത്തില്‍ ജെയ്‌ഗോണ്‍ പിന്നില്‍ തന്നെയാണ്.

ഗുണ്ടകള്‍ വാണിടുന്ന നാടായിരുന്നു അത്. എന്നാല്‍ അശരണരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന പരിശ്രമമായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി പി.എം. മാത്യൂസും കുടുംബവും ചെയ്തു വരുന്നത്.

1982ന്റെ തുടക്കത്തില്‍ ഒരു രാത്രിയില്‍ ദൈവം നേരിട്ട് സംസാരിക്കുന്നതായി തോന്നി. ആരോരുമില്ലാത്ത വരെ എടുത്ത് വളര്‍ത്തണം, അവര്‍ക്കു പരിച ഒരുക്കണം, അവരെ മക്കളാക്കണം തുടങ്ങിയ ശബ്ദം നേരിട്ട് ശ്രവിച്ചു,

മൂന്നു മക്കളെ വളര്‍ത്തുവാന്‍ പാടുപെടുമ്പോള്‍ എങ്ങനെ അനാഥരായവരെ വളര്‍ത്താന്‍ കഴിയും എന്ന എതിര്‍ചിന്ത മനസ്സില്‍ വന്നു. എന്നാല്‍ ഏഴാം ദിവസം ദൈവശബ്ദത്തിനു മുന്‍പില്‍ കീഴടങ്ങി. അതിനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിയാല്‍ തയ്യാര്‍ എന്ന തീരുമാനത്തിലെത്തുന്നു.

ഇവര്‍ പാര്‍ക്കുന്ന പ്രദേശത്തെ പ്രധാന പ്രശ്‌നമായിരുന്നു മക്കളെ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെന്ന ധാരണയില്‍ അവരെ വഴിയരികിലും കടത്തിണ്ണകളിലും ഉപേക്ഷിച്ച് പോകുന്നത് സ്ഥിരം സംഭവമായിരുന്നു.

ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കാനുള്ള ദൗത്യമാണ് മാത്യൂസ് ദമ്പതികള്‍ ആദ്യം ഏറ്റെടുത്തത്. ഇതിനായി ഒന്നര ഏക്കറോളം സ്ഥലം അവര്‍ക്ക് ലഭ്യമായി. ഇവിടെയാണ് ഗ്രേസ് ആശ്രമത്തിന്റെ തുടക്കം. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരെയാണ് സൗഭാഗ്യത്തിലേക്ക് പിടിച്ചുയര്‍ത്തിയത്.

ഒരു വ്യക്തിയുടെ ബാല്യം നഷ്ടപ്പെട്ടാല്‍ അവര്‍ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും. അവരെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ഗ്രേസ് ആശ്രമത്തിലൂടെ സമൂഹത്തിനു നല്‍കുന്നത്. ഭക്ഷണമില്ലാതെ വലയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കും. അനാഥരായവര്‍ക്കും ആലംബഹീനര്‍ക്കും അഭയം നല്‍കും. ഗ്രേസ് ആശ്രമം അവര്‍ക്ക് സ്വന്തം വീടാണ്.

ഐപിസി സഭയുടെ ഭൂട്ടാന്‍ റീജിയൻ പ്രവര്‍ത്തനം ഏറ്റെടുത്ത് പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍ എത്തിയതോടെ സഭാപ്രവര്‍ത്തനം ഏറെ ഊര്‍ജ്ജിതപ്പെട്ടു. റീജിയന്റെ നേതൃത്വത്തിലുള്ള ചില്‍ഡ്രന്‍സ് ഹോം, ടെയ്‌ലറിംഗ് സ്‌കൂള്‍ എന്നിവ അനേകരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നു.

ഗ്രേസ് മിഷന്‍ സ്‌കൂള്‍ മുതല്‍ കൃഷിയും മൃഗസംരക്ഷണവും വരെ ഈ ക്യാംപസിലുണ്ട്. ശ്രമകരമായ ദൗത്യത്തെ പുഞ്ചിരിയോടെ നേരിട്ട മിഷണറിയാണ് പാസ്റ്റര്‍ ഡോ. പി.എം. മാത്യൂസ്. ഭാര്യ ഗ്രേസി മാത്യൂസിന്റെ നിശ്ചയദാര്‍ഡ്യം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി. മക്കളായ ബ്ലെസ്സിയും കുടുംബവും പാസ്റ്റര്‍ ബോബിയും കുടുംബവും പാസ്റ്റര്‍ ബിന്നിയും കുടുംബവും സെബാസ്റ്റ്യനും കുടുംബവും എന്നിവരെല്ലാം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇവര്‍ എല്ലാവരും ഒരേ ക്യാംപസില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നഷ്ടപ്പെടുന്ന ബാല്യങ്ങളെ കരുതുകയും ചെയ്യുന്നു. പ്രകൃതിയോടും പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും ഗുണ്ടാപ്പടയോടും മല്ലിട്ടാണ് ഈ കരുതല്‍ തുടരാന്‍ കഴിഞ്ഞത് എന്ന് കാണുമ്പോള്‍ ഇവരുടെ സഹനവും ത്യാഗവും എത്രയോ വലുതാണ്. ഇനിയേറെ ദൂരമുണ്ട് സഞ്ചരിക്കുവാന്‍ അതും അവിശ്രമം തുടരട്ടെ.

പാസ്റ്റർ ഡോ. പി.എം.മാത്യൂസിൻ്റെ സംസ്‌കാരം ബുധനാഴ്ച്ച (24/6/2026) 10ന് പശ്ചിമ ബംഗാളിലെ ജെയ്‌ഗോൺ ഗ്രേസ് ആശ്രമം സെമിത്തേരിയിൽ.

"അതിർത്തിയിലെ ക്രിസ്തുഭടൻ" എന്ന പേരിൽ ജീവിതാനുഭവങ്ങൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനാഥരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ഗ്രേസ് ആശ്രമം, ഗ്രേസ് മിഷൻ സ്കൂൾ, ബോയ്സ് ഹോം തുടങ്ങിയവയുടെ സ്ഥാപകനാണ്. ഐപിസി സഭയുടെ ഭൂട്ടാൻ റീജിയനു വേണ്ടി തദ്ദേശിയരായവരുടെ പങ്കാളിത്തത്തിലും റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ അലക്സ് വെട്ടിക്കലിൻ്റെ നേതൃത്വത്തിലും 120 ൽ അധികം സഭകൾ സ്ഥാപിച്ചു. ഭാര്യ: കാനം തെക്കേക്കരയിൽ ഗ്രേസി മാത്യു. മക്കൾ: പാസ്റ്റർ ബിന്നി മാത്യൂസ് (ഐപിസി ഭൂട്ടാൻ റീജിയൻ വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബോബി മാത്യൂസ് (ഐപിസി ഭൂട്ടാൻ റീജിയൻ സെക്രട്ടറി), ബ്ലസി മാത്യൂസ്, സെബാസ്റ്റ്യൻ മാത്യൂസ് (ഫിൻലാൻഡ്). മരുമക്കൾ: ബ്ലെസി ബിന്നി, ഷൈനി ബോബി, എ.എസ്.ദാനിയേൽ, ബിർജിത് സെബാസ്റ്റ്യൻ (ഫിൻലാൻഡ്).