കനലെരിയുന്ന നേപ്പാൾ

കനലെരിയുന്ന നേപ്പാൾ

ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന

ന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനാധിപത്യ ലഹളയാണ് നേപ്പാളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരുന്നത്. ജെൻ - സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന General Z എന്ന ഒരു കൂട്ടം യുവതലമുറകളുടെ മനോവീര്യത്തിനു മുന്നിൽ നേപ്പാൾ രാഷ്ട്രീയത ആടിയുലഞ്ഞു. ജെൻ - സി ഒരു പ്രത്യേക രാഷ്ട്രീയ സംഘടനയോ ഒരു പ്രത്യേക നേതാവ് ഒന്നും ഇതിൽ ഇല്ല എന്നതാണ് ഈ യുവജനങ്ങളുടെ കൂട്ടത്തിന്റെ പ്രത്യേകത. അവിടുത്തെ സാധാരണ ജനങ്ങളും യുവതലമുറകളും എല്ലാം ഇതിൻറെ ഭാഗമായി മാറുകയായിരുന്നു. 

പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയും മന്ത്രിമാരും ഉൾപ്പെടെ രാജിവച്ചതോടെ നേപ്പാൾ ഇന്ന് രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും, നേപ്പാളി കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരാണ് നാളിതുവരെ നേപ്പാളിൽ ഭരണം നടത്തിയിരുന്നത്. എന്നാൽ അടിക്കടി ഉണ്ടായ വെള്ളപ്പൊക്കം കാട്ടുതീ,  മഴക്കെടുതികൾ മൂലം ഉണ്ടായ കൃഷിയിടങ്ങളിലെ നാശനഷ്ടങ്ങൾ, ഉരുൾപൊട്ടൽ, ഭൂകമ്പം, വായു മലിനീകരണം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും പൊതുമേഖലയിലെ വായ്പ നശീകരണങ്ങൾ സാമ്പത്തിക വിദ്യാഭ്യാസ സംവിധാനത്തിലെ പ്രശ്നങ്ങൾ മൂലം ഉണ്ടായ അനിശ്ചിതത്തങ്ങൾ എന്നിവയെല്ലാം നേപ്പാളിന്റെ രാഷ്ട്രീയ നിലവാരം താറുമാറാക്കി. 

ഇവയെല്ലാം നിലനിൽക്കെ തന്നെ ഊണിലും ഉറക്കത്തിലും അത്യാവശ്യ ഘടകമായി മാറിയിരിക്കുന്ന ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി 26- ൽ അധികം സോഷ്യൽ മീഡിയ ആപ്പുകൾ റദ്ദാക്കിയത് പൊതുജനങ്ങളുടെ പ്രത്യേകിച്ച് യുവജനങ്ങൾക്ക് ഇടയിൽ അസഹനീയത വിളിച്ചുവരുത്തി.

വളരെ ദുർബലമായ ഒരു വിശദീകരണം ആണ് സാമൂഹ്യ മാധ്യമ നിരോധനങ്ങൾക്ക് നേപ്പാൾ സർക്കാർ നൽകുന്നത്. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് രജിസ്ട്രേഷൻ ചെയ്യുകയും ലൈസൻസ് ഉണ്ടാവുകയും വേണം പ്രാദേശികമായ നിയമങ്ങൾ പാലിക്കുകയും പ്രാദേശികമായ ഓഫീസും പരാതി പരിഹാര സംവിധാനവും വേണമെന്നും കോടതി നിർദ്ദേശിക്കുന്നു. എന്നാൽ മുൻ നിര സമൂഹമാധ്യമങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാലാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് സർക്കാർ പറയുന്നു. രജിസ്റ്റർ ചെയ്യാൻ സമ്മതിച്ച ടിക്ടോക് നിരോധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാണിക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും, വിദ്വേഷ പ്രചാരണം നേരിടുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സർക്കാർ അറിയിപ്പിൽ പറയുന്നു . 

എന്നാൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും മറ്റുള്ളവർ അറിയാതിരിക്കുന്നതിന് വേണ്ടിയുള്ള നടപടിയാണ് ഇത്തരം സമൂഹമാധ്യമങ്ങൾ നിരോധിക്കുന്നത് മൂലം സർക്കാർ ചെയ്യുന്നതെന്ന് ജെൻ-സിയുടെ പ്രക്ഷോഭകർ ആക്ഷേപിക്കുന്നു.

പ്രക്ഷോഭകാരികളായ ജെൻ - സി വിഭാഗത്തിൽപ്പെട്ട യുവാക്കൾ ലഹളയ്ക്ക് തുടക്കമിടുകയും പ്രസിഡൻ്റ്  റാം ചന്ദ്ര പൌഡേൽ - ൻ്റെ കൊട്ടാരം ഉൾപ്പെടെ പല സർക്കാർ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തീയിട്ടു. അതത് പ്രാദേശിക തലത്തിലെ ജെൻ - സി യുടെ വക്താക്കൾ ലഹളക്ക് നേതൃത്വം വഹിച്ചു. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടു. പത്തിലധികം ആളുകൾ സീരിയസായി ആശുപത്രികളിൽ അഭയം പ്രാപിച്ചു. പട്ടാളം കാര്യങ്ങൾ ഏറ്റെടുത്തത്തിന്  ശേഷം സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമായി വരുന്നുവെങ്കിലും പൂർണ്ണമായും ഒരു നിലപാടിലേക്ക് നേപ്പാൾ ഇതുവരെ രാഷ്ട്രീയമായി എത്തിച്ചേർന്നിട്ടില്ല. 

നിരോധിച്ച സോഷ്യൽ ആപ്പ് മീഡിയകൾ പുനസ്ഥാപിച്ചു എങ്കിലും പ്രക്ഷോഭകർ ശാന്തരായിട്ടില്ല.

സെപ്തംബർ 11- ലെ ദൈനിക് ജാഗരൺ എന്ന ഹിന്ദി പത്രത്തിൽ പത്രത്തിൽ ഹിന്ദു സംസ്കാരമാണ് നേപ്പാളിൽ ഇതുവരെ തുടർന്നു വന്നതെന്നും ഇനിയും അങ്ങോട്ടുള്ള കാലങ്ങളിൽ അതുതന്നെ ആകണമെന്നും നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രമായി തന്നെ തുടരണമെന്നും പല രാഷ്ട്രീയ നേതാക്കന്മാരും അഭിപ്രായപ്പെടുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

നാളിതുവരെ ക്രിസ്തീയ സഭകൾക്ക് നേപ്പാളിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നു എങ്കിലും ശാന്തമായി സഭാ വളർച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ലക്ഷക്കണക്കിന് ആളുകൾ യേശുവിൽ വിശ്വസിക്കുന്നതിനും സഭകളിൽ അംഗമായി തീർന്നു ആരാധനകളിൽ സംബന്ധിക്കുന്നതിനും ഇടയായിട്ടുണ്ട്. പുതിയൊരു ഭരണ സംവിധാനം നേപ്പാളിൽ നിലവിൽ വരുമ്പോൾ ക്രിസ്തീയ സഭകൾക്കും സുവിശേഷീകരണത്തിനും ആശങ്കപ്പെടാൻ ഏറെയുണ്ട്. നിയമപരമായി സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് എതിരായ സംവിധാനങ്ങൾ നടപ്പിലാക്കിയാൽ മലയാളികൾ  ഉൾപ്പെടെ അവിടെ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർക്ക് അവിടെ തുടരുക പ്രയാസമേറിയ തായിരിക്കും. 

നേപ്പാളിൽ കത്തിയമരുന്ന കനലുകൾ സുവിശേഷത്തിന്റെ കാറ്റിനാൽ ആത്മീയ ഉണർവിന്റെ ജ്വാലയായി നേപ്പാളിലെ ഏഴ് പ്രൊവിൻസുകളിലും 14 അഡ്മിനിസ്ട്രേറ്റീവ് സോണുകളിലും ആയിട്ട് അധിവസിക്കുന്ന 2.97 കോടി ജനങ്ങളിലേക്കും വ്യാപരിക്കേണ്ടതിനായി നാം പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട്. നിലവിൽ സഭകൾക്കോ ദൈവദാസന്മാർക്കോ വിശ്വാസികൾക്കോ തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല. കടകമ്പോളങ്ങൾ ചുരുങ്ങിയ സമയങ്ങളിലേക്ക് തുറന്നു പ്രവർത്തിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സാധനങ്ങളുടെ ദൗർലഭ്യത അനുഭവപ്പെടും എന്നുള്ളത് സത്യമാണ്. ശനിയാഴ്ചകളിലാണ് സാധാരണയായി അവിടെ ആരാധന നടന്നുവരുന്നത്. 

എന്തുതന്നെയായാലും വരും ദിവസങ്ങൾ  ക്രൈസ്തവ സഭാ സമൂഹത്തിന് വളരെ നിർണായകമാണ്. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തോട് നേപ്പാളിന് വേണ്ടി. ശക്തമായി പ്രാർഥിക്കുവാൻ നാം തയ്യാറാകണം.