കോശി യേശുദാസ്: വിടപറഞ്ഞത് കാരുണ്യത്തിന്റെ പര്യായം

കോശി യേശുദാസ്: വിടപറഞ്ഞത് കാരുണ്യത്തിന്റെ പര്യായം

അനുസ്മരണം

കോശി യേശുദാസ്: വിടപറഞ്ഞത് കാരുണ്യത്തിന്റെ പര്യായം

മാധ്യമ പ്രവർത്തകൻ ചാക്കോ കെ. തോമസ്, ബെംഗളൂരു അനുസ്മരിക്കുന്നു

ലംകൈ കൊടുക്കുന്നത്  ഇടം കൈ അറിയാതെ സഭാവ്യത്യാസമെന്യ സുവിശേഷകർക്കും സുവിശേഷവേലയ്ക്കും പൊതുസമൂഹത്തിനും ഭൗതികനന്മകളും സ്‌നേഹവും നൽകിയിരുന്ന ജോയി എന്ന കോശി യേശുദാസ് (55) ഏപ്രിൽ ആറിനു മസ്‌കറ്റിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. മസ്‌കത്തിൽനിന്നു സലാലയിലേക്കുള്ള യാത്രയിൽ കോശിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം  മറിഞ്ഞാണ് അപകടം ഉണ്ടായത്.

കൊട്ടാരക്കര പഴിഞ്ഞം ആലുംവിള ബഥേൽ മന്ദിരത്തിൽ പരേതനായ എ. കെ. യേശുദാസിന്റെയും കുഞ്ഞുമറിയാമ്മയുടെയും (കുഞ്ഞുമോൾ) പുത്രനായി 1969 മെയ് 30 നു ജനിച്ച ജോയ്  പെന്തെക്കോസ്ത് മിഷൻ ആദ്യകാല സുവിശേഷ പ്രവർത്തകരായ പാസ്റ്റർ ആലുംവിള കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും പൗത്രനും, അടയാറിൽവച്ച് മഹത്വത്തിൽ പ്രവേശിച്ച മദർ മേരിക്കുട്ടി കോശിയുടെ സഹോദരപുത്രനുമാണ്.
ഉമ്മന്നൂർ സെന്റ് ജോൺസ് സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ പിതാവിന്റെ സൗണ്ട് സിസ്റ്റത്തിന്റെ (ഫെയ്ത് സൗണ്ടസ്, കൊട്ടാരക്കര) ഭാഗമായിരുന്നു.

1990ൽ സൗദി അറേബ്യയയിൽ  ജോലിയിൽ പ്രവേശിച്ചു താൻ പിന്നീട് അവിടെ സ്വന്തമായി ബിസിനസ് ആരംഭിച്ചു. ദൈവാനുഗ്രഹത്താൽ കുവൈറ്റിലേക്കും കേരളത്തിലേക്കും ബിസിനസ് വ്യാപിച്ചു. 

1996 ൽ വാളകം കർമേലിൽ മാത്യുക്കുട്ടിയുടയും ലീലാമ്മയുടയും മകൾ പ്രയ്‌സിയെ  വിവാഹംചെയ്തു. അവരുടെ ദാമ്പത്യജീവിതത്തിൽ മൂന്നു മക്കൾ പിറന്നു: കെസിയ കോശി, കെന്നസ് കോശി, സേറ കോശി. എല്ലാവരും വിദ്യാർഥികളാണ്. 
തികഞ്ഞ ദൈവഭക്തനായിരുന്ന കോശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൺവൻഷനുകളിൽ പങ്കെടുക്കാൻ ഉത്സാഹിച്ചിരുന്നു. മാതൃസഭയായ ഉമ്മന്നൂർ പെന്തെക്കോസ്തു മിഷൻ കൺവൻഷനിലും കൊട്ടാരക്കരയിലെയും കൺവൻഷനിലും പങ്കെടുത്തു രാപകലില്ലാതെ കുശിനിയിൽ ജോലിചെയ്യുക പതിവാക്കിയിരുന്നു.

2024 ലെ കൊട്ടാരക്കര കൺവെൻഷൻ വരെ ഇതു തുടർന്നു.
യുവതലമുറയെക്കുറിച്ച് പ്രത്യേക ആത്മഭാരമുണ്ടായിരുന്ന അദ്ദേഹം, മക്കളെയും ദൈവഭക്തിയിലും അച്ചടക്കത്തിലും വളർത്തുന്നതിൽ അതീവ തല്പരനായിരുന്നു. ആഡംബരജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും സാധാരണക്കാരനായി ജീവിച്ച് തലമുറയെ എളിമപരിശീലിപ്പിച്ചു.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ അതീവ തല്പരനായിരുന്നു. അർഹരായവർക്കു കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ മടിച്ചിരുന്നില്ല. 

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപു എറണാകുളത്തുവച്ചാണു ജോയിയുമായി പരിചയപ്പെടുന്നത്. പിന്നീട് സ്‌നേഹബന്ധം പുതുക്കിയിരുന്നു. കൊട്ടാരക്കര കൺവെൻഷനിൽ കാണുവാനും വീട്ടിൽ വരണമെന്ന് എന്നെ നിർബന്ധിച്ചിരുന്നു. സമയക്കുറവു നിമിത്തം അതു സാധിക്കാതെ പോയി. ഇനി കാണാം, നിത്യതയിൽ.
സംസ്‌കാരം റ്റി.പി.എം ഉമ്മന്നൂർ സഭയുടെ നേതൃത്വത്തിൽ  ഏപ്രിൽ 17നു നടന്നു.

പാസ്റ്റർമാരായ എം.ജോസഫ് കുട്ടി, കുഞ്ഞുമോൻ ജോർജ്, ജോർജ്കുട്ടി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്യം നൽകി.

ഏപ്രിൽ 16ന് ഭവനത്തിൽ നടന്ന ശുശ്രൂഷയിൽ ഡെപൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ്, വിവിധ സ്ഥലങ്ങളിലെ സെന്റർ പാസ്റ്റർമാരും, അസി.പാസ്റ്റർമാരും പ്രസംഗിച്ചു. വിവിധ സഭകളിലെ ശുശ്രൂഷകർ, കന്യാസ്ത്രീകൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുത്ത് അനുശോചനം അറിയിച്ചു.