അവധിക്കാലത്തെ വചനോത്സവം

അവധിക്കാലത്തെ വചനോത്സവം

അവധിക്കാലത്തെ വചനോത്സവം

സജി നടുവത്ര 

ക്ഷന്‍ സോങ്ങുകളുടെയും വര്‍ണങ്ങളുടെയും മധുരമുള്ള ഓര്‍മ്മകളുമായാണ് മധ്യവേനലവധിക്കാലത്ത് വിബിഎസ് വന്നെത്തുന്നത്. അവസാനദിനം ആകുമ്പോഴേക്കും പിരിയാനാവാത്ത ദൈവസ്നേഹത്തിന്‍റെ ഇഴകളാല്‍ അവര്‍ ബന്ധിക്കപ്പെട്ടിരിക്കും, തീര്‍ച്ച. ജാതിമതഭേദമെന്യേ വചനത്തിന്‍റെ നറുതേന്‍ നുകരാന്‍ പാറിപ്പറന്നെത്തുന്ന കുരുന്നുകളുടെ കലപില ശബ്ദങ്ങളും കൊച്ചുകൊച്ചു കുസൃതികളും നമ്മള്‍ നിശബ്ദം ആസ്വദിക്കാറില്ലേ...
ഈ മഹത്തായ ശുശ്രൂഷയ്ക്ക് ആരംഭംകുറിച്ചത് 1894-ല്‍ അമേരിക്കയിലെ ഇല്ലിനോയിസിലെ ഹോപ്ഡെയ്ലില്‍ നിന്നാണ്. പബ്ലിക് സ്കൂള്‍ അധ്യാപികയായിരുന്ന ഡി.റ്റി. മൈല്‍സ്, വേനല്‍ക്കാലത്ത് കുട്ടികള്‍ക്കായി ഒരു ദൈനംദിന ബൈബിള്‍ സ്കൂള്‍ ആരംഭിച്ചു. ആദ്യത്തെ ബൈബിള്‍ സ്കൂളില്‍ 40 വിദ്യാര്‍ഥികള്‍ ചേര്‍ന്നു. നാല് ആഴ്ച നീണ്ടുനിന്ന ക്ലാസുകള്‍ക്കായി ഒരു പ്രാദേശിക സ്കൂളാണ് ഉപയോഗിച്ചത്.

1898ല്‍, ന്യൂയോര്‍ക്ക് നഗരത്തിലെ എപ്പിഫാനി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ വിദ്യാര്‍ഥിഡയറക്ടറായ വിര്‍ജീനിയ സിന്‍ക്ലെയര്‍ ഹാവ്സ്  ന്യൂയോര്‍ക്കിലെ ഒരു ബിയര്‍ പാര്‍ലര്‍ വേനല്‍ക്കാലത്ത് വാടകയ്ക്ക് എടുത്ത് അയല്‍പക്കത്തെ കുട്ടികള്‍ക്കായി ഒരു 'എവരിഡേ ബൈബിള്‍ സ്കൂള്‍' ആരംഭിച്ചു. അവരുടെ ശ്രമങ്ങളെ ആദരിക്കുന്ന ഒരു വെങ്കല ഫലകം വിര്‍ജീനിയായിലെ ജന്മനാടായ ചാര്‍ലോട്ട്സ്വില്ലില്‍, ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്‍റെ ഇടനാഴിയില്‍ സ്ഥിതിചെയ്യുന്നു.
1922-ല്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഡെയ്ലി വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സ്ഥാപിച്ചു.
ഒരു വര്‍ഷത്തിനുശേഷം, ആദ്യമായി അച്ചടിച്ച വിബിഎസ് പാഠ്യപദ്ധതി പുറത്തിറക്കി. കിന്‍റര്‍ഗാര്‍ട്ടന്‍, പ്രൈമറി, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള വിബിഎസ് കോഴ്സ്.

1951ല്‍ ഇന്ത്യയിലെത്തിയ ലെസ്റ്റര്‍ ഹാമില്‍ട്ടണ്‍സും ഭാര്യ മേരിയും (അമേരിക്കന്‍ മിഷനറിമാര്‍) ഇന്ത്യയിലെ ശുശ്രൂഷയ്ക്കായി ചുരുങ്ങിയ കാലയളവിനുള്ളില്‍ കന്നഡ പഠിച്ച് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപേട്ടിലുള്ള സൗത്ത് ഇന്ത്യ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇരുവരും കര്‍ണാടകയിലെ ബംഗാരപ്പേട്ടിലുള്ള സൗത്ത് ഇന്ത്യ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എസ്ഐബിഐ) അധ്യാപകരായിരുന്നു.
1952-ല്‍, മിസ്സിസ് മേരി ഹാമില്‍ട്ടണിനോട് ഒരു മോഡല്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂളിനായി സാമഗ്രികള്‍ തയ്യാറാക്കാന്‍ അഭ്യര്‍ഥിച്ചു, ഇത് വളരെ നന്നായി അവര്‍ ചെയ്തു. പിന്നീട് ഇന്ത്യയുടെ പല ഭാഗങ്ങളിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ഒരു വാര്‍ഷിക പരിപാടിയായി വളര്‍ന്നു.
വിബിഎസിനൊപ്പം മുഴുസമയപ്രവര്‍ത്തനത്തിനായി ദൈവം തങ്ങളെ വിളിക്കുന്നത് മനസ്സിലാക്കിയ ഇരുവരും എസ്ഐബിഐയിലെ 10 വര്‍ഷത്തെ സേവനത്തിന് ശേഷം ഹാമില്‍ട്ടണ്‍സ് ബാംഗ്ലൂരിലേക്ക് മാറി. മേരി വിബിഎസ് പാഠ്യപദ്ധതി വികസിപ്പിച്ചെടുത്തു. അതേസമയം ലെസ്റ്റര്‍ വിബിഎസ് സെന്‍ററുകള്‍ തുടങ്ങുകയും ബാംഗ്ലൂരില്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.

മേരി ഒരിക്കല്‍ ഇങ്ങനെ എഴുതി, "വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ക്രിസ്ത്യന്‍ നേതാക്കളായി വളര്‍ത്തിയെടുത്തത് ഈ ശുശ്രൂഷയുടെ മധുരമായ പ്രതിഫലങ്ങളിലൊന്നാണ്". എസ്ഐബിഐയുടെ കാമ്പസില്‍ ആദ്യത്തെ വിബിഎസ് നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം, 50,000-ത്തിലധികം കുട്ടികള്‍ ഈ പ്രോഗ്രാമുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നു.
ഇന്ത്യയിലെ 35 വര്‍ഷത്തെ സേവനത്തിന് ശേഷം 1986-ല്‍ ലെസ്റ്ററും മേരിയും ഔദ്യോഗികമായി വിരമിച്ചു. 2009 ഡിസംബര്‍ 29ന് 88-ാം വയസ്സില്‍ ലെസ്റ്റര്‍ അന്തരിച്ചു. മേരി 2013 ഓഗസ്റ്റ് 12ന് 89-ാം വയസ്സിലും അന്തരിച്ചു.

അവര്‍ രണ്ടുപേരും വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ പ്രസ്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ മറക്കാനണ്ടാകില്ല. ആര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ് ഇന്ന് വിബിഎസ് പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയിലെ 13 വ്യത്യസ്ത ഭാഷകളിലായി പ്രതിവര്‍ഷം രണ്ട് ദശലക്ഷത്തിലധികം കുട്ടികളിലേക്ക് ദൈവവചനം എത്തിച്ചേരുന്നു.

ഇന്ന് ഐപിസി, തിമൊഥി ഇന്‍സ്റ്റിറ്റ്യൂട്ട്, എക്സല്‍ തുടങ്ങി പല സംഘടനകളും വിബിഎസ് പാഠ്യപദ്ധതി തയാറാക്കിവരുന്നു. 1980-ല്‍ മാര്‍ത്തോമ്മാ സണ്‍ഡേസ്കൂള്‍ സമാജത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്കായി മാര്‍ത്തോമ്മാ സുറിയാനി പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂളുകള്‍ ആരംഭിച്ചു. 

1952ല്‍ തെക്കന്‍ തമിഴ്നാട്ടിലെ കോവില്‍പട്ടി എന്ന ചെറിയ ഗ്രാമത്തില്‍ 75-ല്‍പ്പരം വിദ്യാര്‍ഥികളും ചില പ്രവര്‍ത്തകരും അടങ്ങുന്ന ടീം മരങ്ങളുടെയും വരാന്തകളുടെയും കീഴില്‍ പാട്ടുകളും ബൈബിള്‍ കഥകളും പഠിപ്പിച്ചു.

കേരളത്തിലെ ആദ്യത്തെ വിബിഎസ് 1956-ല്‍ മല്ലപ്പള്ളിയിലാണ് സംഘടിപ്പിച്ചത്.
കുട്ടികള്‍ക്ക് യേശുവിനെക്കുറിച്ച് പഠിക്കാനും ഒപ്പം സ്കൂള്‍ അവധിക്കാലം ആസ്വദിക്കുന്നതിനും രൂപകല്‍പ്പന ചെയ്ത ഒരു പരിപാടിയാണ്. സാധാരണയായി ഗെയിമുകള്‍, പാട്ടുകള്‍, കരകൗശലനിര്‍മാണം, ബൈബിള്‍ കഥകള്‍, പപ്പറ്റ്ഷോ, റാലി, സ്നേഹവിരുന്ന് തുടങ്ങി ആകര്‍ഷകമായ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ പല പള്ളികളും ക്രിസ്ത്യന്‍ സംഘടനകളും വിബിഎസ് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. പലപ്പോഴും കുട്ടികള്‍ക്കിടയിലെ സ്വഭാവരൂപീകരണത്തിനും ആത്മീയ വളര്‍ച്ചയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടികള്‍ക്ക് അവരുടെ വിശ്വാസത്തില്‍ മുന്നേറുന്നതിനുള്ള സജീവവും സംവേദനാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, സന്നദ്ധപ്രവര്‍ത്തകരും സഭാംഗങ്ങളും സാധാരണയായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. 

സിഎസ്എസ്എം തിരുവല്ല, ചൈല്‍ഡ് ഇവാഞ്ചലിസം ഫെലോഷിപ്പ് എന്നീ സംഘടനകളും വി.ബി. മാത്യൂസ്, എം.ജി. തോമസ് എന്നീ പഴയകാല വിബിഎസ് പ്രവര്‍ത്തകരും മുന്‍തലമുറയുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. വി.ബി. മാത്യൂസാണ് 'ഗുഡ്ന്യൂസ് ബാലലോക'ത്തിനു തുടക്കം കുറിച്ചതും അങ്കിള്‍ ആന്‍ഡ്രുവിന്‍റെ പ്രതിനിധിയായി സംവദിച്ചിരുന്നതും.

അരനൂറ്റാണ്ട് പിന്നിടുന്ന ഓര്‍മകള്‍

"പ്രാവിനെപ്പോലെ
പറന്നിരുന്നെങ്കില്‍
സുരഭിലസുവിശേഷം
പകര്‍ന്നീടുവാനായ്..."

"പറക്കും പക്ഷി ചിറകൊടിഞ്ഞു വീണതെന്താണ്..."

ഇപ്രകാരമുള്ള ഗാനങ്ങള്‍ ആയിരക്കണക്കിനാളുകളുടെ ഓര്‍മയില്‍ ഇന്നും കുട്ടിക്കാലത്തിന്‍റെ മധുരമുള്ള സ്മരണകളെ തേരാക്കി പിറകോട്ടോടിക്കുന്നുണ്ടായിരിക്കും.
ഇത്തരം നൂറുകണക്കിനു ഗാനങ്ങള്‍ ബിബിഎസിന്‍റെ മറക്കാനാകാത്ത ഏടുകളായി ഇന്നും കേള്‍ക്കുമ്പോള്‍, ഭാരമുള്ള ഒരു അക്കോടിയനും ഒരു തോള്‍ ബാഗില്‍ ചിത്രകഥകളും ബൈബിള്‍ സ്റ്റോറികളും പപ്പറ്റുമായി മധ്യവേനല്‍ അവധി ദിനങ്ങളില്‍ കേരളത്തിന്‍റെ ഓരോ ജില്ലകളിലും ആയിരക്കണക്കിനു കുട്ടികള്‍ക്ക് രക്ഷാദായകനായ യേശു കര്‍ത്താവിനെ വരച്ചു കാണിക്കാന്‍ അവസരം ലഭ്യമായത് വിബിഎസ് എന്ന പ്ലാറ്റ്ഫോം ആയിരുന്നു എന്നുള്ളത് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

സമൂഹത്തിലെ നാനാമതസ്ഥരായ കുട്ടികളെ ഒരേ ചരടിലെ മുത്തുകള്‍ പോലെ കോര്‍ത്തിണക്കുവാന്‍ വിബിഎസ് എന്ന മഹത്തായ സംരംഭത്തിന് മാത്രമേ കഴിയൂ എന്നുള്ളത് വിസ്മരിച്ചു കൂടാ.

കഴിഞ്ഞ 50-ല്‍ പരം വര്‍ഷങ്ങള്‍ ഈ ശുശ്രൂഷയിലൂടെ സമര്‍പ്പിക്കപ്പെട്ട് കര്‍ത്തൃ വേലയിലും സുവിശേഷീകരണത്തിലും വിവിധ തുറകളില്‍ നിലകൊള്ളുന്ന നൂറുകണക്കിന് യുവതീയുവാക്കളെ മുഖതാവില്‍ കാണുമ്പോള്‍ ഉള്ളം സന്തോഷിക്കും, കണ്ണുകള്‍ നിറയും.
കോട്ടയം ടാബര്‍ണാക്കിള്‍, കഞ്ഞിക്കുഴി ഫിലദല്‍ഫിയ, വടവാതൂര്‍ ഏബനേസര്‍, തലപ്പാടി ശാലേം, കൊല്ലാട് ഏബനേസര്‍ തുടങ്ങിയ സഭകളിലായിരുന്നു എന്‍റെ വിബിഎസിന്‍റെ ആദ്യകാല ചുവടുവകള്‍ എന്നുള്ളത് മറക്കാന്‍ കഴിയില്ല. ഇക്കാലങ്ങളില്‍ ദൈവവചനസത്യങ്ങളാല്‍ സമര്‍പ്പിക്കപ്പെട്ട നിരവധി കുട്ടികള്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നു.
'ഗുഡ്ന്യൂസ് ബാലലോക'ത്തില്‍ ആരംഭ കാലഘട്ടത്തില്‍ കുറച്ചുനാള്‍ പ്രവര്‍ത്തിപ്പാന്‍ സന്ദര്‍ഭം ലഭിച്ചതും ബാലസുവിശേഷീകരണത്തിന് എനിക്ക് ഏറെ പ്രചോദനമായി എന്നതും നന്ദിയോടെ ഓര്‍ക്കുന്നു.

കലാലയങ്ങളും സ്കൂളുകളും ലഹരിയുടെ മാസ്മരികവലയത്തില്‍ അകപ്പെട്ട് സാത്താന്‍റെ അനുവര്‍ത്തികളായിത്തീരുന്ന ഈ കാലഘട്ടത്തില്‍ അടുത്ത തലമുറയ്ക്ക് നേര്‍പാത കാട്ടിക്കൊടുക്കുവാന്‍ വിബിഎസിന് സുപ്രധാനമായ പങ്കുണ്ട് എന്നുള്ളത് കഴിഞ്ഞ 40 വര്‍ഷക്കാലമായി 60 ഓളം സ്കൂളുകളിലും മോറല്‍ സയന്‍സ്, സ്കൂള്‍ ഇവാഞ്ചലിസം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുന്ന എനിക്ക് ധൈര്യത്തോടെ പറയുവാന്‍ കഴിയും.
അതുകൊണ്ട് വിബിഎസിന്‍റെ സാധ്യതകള്‍ മനസ്സിലാക്കി അതിന്‍റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കാന്‍ സഭകളും ശുശ്രൂഷകന്മാരും യുവജനപ്രസ്ഥാനങ്ങളും മുന്നോട്ടു വരണം.

പാട്ടുകളും കളികളും ഇന്നും ഓര്‍മയിലുണ്ട്

അറുപതോളം വര്‍ഷം മുമ്പായിരുന്നു എന്‍റെ ആദ്യ വിബിഎസ്. മാര്‍ത്തോമാ, സിഎസ്ഐ സഭകള്‍ സംയുക്തമായി കോട്ടയം ബേക്കര്‍ സ്കൂളില്‍ നടത്തിയ വിബിഎസ് ഞാന്‍ ഓര്‍ക്കുന്നു. അന്നൊക്കെ 10 ദിവസത്തെ ക്ലാസും, ആരംഭവും സമാപനവുമായി ആകെ 12 ദിവസമായിരുന്നു. ബേക്കര്‍ സ്കൂളില്‍ നിന്ന് വെള്ള വസ്ത്രധാരികളായി കിരീടമൊക്കെ വെച്ച് സിഎംഎസ് ഹൈസ്കൂള്‍ വരെയുള്ള റാലി. അത് എസ്എസ്എല്‍സി വരെ തുടര്‍ന്നു.
അന്ന് പഠിച്ച പാട്ടുകളും ആക്ഷനുകളും കളികളും ഇന്നും ഓര്‍മയിലുണ്ട്. തനിയെ ഇരിക്കുമ്പോള്‍ ഇതൊക്കെ പാടാറുമുണ്ട്. ഇന്ന് ആ സ്ഥിതി മാറി, അഞ്ചുദിവസമായി പഠനദിനം കുറഞ്ഞു. എല്ലാ ദിവസവും ഭക്ഷണവും ഡ്രിങ്ക്സും പിന്നെ, സമാപനദിവസം മൃഷ്ടാന്ന ഭോജനവും...! മാത്രമല്ല, വീട്ടില്‍ വന്ന് വാഹനത്തില്‍ കൊണ്ടുപോയി തിരികെ വീട്ടില്‍ കൊണ്ടെത്തിക്കുന്ന കെങ്കേമമായ ഒരു ആഘോഷമായി കുട്ടികള്‍ക്കും സഭകള്‍ക്കും ഇന്ന് വിബിഎസ് മാറിയിരിക്കുന്നു. അന്നത്തെ ചെറിയ ബാലകനില്‍ നിന്നും പിന്നീട് വിബിഎസ്, സണ്‍ഡേസ്കൂള്‍ നടത്തിപ്പുകാരനായും മാറി. ആഘോഷം മാത്രമാകാതെ ആത്മീയതയിലേക്ക് തലമുറയെ നയിക്കേണ്ടതുണ്ടോ എന്ന ഒരു ആത്മപരിശോധന നാം നടത്തേണ്ടത് ആവശ്യമല്ലേ?

വിബിഎസിന്‍റെ പ്രാധാന്യം എത്രയോ വലുത്

ഇരുപത്തിയാറു വര്‍ഷങ്ങള്‍ പിന്നിട്ട ഒരു വിബിഎസ് അനുഭവമാണ് എന്‍റെ ഓര്‍മയിലുള്ളത്.
1999 ഏപ്രില്‍ പതിനാല്. എനിക്ക് ആദ്യത്തെ കണ്‍മണി ജനിച്ച സന്തോഷദിനം. വേദന സഹിച്ചു കിടക്കുന്ന എന്‍റെ സഹധര്‍മ്മിണിയോട് ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ആല്‍പ്പാറയിലെ വിബിഎസിന്‍റെ സമാപനസമ്മേളനത്തിനു പോകുന്നതിന് അനുവാദം ചോദിച്ചു. വലിയ പൊട്ടിത്തെറിയൊക്കെ ഉണ്ടായെങ്കിലും അതില്‍നിന്ന് ഒരുവിധം രക്ഷപ്പെട്ട് ഞാന്‍ തൃശൂരിലേക്ക് ട്രെയിന്‍ കയറി.

സമര്‍പ്പണഗാനത്തോടുകൂടിയ സമാപന സന്ദേശം നല്‍കി തിരികെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്കെത്തി.

ഈ സംഭവത്തിനുശേഷം നാലുവര്‍ഷം പിന്നിട്ടു. എന്‍റെ ഭാര്യയും ചേച്ചിയും പരശുറാം എക്സ്പ്രസില്‍ തിരുവല്ലയില്‍ നിന്നും യാത്രചെയ്യവെ ഒരു സഹോദരനെ പരിചയപ്പെട്ടു. പഴഞ്ഞിയിലേക്കാണ് പോകുന്നതെന്ന് എന്‍റെ ഭാര്യ പറഞ്ഞപ്പോള്‍, പഴഞ്ഞിയിലുള്ള സാജന്‍ചേട്ടനെ അറിയാമോ എന്ന് വളരെ ആകാംക്ഷയോടെ ചോദിച്ചു.

"അറിയാം" എന്നു പറഞ്ഞപ്പോള്‍ എന്നെ കാണാനുള്ള അഗ്രഹം പ്രകടിപ്പിച്ചു. എന്‍റെ ഭാര്യയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളെല്ലാം കൃത്യമായി പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം സംസാരം 1999-ല്‍ ആല്‍പ്പാറയില്‍ നടന്ന വിബിഎസില്‍ എത്തി നിന്നു. അന്നത്തെ സമാപനസമ്മേളനത്തിലാണ് ഈ സഹോദരന്‍ വടക്കേ ഇന്ത്യയിലേക്ക് മിഷനറിയായി പോകാനുള്ള തീരുമാനം എടുത്തത്.
ആ ട്രെയിന്‍യാത്ര വിബിഎസിന്‍റെ പ്രാധാന്യം എത്രമാത്രം വലുതാണെന്നു എന്‍റെ ഭാര്യയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, അന്നത്തെ എന്‍റെ പ്രവര്‍ത്തിയോടുള്ള നിരസം അവസാനിക്കുന്നതിനും ഇടയായി. ഇപ്പോഴും എന്‍റെ സുവിശേഷപ്രവര്‍ത്തനത്തിന് സപ്പോര്‍ട്ടായി നിലകൊള്ളുന്നു.

Advertisement