സഭയെ നശിപ്പിക്കുന്ന രാഷ്ട്രീയം വേണ്ടെന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്; അന്യോന്യം ക്ഷമ ചോദിച്ച് നേതാക്കൾ; ഏ.ജി പ്രസ്ബിറ്ററി മീറ്റിംഗ് മാതൃകായി

സഭയെ നശിപ്പിക്കുന്ന രാഷ്ട്രീയം വേണ്ടെന്ന്  അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്; അന്യോന്യം ക്ഷമ ചോദിച്ച് നേതാക്കൾ; ഏ.ജി പ്രസ്ബിറ്ററി മീറ്റിംഗ് മാതൃകായി

പുനലൂരിൽ നടന്ന പ്രസ്ബിറ്ററി മീറ്റിംഗ് ചരിത്രസംഭവമായി; ഏ.ജി യിൽ ഇനി വോട്ടുപിടിത്തവും പാനലും ഇല്ല.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രസ്ബിറ്ററന്മാരും പരസ്പരം ക്ഷമ ചോദിച്ചും തെറ്റുകൾ ഏറ്റുപറഞ്ഞും മാതൃകയായി

പുനലൂർ: അരനൂറ്റാണ്ടിലേറെയായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിൽ പ്രത്യക്ഷവും പരോക്ഷമായും നിലനിന്നിരുന്ന വിഭാഗീയതയ്ക്ക് വിരാമമായി.

സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവൽ, സഭയുടെ മുൻ സെക്രട്ടറി പാസ്റ്റർ ടി. വി.പൗലോസിനോട് തനിക്കുണ്ടായിരുന്ന മാനസിക ബുദ്ധിമുട്ടുകളും വേദനകളും പരസ്യമായി പങ്കുവെച്ചു, ഇരുവരും ക്ഷമ ചോദിച്ച് നിരപ്പ് പ്രാപിച്ചു.

ഡിസം.23 ന് പുനലൂരിൽ നടന്ന പ്രസ്ബിറ്ററി മീറ്റിംഗിലാണ് ഇരുവരും പാനൽ രാഷ്ട്രീയവും ഭിന്നിപ്പും സഭയെ നശിപ്പിക്കുന്നുവെന്ന കാഴ്ചപ്പാടിൽ ഐക്യതയോടെ മുന്നേറാൻ തീരുമാനമായത്. 

സഭയുടെ ആത്മീയ സാക്ഷ്യത്തിനും ഐക്യത്തിനും വലിയ വെല്ലുവിളിയായിരുന്ന ഈ അവസ്ഥയ്ക്ക് വിരാമമാകുന്ന ദൃശ്യങ്ങളാണ് യോഗത്തിൽ അരങ്ങേറിയത്.

എറ്റുപറച്ചിലും അന്യോന്യം ക്ഷമ ചോദിക്കലും നിറഞ്ഞ ഈ പ്രസ്ബിറ്ററി മീറ്റിംഗ്, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ചരിത്രത്തിൽ അപൂർവമായ ആത്മീയ അനുഭവമായി. 

ഇത് സഭാ നേതൃത്വത്തിലുടനീളം ശക്തമായ ആത്മീയ പ്രതികരണങ്ങൾക്ക് ഇടയാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രസ്ബിറ്ററന്മാരും പരസ്പരം ക്ഷമ ചോദിച്ചും തെറ്റുകൾ ഏറ്റുപറഞ്ഞും മുന്നോട്ട് വന്നു. വികാരാധീനരായി കണ്ണീരോടെ അന്യോന്യം നിരപ്പ് പ്രാപിക്കുന്ന നിരവധി ദൃശ്യങ്ങൾ യോഗത്തിൽ സാക്ഷ്യമായി.

യോഗത്തിൽ പങ്കെടുത്ത എല്ലാവരും അസാധാരണമായ പരിശുദ്ധാത്മസാന്നിധ്യം അനുഭവിച്ചതായി സാക്ഷ്യപ്പെടുത്തി. ഒരു സാധാരണ ബിസിനസ് മീറ്റിംഗിനെക്കാൾ അധികം ആത്മീയ പുനരുജ്ജീവനത്തിന്റെ വേദിയായി യോഗം മാറിയതായും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സഭാ രാഷ്ട്രീയവും അധികാരമത്സരങ്ങളും പൂർണമായും ഒഴിവാക്കണമെന്ന നിർണായക തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി, ഇനി മുതൽ അസംബ്ലീസ് ഓഫ് ഗോഡിൽ ഒരാൾക്കും ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പരസ്യമായോ രഹസ്യമായോ പറയാൻ അനുവാദമില്ല. അതുപോലെ, മറ്റൊരാൾക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുന്നതും അനുവദനീയമല്ലെന്ന് യോഗം വ്യക്തമാക്കി.

അസംബ്ലീസ് ഓഫ് ഗോഡിൽ ഇനി മുതൽ ഗ്രൂപ്പ് യോഗങ്ങൾ, തിരഞ്ഞെടുപ്പ് പ്രചരണം, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം, പാനൽ സംവിധാനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കാനും തീരുമാനമായി.

ഈ തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കുന്ന പക്ഷം, 2026-ലെ കോൺഫറൻസിൽ ദൈവം നിയമിക്കുന്ന ആളുകൾ സഭയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസവും അംഗങ്ങൾ പങ്കുവെച്ചു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൽ രൂപപ്പെട്ട ഈ ഐക്യത്തിന്റെ മാതൃക, മറ്റ് പെന്തക്കോസ്ത് സഭകൾക്കും അനുകരണീയമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. 

ഐക്യം പുനഃസ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാസ്റ്റർ ടി. ജെ. സാമുവലിനും പാസ്റ്റർ ടി. വി. പൗലോസിനും പാസ്റ്റർമാരും വിശ്വാസികളും അടങ്ങുന്ന അനേകം പേർ അഭിനന്ദനങ്ങൾ അറിയിച്ചു.

Advt.

Advt.