കേരളം എങ്ങോട്ട്?

കവർ സ്റ്റോറി
നമ്മുടെ നാടിന് എന്ത് പറ്റി?
'സേ നോ ടു റാഗിങ്....' കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഹൗസ് കീപ്പറുടെ മുറിക്ക് സമീപം ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററാണിത്. ഇതിന് തൊട്ടടുത്തുള്ള രണ്ട്, 13 നമ്പര്‍ മുറികളില്‍ മാസങ്ങളായി നടന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ റാഗിങ്ങും.
വിവസ്ത്രനാക്കി കൈയും കാലും കട്ടിലിൽ കെട്ടിയിട്ടു. ഒന്ന്... രണ്ട്... മൂന്ന്... എണ്ണി കഴുത്തുമുതൽ കാൽ പാദം വരെ ഡിവൈഡറും കോമ്പസും ഉപയോഗിച്ച് കുത്തി. കുത്തിയ സ്ഥലങ്ങളിൽ നിന്ന് രക്തം പൊടിഞ്ഞപ്പോൾ ലോഷൻ പുരട്ടി. മലർത്തികിടത്തി സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി. ശരീരമാസകലം ക്രീം പുരട്ടി, മാറിൽ രണ്ടിടത്തും ക്ലിപ്പ് മുറുക്കി. വിദ്യാർഥി വേദനകൊണ്ട് നിലവിളിച്ചപ്പോൾ വായിലേക്കും ലോഷൻ ഒഴിച്ചു. ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവിങ് റേസർ ഉപയോഗിച്ച് വടിച്ചു. നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ മുറിയിൽ ഉച്ചത്തിൽ പാട്ടും വെച്ചു. പാട്ടിനൊപ്പം വിദ്യാർഥികളെ നൃത്തംചെയ്യിപ്പിച്ചു. മന: സാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ റാഗിങ്ങ് വാർത്തയിൽ ഞെട്ടിതരിച്ചിരിക്കുകയാണ് കേരള ജനത.
പാലക്കാട്ടെ നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പട്ടാപ്പകൽ 54കാരനെയും 75കാരിയായ അയാളുടെ ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന സംഭവം എന്നും നടുക്കുന്ന ഓർമ്മയാണ്. പ്രതി നേരത്തേ കൊലപ്പെടുത്തിയ വീട്ടമ്മയായ സജിത കൂടോത്രം ചെയ്തിട്ടാണ് കുടുംബം ഇയാളിൽനിന്ന് അകന്നതെന്ന് ഒരു മന്ത്രവാദി പ്രതിയെ വിശ്വസിപ്പിച്ചിരുന്നതായി പറയുന്നു. ജയിലിൽ കഴിഞ്ഞ കാലമത്രയും ഈ വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച കൊലപാതകി ജാമ്യത്തിലിറങ്ങിയതുതന്നെ നേരത്തേ തന്റെ കൊലക്കത്തിക്കിരയായ വീട്ടമ്മയുടെ കുടുംബത്തോട് പ്രതികാരം ചെയ്യണമെന്ന ദുരുദ്ദേശ്യത്തോടെയായിരുന്നെന്ന് വ്യക്തം. മന്ത്രവാദികളുടെയും ജ്യോത്സ്യന്മാരുടെയുമൊക്കെ വാക്കുകൾ വേദവാക്യമായെടുത്ത് കൊടുംക്രൂര കൃത്യങ്ങൾക്കിറങ്ങിപ്പുറപ്പെടുന്ന അന്ധവിശ്വാസികൾ പ്രബുദ്ധ കേരളത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സത്യം തന്നെ ലജ്ജാകരമാണ്.
ഇത്തരത്തിൽ ആശങ്കപ്പെടേണ്ടി വരുന്ന സമാനസംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുക മാത്രമല്ല, വർധിക്കുകകൂടി ചെയ്യുന്ന സാഹചര്യം നാടിനു അസമാധാനം സൃഷ്ടിക്കുകയാണ്. ഇതേ ജനുവരിയിലാണ് പയ്യന്നൂരിൽ മകൻ മരവടികൊണ്ട് തല തല്ലിപ്പൊളിച്ച് ഗുരുതരപരിക്കേറ്റ 75കാരൻ ചികിത്സയിലിരിക്കെ മരിച്ചത്. അമിത മദ്യപാനം മൂലം ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയതിലെ ദേഷ്യം മൂലമാണ് മകൻ അച്ഛനെ മരണവക്ത്രത്തിലേക്ക് തള്ളിവീഴ്ത്തിയതത്രെ. സഹോദരന്റെ മക്കളുടെ മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എഴുപത്തിനാലുകാരൻ കുറ്റിപ്പുറത്ത് അന്ത്യശ്വാസം വലിച്ചതും അതേദിവസം തന്നെ.
മയക്കുമരുന്നിന്റെ അടിമയായ 24കാരൻ ഒന്നര വയസ്സുമുതൽ കൂലിവേല ചെയ്ത് പോറ്റിവളർത്തിയ തന്റെ ഉമ്മയെ പതിനേഴ് വെട്ടുകളാൽ കൊലപ്പെടുത്തിയത് ജനുവരി 19നാണ്. ജനുവരി 21നാണ് കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. പോയവർഷം ആലപ്പുഴയിൽ കൊന്നുകുഴിച്ചിട്ടത് ആറുപേരെയായിരുന്നു. ഇവ്വിധം നടുക്കുന്ന കൊലപാതകങ്ങളുടെയും അതിക്രൂര പീഡനങ്ങളുടെയും സംഭവവിവരണങ്ങൾ ആഘോഷമാക്കുകയാണ് നിത്യേനയെന്നോണം അച്ചടി, ദൃശ്യ മാധ്യമങ്ങൾ. ദിനവും മാധ്യമങ്ങളിലൂടെ ചുരുളഴിയുന്ന യഥാർഥ കൊടും ക്രൂരകൃത്യങ്ങളാണ്. ഇതെന്തുകൊണ്ട് സംഭവിക്കുന്നു, എന്തുകൊണ്ടതിന്റെ എണ്ണം കുറക്കാൻപോലും സർക്കാറിനും പൊലീസിനും കഴിയാതെ പോവുന്നു എന്നതിനെക്കുറിച്ച് ഗൗരവപൂർവമായ ആലോചനകളും നടപടികളും നടക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചിന്താവിഷയം.
കാലത്തിനൊപ്പം കുറ്റകൃത്യങ്ങളുടെ രീതിയും മാറുന്നു. സത്രീകൾക്കുനേരെയുള്ള അതിക്രമം സംസ്ഥാനത്ത് വർദ്ധിച്ചു. ലഹരി ഉപഭോഗവും മാറിയ ജീവിത സാഹചര്യങ്ങളും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായി. 2021ൽ 5,695 ലഹരിക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2022ൽ ഇത് 26,619 ആയി. മൂന്നിരട്ടിയോളം വർദ്ധന. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ ഔദ്യോഗിക കണക്കു നോക്കിയാൽ അമ്പരന്നുപോകും.
രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ 2020ൽ 1,49,099 ആണെങ്കിൽ 2024 ആയപ്പോൾ 1,98,234 ആയി വർദ്ധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 2020ൽ12,659 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 18,887 കേസുകളാണ് 2024 ൽ. 306 കൊലപാതകങ്ങൾ 2020 ൽ സംഭവിച്ചു, 2024 ൽ എണ്ണം 335 ആയി ഉയർന്നു. 2020 ൽ 4,968 രെജിസ്റ്റർ ചെയ്ത ലഹരി കേസുകൾ ആണെങ്കിൽ 2024 ആയപ്പോൾ 27,530 ആയി ഉയർന്നു. പോക്സോ കേസ് 2020 ൽ 3,042 എണ്ണം രജിസ്റ്റർ ചെയ്തപ്പോൾ 2024 ആയപ്പോർ 4,594 ആയി ഉയർന്നു. 2020 ൽ സൈബർ കേസുകൾ 2020 ൽ 426 ആയിരുന്നെങ്കിൽ 2024 ൽ(നവംബർ വരെ) 3,581 ആയി കുത്തനെ ഉയർന്നു.
മാരക ലഹരിമരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുകയാണ്. രാജ്യത്ത് ലഹരി ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന നമ്മുടെ സംസ്ഥാനം എന്നത് ആശങ്കജനിപ്പിക്കുന്നു. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വർദ്ധന വിൽപ്പനക്കാരുടെ എണ്ണത്തിലെ വർദ്ധന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിലെ അതിവേഗവ്യാപനം എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. നിരവധി കുറ്റകൃത്യങ്ങളിൽ മയക്കുമരുന്ന് മുഖ്യകണ്ണിയായി മാറുകയും ചെയ്യുന്നു. പ്രണയനൈരാശ്യത്തിന്റെ പകതീർക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉൾപ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്.
മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവർ മയക്കുമരുന്നു വാഹകരായി മാറുന്നതും എന്നും വാർത്തകളിൽ നിറയുന്നു. എന്തുതരം ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത സംഘങ്ങൾ ഇവരിലൂടെ രൂപപ്പെടുന്നു എന്നതും നമ്മുടെ ഉറക്കംകെടുത്തുന്നു. മയക്കുമരുന്നുകൾ അത്രമേൽ അവരുടെ തലച്ചോറിനെ സ്വാധീനിക്കുന്നു എന്നത് വെറും നിരീക്ഷണമല്ല; മനോരോഗ വിദഗ്ദ്ധരുടെ കണ്ടെത്തലാണ്. പൊലീസും സൈക്യാട്രിസ്റ്റുകളും ഒരുപോലെ ഇതു ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്നു കടത്തും വിൽപ്പനയും ഉപയോഗവും തടയാനുള്ള ശക്തമായ പ്രവർത്തനങ്ങൾ പൊലീസും എക്സൈസും നടത്തുന്നുണ്ട് . മയക്കുമരുന്നുകൾക്കെതിരായ ബോധവൽക്കരണവും സമാന്തരമായി നടത്തുന്നു. പക്ഷേ ചിലപ്പോഴെല്ലാം വേണ്ട പ്രാധാന്യം നൽകി , കർക്കശ നിയമനടപടികൾ എടുക്കുന്നുണ്ടോ എന്ന് സംശയവും തോന്നാറുണ്ട്.
മയക്കുമരുന്ന് കൊണ്ടുചെന്ന് എത്തിക്കുന്ന ലോകം കുറ്റകൃത്യങ്ങളുടേതാണ്. തുടക്കത്തിൽത്തന്നെ തിരുത്താൻ കഴിയാത്ത കുട്ടികൾ വലിയ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയോ സ്വന്തം നിലയിൽത്തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നു. മറ്റുള്ളവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇവരുടെ തലയിൽ വച്ചു യഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ട്. മാരകമായ മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗങ്ങളിൽ ബഹുഭൂരിപക്ഷവുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു . മയക്കുമരുന്നു പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആരെയും എന്തും ചെയ്യാനുള്ള ' ധൈര്യം ' കൈവരുന്നു . മയക്കുമരുന്നു വ്യാപാരശൃംഖലയിൽ പെടുകയും വാഹകരായി മാറുകയും ജീവിതം ചെറുപ്രായത്തിൽത്തന്നെ അഴിക്കുള്ളിലായ നിരവധി പേരുണ്ട് നമ്മുടെ നാട്ടിൽ.
ഇത്തരം ദുശ്ശീലങ്ങൾക്കെതിരെ കർശന നിയമ നടപടികൾ അത്യാവശ്യമാണ് അപ്പോൾ തന്നെ ബോധവൽക്കരണവും, സ്വയവിചിന്തനത്തിനുള്ള സാഹചര്യങ്ങളും ഇത്തരക്കാർക്ക് ഒരുക്കുക എന്നതാണ് മയക്ക് മരുന്ന് ഉപയോഗം തടയാനുള്ള മാർഗ്ഗം. ക്രിസ്തുവിൻ്റെ സ്നേഹം ലഹരി മരുന്നുകൾക്ക് അടിമയായ അനേകരെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. നമുക്കും സാധ്യമായ എല്ലാ മേഖലകളിലൂടെയും ബോധവൽക്കരണം നൽകി ക്രിസ്തുവിൻ്റെ സന്ദേശം പകർന്ന് ലഹരിയിൽ മയങ്ങുന്ന നമ്മുടെ നാടിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങാം.
Advertisement