ഐപിസി കർണാടക സ്റ്റേറ്റിന് പുതിയ ഭാരവാഹികൾ

ഐപിസി കർണാടക സ്റ്റേറ്റിന് പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ

ചാക്കോ കെ.തോമസ് (ബെംഗളുരു)

ബെംഗളൂരു : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ  എന്നിവർ  തിരഞ്ഞെടുക്കപ്പെട്ടു.  
പാസ്റ്റർമാരായ കെ.വി. ജോസ് (വൈസ് പ്രസിഡൻ്റ്), പി.പി.പോൾസൺ   ( ജോയിൻ്റ് സെക്രട്ടറി), സജി തോമസ് പാറേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ശുശ്രൂഷകരും വിശ്വാസികളുമായി  24 പേരെ  എക്സിക്യൂട്ടിവ്  അംഗങ്ങളായും തിരഞ്ഞെടുത്തു.
എതിരില്ലാതെ തിരഞ്ഞെടുത്ത  പുതിയ ഭാരവാഹികളുടെ പേരുകൾ  ഇലക്ഷൻ കമ്മീഷണർ പി.വി.മാത്യൂസ് പ്രഖ്യാപനം നടത്തി.

ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ജൂലൈ 1 ന്  നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ  ഡോ.കാച്ചാണത്ത് വർക്കി അധ്യക്ഷനായിരുന്നു.

ഐപിസി ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ടി.വത്സൻ ഏബ്രഹാം എക്സികൂട്ടിവ് അംഗങ്ങൾക്കും  കൗൺസിൽ അംഗങ്ങൾക്കും  സത്യപ്രതിജ്ഞാ വാചകം സൂമിലൂടെ  ചൊല്ലി കൊടുത്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അനുഗ്രഹ പ്രാർഥനയും നടത്തി.

പാസ്റ്റർമാരായ കെ.പി.കുര്യൻ, വിൽസൺ ജോസഫ്, ജോൺ ജോസഫ്, റ്റി.ജെ. ബെന്നി, എം.ഐ.ഈപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു. 
സഭാപ്രതിനിധികളും ശുശ്രൂഷകരുമായി മുന്നൂറോളം പേർ പങ്കെടുത്തു. 

പുതിയ ഭരണസമിതി കർണാടക ഐപിസിയുടെ സുവിശേഷീകരണത്തിനായി  8 കോടി രൂപയുടെ പദ്ധതികൾ ആസൂത്രണം ചെയ്ത ബജറ്റ് സെക്രട്ടറി ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് അവതരിപ്പിച്ചു. പാസ്റ്റർ വർഗീസ് മാത്യൂ നന്ദിയും  സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ്  സമാപന പ്രാർഥനയും നടത്തി.

ബ്രദർ പി.വി.മാത്യൂസ്  ഇലക്ഷൻ കമ്മീഷണറും പാസ്റ്റർ കെ.പി ജോർജ് റിട്ടേണിംഗ് ഓഫീസറും  എബി ജോർജ്  ഇലക്ഷൻ ഓഫീസറും ആയിരുന്നു.

കഴിഞ്ഞ മെയ് 1ന് സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഐപിസിയിലെ ഒരു പാസ്റ്ററുടെ പരാതിയെ തുടർന്ന് കോടതി താൽക്കാലികമായി ഇലക്ഷൻ മരവിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇലക്ഷൻ കമ്മീഷണറുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കർണാടക സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ജനറൽ കൗൺസിൽ  അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചിരുന്നു.

പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് (പ്രസിഡൻ്റ്)

തിരുവല്ല മുണ്ടിയപള്ളി പുളിയൻകീഴ് പാസ്റ്റർ പി.സി.ഫിലിപ്പ് - അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായ് 1957-ൽ ജനിച്ച ഡോ.വർഗീസ് ഫിലിപ്പ് എൻഞ്ചിനിയറിംങ്ങ് ഡിപ്ലോമ പാസായി എഫ്.എ.സി.റ്റി യിൽ ജോലി ചെയ്തിരുന്നു. പിന്നീട് 5 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത് 1989-ൽ ദൈവവിളി അനുസരിച്ച് സുവിശേഷ പ്രവർത്തനത്തിനായി ബാംഗ്ലൂരിൽ വരുകയും ഏഷ്യൻ ക്രിസ്ത്യൻ അക്കാഡമിയിൽ നിന്ന് എം.റ്റി.എച്ച് ,മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ പൊളിറ്റിക്കൽ സയൻസ് ,സയാക്സിൽ നിന്ന് എം.റ്റി.എച്ച്, 2014-ൽ പിഎച്ച്ഡി യും കരസ്ഥമാക്കി. 

ബാംഗ്ലൂർ ജെ.പി.നഗറിൽ ഐപിസി സഭ ആരംഭിക്കകയും പിന്നീട് മുപ്പതോളം പുതിയ സഭകൾ തന്റെ പ്രവർത്തനം മൂലം ആരംഭിക്കുവാൻ ഇടയായി. ലിംഗരാജപുരം, രമേശ് നഗർ, മത്തിക്കരെ, കമനഹള്ളി, ഹുളിമാവ് തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു. ഐ സി പി എഫ് ബാംഗ്ലൂർ ആരംഭകാല കോ-ഓർഡിനേറ്ററായിരുന്ന അദ്ദേഹം ന്യൂ ലൈഫ് ബൈബിൾ കോളേജ് ,സയാക്ക്സ് , ഇന്ത്യാ ബൈബിൾ കോളേജ് എന്നീ സെമിനാരികളിൽ വേദശാസ്ത്ര ഫാക്കൽറ്റി അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഫാമിലി കൗൺസിലിംങ്, യൂത്ത് കൗൺസിലിംങ് എന്നിവയും ചെയ്ത് വരുന്നു. കർണാടക ബൈബിൾ കോളേജ് രജിസ്ട്രാറായ ഇദ്ദേഹം വിവിധ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹെന്നൂർ ക്രോസ് ഗിൽഗാൽ ഐപിസി സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനാണ് ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ്.

രണ്ട് തവണ കർണാടക ഐപിസി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം ആദ്യമായിട്ടാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ. ലില്ലിക്കുട്ടി (ഐ.പി.സി കർണാടക സോദരി സമാജം പ്രസിഡൻ്റ്).

പാസ്റ്റർ കെ.വി.ജോസ് (വൈസ് പ്രസിഡൻറ്)

 സുവിശേഷവേലയിൽ ആറര പതിറ്റാണ്ട് പിന്നിടുന്ന തൃശൂർ പീച്ചി കോമ്പാറ വീട്ടിൽ പീച്ചി മാസ്റ്റർ എന്നറിയപ്പെടുന്ന പാസ്റ്റർ കെ.ഒ.വർഗീസ് - റെയ്ച്ചൽ ദമ്പതികളുടെ മൂത്ത മകനാണ് പാസ്റ്റർ കെ.വി. ജോസ്.

ദൈവവിളി അനുസരിച്ച് 1991 ൽ കർണാടക ബൈബിൾ കോളേജിൽ നിന്നും വേദപഠനം പൂർത്തിയാക്കി 1993 ൽ ഐ.പി.സി അശ്വത്ത് നഗർ സഭാ ചുമതലയേറ്റു. പിന്നീട് ന്യൂലൈഫ് ബൈബിൾ കോളേജിൽ നിന്ന് എംഎ ഇൻ ക്രിസ്റ്റ്യാനി എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. കർണാടക ബൈബിൾ കോളേജിൻ്റെ ആരംഭ വിദ്യാർഥിയായിരുന്ന ഇദ്ദേഹം 1992 മുതൽ അതെ കോളേജിൽ അദ്ധ്യാപകനും ഇപ്പോൾ കോളേജ് അഡ്മിനിട്രേറ്ററുമായി പ്രവർത്തിക്കുന്നു. 

കഴിഞ്ഞ 29 വർഷമായി എൽ.ബി. ശാസ്ത്രി നഗർ ഐപിസി സഭയുടെ സീനിയർ പാസ്റ്ററും ഐപിസി കരിസ്മാ സെൻ്റർ പാസ്റ്ററുമാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കർണാടക ഐപിസി കൗൺസിൽ അംഗമായിരുന്നുവെങ്കിലും ആദ്യമായിട്ടാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇക്കുറി തെരഞ്ഞെടുക്കപ്പെടുന്നത്. 

ഭാര്യ ഷൈനി ജോസ്

മക്കൾ. ജോ , ക്രിസ്റ്റോ

പാസ്റ്റർ വർഗീസ് മാത്യു (സെക്രട്ടറി)

തിരുവല്ല കല്ലിങ്കൽ വല്യത്ത് പരേതരായ പി.ജി.മാത്യൂവിൻ്റെയും ശോശാമ്മ മാത്യൂവിൻ്റെയും മൂന്നാമത്തെ മകനാണ് പാസ്റ്റർ വർഗീസ് മാത്യൂ.

ദൈവവിളി അനുസരിച്ച് വാരണാസിയിലെ ന്യൂ ലൈഫ് ബൈബിൾ കോളേജിൽ നിന്ന് 1979-ൽ 3 വർഷത്തെ ബൈബിൾ പഠന കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ഓപ്പറേഷൻ മൊബിലൈസേഷനിൽ 6 വർഷം പ്രവർത്തിച്ചു.  

1985-ൽ കർണാടക ഐപിസി യിൽ ചേർന്ന് ദാസറഹള്ളിയിൽ തന്റെ ആദ്യത്തെ സഭാ ശുശ്രൂഷ ആരംഭിച്ചു. കർണാടക പിവൈപിഎ പ്രസിഡൻ്റായിരുന്ന അദ്ദേഹം പിന്നീട് മൈസൂർ സർവകലാശാലയിൽ നിന്ന് ബിഎ ബിരുദവും കരസ്ഥമാക്കി.  

തുടർച്ചയായി നിരവധി തവണ കർണാടക ഐപിസി കൗൺസിൽ അംഗമായിരുന്നു.

2005-ൽ ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പാസ്റ്ററായി ചുമതലയേറ്റു.

2015-2018 വരെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി (40 വർഷം) കർണാടക ഐപിസിയുടെ ശുശ്രൂഷകനും 

ഇപ്പോൾ ഐപിസി വിജ്ഞാനനഗർ സഭയുടെ സീനിയർ ശുശ്രൂഷകനുമാണ്. 

" ഇന്നലകളിൽ എൻ്റെ കരം പിടിച്ചോൻ , ശക്തമായി കൊടുങ്കാറ്റ് അടിച്ചാലും , ഞാൻ കടന്ന് പോയ രാത്രിയിൽ തുടങ്ങീ പന്ത്രണ്ടോളം ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവുമാണ് പാസ്റ്റർ വർഗീസ് മാത്യൂ.

രണ്ടാം തവണയാണ് കർണാടക ഐപിസിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. 

ഭാര്യ. ഡെയ്സി വർഗീസ്

മക്കൾ. സ്റ്റീവ് ഡെനിൽ വർഗീസ് (യു.എസ്), ഡേക്സ് ജിതിൻ.

പി.പി.പോൾസൺ ( ജോയിൻറ് സെക്രട്ടറി)

 കർണാടക ഷിവമൊഗ ജില്ലയിലെ ഭദ്രാവതി താലൂക്കിൽ പരേതരായ പി.യു.പൗലോസിൻ്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ മകനാണ് .

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം ഐപിസിയുമായി ആത്മീയ ബന്ധമുള്ള പോൾസൺ 14 വർഷമായി കമനഹള്ളി ഐപിസി ഷാലോം വേർഷിപ്പ് സെൻ്റർ സഭാംഗമാണ്. 

സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിച്ചിരുന്ന പോൾസൺ ആദ്യമായിട്ടാണ് കർണാടക ഐപിസി എക്സികുട്ടിവ് അംഗവും ജോയിൻ്റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഭാര്യ . ജിജി പോൾസൺ 

മക്കൾ.ജെസ്ലിൻ, ജോഷ്വാ പോൾ.

സജി തോമസ് പാറേൽ (ട്രഷറർ)

പത്തനാപുരം പാറേൽ പി.എം. തോമസിന്റെയും പരേതയായ മേരിക്കുട്ടി തോമസിന്റെയും മൂത്ത മകനായ സജി തോമസ് കർണാടകയിലെ കാർവാർ ജില്ലയിലെ 

കൊപ്പാ വില്ലേജ് മുണ്ടുകോട് താലുക്ക് സ്വദേശിയാണ്. 

 കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ബെംഗളൂരുവിൽ കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം പാറേൽ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപന ഉടമയാണ്. 

1989 മുതൽ കമനഹള്ളി ഐപിസി ഷാലോം വർഷിപ്പ് സെന്റർ സഭാംഗവും 2016 മുതൽ 2023 വരെ സഭാ സെക്രട്ടറിയുമായി പ്രവർത്തിച്ചു. കഴിഞ്ഞ 15 വർഷത്തിലധികമായി ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്ന സജി ആദ്യമായിട്ടാണ് ഐപിസി സ്റ്റേറ്റ് കൗൺസിൽ എക്സിക്യുട്ടീവ് അംഗവും ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെടുന്നത്. 

ഭാര്യ. ആനി സജി 

മക്കൾ. ഡോ.നിഷ ആരോൺ (യു.എസ്),ഷാരോൺ ജെസൺ ( മുംബൈ)