പെരുമഴ: എങ്ങും ആശങ്ക

പെരുമഴ: എങ്ങും ആശങ്ക

കെ.സി. ചാക്കോ വേളൂർ

കോട്ടയം: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മഴക്കെടുതി വീണ്ടും ഭീഷണി ഉയര്‍ത്തുകയാണ്. ജനജീവിതം ദുസ്സഹമാകുന്ന നിലയില്‍ പെരുമഴ പെയ്തുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് കടുത്ത നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. കാറ്റിലും മഴയിലും സംസ്ഥാനമാകെ വ്യാപകമായി കൃഷിനാശം സംഭവിച്ച് കര്‍ഷകരും പ്രതിസന്ധിയിലായി. പല പ്രദേശങ്ങളിലും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. നഗരങ്ങളിലടക്കം വെള്ളക്കെട്ടു രൂക്ഷമാണ്. പലയിടത്തും സഭാഹാളുകള്‍ ഉള്‍പ്പെടെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. മരങ്ങള്‍ വീണു ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്. തീരമേഖലയില്‍ പലയിടങ്ങളും അതിരൂക്ഷമായ കടലാക്രമണത്തിന്‍റെ പിടിയിലാണ്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളും ഏറെയാണ്. 

ഇതു റിപ്പോര്‍ട്ട് ചെയ്യുന്ന ഈ സമയത്തും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ തകര്‍ത്തുപെയ്യുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം തുടര്‍മാനമായി അവധി നല്‍കേണ്ട സാഹചര്യമാണ് പല ജില്ലകളിലും. നിരവധി ദുരിതാശ്വാസക്യാമ്പുകളാണ് പല ജില്ലകളിലും ആരംഭിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയും നേരിടുന്നു. മണ്ണിടിച്ചില്‍ നേരിടുന്ന പല മേഖലകളും കടുത്ത ആശയങ്കയിലാണ്. 

തിരുവല്ല, കുട്ടനാട് സമീപമുള്ള വിവിധ സഭാഹാളിലും, വീടുകളിലും വെള്ളം കയറിയതായി ഗുഡ്‌ന്യൂസ് പ്രതിനിധി ജോജി ഐപ്പ് മാത്യൂസ് റിപ്പോർട്ട് ചെയ്തു. ആരാധനാലങ്ങളിലേയ്ക്ക് വഴിതടസ്സം സൃഷ്‌ടിക്കുന്ന രീതിയിൽ വെള്ളം കയറിയതായും മഴതുടരുന്നത് പ്രദേശവാസികളിൽ ആശങ്ക ഉണർത്തുന്നതായും അദ്ദേഹം പറഞ്ഞു. 

ഐപിസി മേപ്രാൽ വെസ്റ്റ് ആരാധനാലയനത്തിന്റെ ചുറ്റുപാടും ഒട്ടുമിക്ക വിശ്വാസികളുടെ വീടുകളിലും വെള്ളം കയറിയതായി സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോൺ ഗുഡ്‌ന്യൂസിനോട് പറഞ്ഞു. ഇദ്ദേഹം താമസിക്കുന്ന വീടിന്റെ ചുറ്റുപാടും വെള്ളം കയറിയതിനാൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വെള്ളക്കിണർ ഐപിസി ചർച്ച്, നിരണം ടാബർനാക്കിൽ ഐപിസി തുടങ്ങിയ ഇടങ്ങളിലും കനത്ത മഴയെത്തുടർന്ന് വെള്ളം കയറി. നെടുമ്പ്രം ഗോസ്പൽ സെന്ററിന്റെ ചുറ്റുപാടും വെള്ളത്തിനടിയിലായി. ഐപിസി റാന്നി ഈസ്റ്റ് സെന്ററിൽ അറയാഞ്ഞിലിമൻ സഭാഹാളിനു ചുറ്റുപാടും വെള്ളം കയറിയതായി യുവജന പ്രവർത്തകൻ ജോസി പ്ലാത്താനത്ത് റിപ്പോർട്ട് ചെയ്തു.  

കോട്ടയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേടിടുകയാണ്. കുമരകം കണ്ണാടിച്ചാൽ ചർച്ച് ഓഫ് ഗോഡ്, ഐപിസി ഹെബ്രോൻ ചെങ്ങളം തുടങ്ങിയ ആലയങ്ങളിൽ വെള്ളം കയറിയാതായി ഗുഡ്‌ന്യൂസ് പ്രവർത്തകൻ കെ.സി. ചാക്കോ റിപ്പോർട്ട് ചെയ്തു. കോട്ടയം ഏ.ജി സെൻട്രൽ സഭാഹാളിന്റെ മുറ്റത്തു വെള്ളം കയറിയതായും റിപ്പോർട്ട് ചെയ്തു.  കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ കനത്തമഴ മൂലം വിശ്വാസ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. 

തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണു തിരമാലകള്‍ കൂടുതലായും കയറുന്നത്. കടല്‍ക്കലിയും വെള്ളക്കെട്ടും കൂടിയായതോടെ തീരദേശവാസികളുടെ  ജീവിതം കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു. അറുനൂറു കിലോമീറ്ററോളം തീരദേശവും കടലിനെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളം, കടല്‍ക്ഷോഭത്തിന്‍റെ കെടുതികളിലും ആശങ്കകളിലും തുടര്‍ച്ചയായി വലയേണ്ടിവരുന്ന ഈ സാഹചര്യം എന്ന് അവസാനിക്കുമെന്നാണ് തീരദേശവാസികളുടെ ചോദ്യം. 

മഴശക്തിപ്പെട്ടതോടെ ജോലിയ്ക്ക് പോകാൻ കഴിയാതെ ദൈനംദിന ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടുകയാണ് നിരവധി കുടുംബങ്ങൾ. സ്കൂൾ തുറക്കുന്ന സമയം ആയതിനാൽ പല വീടുകളിലും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. കാലവര്‍ഷക്കെടുതിയില്‍ പൊറുതിമുട്ടുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നമുക്കൊരുമിച്ച് കൈകോര്‍ക്കാം. ബോധവല്‍ക്കരണം നടത്തി അപകടങ്ങള്‍ ഒഴിവാക്കാം.  പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാം.

Advertisement