അകം അറിയുക

അകം അറിയുക

ഉള്ളറിവ്

അകം അറിയുക

ന്നു പഠിക്കേണ്ട ഭാഗം കഴിഞ്ഞപ്പോൾ അധ്യാപകനും കുട്ടികളും മറ്റു വിഷയങ്ങളെക്കുറിച്ചു സംവദിക്കാൻ തുടങ്ങി. അധ്യാപകൻ ചോദിച്ചു: നിങ്ങൾ ചക്കക്കുരു കണ്ടിട്ടുണ്ടോ. ഉണ്ട്. എന്നിട്ടതിനുള്ളിൽ എന്താ ഉള്ളത്. കുറച്ചു പേർ നിശബ്ദരായി. ചിലർ പറഞ്ഞു. ഒന്നും ഇല്ല. അധ്യാപകൻ പറഞ്ഞു: ഒരു ചക്കക്കുരുവിൽ ഒരു പ്ലാവും അതു നിറയെ ചക്കകളുമുണ്ട്.

അകം അറിയാതെ ആരെന്നറിയാനാകില്ല. ആകാര അഴകിലോ ആകൃതി അളവിലോ ആർക്കും ആരെയും വിലയിരുത്താനാകില്ല. തൽസ്ഥിതി അടിസ്ഥാനമാക്കിയാണ് എല്ലാ മൂല്യനിർണയങ്ങളും. അതു വളരെ എളുപ്പവും ആഴത്തിലുള്ള വിശകലനങ്ങൾ ആവശ്യമില്ലാത്തതുമാണ്. ഇന്നലെ എന്തായിരുന്നു എന്നും നാളെ എന്തായിത്തീരും എന്നുമറിയാതെ ഒന്നിനെയും പൂർണമായി മനസ്സിലാക്കാനാകില്ല.

ആദ്യകാഴ്ചയിൽ വിലയിരുത്തപ്പെടുന്നു എന്നതാണ് ഏതൊരാളും അനുഭവിക്കുന്ന ഏറ്റവും വലിയ അനീതി. ആരുടെയും യാത്ര ഇന്നു തുടങ്ങി ഇന്ന് അവസാനിക്കുന്നതല്ല. ഇന്നലെ യാത്ര തുടങ്ങിയ സ്ഥലമുണ്ട്, നാളെ എത്തിച്ചേരേണ്ട സ്ഥലവുമുണ്ട്. ഇന്നലെകളെ മറന്നാലും നാളെയെ വിസ്മരിക്കാനാകില്ല. എല്ലാവരും മാറും, വളരും. അതേ അവസ്ഥയിൽ നിലനിൽക്കുന്ന ആരുമുണ്ടാകില്ല. ആ വളർച്ചയെയും മാറ്റത്തെയും മുൻകൂട്ടി കാണാനായാൽ പരസ്പര ബഹുമാനവും പരിഗണനയും വർധിക്കും.

സാധ്യതകൾ തിരിച്ചറിഞ്ഞാൽ പിന്നെ സഞ്ചാരപഥം വ്യക്തമായി. സാഹചര്യങ്ങളെയും സമ്പർക്കങ്ങളെയും ആ സാധ്യതകൾക്കനുരൂപമായി രൂപപ്പെടുത്തിയാൽ മതി. തന്റെ പ്രാപ്തിയെക്കുറിച്ചു ബോധമുള്ള ഒരാളും ദിശ മാറിയോ തരംതാണോ സഞ്ചരിക്കില്ല. അനർഹമായതിനെയും അനാവശ്യമായതിനെയും അകറ്റിനിർത്തും. അനുകൂലമായതിനെയും അഭിവൃദ്ധി നൽകുന്നവയെയും ആദരത്തോടെ സ്വീകരിക്കും.

കണ്ടുമുട്ടുന്നവരുടെ സാധ്യതകൾ തിരിച്ചറിയാൻ കഴിയുന്നവർക്കാണു ഗുരുക്കന്മാരാകാനുള്ള അവകാശം. പുറംഭാവം മാത്രം കാണാൻ കഴിയുന്നവർ ചായംപൂശി കടന്നുപോകും. അകത്തളങ്ങൾ സന്ദർശിക്കുന്നവർ ആത്മാവിനെ തൊടുകയും ഓരോരുത്തരെയും അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യും.

Advertisement