കൊട്ടിഘോഷിക്കപ്പെടുന്നതെല്ലാം ഉണർവ്വാണോ?
കൊട്ടിഘോഷിക്കപ്പെടുന്നതെല്ലാം ഉണർവ്വാണോ?
അടുത്തയിടെ ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നു കേൾക്കുന്ന ആത്മീയ നവോത്ഥാനങ്ങളുടെ വാർത്തകളിലെല്ലാം കേൾക്കപ്പെടുന്ന വക്കാണല്ലോ ഉണർവ്വ് എന്നത്. ഒന്നാം നൂറ്റാണ്ടുമുതൽ കേട്ടുവരുന്ന ഈ പദം ആത്മീയ മനുഷ്യരെ പുളകിതരാക്കുന്നതാണ്. എന്നാൽ ആ പദം അർത്ഥമാക്കുന്ന യഥാർത്ഥ ആത്മീയതയാണോ എല്ലായിടത്തും നടക്കുന്നത് എന്ന ചോദ്യത്തിന് ശരിയായ ഒരു മറുപടി നൽകിയാൽ എല്ലാവരും അംഗീകരിക്കണമെന്നില്ല. കാരണം മുന്നിൽ നിൽക്കുന്നവരുടെ താല്പര്യമനുസരിച്ചാണ് പലേടത്തും അത് പരസ്യപ്പെടുത്തുന്നത്. ഇത് മനസിൽവച്ചുകൊണ്ടുവേണം ആധുനിക ഉണർവ്വുകളെ വിലയിരുത്താൻ.
ഒരു സമൂഹത്തെയോ നാടിനെയോ ആകമാനം സ്പർശിക്കുന്ന ആത്മീയ നവോത്ഥാനമാണ് ഉണർവ് എന്ന പദംകൊണ്ടു അർത്ഥമാക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ ഇപ്രകാരമുള്ള ആത്മീയ സന്ദർശനങ്ങൾ ദൈവത്തിൽനിന്നു പലപ്പോഴായി ഭൂലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. ആശ്ചര്യത്തോടെയും ആവേശത്തോടെയുമാണ് ഇന്ത്യക്കാരായ നമ്മൾ ഈ കഥകൾ കേൾക്കുന്നത്. ഇതുപോലെയൊന്ന് നമ്മുടെ ഇടയിലും ഉണ്ടാകണമെന്ന് ആവേശത്തോടെ കാത്തിരിക്കുകയും അതിനിടവരാതെ പ്രത്യാശയോടെ നിത്യതയിലേക്കു ചേർക്കപ്പെടും ചെയ്ത ആയിരക്കണക്കിനു വിശുദ്ധന്മാരുടെ സ്വപ്നമായിരുന്നു ഉണർവ്.
രണ്ടുമൂന്നു തലമുറകൾക്കുമുമ്പ് നമ്മുടെ കൊച്ചു കേരളത്തിൽത്തന്നെ ശക്തമായ ഉണർവിന്റെ അലയടികൾ ഉണ്ടായിട്ടുണ്ട്. അതിൽ പങ്കാളികളായ പഴമക്കാരിൽ ചിലർ ഇന്നും ജീവിച്ചിരിപ്പുണ്ട്. മാരാമൺ കൺവെൻഷൻ മുതൽ പെന്തെക്കോസ്ത് പ്രസ്ഥാനംവരെ ആ ഉണർവിന്റെ അനന്തര ഫലങ്ങളാണെന്നു വേണം കരുതാൻ. ചരിത്ര രേഖകളും അതിനു സാക്ഷ്യം പറയുന്നു. ഒരു ഉണർവിലൂടെ ലഭിക്കുന്ന ആത്മീയ പ്രചോദനത്തിനു കാലപ്പഴക്കത്തിൽ മങ്ങലുണ്ടാവുക സ്വാഭാവികമാണെന്ന് മുൻകാല ഉണർവുകളെക്കുറിച്ചുള്ള പഠനം പറയുന്നു. കേരളത്തിലും അതുതന്നെ സംഭവിച്ചുവെന്നു കരുതണം.
കേരളത്തിൽ പെന്തെക്കോസ്തു മുന്നേറ്റമുണ്ടായിട്ട് ഒരു നൂറ്റാണ്ടു കഴിയുന്നു. അന്നു നമ്മുടെ പിതാക്കന്മാർ മുറുകെപ്പിടിച്ച ആദർശങ്ങൾ ഇന്നത്തെ ആളുകൾ മറന്നുപോയെന്നു തോന്നുന്നു. പ്രബലമായ ക്രൈസ്തവസമുദായങ്ങളില് നിന്നു വേർപാടു സത്യങ്ങൾ മനസിലാക്കി, പരിശുദ്ധാത്മാവിന്റെ നിയോഗത്തിനും നായകത്വത്തിനും മുന്തൂക്കം നല്കി പാപബോധത്തോടെ, അനുതാപവും ഏറ്റുപറച്ചിലുമായാണു അന്നു വേർപാടുണ്ടായത് . ദൈവവചനത്തിനായിരുന്നു അന്നു മുന്തൂക്കം നല്കിയത്.
ഭൗതികോന്മുഖത വെടിഞ്ഞ്, ദൈവാരാജ്യാധിഷ്ഠിതമായ നവമാനവികതയിലൂടെ ലോകത്തില് ഒരു പുതിയ സംസ്കാരം സൃഷ്ടിച്ച്, അതിനെ മെച്ചപ്പെടുത്താനാണ് ക്രിസ്തു നമ്മെ വിളിച്ചത്. ആ ദൈവശബ്ദത്തിനു കാതോര്ത്തു വരാനുള്ള സുന്ദരലോകത്തെ പ്രതീക്ഷിച്ച് വിശുദ്ധിയോടെ കാത്തിരിക്കേണ്ട സംഘമാണു സഭ. കഷ്ടതയും ഉപദ്രവവും ദൈവസന്നിധിയില് വിലപ്പെട്ടതായി കരുതണമെന്നാണു ക്രിസ്തു പഠിപ്പിച്ചതെങ്കില് അതില്നിന്ന് ഒഴിഞ്ഞുമാറാന് പഠിപ്പിക്കാന് നമുക്കെങ്ങനെ സാധിക്കും? അതോടൊപ്പം, ഒരു വ്യക്തിക്കുലഭിക്കുന്ന ആത്മാവിന്റെ അനുഭവങ്ങളെ സമുദായവൽക്കരിക്കാനും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും സമയത്തു തനിക്കുലഭിക്കുന്ന പ്രാർത്ഥനാവാചകങ്ങളോ വാക്കുകളോ ഉണർവിനുവേണ്ടി നൽകപ്പെട്ട ദൈവിക വചസുകളായി പ്രഖ്യാപിച്ചു മറ്റുള്ളവരെക്കൊണ്ട് ഏറ്റുപറയിക്കുന്നതും ശരിയോ എന്ന് അപഗ്രഥിക്കേണ്ടതും പഠനവിഷയമാക്കേണ്ടതുമാണ്. മാനുഷിക പ്രേരണയാലും ഇത് സംഭവിച്ചേക്കാം. ഇന്നു നാം കാത്തിരിക്കുന്നത് എന്തിനെയാണ് ? ഉയരത്തിലെ ശക്തിയാല് നിറഞ്ഞ് നവജീവിതശൈലി മെച്ചപ്പെടുത്താനോ, ഭൗതികവിഭവങ്ങള് വര്ധിപ്പിക്കാനോ? എന്തിനുവേണ്ടി വേര്തിരിഞ്ഞു എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലെങ്കില് നാം സ്വന്തം സ്വത്വം നശിപ്പിക്കുന്നവരല്ലേ?
കേരളത്തിൽ വീണ്ടും തന്റെ പരിശുദ്ധാത്മാവിന്റെ സന്ദർശനം അയയ്ച്ചു തന്റെ ജനത്തെ ഉണർത്തിയെടുക്കുവാൻ ദൈവം ഇച്ഛിക്കുന്നുവെങ്കിൽ, "അടിയൻ ഇതാ, അടിയനെ നിയോഗിക്കണമേ" എന്നു വിനയപൂർവം സമർപ്പിക്കുന്നവർക്കായി ദൈവം കാത്തിരിക്കുന്നു. എന്നാൽ അത് നമ്മൾ പ്രതീക്ഷിക്കുന്ന വിധത്തിലോ ക്രമത്തിലോ ആകണമെന്നില്ല. അതുപോലെ, ഇനിയും ഉണർവ്വിനായി കാത്തിരിക്കാതെ, പിതാക്കന്മാർക്കു ലഭിച്ച സത്യവെളിച്ചവും അവരിലൂടെ നമുക്കു പകരപ്പെട്ട ആത്മാവിന്റെ തെളിച്ചവും അണഞ്ഞുപോകാതെ പരിരക്ഷിക്കുമെങ്കിൽ അത് ഒരു ഉണർവ്വിലേക്കുള്ള വഴിത്താരയായി മാറും. അങ്ങനെയെങ്കിൽ, അവർ പറഞ്ഞുതന്നതും കാട്ടിത്തന്നതുമായ ജീവിതശൈലിയും ലാളിത്വവും ദൈവവചനവും സുവിശേഷ പ്രഘോഷണ തല്പരതയും വിശ്വാസവും പ്രാർത്ഥനയും ജീവിതവിശുദ്ധിയും പരിശുദ്ധാത്മാവും അതുപോലെ പിന്തുടരുവാൻ ഓരോ പെന്തെകോസ്തു വിശ്വാസിയും തീരുമാനമെടുക്കുക. അത് മലയാളക്കരയിൽ വീണ്ടും ഒരു ഉണർവ്വായി പരിണമിച്ചേക്കാം. അതുവരും; അതിനായി നമുക്കു പ്രത്യാശിക്കാം!