സൗദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അജു പോളിൻ്റെ സംസ്കാരം ജൂൺ 21 ന്   

സൗദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അജു പോളിൻ്റെ സംസ്കാരം ജൂൺ 21 ന്   

വാർത്ത: ചാക്കോ കെ. തോമസ് ബാംഗ്ലൂർ

കൊച്ചി: സൗദി അറേബ്യയിലെ റിയാദിൽ ജൂൺ 7 ന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞ കിഴക്കമ്പലം വാലയിൽ പൗലോസിൻ്റെ മകൻ അജു പോളിൻ്റെ ( 52 ) സംസ്കാരം ജൂൺ 21 (നാളെ) രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് ജിഎൻഎഫ്എ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.  

ഭാര്യ: കോട്ടയം കട്ടക്കുഴി സ്മിത.

മക്കൾ: പോൾസൺ ( ബിബിഎ വിദ്യാർഥി, മംഗളം ആർട്സ് ആൻഡ് സയൻസ് കോളേജ് ഏറ്റുമാനൂർ) , എബിസൺ (ബിബിഎ വിദ്യാർഥി, ക്രിസ്തു ജയന്തി കോളേജ്, ബെംഗളൂരു).

ജൂൺ 7 ശനിയാഴ്ച രാത്രി അജുവും കുടുംബവും റിയാദിലുള്ള റ്റിപിഎം പ്രാർഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരവേ നിയന്ത്രണം വിട്ട് അജുവിൻ്റെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ അജു മരണമടയുകയായിരുന്നു.

അപകടത്തിൽ ഭാര്യ സ്മിതയ്ക്കും മകൻ എബിനും പരുക്കേറ്റിരുന്നു.  അപകടസമയത്ത് ബിബിഎ വിദ്യാർഥിയായ മൂത്ത മകൻ പോൾസൺ നാട്ടിലായിരുന്നു.

ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ കിഴക്കമ്പലം സഭയുടെ ആരംഭകാല വിശ്വാസികളായ വാലയിൽ വി.കെ. പൗലോസിൻ്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ. രണ്ടര പതിറ്റാണ്ടിലധികമായി (27 വർഷം) സൗദി അറേബ്യയിലെ നാഷണൽ വാട്ടർ കമ്പനി ഉദ്യോഗസ്ഥനായിരുന്നു.  

ആത്മീയ കാര്യങ്ങളിൽ സജീവമായിരുന്ന അജു ,ഈദ് അവധിയായതിനാൽ സഭയിൽ നടക്കുന്ന രണ്ടു ദിവസത്തെ ഉപവാസ പ്രാർഥനയിൽ കുടുംബത്തൊടൊപ്പം സംബന്ധിച്ച്, വിശ്വാസികളൊടൊപ്പം ആഹാരവും കഴിച്ച് താമസസ്ഥലമായ നദീമിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.  

അപകടത്തിനു അര മണിക്കൂർ മുമ്പും നാട്ടിലുള്ള മാതാപിതാക്കളുമായി പ്രാർഥനയ്ക്ക് പോയി മടങ്ങി പോകുകയാണെന്ന് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ഇളയ സഹോദരി സിന്ദു ഗുഡ്ന്യൂസിനോട് പറഞ്ഞു. 

സഹോദരങ്ങൾ: ബിന്ദു മാത്യൂ (ഖത്തർ), സിന്ദു ജവഹർ (ഐശ്വര്യ സ്റ്റുഡിയോ കോട്ടയം).

 

Advertisement