അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല, പക്ഷെ നാം ചെയ്യുന്നതോ.....
ഷിബിൻ ജി. ശാമുവൽ (പ്രസിഡന്റ്, പി.വൈ.പി.എ കേരള സ്റ്റേറ്റ്)
ഭാരതമെന്ന ഈ രാജ്യത്തു ജനിച്ചു വീഴാനും വളരാനും ഭാഗ്യം ലഭിച്ചവരാണ് നമ്മൾ. ജനാധിപത്യ - മതേതര രാജ്യമായി ഇതിനെ സ്വപ്‍ന സമാനമാക്കിയത് മതത്തിന്റെയോ ഭാഷയുടെയൊ ചേരിതിരിവുകളില്ലാതെ ഭാരതീയർ ഒരുമിച്ചാണ്. അതിൽ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഇസ്ലാമിനും പാർസിക്കും ജയിനനും സിഖ്‌കാരനും.... പങ്കുണ്ട്. ഒരു കാലത്ത് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിള ഭൂമിയായൊരുന്ന ഈ മണ്ണ് ഈ രീതിയിലാക്കിയത് ത്യാഗ വാര്യന്മാരായ മിഷനറിമാരാണ്. നമ്മൾ ഭാരതീയർ എന്നതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു. പെന്തക്കോസ്തു അനുഭവമുള്ള ക്രിസ്ത്യാനി ആണെന്നതിൽ അതിലേറെ അഭിമാനിക്കുന്നു.
പക്ഷെ ഈ നാട്ടിൽ ഇന്ന് വർഗീയത ഫണം വിടർത്തി ആടുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ചത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, ഉത്തരാഞ്ചൽ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സുവിശേഷത്തിന്റെ വാതിൽ മത നിരോധന ബില്ലുകൾ ഉൾപ്പെടെ പാസാക്കി കൊട്ടി അടച്ചു കൊണ്ടിരിക്കുകയാണ്.
പലയിടങ്ങളിലും ആരാധനാലയങ്ങൾ തകർക്കുന്നു, ദൈവദാസന്മാരെയും ദൈവമക്കളെയും തടവറകളിൽ അടക്കുന്നു. കഴിഞ്ഞ ദിവസം ഭരണ കൂടത്തിന്റെ ഒത്താശയോടെ ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ നാം കണ്ടതാണ്.
എന്നാൽ കേരളത്തിലെ ബിജെപി നേതാക്കന്മാർ വോട്ട് ബാങ്ക് മുന്നിൽ കണ്ട് കന്യാസ്ത്രീ വിഷയത്തിൽ 'വാക്ക് കൊണ്ടെങ്കിലും' അനുകൂലമായി സംസാരിക്കുന്നു വെങ്കിലും പെന്തക്കോസ്തു സമൂഹത്തെ അതിനിടയിലും പരിപൂർണമായി തള്ളുന്ന നിലപാട് നമ്മൾ കണ്ടല്ലോ.
പെന്തക്കോസ്തുകാർ മതപരിവർത്തനം നടത്തുന്നുവെന്ന് ചില രാഷ്ട്രീയ നേതാക്കൾ പരസ്യമായി പറയുമ്പോൾ അതിൽ നാം ദുഃഖിക്കുകയല്ല അഭിമാനിക്കുകയാണ് വേണ്ടത്. കാരണം കർത്താവ് നൽകിയ മഹത്തായ ദൗത്യത്തെ നാം ഏറ്റെടുക്കുന്നു എന്നതാകാം അങ്ങനെ അവർ ധരിക്കാൻ കാരണം.
മതപരിവർത്തനം നടത്തുവാൻ നാം മതത്തിന്റെ വക്താക്കൾ അല്ലല്ലോ. നമ്മെ രക്ഷിച്ച അരുമ നാഥനെ ഏത് സാഹചര്യത്തിലും നാം പ്രസംഗിക്കും. എന്ത് ഭീക്ഷണികൾ ഉയർന്നാലും നമ്മുടെ ജീവിതാവസാനം വരെ നാം യേശു ലോക രക്ഷകൻ എന്ന് വിളിച്ചു പറയും. കാരണം ഞാൻ വിശ്വസിക്കുന്നത് പ്രസംഗിക്കുന്നത് ആരുടേയും ഔദാര്യത്തിൽ അല്ല. നമുക്ക് ഈ രാജ്യം പൗരൻ എന്ന നിലയിൽ തരുന്ന അവകാശമാണ്. അതും ജീവൻ കർത്താവിന് വേണ്ടി സമർപ്പിച്ച നമുക്ക് ഒരു ശ്വാസത്തിന്റെ വില മാത്രമുള്ള മനുഷ്യനെ പേടിക്കുന്നത് എന്തിന്?സഹോദരങ്ങളെ നമ്മുടെ ജാമ്യക്കാരൻ സ്വർഗത്തിൽ ആണ്.
ഒരാളെ പോലും തീവ്രവാദിയാക്കാത്ത, വർഗീയ വാദിയാക്കാത്ത, കൊലപാതകിയെയും കൊള്ളക്കാരെ പോലും നന്മയുള്ളവരാക്കിയ മദ്യപാനവും, ലഹരി മരുന്നുകളുടെ ഉപയോഗവും കൊണ്ട് ജീവിതം തകർന്ന നൂറ് കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന, ആത്മഹത്യയുടെ വക്കിൽ നിന്ന ആയിരങ്ങളെ ജീവിത നിരാശയിൽ നിന്നും പിടിച്ചു കയറ്റിയ, ആരോടും പ്രതികാരം ചെയ്യാത്ത, ഉപദ്രവിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്ന 'സുവിശേഷം' എന്ന നല്ല വാർത്ത ഞങ്ങൾ ജീവിതത്തിന്റെ അവസാനം വരെ പ്രസംഗിക്കും. അത് എന്തെല്ലാം നിയമങ്ങൾ കൊണ്ടു വന്നാലും പീഡനങ്ങൾ അഴിച്ചു വിട്ടാലും കള്ള കേസുകളിൽ കുടുക്കിയാലും സുവിശേഷം പ്രസംഗിക്കുന്നത് ഞങ്ങൾക്ക് അഭിമാനമാണ്.
എന്നാൽ ദുഃഖകരമായ കാര്യം..... താത്കാലിക നേട്ടത്തിന് വേണ്ടി വർഗീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന, ശബ്ദിക്കുന്ന, വോട്ട് പിടിക്കുന്ന, തെരഞ്ഞെടുപ്പിൽ പിന്തുണക്കുന്ന ചുരുക്കം ചിലരെങ്കിലും പെന്തക്കോസ്തു പ്രസ്ഥാനങ്ങളിലും ഉണ്ടെന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. നാം ഈ കേരളത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഈ പാർട്ടി ഇവിടെ വേര് പിടിക്കാത്തത് കൊണ്ടാണ്. പക്ഷെ ക്രിസ്തുമസിന് വീടുകളിൽ വന്നു കേക്ക് വിതരണം ചെയ്തും, അരമനകളിളും, തിരെഞ്ഞെടുപ്പ് സമയങ്ങളിൽ നമ്മുടെ സഭാ ഹാളുകളിൽ ഉൾപ്പെടെ കയറി ഇറങ്ങിയും കാല് പിടിക്കുന്നത് സ്നേഹം കൊണ്ടല്ല ഇവിടെ ഭരണം പിടിച്ചു അവരുടെ വർഗീയ അജണ്ട നടപ്പാക്കുവാൻ വേണ്ടിയാണു..
അവരോട് താത്കാലിക നേട്ടത്തിനായി എങ്കിലും കൈകൊടുക്കുമ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ അടികൊള്ളുന്നത് ഓർക്കുക, ജയിലറകളിൽ നരക യാതന അനുഭവിക്കുന്നത് മറക്കാതിരിക്കുക, പേപ്പട്ടിയെ പോലെ നമ്മുടെ ദൈവ ദാസന്മാരെ തല്ലി പായിക്കുന്നത് അറിയുക....
നമ്മുടെ കൂട്ടത്തിൽ യൂദമാർ ഇല്ലാതിരിക്കട്ടെ...
അവർ ചെയ്യുന്നത് എന്തെന്ന് അവർക്കറിയില്ല. കാരണം അവർക്ക് 'യഥാർത്ഥ സത്യം' അറിയില്ല. പക്ഷെ പെന്തക്കോസ്തുകാരെ അവരോടൊപ്പം കൈകോർത്താൽ നാം ചെയ്യുന്നത് എന്തെന്ന് നമുക്കറിയാം.. കാരണം നാം സത്യം അറിഞ്ഞവരാണ്. സത്യത്തെ ഈ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യാൻ തിന്മക്കൊപ്പം കൈകോർക്കുന്നവരായി നമ്മളിൽ ഒരാൾ പോലും മാറരുത്. അത് നമ്മുടെ അരുമ നാഥനോടും മണവാട്ടി യായ സഭയോടും കാട്ടുന്ന വലിയ അപരാധമാണ്.


