കുരുന്നുകളാണ്, നാമ്പിലെ നുള്ളിക്കളയരുത്
കവർ സ്റ്റോറി
കുരുന്നുകളാണ്, നാമ്പിലെ നുള്ളിക്കളയരുത്
ജെസ്സി ഷാജൻ
ശുഭവാർത്തകൾക്കായി കാത്തിരിക്കുന്ന നമ്മുടെ പ്രഭാതങ്ങളിലേക്ക് ചിലനാളുകളായി പെയ്തിറങ്ങുന്നത് മനസ്സിനെ തീർത്തും ദുർബലമാക്കുന്ന, ശോകസാന്ദ്രമാക്കുന്ന വാക്കുകളും വരികളുമാണ്. ദിനപത്രങ്ങളുടെ തലക്കെട്ടുകളിലൂടെ കണ്ണോടിക്കുന്ന നമ്മുടെ മനസ് പലപ്പോഴും മരവിച്ചു പോകുന്നു. ചോര പൊടിയുന്ന അക്ഷരങ്ങളാൽ കുറിക്കപ്പെട്ട വരികളിൽ കൂടുതലും ബാല്യകൗമാരങ്ങളുടെ ഗതിഭംഗങ്ങൾ!
വീടും, നാടും, ഭരണസംവിധാനങ്ങളും നൽകുന്ന സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വങ്ങളിൽ നിന്നും എവിടേക്കെന്നറിയാതെ പടിയിറങ്ങിപ്പോകുന്ന ബാല്യങ്ങളെയോർത്തു നാം ഓരോ ദിവസവും വിഷമിക്കുന്നു. തീർത്തും അജ്ഞാതമായ വഴികളിൽ അവരെ കാത്തിരിക്കുന്ന കെണികളെയോർത്തും, എത്തിപ്പെട്ടേക്കാവുന്ന ഭീകരമായ അവസ്ഥയോർത്തും നാം പരിതപിക്കുന്നു. വിടരുന്നതിനു മുൻപേ തല്ലിക്കൊഴിക്കപ്പെടുന്ന എത്രയെത്ര ബാല്യങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. പലതും നാമറിയുന്നതു തന്നെ ഒരു പാട് വൈകിയാണ്. മയക്കുമരുന്നുകൾ ഉന്മാദമാക്കുന്ന മനസ്സുകൾ സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ചെയ്തു കൂട്ടുന്ന കണ്ണില്ലാത്ത ക്രൂരതകൾ വായിക്കാനാവാതെ പത്രം എത്രയോ പ്രാവശ്യം മടക്കിവച്ചിരിക്കുന്നു.
കൗമാരങ്ങളുടെ അസ്വാഭാവിക മരണങ്ങളും ആത്മഹത്യകളും ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു. . എന്താണ് ഈ തലമുറയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വാസ്തവമറിയാതെ ആധിയിലാണ് രക്ഷിതാക്കളും അധ്യാപകരും നാമുൾപ്പെടുന്ന പൊതുസമൂഹവും. പല സംഭവങ്ങളുടെയും പുറകില്‍ ഒഴിവാക്കാനാകുമായിരുന്ന നിസ്സാരകാരണങ്ങള്‍ ആണ് എന്നതാണ് നമ്മെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.
കുട്ടികളുടെ മാനസികാവസ്ഥയില്‍ കണ്ടുവരുന്ന അസാധാരണമായ വ്യതിയാനങ്ങൾ, അകാരണമായ ദേഷ്യം, പെട്ടെന്നുണ്ടാകുന്ന അസ്വാഭാവിക പ്രതികരണങ്ങള്‍, നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കലഹം എന്നിവയിൽ തുടങ്ങി എല്ലാറ്റില്‍ നിന്നും പിൻവലിഞ്ഞ് ജീവിക്കാനുള്ള പ്രവണത, ചിലതിനോടൊക്കെയുള്ള അമിതാവേശം, കൂസലില്ലായ്മ തുടങ്ങിയവ പ്രകടിപ്പിക്കുമ്പോൾ അതിനെ എങ്ങനെ നേരിടണം എന്നറിയാത്ത മാതാപിതാക്കൾ. പ്രായത്തിന്‍റെ പ്രത്യേകതയ്ക്കപ്പുറം പ്രകടിപ്പിക്കപ്പെടുന്ന ഈ അവസ്ഥയിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ വിവിധങ്ങളാകാം.
വളര്‍ന്നുവരുന്ന കുടുംബസാമൂഹിക അന്തരീക്ഷം, പഠിക്കുന്ന സ്ഥാപനങ്ങളില്‍ പഠന പാഠ്യേതര ഇനങ്ങളില്‍ നേരിടുന്ന മത്സരം, മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തല്‍, മാര്‍ക്ക് കുറഞ്ഞാല്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുമോ എന്ന ആശങ്ക, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാലോ തോറ്റു പോയാലോ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും നേരിടേണ്ടി വരുന്ന ചോദ്യശരങ്ങള്‍, പരാജയങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മ, തെറ്റുകള്‍ മനുഷ്യസഹജം ആണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നത്, നല്ല സുഹൃത് ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും അഭാവം. ഇങ്ങനെയുള്ള ഒരുപാടു വെല്ലുവിളികള്‍ ഇന്നത്തെ തലമുറ നേരിടുന്നുണ്ട്.
വിശ്വാസികളായ നമ്മുടെ കുട്ടികള്‍ ഇതിനെല്ലാം അതീതരാണ് എന്ന് ചിന്തിക്കരുത്. തീര്‍ച്ചയായും വിശ്വാസ സമൂഹത്തിന്‍റെയും ദൈവദാസന്മാരുടെയും കുടുബാംഗങ്ങളുടെയും പ്രാര്‍ഥനാവലയത്തിനനുളളിൽ തന്നെയാണ് നമ്മുടെ കുരുന്നുകൾ. നമ്മുടെ മുഴുവൻ ആശ്രയവും ബലവും സര്‍വ്വശക്തനായ ദൈവത്തിങ്കലാണ്. "കുരുകിൽ ഒരു വീടും മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ അങ്ങയുടെ യാഗപീഠങ്ങളെ തന്നേ" ( സങ്കീ. 84: 3). 'നിന്‍റെ മക്കള്‍ എല്ലാവരും യഹോവയാല്‍ ഉപദേശിക്കപ്പെട്ടവരും നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.' യെശയ്യാവ് 55:14.
മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരും പാസ്റ്റേഴ്സും സഭാജനങ്ങളും അവരെ കേള്‍ക്കുവാനും ചേർത്തു പിടിക്കുവാനും തയ്യാറായാൽ കുട്ടികളുടെ മാനസികാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. നമുക്കു അതിനു കഴിയുന്നില്ലെങ്കില്‍ നാളെ അവര്‍ ശ്രദ്ധാപൂർവം കേള്‍ക്കുന്നതും അനുസരിക്കുന്നതും അനുകരിക്കുന്നതും നമുക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മറ്റൊരാളെ ആകും.
നാം അവരെ സ്നേഹിക്കുന്നുവെന്ന സത്യം അവര്‍ മനസിലാക്കട്ടെ. നമ്മുടെ സഭയിൽത്തന്നെയുള്ള മക്കളുടെ കാര്യംകൂടിയാണിത്. ഒരു ആഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ അവരെ മനസിലാക്കാന്‍ സാധിച്ചെന്നു വരികയില്ല. ചില മക്കളെ നമ്മൾ മാനസികമായി ദത്തെടുക്കേണ്ടതായി വരും; പ്രത്യേകിച്ചും പരിമിതികള്‍ക്കുള്ളില്‍ നിന്നും വരുന്ന കുഞ്ഞുങ്ങളെ. മാതാവിന്‍റെയോ പിതാവിന്‍റെയോ സ്നേഹം വേണ്ടപോലെ ലഭിക്കാത്ത മക്കളും കണ്ടേക്കാം. ഒരു നല്ല തലമുറ കെട്ടിപ്പടുക്കാന്‍ നമുക്കു സ്വയം സമര്‍പ്പിക്കാം. കാഴ്ചയില്‍ തൊട്ടാവാടികള്‍ പോലെ തോന്നുമെങ്കിലും അക്രമങ്ങള്‍ക്കും നശീകരണ പ്രവണതകള്‍ക്കും നശിപ്പിക്കാനാവാത്തവിധം ആഴത്തില്‍ വേരുള്ളവരായി തലയെടുപ്പോടെ നിലനില്ക്കാന്‍, ദൈവഭയത്തിൽ അവരുടെ ജീവിതം ചിട്ടപ്പെടുത്താൻ, എല്ലാ കുഞ്ഞുമക്കളെയും അതോടൊപ്പം വിശ്വാസ സമൂഹത്തെയും ദൈവം സഹായിക്കട്ടെ.
Advertisement













































