പെന്തെക്കോസ്ത് വോട്ടുകൾ കച്ചവടത്തിനല്ല

പെന്തെക്കോസ്ത് വോട്ടുകൾ കച്ചവടത്തിനല്ല

കടലാസ് സംഘടനകളുടെ അവകാശവാദം തള്ളി വിശ്വാസി സമൂഹം

സജി മത്തായി കാതേട്ട്

മ്മുടെ സംസ്ഥാനം വീണ്ടുമൊരു നിയമസഭാതിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. മൂന്നു വ്യത്യസ്ത രാഷ്ട്രീയഭൂപടങ്ങളെ ചേർത്തുവെച്ച് ഐക്യകേരളമെന്ന സമന്വയസ്വപ്നം യാഥാർഥ്യമായതിനുശേഷമുള്ള പതിനാറാമത്തെ നിയമസഭയിലേക്കാണ് ജനഹിതം തേടുന്നത്. അടുത്തമാസം ഒൻപതിന് ഒറ്റഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. മേയ് നാലിനാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പുകമ്മിഷൻ നടത്തിയ പ്രത്യേക ഊർജിത പുതുക്കൽ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ-എസ്.ഐ.ആർ.) പ്രക്രിയക്കുശേഷമുള്ള അന്തിമ വോട്ടർപട്ടികയിൽ കേരളത്തിൽ 2.69 കോടി പേരാണുണ്ടായിരുന്നത്. എന്നാൽ, വോട്ടർപട്ടികയിൽ പേരുചേർക്കൽ തുടരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച‌വരെയുള്ള കണക്കുപ്രകാരം, ഇപ്പോൾ ഇപ്പോൾ സംസ്ഥാനത്ത് 2.71കോടി പേർ വോട്ടർപട്ടികയിലുണ്ട്.

ഈ തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യത്തോടും ഗൗരവത്തോടുമാണ് പെന്തെക്കോസ്തു സമൂഹവും വീക്ഷിക്കുന്നത്. സഭാ നേതാക്കന്മാർക്കും സംഘടനാ നടത്തിപ്പുകാർക്കും വിവിധത്തരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടെങ്കിലും നാളിതുവരെയായി കേന്ദ്രീകൃതമായ ഒരു തീരുമാനവും സമ്മർദ്ദവും സഭാ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പൊതുതിരഞ്ഞെടുപ്പിനെ വളരെ ശ്രേഷ്ഠതയോടെയും അവരവരുടെ സ്വാതന്ത്ര്യത്തിനു വില കല്പിക്കുന്നതുകൊണ്ടാണിത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി പെന്തെക്കോസ്തിൻ്റെ മൊത്തത്തിലുള്ള രാഷ്ട്രീയ അവകാശവും വക്താക്കളും തങ്ങളാണെന്ന ഭാവത്തിൽ ചിലർ മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്നതും കണ്ടു. ചില രാഷ്ട്രീയകക്ഷികളുടെ സഹായവും ഇതിനുപിന്നലുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. സഭാനേതൃത്വങ്ങൾക്കു ഇതുമായി യാതൊരു ബന്ധവുമില്ല.

ചില രാഷ്ട്രീയ നേതാക്കന്മാരോടുള്ള അടുപ്പം മുതലെടുത്തും സഭയിൽ സ്വാധീനമുണ്ടെന്ന് ധരിച്ചും പൊതുവിടങ്ങളിൽ വക്താക്കളായി രംഗപ്രവേശനം ചെയ്യുന്നവരെയും കണ്ടു.

കഴിഞ്ഞയാഴ്ചവരെ പെന്തെക്കോസ്തു സമൂഹത്തിൽ ഒരു അംഗീകാരവും ഇല്ലാത്തതും ആർക്കും അറിഞ്ഞു കൂടാത്തതുമായ ഒരു പേപ്പർ സംഘടന പെന്തെക്കോസ്തുകാർ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യുന്നതെന്ന വ്യാജ പ്രസ്താവന ചില മൂന്നാംകിട മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതായി കണ്ടു. ഇത് പല തലത്തിലും ചർച്ചയായതുകൊണ്ടു നിജ സ്ഥിതിയറിയുന്നതിനു ഗുഡ്ന്യൂസിൽ അന്വേക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

ഇതേതുടർന്ന് കേരളത്തിലെ വിവിധ പെന്തകൊസ്തു സഭാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം വാർത്തകൾക്ക് എതിരെ പ്രതികരിക്കണമെന്നും കടലാസു സംഘടനകൾ പുറത്തിറക്കുന്ന പ്രസ്താവനകൾ വിശ്വാസികൾ കൈ കൊള്ളതതെന്നും സഭകളിൽ അറിയിക്കരുതെന്നും ആവശ്യപ്പെടുകയുണ്ടായി.

അടുത്തയിടെ പെന്തെക്കോസ്തു സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പെന്തെക്കോസ്തു - സ്വതന്തസഭാ നേതാക്കൾ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും കണ്ടിരുന്നു. ഇത് ഏറെ കുറെ സ്വീകാര്യമാകുന്നതിനിടയിലാണ് ചില കേന്ദ്രങ്ങൾ പെന്തെക്കോസ്തു സമൂഹത്തെ ചില കൊടിക്കീഴിൽ കെട്ടാൻ പ്രയത്നിക്കുന്നത്.

ഇത് കടുത്ത എതൃപ്പുകൾക്കും രൂക്ഷമായ വിമർശനത്തിനും ഇടനൽകിയെന്നും കേൾക്കുന്നു. പെന്തക്കോസ്തു സമൂഹത്തിൻ്റെ പൊതുവക്താക്കളായി ആരെയും അംഗീകരിച്ചിട്ടില്ലാതിരിക്കുമ്പോഴാണ് ഇത്തരം ഈർക്കിലി സംഘടനകൾ ഈ സമൂഹത്തെ ഒറ്റികൊടുത്തതെന്ന വിമർശനം വ്യാപകമായിക്കൊണ്ടിരിക്കുന്നു..

ഒരു പാർട്ടിയുടെയും ചട്ടുകങ്ങളാകാതെ നേരെടെ നീതിക്കായും സമാധാനത്തിനായും നിലകൊള്ളുന്ന പെന്തെക്കോസ്തു സമൂഹത്തിൻ്റെ യശസ്സ് ആർക്കും തകർക്കാനാവില്ലെന്നു പെന്തെക്കോസ്ത് ലീഡേഴ്സ് കൗൺസിൽ, പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ,, യുപിഎഫ് ഗ്ലോബൽ അലയൻസ്, ക്രൈസ്തവ സാഹിത്യ അക്കാദമി, വിവിധ പാസ്റ്റേഴ്സ് ഫെലോഷിപ്പുകൾ  എന്നീ സംഘടനകൾ അറിയിച്ചു.

Advertisement