കരുതലോടെ കാത്തിരിക്കാം
റവ. ജോർജ് മാത്യു പുതുപ്പള്ളി
അമേരിക്കൻ പ്രസിഡന്റായിരുന്ന സർ ഡ്വൈറ്റ് ഐസനോവർ ഒരിക്കൽ തന്റെ ഒഴിവുകാലം ചെലവഴിക്കുകയായിരുന്നു. ക്യാൻസർ പിടിപെട്ടു ഗുരുതരാവസ്ഥയിൽ കഴിയുന്ന പോൾ ഹാല എന്ന ആറു വയസുകാരനായ ബാലൻ പ്രസിഡന്റിനെ കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി അദ്ദേഹം ഒരു പത്രത്തിൽ വായിച്ചു. പ്രസിഡന്റ് കുട്ടിയുടെ ആഗ്രഹം നിവർത്തിച്ചു കൊടുക്കുവാൻ തീരുമാനിച്ചു.
ഒരു ദിവസം രാവിലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം പോൾ ഹാലയുടെ വീടിനുമുമ്പിൽ വന്നു നിന്നു. പ്രസിഡന്റ് ഇറങ്ങിച്ചെന്നു കതകിനു മുട്ടി. ഒരു നീല ജീൻസും പഴകിയ ഷർട്ടും ധരിച്ച് ഷേവ് ചെയ്യാത്ത മുഖത്തോടെ വന്ന് ഗൃഹനാഥൻ ഡോണാൾഡ് ഹാലി വാതിൽ തുറന്നു. അദ്ദേഹത്തിന്റെ പിന്നിൽ മകൻ കൊച്ചു പോളും ഉണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഐസനോവർ തങ്ങളുടെ വീട്ടുപടിക്കൽ നിൽക്കുന്നതു കണ്ട് അവർ അത്ഭുതസ്തബ്ധരായി. കുറെ നേരത്തേക്ക് അവർക്കത് വിശ്വസിക്കുവാൻപോലും കഴിഞ്ഞില്ല.
സർ ഡ്വൈറ്റ് ഐസനോവർ
'പോളേ' എന്ന് അമേരിക്കൻ പ്രസിഡന്റ് നീട്ടി വിളിച്ചു. 'നിനക്ക് എന്നെ കാണുവാൻ ആഗ്രഹമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. കണ്ടതിൽ വളരെയേറെ സന്തോഷം.' ആ ആറു വയസുകാരന്റെ കൈപിടിച്ച് പ്രസിഡന്റ് കുലുക്കി. പ്രസിഡന്റിന്റെ വാഹനത്തിന്റെ അടുത്തേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. കുറെ നേരം അവനുമായും കുടുംബാംഗങ്ങളുമായും പ്രസിഡന്റ് സംസാരിച്ചു. വീണ്ടും പോളിന്റെ കൈ പിടിച്ചു കുലുക്കിയശേഷം അദ്ദേഹം മടങ്ങിപ്പോയി.
പോളിന്റെ വീട്ടുകാരും അയൽക്കാരുമൊക്കെ വളരെ തിരക്കുള്ള പ്രസിഡന്റിന്റെ സന്ദർശനത്തിൽ ഏറെ ആഹ്ലാദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കരുണയെ വാനോളം പ്രശംസിച്ചു. എന്നാൽ ഒരു വ്യക്തിയുടെ മുഖത്തു മാത്രം മ്ലാനത നിഴലിച്ചിരുന്നു. അത് പോൾ ഹാലിയുടെ പിതാവായ ഡോണാൾഡ് ഹാലിയുടെ മുഖത്തായിരുന്നു. കതകു തുറന്നപ്പോൾ താൻ ധരിച്ച വൃത്തിയില്ലാത്ത വസ്ത്രവും ഷേവ് ചെയ്യാത്ത മുഖവുമാണ് അദ്ദേഹത്തെ ദു:ഖിതനാക്കിയത്.തന്റെ വീട്ടിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ മാന്യമായ വേഷത്തിൽ സ്വീകരിക്കുവാൻ തനിക്കായില്ലല്ലോ എന്ന ദുഃഖം അദ്ദേഹത്തെ വേട്ടയാടി.
കുറെക്കൂടി നേരത്തെ എഴുന്നേൽക്കണമായിരുന്നെന്നും കുളിച്ചൊരുങ്ങി നല്ല വസ്ത്രം ധരിച്ച് പ്രസിഡന്റിനെ സ്വീകരിക്കണമായിരുന്നെന്നും അദ്ദേഹത്തിനു തോന്നി. അവസരം നഷ്ടമാക്കിയതിനെക്കുറിച്ച് ഓർത്തപ്പോൾ അദ്ദേഹം ശരിക്കും കരഞ്ഞുപോയി. ഇനി ഇതുപോലൊരു അവസരം തന്റെ ജീവിതത്തിൽ കിട്ടില്ലല്ലോ എന്നുകൂടി ഓർത്തപ്പോൾ കുറ്റബോധം ഇരട്ടിയായി.
യേശുകർത്താവിന്റെ മടങ്ങിവരവിനായി നാമും അതീവശ്രദ്ധയോടെ ഒരുങ്ങിയിരിക്കുവാൻ ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു. ബുദ്ധിയില്ലാത്ത കന്യകമാർക്ക് ഉണ്ടായ അനുഭവം നമുക്ക് ഉണ്ടാകാതിരിക്കട്ടെ. ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ച് കാത്തിരുന്നു മണവാളനെ സ്വീകരിച്ചതുപോലെ നമുക്കും കർത്താവിനെ സ്വീകരിക്കുവാൻ ഭാഗ്യം ലഭിക്കട്ടെ.
ചിന്തക്ക് : 'നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.' (ലൂക്കൊസ് 21 : 34).