ഹാഗാറിനെ പോലെ ഏകയായി ജീവിതം ജയിച്ച ബ്ലെസ്സി ജോർജ്
അനുസ്മരണം:
ജോമോൻ ജേക്കബ്, തൈച്ചേരിൽ
“നമുക്ക് ചുറ്റുമുള്ള ലോകം കഷ്ടപ്പാടുകളാൽ നിറഞ്ഞതാണെങ്കിലും, അതിനെ അതിജീവിക്കുന്നവരാലും നിറഞ്ഞതാണ്.” എന്ന ഹെലൻ കെല്ലറുടെ ജീവിതാനുഭവത്തിൽനിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ, കഴിഞ്ഞദിവസം നിത്യതയിൽ പ്രവേശിച്ച സിസ്റ്റർ ബ്ലെസ്സി ജോർജിന്റെ ജീവിതവുമായി ഏറെ സമാനതകൾ നിറഞ്ഞതാണ്.
അനുഗ്രഹീതനായ ഒരു ദൈവദാസന്റെ ഇളയ മകളായി ജനിച്ച്, ഫെയ്ത്ത് ഹോമുകളുടെ പരിമിതികളിൽ പിതാവിന്റെ ശുശ്രൂഷകളോടൊപ്പം സഞ്ചരിച്ച്, ശുശ്രൂഷകളിലെ കഷ്ടതകൾ നേർക്കാഴ്ചയായി കണ്ടും അനുഭവിച്ചും, തീയിൽ കുരുത്ത് വളർത്തപ്പെട്ട പശ്ചാത്തലം.
പിന്നീട് താൻ അഭിമുഖീകരിച്ച ജീവിത യാഥാർത്ഥ്യങ്ങൾക്ക് വിശുദ്ധ ബൈബിളിലെ ഹാഗാറിന്റെ ജീവിതവുമായി ചില സാമ്യങ്ങളുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ താങ്ങും തണലും ആകേണ്ടിയിരുന്നവർ നഷ്ടപ്പെട്ടപ്പോൾ, ഏക മകനോടൊപ്പം അനിശ്ചിതത്വവും ശൂന്യതയും നിറഞ്ഞ ജീവിതവഴിയിലേക്ക് കടന്നുപോകേണ്ടി വന്നത് അതിലൊന്നാണ്. ചുറ്റും ആളുകൾ ഏറെയുണ്ടായിരുന്നെങ്കിലും, ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ തന്റെ അതിജീവന പോരാട്ടങ്ങൾ തനിച്ചായിരുന്നു.
ഏക മകനോടൊപ്പം ജീവിതത്തിന്റെ ശൂന്യതകളിലേക്ക് എടുത്തുചാടേണ്ടി വന്നപ്പോൾ, എങ്ങനെയും അധ്വാനിച്ച് മകനെ നല്ല നിലയിൽ എത്തിക്കുവാൻ കൈകാലുകൾക്കും കണ്ണിമകൾക്കും വിശ്രമം നൽകാതെയുള്ള ജോലിഭാരങ്ങൾ ഏറ്റെടുത്തു. വിശ്രമമില്ലാത്ത അധ്വാനങ്ങൾ നിമിത്തം ശരീരം ഒരു വശത്ത് പ്രമേഹത്തിന്റെയും അൾസറിന്റെയും പിടിയിലായപ്പോൾ, മറുവശത്ത് ചില സമയങ്ങളിലെങ്കിലും,പരിഹാസങ്ങളുടെയും, അപഹാസ്യവാക്കുകളുടെയും കൂരമ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നിരുന്നാലും, ഈ പ്രതിസന്ധികളെയും അനാരോഗ്യങ്ങളെയും ഉള്ളിലമർത്തിക്കൊണ്ട്, ഏക മകനെ കേരളത്തിലും ബാംഗ്ലൂരിലുമായി സൈക്കോളജിയിൽ യു.ജി.യും മാസ്റ്റർ ഡിഗ്രിയും പഠിപ്പിച്ച്, ജീവിതത്തിൽ തനിയെ പറക്കുവാൻ പരിശീലിപ്പിച്ചു. ബാംഗ്ലൂരിൽ വന്നും ജീവിതത്തെ തനിയെ നേരിടേണ്ടി വന്നുവെങ്കിലും, തന്റെ മകൻ ഈ മഹാനഗരത്തിൽ ആരുടെയും കൈനീട്ടാതെ ഒരു നല്ല ഉദ്യോഗത്തിൽ ആയിരിക്കുന്നത് കണ്ടുമടങ്ങുവാൻ പ്രിയ ദൈവദാസിക്ക് കഴിഞ്ഞുവെന്നത് തനിച്ച് ജയിച്ച ജീവിതപോരാട്ടത്തിന്റെ പ്രതീകമാണ്.
കോട്ടയം മുതൽ വ്യക്തിപരമായി പരിചയമുണ്ടെങ്കിലും, ബാംഗ്ലൂരിൽ ഞങ്ങളുടെ സഭയിൽ ആയിരുന്ന ചെറിയ കാലയളവിൽ, ആന്റിയുടെ ഭവനത്തിൽ സന്ദർശനത്തിനായി പോകുമ്പോൾ സുദീർഘമായ സമയങ്ങൾ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് ഇന്നും സ്മരണയിലുണ്ട്. തന്റെ ജോലിയുമായി ബന്ധപ്പെട്ട് നിരവധി കുടുംബങ്ങൾ തനിക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും, താൻ ജോലി ചെയ്ത ഒരു പ്രത്യേക കുടുംബം തന്റെയും ഏക മകന്റെയും ചുമതലകൾ ചില കാലത്തേക്ക് എങ്കിലും ഏറ്റെടുത്ത അനുഭവവും പങ്കുവെച്ചിരുന്നു. അങ്ങനെ മകന്റെ പഠനത്തോടൊപ്പം ആ വീട്ടിൽ താമസിക്കുവാനുമുള്ള ഇടം കുറച്ചു കാലത്തേക്ക് നൽകിയത് ദൈവത്തിന്റെ കരുതലിന്റെ മറ്റൊരു മുഖമായി കാണാം. ഹാഗാറിന്റെ ജീവിതത്തിലും മനുഷ്യസഹായങ്ങളുടെ പരിമിതിക്കപ്പുറം, ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത മരുഭൂമിയിൽ നീരുറവ തുറന്നതിന് സമാനമായ അനുഭവം. അതുപോലെ,തനിച്ചാക്കപ്പെട്ട ഏക മകനുമായി ദൈവകൃപയിൽ മാത്രം ആശ്രയിച്ച്, ദൈവം ഏറ്റെടുക്കുവാൻ പ്രാർത്ഥിച്ച്, ദൈവത്തിന് കൊള്ളാവുന്നവനായി അവനെ വളർത്തിയ ജീവിതപോരാട്ടത്തിന്റെ പരിസമാപ്തിയിൽ മനുഷ്യസഹായങ്ങളുടെ പരിധിക്കപ്പുറം ദൈവം ആ ഏകമകന് സ്വയം നിലനിൽപ്പ് നൽകി അനുഗ്രഹിച്ചു.
അബ്രഹാം കൊടുത്തതിനെല്ലാം പരിമിതി ഉണ്ടാകുമെന്നും, അത് വേഗത്തിൽ തീരുന്നതാണെന്ന ബോധ്യത്തിൽ, ജീവിതത്തിന്റെ പല ശൂന്യതകളിലൂടെയും തനിച്ച് നടന്നെങ്കിലും, ദൈവത്തിലുള്ള വിശ്വാസവും, ആത്മധൈര്യവും കൈവിടാതെ തന്റെ ഏക മകന്റെ ജീവിതത്തിന് ഭാവിയുടെ നേർരേഖ പണിത ഒരു സ്ത്രീയുടെ അതിജീവനകഥയായി സിസ്റ്റർ ബ്ലെസ്സി ജോർജിന്റെ ജീവിതം മാറുന്നു. തനിച്ചായിരുന്നെങ്കിലും തളർന്നില്ല; പരിമിതികളുണ്ടായിരുന്നെങ്കിലും പിന്മാറിയില്ല. ഒടുവിൽ, തനിക്കുശേഷവും മകൻ നന്നായി നിൽക്കുന്നു എന്ന സംതൃപ്തിയോടെ പ്രിയ ദൈവദാസി നിത്യതയിലേക്ക് മടങ്ങി. "മാനുഷികമാം കൈകൾ താഴ്ന്നു പോയാലും, ക്ഷീണിക്കാത്ത ദൈവത്തിന്റെ കരം തക്ക സമയത്ത് സഹായത്തിനായി ഉണ്ടാകും" എന്ന പ്രചോദന സന്ദേശത്തിന്റെ തിരിനാളം, ജീവിതത്തെ തനിച്ച് നേരിടുന്ന അനേകരുടെ ഹൃദയത്തിൽ പ്രകാശിപ്പിച്ചുകൊണ്ടാണ് പ്രിയ ബ്ലെസി ജോർജിന്റെ ആത്മപ്രിയനിലേക്കുള്ള മടക്കം എന്നത് ഏറെ പ്രത്യാശാനിർഭരമാണ്.






