ഗോഡ്സി യാത്രയായി; വേദനയില്ലാത്ത നാട്ടിലേക്ക്...

ഗോഡ്സി യാത്രയായി; വേദനയില്ലാത്ത നാട്ടിലേക്ക്...

ടോണി ഡി. ചെവ്വൂക്കാരൻ

35 വർഷത്തെ ഹ്രസ്വമായ ജീവിതത്തിനിടയിൽ അടുത്തറിഞ്ഞവരുടെ മനസ്സിൽ ഓർത്തുവെക്കുവാൻ നിറമുള്ള കുറെ നല്ല ഓർമ്മകളും ഹൃദയത്തിൽ വേർപാടിന്റെ നൊമ്പരവും നൽകി ഗോഡ്സി ബ്ലെസ്സ്മോൻ ജനുവരി 21ന് ഇമ്പങ്ങളുടെ പറുദീസയിലേക്ക് പറന്നുയർന്നു.

തൃശൂർ ആൽപ്പാറ കൊക്കൻ വീട്ടിൽ ബ്ലെസ്സ്മോന്റെ ഭാര്യയായ ഗോഡ്സി അഞ്ചു മാസമായി കാൻസർ രോഗത്തിന്റെ പിടിയിലായിരുന്നു. രോഗം മൂർച്ഛിച്ച് വേദനകൊണ്ട് പുളയുമ്പോഴും സന്ദർശകരെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ച് അവരുടെ ഉള്ളിൽ വിശ്വാസത്തിന്റേയും പ്രത്യാശയുടേയും പ്രകാശം പകരുവാൻ ഗോഡ്സിക്കു കഴിഞ്ഞു. അതോടൊപ്പം, പതിഞ്ഞ സ്വരത്തിൽ ആശ്വാസഗാനങ്ങൾ പാടി പ്രിയംവെച്ച ക്രിസ്തുവിലുള്ള പ്രത്യാശയാൽ നിറയുവാനും സമയം കണ്ടെത്തി. ഉദാത്തമായ ജീവിതം കൊണ്ട് ഗോഡ്സി എന്ന പേരിന്റെ അർത്ഥം അന്വർത്ഥമാക്കി മറ്റുള്ളവർക്ക് യേശുവിനെ കാണിച്ചുകൊടുത്തു.

പ്രാർത്ഥനക്ക് എപ്പോഴും പ്രാധാന്യം നൽകിയിരുന്ന ഈ യുവസഹോദരി വേൾഡ് പ്രയർ വാരിയർ എന്ന പേരിൽ സഹോദരിമാരെ സംഘടിപ്പിച്ച് ഓൺലൈനിൽ പ്രാർത്ഥനാഗ്രൂപ്പ് നടത്തി വന്നു. തൃശൂർ ക്രിസ്തുസഭ അംഗങ്ങളായ കളത്തിൽ ജോൺസന്റെയും എൽസിയുടെയും രണ്ട് പെൺമക്കളിൽ മൂത്ത മകളാണ് ഗോഡ്സി.

മിഷണറി ഹെർമ്മൻ ഗുണ്ടർട്ടിന്റെ മലയാളം ഡിക് ഷണറി, പാട്ടുകൾ, പുസ്തകങ്ങൾ എന്നിവ അന്നത്തെ ലിപിയിൽ തന്നെ ഡിജിറ്റൽ രൂപത്തിലാക്കുന്ന മഹത്തായ സംരഭത്തിൽ പങ്കാളിയായി, ഗുണ്ടർട്ട് ലെഗസി ഗ്രൂപ്പിനുവേണ്ടി ആയിരം പേജുകൾ ഡിജിറ്റലാക്കികൊടുക്കുവാൻ ഗോഡ്സിക്ക് കഴിഞ്ഞു.

സുവിശേഷ രംഗത്ത് ബ്ലെസ്സ്മോന്റെ പ്രോത്സാഹനം ഗോഡ്സിക്ക് ഏറെ സഹായകമായി. ദൈവവചന പരിഭാഷ രംഗത്ത് പ്രവർത്തിച്ചുവരുന്ന എൻ.എൽ.സി.ഐ. ബാംഗ്ലൂരിൽ 5 വർഷം പ്രവർത്തിച്ചിട്ടുള്ള ബ്ലെസ്സ്മോൻ, ഗുഡ്ന്യൂസ് ബാലലോകത്തിന്റെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

14 വർഷത്തെ കുടുംബജീവിതത്തിനു വിരാമം കുറിച്ച് രോഗവും വേദനയും ഇല്ലാത്ത നാട്ടിലേക്ക് ഗോഡ്സി യാത്രയായി. ഭൗതീക ശരീരം ജനുവരി 23ന് അടക്കം ചെയ്യുമ്പോൾ ആ ദിനം വേദനയിൽ കുതിർന്ന മറ്റൊരു ഓർമ്മപ്പെടുത്തലിന്റെ ദിനമായിരുന്നു.

ജനുവരി 23 ബ്ലെസ്മോന്റെ ജന്മദിനവും, അവരുടെ 14-ാം വിവാഹവാർഷികദിനവുമായിരുന്നു.

സംസ്കാര ശുശ്രൂഷയ്ക്ക് ഇവാ. സി.ജെ. വർഗീസ്, ബ്രദേഴ്സ് ടി.എഫ്. ജെയിംസ്, കെ.എം. ജോൺ. ടി.എസ്. ജോബ് എന്നിവർ നേതൃത്വം നൽകി. ബ്രദർ വിസന്റ് ചാർലി ദൈവവചനം പ്രസംഗിച്ചു. വിവിധ സഭാസംഘടന പ്രതിനിധികൾ അനുശോചനം അറിയിച്ചു.

ഗുഡ്ന്യൂസിനുവേണ്ടി ചീഫ് എഡിറ്റർ സി.വി.മാത്യു, കോ-ഓഡിനേറ്റിംങ്ങ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡന്റ് സാം കൊണ്ടാഴി, മുൻ സംസ്ഥാന പ്രസിഡന്റ് ഡെന്നി പുലിക്കോട്ടിൽ എന്നിവർ അനുശോചനം അറിയിച്ചു.

സംസ്കാര ശുശ്രൂഷാസമയത്ത് പ്രസിദ്ധീകരിച്ച ലീഫ് ലറ്ററിൽ ബ്ലെസ്മോൻ ഇങ്ങനെ കുറിച്ചിട്ടു..

വേദനകൾ ഇല്ലാവീട്ടിൽ

കഷ്ടങ്ങൾ ഇല്ലാനാട്ടിൽ

ഇമ്പങ്ങളുടെ പറുദീസയിൽ

പ്രത്യാശയുടെ തുറമുഖത്ത്

ആ മനോഹരത്തീരത്ത്

വീണ്ടും കാണാം എന്ന പ്രത്യാശയോടെ

മുറിവേറ്റ ഹൃദയത്തോടെ

കണ്ണീരോടെ പ്രിയപ്പെട്ടവളേ നിനക്ക്

യാത്രാമംഗളങ്ങൾ നേരുന്നു

Advertisement