പ്രകാശിക്കുന്ന ദൈവസ്നേഹം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ചില വർഷങ്ങൾക്കു മുമ്പ് ചിക്കാഗോയിൽ പ്രശസ്ത ക്രിസ്തീയ മിഷനറി ഡി.എൽ മൂഡിയും വിശ്വാസികളും ഒരു പള്ളി നിർമിച്ചു. ദൈവസ്നേഹത്തെപ്പറ്റി മനുഷ്യനെ ബോധവാനാക്കാനുള്ള അത്യാവേശത്തോടെ പ്രസംഗപീഠത്തിന്റെ പിന്നിലെ ഭിത്തിയുടെ മുകളിലായി 'ദൈവം സ്നേഹം ആകുന്നു' എന്നെഴുതിയ ഒരു ബോർഡ് തൂക്കിയിരുന്നു. ഈ അക്ഷരങ്ങൾക്ക് കൂടുതൽ പ്രകാശം ഉണ്ടാകേണ്ടതിന് ബോർഡിനുള്ളിൽ വൈദ്യുതി ലൈറ്റുകൾ തെളിയിച്ചിരുന്നു. ദൂരെക്കൂടെ പോകുന്ന ആർക്കും കണ്ട് വായിക്കത്തക്ക നിലയിൽ ആ അക്ഷരങ്ങൾ വളരെ ദീപ്തമായിരുന്നു.
റവ.ഡി.എൽ മൂഡി
ഒരു രാത്രിയിൽ പള്ളിയിൽ ഒരു സുവിശേഷപ്രസംഗം നടന്നുകൊണ്ടിരുന്നപ്പോൾ അലഞ്ഞു നടന്നിരുന്ന ഒരു മനുഷ്യൻ ആ ബോർഡ് കാണുകയും അതിലെ അക്ഷരങ്ങൾ വായിക്കുകയും ചെയ്തു. ആ അക്ഷരങ്ങൾ അവന്റെ ചിന്തകളെ തട്ടിയുണർത്തി. ദൈവം സ്നേഹമാണെന്നോ ? ആ ദൈവം എന്നെയും സ്നേഹിക്കുന്നു എന്നോ ? നികൃഷ്ടനും പാപിയുമായ എന്നെ ദൈവം സ്നേഹിക്കുന്നു എന്നോ ? അങ്ങനെ ചിന്തിച്ചുകൊണ്ട് അയാൾ പിന്നെയും മുന്നോട്ടു നടന്നു.
നടന്നു പോകുമ്പോഴും താൻ വായിച്ചതു മറക്കുവാൻ അയാൾ ശ്രമിച്ചെങ്കിലും ആ വാക്കുകളുടെ പ്രകാശം തന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നതായി അയാൾക്കു തോന്നി. ഇനിയും മുന്നോട്ടു നടക്കുവാൻ കഴിയില്ല എന്ന ചിന്ത അയാളെ ഭരിച്ചു. അയാൾ തിരികെ നടന്ന് പള്ളിക്കുള്ളിൽ കയറി ഡി എൽ മൂഡിയുടെ പ്രസംഗം മുഴുവൻ ശ്രദ്ധയോടെ കേട്ടു. മൂഡി അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.പ്രസംഗം കഴിഞ്ഞപ്പോൾ മൂഡി അയാളുമായി സംസാരിച്ചു. ദൈവസ്നേഹത്തിന്റെ മാധുര്യത്തെപ്പറ്റി മൂഡി അയാളെ പറഞ്ഞു മനസിലാക്കി. പരിശുദ്ധാത്മാവ് അയാളുടെ ഹൃദയത്തോട് ഇടപെടുകയും അയാൾ യേശുകർത്താവിനെ സ്വന്തം രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.
ദൈവസ്നേഹം എപ്പോഴും പ്രകാശിക്കുന്നതാണ്. അതിന് ഒരിക്കലും മറഞ്ഞിരിക്കുവാൻ സാധിക്കുകയില്ല. ജാതി മത വർഗ വർണ ഭാഷാ വ്യത്യാസമെന്യെ ദൈവസ്നേഹം എല്ലാവരിലും പ്രകാശിക്കും. മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ് യേശുകർത്താവ് ഭൂമിയിലേക്കു വന്നത്. മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗാരോഹണം ചെയ്തത് എല്ലാ മനുഷ്യരെയും നിത്യരക്ഷയിലേക്ക് കൊണ്ടുവരാനാണ്. ആര് ദൈവസ്നേഹത്തിന് പ്രകാശിക്കുവാൻ അവസരം കൊടുത്താലും അവരിൽക്കൂടിയെല്ലാം ദൈവസ്നേഹം പ്രകാശിക്കുക തന്നെ ചെയ്യും. വേറൊരു തരത്തിൽ പറഞ്ഞാൽ പ്രകാശിക്കാത്തതൊന്നും ദൈവസ്നേഹത്തിൽ ഉൾപ്പെടുന്നില്ല.
ദൈവം വെളിച്ചമാകുന്നതു കൊണ്ടാണ് സ്നേഹവും ആയിരിക്കുന്നത്. ദൈവം ഒരു നാളിൽ സ്നേഹവും വെളിച്ചവും ആയിരുന്നു എന്നല്ല നാം മനസിലാക്കേണ്ടത്. ദൈവം എന്നും അപ്രകാരം തന്നെ ആകുന്നു എന്നാണ്. ദൈവത്തിന്റെ പ്രകാശം ചെന്നെത്തുന്നിടത്തെല്ലാം ദൈവസ്നേഹവും ഉണ്ടായിരിക്കും. സ്നേഹം, വെളിച്ചം, സത്യം ഇവ മൂന്നും ദൈവത്തിൽ സ്ഥിരമായി സ്ഥിതിചെയ്യുന്ന സത്ഗുണങ്ങളാണ്. ആയതിനാൽ സ്നേഹം പ്രകാശിക്കുന്നതുപോലെ സത്യവും പ്രകാശിക്കുന്നു. ഈ വിശിഷ്ടമായ ദൈവസ്നേഹത്തിലേക്ക് നമുക്കും കടന്നുവരാം.
ചിന്തക്ക് : 'തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു' (യോഹന്നാൻ 3 : 16).