വയനാട് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ: ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പുകളും
വയനാട്: വയനാട് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പുതുതായി സ്ഥാപിച്ച നാല് ഡയാലിസിസ് മിഷ്യനുകൾ ഉൾപ്പെട്ട ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് നിർവഹിച്ചു. ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിക്കൊണ്ട് I.C.P.F U.S.A ചാപ്റ്റർ ആണ് മാനന്തവാടി കൊയിലേരി താബോർ സെൻററിൽ ഹോസ്പിറ്റൽ നടത്തിവരുന്നത്.
മെഡിക്കൽ ക്യാമ്പുകൾക്ക് ഡോ. കെ മുരളീധർ, ഡോ. ടോണി, ഡോ.ഷീബ ജോസഫ്, എന്നിവരുടെ നേതൃത്വത്തിലുള്ള ഐ.സി.പി.എഫ്. മെഡിക്കൽ ടീമും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരും പങ്കെടുത്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജെയിംസ് ജോർജ്, ഡോ. സിനി ജോയ്സ് മാത്യൂസ് എന്നിവർ പങ്കെടുത്തു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ ലഭ്യമായതുകൊണ്ട് ജീവിതത്തിൻറെ നാനാതുറകളിൽ ഉള്ള നൂറുകണക്കിന് രോഗികൾക്ക് പ്രയോജനമായി. കൊയിലേരി ഹോസ്പിറ്റൽ കോമ്പൗണ്ട്, മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെൻറർ, തലപ്പുഴ,തൃശ്ശിലേരി, തോട്ടമൂല, പേരാൽ എന്നിവിടങ്ങളിലെ ട്രൈബൽ മിഷൻ അങ്കണത്തിലുമാണ് മെഡിക്കൽ ക്യാമ്പുകൾ നടന്നത്. മദ്രാസ് മെഡിക്കൽ മിഷൻ നെഫ്രോളജി വകുപ്പ് മേധാവിയും TANKER ഫൗണ്ടേഷൻ ഫൗണ്ടർ ട്രസ്റ്റിയുമായ പ്രൊഫ.ഡോ. ജോർജ്ജി എബ്രഹാമാണ് ഡയാലിസിസ് മിഷ്യനുകൾ നൽകിയത്.
താബോർ സെൻറർ ഡയറക്ടർ പാസ്റ്റർ ജോയ് മുളക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ, മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡോ. ജോർജി എബ്രഹാം, ഐ.സി.പി.എഫ്- യു എസ്.എ വൈസ് ചെയർമാൻ പാസ്റ്റർ തോമസ് വർഗീസ്, ട്രഷറർ പാസ്റ്റർ ബിജു ഡാനിയേൽ , കേരള മിഷൻ സെക്രട്ടറി ബോബു ഡാനിയേൽ, മഹനീയം ഡി -അഡിക്ഷൻ സെൻറർ മാനേജിംഗ് ഡയറക്ടർ നൈനാൻ തോമസ് ഒറ്റത്തെങ്ങിൽ, പാസ്റ്റർമാരായ കെ.ജെ. ജോബ്, സി.വി. വിൽസൺ, വി.സി ജേക്കബ്, വർഗീസ് ചാക്കോ, ബേബി ജോൺ, ബിനീഷ് മലങ്കര തുടങ്ങി നിരവധി ജനപ്രതിനിധികളും പാസ്റ്റർമാരും പൗരപ്രമുഖരും സംബന്ധിച്ചു. വയനാട് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സി.ഒ. ജോബ് നന്ദി പ്രകാശിപ്പിച്ചു.

ജന്മനാടിനെ മറക്കാത്ത മാത്യു തോമസ് ഒറ്റത്തെങ്ങിൽ എന്ന മനുഷ്യസ്നേഹി മാനന്തവാടി കൊയിലേരിയിൽ നിർമിച്ച താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻറർ എന്ന കെട്ടിട സമുച്ചയത്തിന്റെ രണ്ടു നിലകൾ സൗജന്യമായി ഹോസ്പിറ്റൽ നടത്തിപ്പിനായി ഐ.സി.പി.എഫിന് കൈമാറിയതിനാലാണ് 24 മണിക്കൂറും സേവനം ലഭിക്കുന്ന ആശുപത്രി സ്ഥാപിതമായത്. ദന്തൽ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. താബോറിന്റെ ചുമതലയിൽ ഡി- അഡിക്ഷൻ ക്യാമ്പുകളും സെമിനാറുകളും, തയ്യൽപരിശീലന കേന്ദ്രവും ഉൾപ്പെടെയുള്ള വ്യത്യസ്ത പ്രോഗ്രാമുകളും ഇവിടെ നടന്നുവരുന്നു.
വാർത്ത: കെ.ജെ. ജോബ് വയനാട്
Advertisement





























Advertisement





































