സുവിശേഷ വേദികളിലെ സിംഹഗർജ്ജനം നിലച്ചു!


സുവിശേഷ വേദികളിലെ സിംഹഗർജ്ജനം നിലച്ചു!
ad
ad
ad

പാസ്റ്റർ കെ.കെ ചെറിയാനെ അനുസ്മരിക്കുന്നു

ഷിബു മുള്ളംകാട്ടിൽ

കാരിരുമ്പിന്റെ കരുത്തുള്ള തീപ്പൊരി പ്രഭാഷണങ്ങൾ, ഉപദേശവിഷയങ്ങളിലെ കാർക്കശ്യം, ഉറച്ച നിലപാടുകൾ, ആരുടെയും മുഖത്തുനോക്കി
 'ആ മനുഷ്യൻ നീ തന്നെ' എന്നു പറയാനുള്ള ചങ്കൂറ്റം, ബൈബിളിലെ പ്രവചനപുസ്തകങ്ങൾ വ്യാഖ്യാനിക്കാനുള്ള അപാരമായ ജ്ഞാനം, വിശുദ്ധിയും വേർപാടും എന്ന വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ജീവിതം, അശരണരെ ചേർത്തുനിർത്തിയ നല്ല ശമര്യക്കാരൻ...

അതെ, ഞങ്ങളുടെ പ്രിയപ്പെട്ട ചെറിയാച്ചായന് 
തുല്യം ചെറിയാച്ചായൻ  മാത്രം!

ഓർമ്മവെച്ച നാൾ മുതൽ കണ്ടും കേട്ടും അടുത്തറിഞ്ഞ വ്യക്തിത്വം - കവുങ്ങുംപുരയിടത്തിൽ കോശി ചെറിയാൻ.
35 വർഷക്കാലം ഞങ്ങളുടെ സെന്റർ ശുശ്രൂഷകൻ. അച്ചടക്കമുള്ള കറകളഞ്ഞ ജീവിതം, സമയനിഷ്ഠ, ഉത്തമ സുവിശേഷകന്റെ സമർപ്പണം, ആത്മീയ തീക്ഷ്ണത തുടങ്ങിയവ അദ്ദേഹത്തെ വ്യത്യസ്തനാക്കി.

നല്ല ഹൃദയമുള്ളവർക്കു മാത്രമേ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനും കഴിയൂ. ചെറിയാച്ചായൻ കൈപിടിച്ചു ഉയർത്തിയവർ ഏറെയുണ്ട്. അതിൽ
ഞാനും ഉൾപ്പെടുന്നു.
പി.വൈ.പി.എ യുടെ നേതൃത്വനിരയിലേക്ക് എന്നെ കൊണ്ടുവരികയും പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്തു.

ദീർഘവർഷങ്ങൾക്കുമുമ്പ് നടന്ന ഒരു കൺവൻഷൻ. മൂന്നു ദിവസവും പ്രസംഗിക്കേണ്ടത് അക്കാലത്തെ ജനകീയ പ്രഭാഷകൻ  പാസ്റ്റർ കെ. കെ. ചെറിയാൻ. അന്ന്
ചെറിയാച്ചായൻ എന്നോടു പറഞ്ഞു:
“ഷിബു ഒരു ദിവസം പ്രസംഗിക്കണം. സംഘാടകരോട് ഞാൻ പറഞ്ഞ് സമ്മതം വാങ്ങാം.”
ചെറിയാച്ചയന്റെ വാക്കുകൾ കേട്ട് ഒന്നു ഞെട്ടി. ഒഴിഞ്ഞുമാറാൻ ശ്രമിച്ച എന്നോട് അൽപ്പം ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു:
“നീ ധൈര്യമായി പ്രസംഗിക്കണം. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അത് പരിഹരിക്കാൻ ഞാൻ അവിടെ വേദിയിലുണ്ടാകും.”

ദൈവകൃപയാൽ കൺവൻഷന്റെ രണ്ടാം ദിവസം ഒന്നര മണിക്കൂർ ഞാൻ പ്രസംഗിച്ചു. വേദിയിലിരുന്ന് ചെറിയാച്ചയൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതാണ് പാസ്റ്റർ കെ കെ ചെറിയാൻ എന്ന ദൈവ മനുഷ്യനെ
വ്യത്യസ്ഥനാക്കുന്നത്.
എൻ്റെ വിവാഹശുശ്രൂഷ നടത്തിയതും ചെറിയാച്ചായനായിരുന്നു. 
എൻ്റെ പിതാമഹൻ്റെ പ്രിയപ്പെട്ട പാസ്റ്റർ എന്ന വിശേഷണവും അദ്ദേഹത്തിനായിരുന്നു. പാസ്റ്റർ കെ. കെ. ചെറിയാൻ ഞങ്ങളുടെ സ്വന്തം എന്ന് പറയുമ്പോൾ എക്കാലവും അഭിമാനമാണ്.

നിരവധി തവണ ദുബായിൽ വചനശുശ്രൂഷയ്ക്കായി എത്തുകയും ഞങ്ങളുടെ കൂടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. 2007-ൽ ഞങ്ങൾ (ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം) ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ നടത്തിയ കൺവൻഷനിൽ മുഖ്യ പ്രഭാഷകൻ പാസ്റ്റർ കെ കെ ചെറിയാൻ ആയിരുന്നു. ഒരു കൊടുങ്കാറ്റുപോലെ ദുരുപദേശങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഒപ്പം 
മാതൃകാപരമായ ഒരു പ്രസ്താവനയും നടത്തി.
“ഇത്തവണ എനിക്ക് കിട്ടുന്ന പണമെല്ലാം സാധുക്കൾക്കുവേണ്ടിയാണ്. ഒരു രൂപപോലും ഞാൻ എടുക്കില്ല.  ദുബായിലെ യോഗങ്ങളിൽ സ്തോത്രകാഴ്ച ഇടാനുള്ള ദിർഹം വരെ നാട്ടിൽനിന്ന് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഈ സന്ദർശനത്തിൽ എനിക്ക് ലഭിക്കുന്ന മുഴുവൻ തുകയും പാവങ്ങളെ സഹായിക്കാൻ നൽകും.” പറഞ്ഞതുപോലെ, വലിയൊരു തുക പാവങ്ങളുടെ കണ്ണീരൊപ്പാൻ അദ്ദേഹം വിനിയോഗിച്ചു. എത്രയോ അശരണരെയും ആലംബഹീനരെയും  അദ്ദേഹം നിശ്ശബ്ദമായി സഹായിച്ചു! 

ദീർഘവർഷങ്ങൾ നീണ്ട ആത്മബന്ധത്തിനിടയിൽ ഒരിക്കൽ മാത്രം ഞങ്ങളുടെ ഇടയിൽ  നീരസമുണ്ടായി.  എന്നാൽ അതിനുശേഷം ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി. ഗൗരവക്കാരനെന്ന് പലരും കരുതുന്ന ചെറിയാച്ചായൻ ഞങ്ങളൊത്തുള്ള കൂടിക്കാഴ്ചകളിൽ ഹൃദയം തുറക്കും. ഞങ്ങൾ തമ്മിലുള്ള ഈ രസതന്ത്രം എന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്!

നാട്ടിൽ പോകുമ്പോൾ
ചെറിയാച്ചായനെ കാണുക എന്നത് എനിക്ക് നിർബന്ധമായിരുന്നു.കഴിഞ്ഞ വർഷവും  വീട്ടിലെത്തി ദീർഘനേരം സംസാരിച്ചു. ചെറിയാച്ചായന്റെ പ്രസംഗശൈലിയും മാസ്റ്റർപീസ് വാക്കുകളും ഞാൻ ഓർമിപ്പിച്ചപ്പോൾ അദ്ദേഹം ഹൃദയം തുറന്നു ചിരിച്ചു. 
യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മാമ്മ (ചെറിയാച്ചായൻ്റെ ഭാര്യ) എന്റെ ചെവിയിൽ പറഞ്ഞു:
“അച്ചായന് എന്തെങ്കിലും സംഭവിച്ചാൽ ഷിബു എവിടെയാണെങ്കിലും ഓടി വരണം. അത്രമേൽ അച്ചായന് ഷിബുവിനെ ഇഷ്ടമാണ്.”

ആ വാക്കുകൾ ഇന്നും കാതുകളിൽ മുഴങ്ങുന്നു. നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വീകരിക്കാൻ, തോന്ന്യാമലയിലെ സ്വന്തം പറമ്പിൽ നിന്നുകൊണ്ടുവരുന്ന കശുവണ്ടിപ്പരിപ്പ് വിളമ്പാൻ, പഴയകാല അനുഭവങ്ങൾ അയവിറക്കാൻ, അനുഗ്രഹിച്ചു പ്രാർത്ഥിക്കാൻ ഇനി ചെറിയാച്ചായൻ ഇല്ലല്ലോ
എന്ന സങ്കടം വാക്കുകൾക്കതീതമാണ്.
അതിലുപരി,
പ്രസംഗ വേദികളെ പ്രകമ്പനം കൊള്ളിച്ച  ആ സിംഹഗർജ്ജനം ഇനി കേൾക്കാനാവില്ലല്ലോ എന്ന വേദനയും!

ഉയിർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാമെന്ന തികഞ്ഞ പ്രത്യാശയോടെ
പ്രിയപ്പെട്ട ചെറിയാച്ചായന് വിട!

Advertisement