ബഹ്റൈനിൽ ചർച്ച് ഓഫ് ഗോഡിന്റെ ആദ്യ ദേശീയ സംയുക്ത ആരാധന നടന്നു

ബഹ്റൈനിൽ ചർച്ച് ഓഫ് ഗോഡിന്റെ ആദ്യ ദേശീയ സംയുക്ത ആരാധന നടന്നു

മനാമ: ബഹ്റൈനിലെ ചർച്ച് ഓഫ് ഗോഡ് സഭയുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് ആദ്യ ദേശീയ സംയുക്ത ആരാധന സെഗായയിലെ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ദേവാലയത്തിൽ ഭക്തിസാന്ദ്രമായി നടന്നു. ജൂൺ 19 വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെ നടന്ന ഈ ചരിത്ര ശുശ്രൂഷയിൽ ബഹ്റൈനിലെ വിവിധ ചർച്ച് ഓഫ് ഗോഡ് സഭകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

ദേശീയ ഓവർസീയർ റവ. ജോർജ് വർഗീസിന്റെ അസാന്നിധ്യത്തിൽ, ദേശീയ സെക്രട്ടറി പാസ്റ്റർ ലിജോ മാത്യുവിന്റെ നേതൃത്വത്തിലാണ് സംയുക്ത ആരാധന ക്രമീകരിച്ചത്. നാഷണൽ സണ്ടേസ്കൂൾ ബോർഡ് സെക്രട്ടറി ഇവാ. അനീഷ് ഉമ്മൻ എബ്രഹാമിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. വൈ.പി.ഇ. ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കി.

ചടങ്ങിൽ നാഷണൽ സെക്രട്ടറി പാസ്റ്റർ ലിജോ മാത്യു സ്വാഗതം ആശംസിക്കുകയും, ചർച്ച് ഓഫ് ഗോഡ് സഭയുടെ സമ്പന്നമായ പാരമ്പര്യവും ആത്മീയ ദൗത്യവും വിശദീകരിക്കുകയും ചെയ്തു. തുടർന്ന് നാഷണൽ ട്രഷറാർ പാസ്റ്റർ റിബു നൈനാൻ മാത്യു സങ്കീർത്തന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ബഹ്റൈനിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ ചരിത്രത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് ദേശീയ കോർഡിനേറ്റർ പാസ്റ്റർ ബോസ് ബി. വർഗീസ് വിശദീകരിച്ചു. മിഡിൽ ഈസ്റ്റ് മേഖല ഗൾഫ് റീജണൽ സൂപ്രണ്ട് റവ. ഡോ. സുഷിൽ മാത്യു, ദേശീയ ഓവർസീർ റവ. ജോർജ് വർഗീസ് എന്നിവർ അയച്ച ആശംസാ സന്ദേശങ്ങൾ യോഗത്തിൽ വായിച്ചു കേൾപ്പിച്ചു.

സഭയുടെ വിവിധ പോഷക സംഘടനകളായ സണ്ടേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രി എന്നീ ദേശീയ ബോർഡുകളുടെ പ്രവർത്തനങ്ങളെ യഥാക്രമം പാസ്റ്റർ ലൈജു ജോൺ, പാസ്റ്റർ ബിജു ഫിലിപ്പ്, സിസ്റ്റർ എലിസബത്ത് ബോസ് എന്നിവർ സദസ്സിന് പരിചയപ്പെടുത്തി. പാസ്റ്റർ സൈമൺ ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തി. നാഷണൽ എഡ്യൂക്കേഷൻ - വൈ.പി.ഇ ഡയറക്ടർ പാസ്റ്റർ ബിജു ഫിലിപ്പ് തിരുമേശ ശുശ്രൂഷകൾ നിർവ്വഹിച്ചു. "ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ നാമും ക്രിസ്തുവിന്റെ സ്നേഹത്തിൽ നടപ്പീൻ" എന്ന് നാഷണൽ സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ലൈജു ജോൺ തന്റെ മുഖ്യ സന്ദേശത്തിലൂടെ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ആത്മീയ ശുശ്രൂഷകൾക്ക് പുറമെ, പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സഭയിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എബെൻ കുര്യൻ ബിനു, ബിൽഹ വിപിൻ, ഒലിവിയ എൽസ ജിനു എന്നീ വിദ്യാർത്ഥികൾക്ക് പാസ്റ്റർ ബോസ് ബി. വർഗീസ് ട്രോഫികളും പാസ്റ്റർ ബിജു ഫിലിപ്പ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ദേശീയ സെക്രട്ടറി പാസ്റ്റർ ലിജോ മാത്യു ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. പാസ്റ്റർ ബോസ് ബി. വർഗീസിന്റെ മധ്യസ്ഥ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി ചരിത്രപ്രസിദ്ധമായ ആദ്യ ദേശീയ സംയുക്ത ആരാധനയ്ക്ക് സമാപനമായി.

Advertisement