കാട് കയറുന്ന കൺവെൻഷനുകൾ!!!

കാട് കയറുന്ന കൺവെൻഷനുകൾ!!!

കാട് കയറുന്ന കൺവെൻഷനുകൾ!!!

 റോജി മോൻ

ൺവെൻഷൻ പല തരം ഉള്ളത് കൊണ്ട് ഓരോ കൺവെൻഷന്റെയും ലക്ഷ്യവും സാധ്യതകളും വ്യത്യസ്തമാണ്, വ്യത്യസ്തമായിരിക്കണം. ജനറൽ കൺവെൻഷനുകൾ / ഡിസ്ട്രിക്ട് കൺവെൻഷനുകളെയും അല്ലാത്ത കൺവെൻഷനുകളെയും (സുവിശേഷ യോഗങ്ങൾ ) രണ്ടായി തന്നെ കാണണം.

ആത്യന്തികമായി ഇത് സഭയുടെ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ആത്‍മിക സംഗമം ആണ്. അവിടെ കൂടുന്ന ആളുകൾ പ്രധാനമായും ആ പ്രസ്ഥാനത്തിലെ ആളുകൾ ആണ് (അല്ലാത്തവരും ഉണ്ടാകും, പക്ഷേ കുറവ് ആണ്)!! അതു കൊണ്ട് തന്നെ ഒരു സാധാരണ സുവിശേഷയോഗമോ പ്രസംഗമോ അല്ല മറിച്ചു സഭയ്ക്ക് ആവശ്യമായ സന്ദേശങ്ങളും മറ്റു യോഗങ്ങളും ആണ് അതിൽ ഉണ്ടാവേണ്ടത്. ജനറൽ കൺവെൻഷനിൽ എത്ര പേർ രക്ഷിക്കപ്പെട്ടു എന്ന ചോദ്യം അത്ര പ്രസക്തമല്ല. മറിച്ചു രക്ഷിക്കപ്പെട്ടവരെ അത്യന്തികമായി സുവിശേഷീകാരണത്തിന് ഒരുക്കുക, ആത്മീക പക്വതയിലേക്ക് വളർത്തുക എന്നതൊക്കെ ആണ് ലക്ഷ്യം.അപ്പോൾ തന്നെ പുറത്തുള്ളവരും വീക്ഷിക്കുന്നത് കൊണ്ട് പൊതു ജനത്തെ ക്രിസ്തുവിലേക്കു നയിക്കുന്ന സന്ദേശങ്ങളും ആവശ്യം ആണ്.അതു കൊണ്ട് തന്നെ കുറച്ചു ഇളക്കപ്പെരുപ്പം അല്ല മറിച്ചു ചിട്ടയായ പഠനത്തിന് ഉള്ള അവസരം ഒരുക്കേണ്ട ഇടം ആണ്. തീം ഒക്കെ അതിനു സഹായിക്കേണ്ടത് ആണ്.(തീം കൊണ്ട് അതു സാധിക്കുന്നുണ്ടോ എന്നും ഇല്ലെങ്കിൽ എന്ത് കൊണ്ട് എന്നും പരിശോധിക്കണം).

സഭയെ അതിന്റെ ദൗത്യനിർവഹണത്തിന് (സഭയ്ക്ക് അകത്തും പുറത്തും ഉള്ള ദൗത്യത്തിന്) ഒരുക്കുക എന്നതിലേക്കു നയിക്കുന്നത് ആവണം ഇത്തരം കൺവെൻഷനുകളിലെ എല്ലാ കാര്യങ്ങളും. പൊതുവായതും പതിവായതും ആയ കാര്യങ്ങൾക്ക് അപ്പുറത്ത് ഈ കൺവെൻഷൻ ദിവസങ്ങളിൽ അതിന്റെ ഭാഗമായി തന്നെ ചെയ്യുവാൻ കഴിയുന്ന മറ്റു ചിലകാര്യങ്ങൾ ഉണ്ട്:

1 പാസ്റ്റർമാരുടെ ഭാര്യമാർക്ക് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുക. സഭയുടെ ശുശ്രൂഷ വളർച്ചയിൽ ഉപകാരപ്രദമാകും. 

2)സൺ‌ഡേസ്കൂൾ അധ്യാപകർക്ക് നല്ല പരിശീലനം ഈ ദിവസങ്ങളിൽ നൽകാം. പരിശീലനം ആവശ്യം ഇല്ലാത്ത ഏതോ ഒരു കലാ പരിപാടി ആണ് സൺ‌ഡേ സ്കൂൾ അധ്യാപനം എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ സൺ‌ഡേസ്കൂൾ അധ്യാപകരെ ഒക്കെ വിദ്യാർത്ഥികൾ ചോദ്യങ്ങൾ കൊണ്ട് പൊരിച്ചു എടുക്കുന്നതും കാണാം. ഒരു സില്ലബസ്സും കുറെ പുസ്തകങ്ങളും കയ്യിൽ ഉണ്ടായാൽ സൺ‌ഡേ സ്കൂൾ അധ്യാപകർ ആകില്ലല്ലോ??  വളരെ അപ്ഡേറ്റഡ് ആയിരിക്കേണ്ടവർ കൂടിയാണ് സൺ‌ഡേ സ്കൂൾ അധ്യാപകർ. 

3) മിഷൻ & ഇവാൻജലിസം :  മഹായോഗങ്ങളുടെ ഭാഗമായി മിഷൻ കോൺഫറൻസ് അല്ലെങ്കിൽ മിഷൻ സംബന്ധമായ മീറ്റിങ്ങുകൾ നടക്കുന്നത് ചുരുക്കമാണ്. എന്നാൽ സഭ അല്ലെങ്കിൽ ഒരു പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തിൽ മിഷൻ & ഇവാൻജലിസം അഥവാ സഭയുടെ ദൗത്യം (സഭയ്ക്ക് അകത്തും പുറത്തും) ദൗത്യനിർവഹണം, അതിന്റെ വെല്ലുവിളികൾ സാധ്യതകൾ ചർച്ച് ചെയ്യണം. ഏതെങ്കിലും വല്ല യൂത്ത് ക്യാമ്പിൽ ഓടിച്ചിട്ട് ഒരു 45 മിനുറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ മിഷൻ ചലഞ്ചു എന്ന് കേട്ടാൽ ആയി. മിഷൻ & ഇവൻജെലിസം എന്നത് പാസ്റ്റർ മാത്രം ചെയ്യേണ്ടത് അല്ല. സഭ ഒന്നിച്ചു ചെയ്യേണ്ടത് ആണ്. 

4) പാസ്റ്റർമാർക്ക് ആ ദിവസങ്ങളിൽ പ്രത്യേക ട്രെയിനിങ് നല്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് കാലികമായ വിഷയങ്ങളിൽ (ഉപദേശ വിഷയങ്ങൾ ഉൾപ്പെടെ) പരിശീലനം വളരെ ആവശ്യം ഉള്ള കാലം ആണ്. അങ്ങനെ കാര്യ ഗൗരവം ആയ ഒരു പരിശീലനവും പലയിടത്തും ഇല്ല (ചിലർ ചെയ്യുന്നുണ്ട്). തങ്ങൾ ജീവിക്കുന്ന സമൂഹത്തെ കുറിച്ച്, അതിന്റെ ചലനങ്ങളെ കുറച്ചു കൃത്യമായ ധാരണ ഉണ്ടാകേണ്ടവർ ആണ് പാസ്റ്റർമാർ. പാസ്റ്റർമാർ അനുഭവിക്കുന്ന വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് കൗൺസിലിംഗും മാർഗ്ഗനിർദേശങ്ങളും ഒക്കെ നൽകുവാൻ കഴിവും പരിചയവും ഉള്ളവരെ ഉപയോഗിക്കാം. കൂട്ടത്തിൽ പാട്ട് എന്നത് മാത്രം അല്ലാതെ one to one ആയി സംസാരിക്കുവാൻ അവർക്ക് അവസരം ഒരുക്കാൻ ശ്രമിക്കണം

5)അപ്പോലൊജറ്റിക്സ് : അപ്പോളോജിറ്റിക്സ് എന്നത് ഇന്നും പല ആളുകൾക്കും അലർജിയാണ്. എന്നാൽ സഭയ്ക്ക് അകത്തു നിന്ന് ദുരുപദേശങ്ങളും പുറത്തു നിന്ന് ദർശനികമായ വെല്ലുവിളികളും നേരിടുന്ന കാലം ആണ്. ഇവയ്ക്ക് എതിരെ സഭയെ അറിവുള്ളവർ ആക്കുവാൻ, ഒരു പൊതു ബോധം ഒക്കെ നൽകുവാൻ മഹായോഗങ്ങൾ അവസരമാക്കുവാൻ കഴിയും. അതിനൊക്കെ ഉതകുന്ന സെഷനുകൾ ഒരുക്കണം. സാധാരണ ദുരുപദേശങ്ങൾക്ക് എതിരെ കുറ്റകരമായതും ദുരൂഹമായതുമായ മൗനം പുലർത്തുന്നവർ ആണ് മിക്ക സഭാ നേതൃത്വവും. മഹായോഗങ്ങളിൽ കഴിഞ്ഞ ഒരു വർഷം സമൂഹത്തിൽ ഉയർന്നു വന്ന ഗൗരവം ഉള്ള ഉപദേശ സംബന്ധിച്ചുള്ള വിഷയങ്ങൾ എങ്കിലും ചർച്ച ചെയ്യുകയും സഭയ്ക്ക് അതിനെതിരെ ഉള്ള ബോധവൽക്കരണം നടത്തുകയും ചെയ്യണം. 

6)പൊതുനിയമം സംബന്ധിച്ച് : പൊതുവെ നിലവിലെ നിയമങ്ങളെ കുറിച്ച് അറിവ് നമ്മുടെ ഇടയിൽ കുറവാണ്. ആരാധനാലയങ്ങളെ കുറിച്ച്, സുവിശേഷീകരണത്തിനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ കുറിച്ച് എല്ലാം എല്ലാവർക്കും അറിവ് ഉണ്ടാക്കണം. ഇനിയും ഒരു കുറേ കാര്യങ്ങൾ ഉണ്ട്. ചിലത് കുറിച്ചു എന്ന് മാത്രം. 

ഇതൊക്കെ ചെയ്താൽ ജനറൽ കൺവെൻഷന്റെ അല്ലെങ്കിൽ ഡിസ്ട്രിക്ട് കൺവെൻഷന്റെ ആത്മിക അന്തരീക്ഷം ഒക്കെ പോകും എന്ന് ആശങ്കപ്പെടുന്നവർ ഉണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ല. ആത്മീകത കേവലം വൈകാരികത അല്ല പ്രായോഗികമായിരിക്കണം. ആത്മീക ആരോഗ്യം ആണ് പ്രധാനം. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ രാത്രിയിൽ ഉള്ള പൊതുയോഗങ്ങളെ, പ്രസംഗത്തെ ഒന്നും ബാധിക്കാതെ പകൽ ക്രമീകരിക്കാവുന്നതുമാണ്. മാറി ചിന്തിക്കുവാൻ തുടങ്ങിയ നേതൃത്വങ്ങളും സംഘനകളും ഉണ്ട്. അവരിൽ പ്രതീക്ഷയുണ്ട്.

ജനറൽ /ഡിസ്ട്രിക്ട് കൺവെൻഷനുകൾക്ക് കൃത്യമായ ഒരു ലക്ഷ്യം വേണം. അതു ഒരു തീം, കുറേ പ്രസംഗങ്ങൾ തുടങ്ങി സാധാരണ കാര്യങ്ങൾ എന്നതിന് അപ്പുറത്തേക്ക് വളരെ പ്ലാൻ ചെയ്തു എഫക്റ്റീവ് ആയി ചെയ്യേണ്ട ഒന്നാണ്. വരും കാലങ്ങളുടെയും ഈ കാലത്തേയും വെല്ലുവിളികളെ അതി ജീവിക്കുവാൻ സഹായകമായ ചില കാര്യങ്ങൾക്ക് എങ്കിലും  തുടങ്ങേണ്ട സ്ഥലങ്ങൾ ആണ്.

പക്ഷേ പലപ്പോഴും കുറേ അനുഗ്രഹങ്ങൾ വാരി വിതറി, കുറേ പ്രസ്താവനകൾ വായിച്ചു (വേണ്ട എന്നല്ല), കുറേ പേർക്ക് അവസരം കൊടുത്തു എന്ന് വരുത്തിതീർക്കുന്ന, കുറേ പേരെ പുകഴ്ത്തി കുറേ പേരെ ഇകഴ്ത്തി, കുറേ പാടി ആടി, അതും ഇതും പറഞ്ഞു സോഷ്യൽ മീഡിയയിൽ വൈറൽ ആയി നാണക്കേട് ഉണ്ടാക്കി, കുറെ പ്രസംഗിച്ചു പിരിഞ്ഞിട്ട് മാത്രം കാര്യം ഇല്ല. കൃത്യമായ ലക്ഷ്യം വേണം...!! അങ്ങനെ ഒരു ലക്ഷ്യം ഉണ്ടോ?? ഇല്ല എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്!!! ഇത്രയും പണം മുടക്കി വർഷാവർഷം ജനറൽ /ഡിസ്ട്രിക്ട് കൺവെൻഷൻ നടത്തുമ്പോൾ അതു ആകാശത്തേക്ക് മുഷ്ടി ചുരുട്ടി ഇടിക്കും പോലെ ആവരുത്!!

എന്തക്കെയോ നടത്തി എന്ന ആത്മസംതൃപ്തി അല്ല, എല്ലാം കാണുന്ന കർത്താവിന്റെ പ്രസാദം ഉണ്ടായോ എന്ന ചോദ്യം വാൾ പോലെ നമുക്ക് മുകളിൽ തൂങ്ങി കിടക്കുന്നുണ്ട്...

Advertisement