മുള്ളിനോട് ഉതയ്‌ക്കരുത്
റവ. ജോർജ് മാത്യു പുതുപ്പള്ളി
ബൾഗേറിയയിൽ മാർഗരറ്റ് എന്ന യുവതി കമ്യൂണിസ്റ്റ് ചിന്താഗതിയിൽ ആകൃഷ്ടയായിട്ടാണ് ബാല്യം മുതൽ വളർന്നു വന്നത്. ക്രിസ്തീയ വിശ്വാസത്തിനെതിരായി നിൽക്കുന്നതിന് ആവശ്യമായ അഭ്യസനം അവൾക്ക് ലഭിച്ചിരുന്നു. നാലുവർഷത്തെ പ്രത്യേക പരിശീലനമാണ് ഇതിനായി മാത്രം അവൾക്കു നൽകപ്പെട്ടത്.
അതിസമർത്ഥമായ നിലയിൽ മാർഗരറ്റ് പരിശീലനം പൂർത്തിയാക്കി പ്രവർത്തനരംഗത്തേക്കിറങ്ങി. ക്രിസ്തീയ വിശ്വാസങ്ങളെ വാദിച്ചു തോല്പിക്കുന്നതിനുള്ള എല്ലാവിധ തന്ത്രങ്ങളും അവൾ മനസിലാക്കിയിരുന്നു. ഒരു ദിവസം ഒരു വലിയ ജനക്കൂട്ടത്തോട് കമ്യൂണിസ്റ്റ് തത്വസംഹിതകൾ സ്ഥാപിക്കുവാൻ വിശുദ്ധ ബൈബിളിന് എതിരായ വാദമുഖങ്ങൾ ഉന്നയിച്ചുകൊണ്ട് തന്റെ വാക്വിലാസത്തിൽ മാർഗരറ്റ് പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കേട്ട ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. അത് മാർഗരറ്റിനെ ആവേശഭരിതയാക്കി.
എന്നാൽ പ്രസംഗത്തിന്റെ അതീവ ഗൗരവഭാഗത്തേക്കു വന്നപ്പോൾ മാർഗരറ്റിന്റെ സമനില തെറ്റി. അവർ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു പറഞ്ഞു : 'ആരാണ് വിളക്ക് കെടുത്തിയത് ?' അവിടെ കൂടിയിരുന്നവർ അവളുടെ ചോദ്യം കേട്ട് വളരെയേറെ പരിഭ്രാന്തരായി. പ്രസംഗവിഷയത്തിൽനിന്നും വ്യതിചലിച്ചു കൊണ്ടുള്ള ചോദ്യം കേട്ട ജനക്കൂട്ടം ഒത്തുചേർന്ന് വിളിച്ചു പറഞ്ഞു : മാർഗരറ്റ്, ആരും വിളക്ക് കെടുത്തിയിട്ടില്ല.' ഇതുകേട്ട മാർഗരറ്റ് അതീവ ദുഃഖത്തോടെ ഇപ്രകാരം പറഞ്ഞു : 'എന്റെ കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. ഞാനിപ്പോൾ തികച്ചും അന്ധയാണ്.'
മനുഷ്യാത്മാക്കളെ പ്രകാശിപ്പിക്കുന്ന സ്വർഗീയവെളിച്ചം ലോകത്തിന്റെ ആരംഭം മുതൽ ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നു കൊണ്ടിരുന്നു' (യോഹന്നാൻ 1 : 9). ആ വെളിച്ചം യേശുക്രിസ്തു ആയിരുന്നു. എപ്രകാരം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ലോകത്തിനു പ്രകാശമായിത്തീരുന്നുവോ, അതുപോലെ മനുഷ്യമനസുകളെ പ്രകാശിപ്പിക്കുന്നതിന് സ്വർഗത്തിൽനിന്നും വന്ന ദിവ്യവെളിച്ചമായ യേശുക്രിസ്തുവിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ ലോകത്തിനു സാധിച്ചില്ല. മനുഷ്യർ പുറമെയുള്ള താൽക്കാലിക വെളിച്ചത്തെ സ്വീകരിക്കുകയും സാക്ഷാൽ വെളിച്ചമായവനെ തിരസ്കരിക്കുകയും ചെയ്തു. ഇതിനെ ഉദ്ദേശിച്ചാണ് 'മനുഷ്യൻ വെളിച്ചത്തെക്കാൾ അധികമായി ഇരുട്ടിനെ സ്നേഹിക്കുന്നു' എന്ന് യോഹന്നാൻ എഴുതിയിരിക്കുന്നത്. പ്രിയ സ്നേഹിതരേ, നാം വെളിച്ചത്തെ സ്നേഹിക്കുന്നില്ലെങ്കിൽ നമ്മെ അന്ധകാരം കീഴടക്കുമെന്ന് അറിഞ്ഞിരിക്കുക.'ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു' എന്നരുളിച്ചെയത മഹാദൈവമായ യേശുകർത്താവ് സത്യവെളിച്ചം നൽകി നമ്മിലെ ഇരുട്ടിനെ അകറ്റട്ടെ.
ചിന്തക്ക് : 'ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടുംകൂടെ ദമസ്കൊസിലേക്കു യാത്ര പോകുമ്പോൾ, രാജാവേ, നാട്ടുച്ചയ്ക്കു ഞാൻ വഴിയിൽവച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്നു എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ : ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് ?മുള്ളിന്റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു' (അപ്പൊ. പ്രവൃത്തികൾ 26 : 12...14).