ദൈവത്തെക്കൂടാതുള്ള അദ്ധ്വാനം വ്യർത്ഥം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഏതാനും വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ക്ളോറൽസ് ഡാറോ എന്ന പേരെടുത്ത അഭിഭാഷകൻ തന്റെ ചില സ്നേഹിതന്മാരോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അക്കൂട്ടത്തിൽ ഒരു സഭാശുശ്രൂഷകനും ഉണ്ടായിരുന്നു. തന്റെ അദ്ധ്വാനഫലമായി താൻ കൈവരിച്ച നേട്ടങ്ങളെപ്പറ്റി വക്കീൽ വിവരിച്ചു. തന്റെ ബുദ്ധിമണ്ഡലത്തിൽ നിന്നുണ്ടായ നേട്ടം തന്നെ ധനികനാക്കിത്തീർത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ കൈവരിച്ച ഓരോ നേട്ടങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.
ഇതു കേട്ടിരുന്ന സ്നേഹിതന്മാർ വക്കീലിന്റെ അദ്ധ്വാനശീലത്തെ വാനോളം പുകഴ്ത്തി. ഒടുവിൽ വക്കീൽ സഭാശുശ്രൂഷകനോട് ചോദിച്ചു : വിശുദ്ധ ബൈബിളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്യം ഏതാണെന്നു കേൾക്കണമോ ?' കേൾക്കാൻ ആഗ്രഹമുണ്ടെന്ന് പാസ്റ്റർ മറുപടി നൽകി. ' നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും നിന്റെ വാക്കിനു ഞാൻ വലയിറക്കാം' (ലൂക്കൊസ് 5 : 5) എന്നതാണെന്ന് വക്കീൽ പറഞ്ഞു.
അദ്ദേഹം തുടർന്നു : ഞാൻ ലോകത്തിൽ ഭൗതികമായി പലതും നേടിയെങ്കിലും അർത്ഥശൂന്യമായ ഒരവസ്ഥ ഇന്നും എന്നെ വലയം ചെയ്തു നിൽക്കുന്നു. ദൈവത്തെക്കൂടാതെയുള്ള അദ്ധ്വാനത്തിനു ഒരു വിലയുമില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. അത് എന്നെന്നേക്കുമായി നശിച്ചുപോകുന്നതാണ്.'
ശാരീരികമായും മാനസികമായും കഠിനമായി അദ്ധ്വാനിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. 'എന്തിനു വേണ്ടിയാണ് നിങ്ങൾ ഇത്രയധികം കഷ്ടപ്പെടുന്നത് ?' എന്നു ചോദിച്ചാൽ 'തങ്ങളുടെ ആഗ്രഹങ്ങളുടെ സാഫല്യത്തിന് പണം ആവശ്യമായതിനാൽ അതിനു വേണ്ടിയാണ്' എന്ന് അവർ മറുപടി നൽകിയേക്കും. ശരീരത്തിനുവേണ്ടി അദ്ധ്വാനിക്കുന്നവർ നശ്വരമായ ഒന്നിനുവേണ്ടിയാണ് അദ്ധ്വാനിക്കുന്നതെന്ന യാഥാർത്ഥ്യം പലപ്പോഴും വിസ്മരിച്ചുപോകുന്നു.
നശ്വരമായ ഒന്നിനുവേണ്ടി അദ്ധ്വാനം ചെലവഴിക്കുമ്പോൾ അദ്ധ്വാനവും അതോടൊപ്പം നശിച്ചുപോകുന്നു എന്ന വസ്തുത ഇക്കൂട്ടർ മനസിലാക്കേണ്ടതാണ്. എന്നാൽ ഒരിക്കലും നശിച്ചുപോകാത്ത നിത്യമായ ഒന്നിനുവേണ്ടിയുള്ള അദ്ധ്വാനം 'നിത്യത'യിലേക്കുള്ള (Eternity) മുതൽക്കൂട്ടായി തീരുന്നതാണ്.
രാത്രി മുഴുവനും കഠിനമായി മീൻ പിടിക്കാൻ ശ്രമിച്ചിട്ടും ഒന്നും കിട്ടാതെ നിരാശയിൽ വല കഴുകിക്കൊണ്ടിരുന്ന ഒരു കൂട്ടം മീൻപിടുത്തക്കാരെ യേശുകർത്താവ് അഭിമുഖീകരിക്കുന്നതായി ലൂക്കൊസ് 5 : 1 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ കാണുന്നു. അവർ രാത്രി മുഴുവൻ യേശുക്രിസ്തുവിനെ കൂടാതെ അദ്ധ്വാനിച്ചെങ്കിലും ഒന്നും കിട്ടിയില്ല. നേരം പുലർന്നപ്പോൾ അവർ ക്രിസ്തുവിന്റെ വാക്ക് കേട്ടനുസരിച്ചു ജോലി ചെയ്തപ്പോൾ അവരുടെ അനുഗ്രഹം വളരെയേറെ വർദ്ധിച്ചു. നമുക്കും മഹാദൈവമായ യേശുകർത്താവിന്റെ വാക്കു കേട്ടനുസരിച്ച് ജോലി ചെയ്യുന്നവരായി മാറാം.
ചിന്തക്ക് : 'യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു. നിങ്ങൾ അതികാലത്ത് എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യർത്ഥമത്രേ. തന്റെ പ്രിയനോ, അത് അവൻ ഉറക്കത്തിൽ കൊടുക്കുന്നു' (സങ്കീർത്തനങ്ങൾ 127 : 1 & 2).
Advertisement