ആദ്യ വിദേശയാത്രയും പിന്നെ ഡെയിലി ബ്രെഡും
മറക്കാനാവാത്ത ഓർമ്മകൾ - 02
സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)
ഏതാണ്ട് 40 വർഷത്തിനു മുമ്പ് ഞാൻ ഇൻഡ്യാ എവരി ഹോം ക്രൂസേഡിൽ പ്രവർത്തിക്കുന്നകാലം. അന്ന് വിദേശയാത്ര സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യം. സിലോൺ എവരി ഹോം ക്രൂസേഡിലെ ഒരു കോൺഫറൻസിനായി ഇന്ത്യയിൽ നിന്ന് രണ്ടുപേരെ അയക്കുവാൻ നിർദ്ദേശം വന്നു.
കേരളത്തിൽ നിന്നും മദ്രാസ് ഓഫീസിൽ നിന്നും ഓരോരുത്തർക്ക് ചീട്ട് വീണു. കേരളത്തിലെ ഓഫീസിൽ അന്ന് ഉണ്ടായിരുന്ന മുതിർന്ന ആർക്കും പാസ്പോർട്ട് ഇല്ലായിരുന്നു. ഞാൻ എന്തോ കൗതുകത്തിന് വാങ്ങി വച്ചിരുന്ന പാസ്പോർട്ടിനെക്കുറിച്ച് പെട്ടെന്ന് ഓർത്തു , എനിക്ക് പാസ്പോർട്ട് ഉണ്ടെന്ന് ഓഫീസിൽ അറിയിച്ചു. അങ്ങനെ കോൺഫറൻസിനായി പോകുവാനുള്ള അവസരം എനിക്കു ലഭിച്ചു. യാത്രാ സംബന്ധമായ കാര്യങ്ങൾ എല്ലാം മദ്രാസിലെ ഓഫീസിൽ നിന്നു ഡയറക്ടർ മി. ജെയിംസ് എബനേസർ സാർ ക്രമീകരിച്ചു.
ഞാൻ മദ്രാസ് ഓഫീസിലെത്തി. തോമസ് കുക്ക് കമ്പനിയിൽ നിന്നു കുറച്ചു ഫോറിൻ കറൻസി വാങ്ങി. മദ്രാസ് ഓഫീസിൽ നിന്നുള്ള സഹോദരനുമൊത്ത് വീസ ഓഫീസിൽ പോയി. അന്ന് സിലോണിലേക്കു വീസ ലഭിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, ആദ്യത്തെ വിസയും വിദേശ യാത്രയും ഒരു രേഖയായി പരിഗണിക്കും. അന്നത്തെ പാസ്പോർട്ട് ഇന്നത്തേതിൻ്റെ ഇരട്ടി വലുപ്പമുള്ളതായിരുന്നു. അതിലെ ഒരു പേജു മുഴുവൻ നിറഞ്ഞുനിൽക്കുന്ന റബർ സ്റ്റാമ്പായിരുന്നു വീസ. യാത്രക്കായി മദ്രാസിൽ നിന്ന് ട്രെയിനിൽ രാമേശ്വരത്തെത്തി. അവിടെ നിന്ന് കൊളമ്പോയിലേക്ക് ഫെറിയിലാണ് (ചെറിയ കപ്പൽ) യാത്ര. ഞങ്ങൾ രാമേശ്വരത്ത് എത്തിയപ്പോഴേക്കും അന്നത്തെ ഫെറി ഫുൾ ആയി. അടുത്ത ഫെറി സർവീസിനായി ഒന്നര ദിവസത്തോളം അവിടെ താമസിക്കേണ്ടി വന്നു. രാമേശ്വരത്തെ അപ്പൊസ്ഥലൻ എന്നറിയപ്പെട്ടിരുന്ന പാസ്റ്റർ എം. പൗലോസിനെ സന്ദർശിക്കണമെന്നാഗ്രഹിച്ചുവെങ്കിലും അന്ന് അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല.

കടൽ യാത്രയും ആദ്യ അനുഭവമായിരുന്നു. ഒരു സൈഡ് സീറ്റ് കണ്ടെത്തി യാത്ര തുടർന്നു. അപ്പർ ഡെക്ക് ഫസ്റ്റ് ക്ലാസ്സാണ്. മുകളിലേക്കുള്ള വാതിൽ അവർ തുറന്നിട്ടിരിക്കും. പരിചയമില്ലാത്തവർ കാഴ്ചകൾ കാണാനായി മുകളിലേക്കു കയറുക പതിവാണ്. കുറച്ചുകഴിയുമ്പോൾ ചെക്കർ വന്ന് വാതിലടക്കും. ഫൈൻ ആയി കിട്ടാവുന്ന സംഖ്യ പിരിച്ചെടുക്കും. അത് അവരുടെ സ്ഥിരം പരിപാടിയാണ്. കൊളമ്പോ പോർട്ടിൽ ഞങ്ങളെ സ്വീകരിക്കുവാൻ ഇ.എച്ച്.സി. പ്രവർത്തകർ വാഹനവുമായി കാത്തുനിന്നിരുന്നു.
രണ്ടു ദിവസത്തെ മീറ്റിംഗുകൾ ഞങ്ങൾക്കു നഷ്ടമായി. പ്രധാന പ്രസംഗകൻ ബാഗ്ലൂരിൽ നിന്നുവന്ന വിബിഎസ് (ഒറിജിനൽ) ഡയറക്ടറായിരുന്നു. പേര് ഓർക്കുന്നില്ല. അദ്ദേഹത്തിൻ്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഒരു വാക്യമെടുത്താൽ അതു മിതും പറഞ്ഞ് കാടുകയറി പോകാതെ വിഷയത്തിൽ പിടിച്ചുകയറി കയറി പോകുന്ന വ്യഖ്യാന രീതി മറക്കാനാവില്ല. അവസാന ദിവസം ആരാധനയോടനുബന്ധിച്ചു കർതൃമേശയുണ്ടായിരുന്നു. വീഞ്ഞിനു പകരം മുന്തിരി ചാറല്ലാതെ മറ്റെന്തോ ഉപയോഗിച്ചു നടത്തിയ മേശയിൽ സംബന്ധിക്കുവാൻ മടി തോന്നിയെങ്കിലും പങ്കെടുത്തു. പലതുകൊണ്ടും ശ്രദ്ധേയമായ സമ്മേളമായിരുന്നു അത്.
ഞങ്ങൾ എത്താൻ വൈകിയതിൻ്റെ കാരണം സിലോൺ ഡയറക്ടറായ മി.തേവബാലസിംഗം ചോദിച്ചറിഞ്ഞിരുന്നു. കോൺഫറൻസ് കഴിഞ്ഞ് സിലോണിലെ തേയിലത്തോട്ടവും മറ്റും കാണുവാൻ അവസരം അദ്ദേഹം ഒരുക്കിയിരുന്നു. ഒരു ദിവസം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങി. ഒരു പ്രാവശ്യം കൂടെ സിലോൺ സന്ദർശിക്കണമെന്നു മനസിൽ കരുതിയാണു മടങ്ങിയതെങ്കിലും അവിടെ തുടർന്നുണ്ടായ ആഭ്യന്തരകലാപം മൂലം. കഴിഞ്ഞില്ല. എങ്കിലും ആദ്യ യാത്രാനുഭങ്ങൾ അവിസ്മരണീയങ്ങളായിരുന്നു. അൽപം ഷോപ്പിംഗിനായി ഒരു മാളിൽ പോയി. വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു ജപ്പാൻ നിർമിത പാനസോണിക്ക് റേഡിയോ - സ്റ്റീരിയോ ടേപ്പ് റെക്കാർഡറും മറ്റു ചില ഫോറിൻ സാധങ്ങളും വാങ്ങി. അന്നു വാങ്ങിയ ഒറിജിനൽ തെർമോസ് ഫ്ലാസ്ക്ക് ഇന്നും ഓർമ്മക്കായി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
1982 ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ രണ്ടു വരെയായിരുന്നു ആ യാത്ര. തിരികെ പോകാനൊരുങ്ങുമ്പോൾ വന്നതുപോലെ ഞങ്ങൾ ഇനിയും ബുദ്ധിമുട്ടരുതെന്നു കരുതി ഡയറക്ടർ സാർ എടുത്തു വച്ചിരുന്ന മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് കയ്യിൽ തന്നപ്പോൾ അത്ഭുതപ്പെട്ടു പോയി. ആദ്യ വിമാന യാത്ര ആർക്കും മറക്കാനാവില്ലല്ലോ. പെട്ടിയൊക്കെ പാക്കുചെയ്തു. അവിടെ വിതരണം ചെയ്ത ‘ഔവർ ഡെയ്ലി ബ്രെഡ്’ എന്ന ചെറിയ ധ്യാന പുസ്തകം വീണ്ടും ഉപയോഗിക്കാനായി ഏറ്റവും മുകളിലായി വെച്ചു.

എയർപോർട്ടിലെ കസ്റ്റംസ് പരിശോധന കർക്കശമാണെന്ന് മനസിലായി. ഇലക്ട്രോണിക് സാധനങ്ങൾക്ക് ഡ്യൂട്ടി ഉറപ്പ്. കൈവശം വേണ്ടത്ര പണവുമില്ല. കസ്റ്റംസ് പരിശോധന ഇന്നത്തെപ്പോലെയല്ല. അവർ പെട്ടിയഴിച്ചാൽ സകല സാധനവും വാരിവലിച്ച് പുറത്തിടും. തിരികെ അടുക്കി വയ്ക്കുന്നതു ശ്രമകരമായ പണിയാണ്.
വലിയ ആകാംക്ഷയോടെ വിമാനത്തിൽ കയറി. മറക്കാനാവാത്ത ആദ്യ വിമാന യാത്ര. കന്നിയാത്രക്കാർക്ക് കനിഞ്ഞു നൽകാറുള്ള വിൻഡോ സീറ്റുകിട്ടിയത് സന്തോഷം ഇരട്ടിയാക്കി!
കൊളമ്പോയിൽ നിന്നു തിരുവനന്തപുരത്തേക്കാണ് യാത്ര. കസ്റ്റംസിനെക്കുറിച്ചുള്ള ആശങ്ക യാത്രയുടെ ആസ്വാദ്യതന്നെ കുറച്ചു കളഞ്ഞു. എയർപോർട്ട് ആദ്യം കാണുമ്പോഴുള്ള ആഹ്ലാദവും അങ്കലാപ്പും ചെറുതൊന്നുമല്ല. ഞാൻ പെട്ടിയുമായി കസ്റ്റംസ് ഓഫീസറുടെ മുന്നിലെത്തി. ആദ്യയാത്രക്കാരുടെയും ഡ്യൂട്ടി സാധനങ്ങൾ പെട്ടിയിലുള്ളവരുടെയും മുഖത്തുനോക്കി അവർ കാര്യങ്ങൾ വായിച്ചെടുക്കും.
40 വർഷം മുമ്പുള്ള കഥയാണു ഞാൻ ഓർത്തെടുക്കുന്നത്. പെട്ടി തുറക്കുവാൻ ഓഫീസർ ആവശ്യപ്പെട്ടു. ഞാൻ പെട്ടി തുറന്നുവെച്ചു. ഡെയിലി ബ്രഡ് കണ്ട ഓഫീസർ എൻ്റെ മുഖത്തുനോക്കി ചോദിച്ചു: പാസ്റ്ററാണോ? ഒരു സുവിശേഷ പ്രവർത്തകനാണന്നും ശ്രീലങ്കയിൽ ഒരു കോൺഫറൻസിനു പോയതാണെന്നും ശാന്തമായി മറുപടി പറഞ്ഞു. പെട്ടിയടച്ചു പൊയ്കൊള്ളാൻ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. അദ്ദേഹം ഒരു വിശ്വാസിയാണെന്നു മനസിലായി. കൂടുതൽ പരിചയപ്പെടുവാനൊന്നും അവിടെ സമയമില്ല.
യാത്രയിൽ തുണയായ Our Daily Bread നു ഗുഡ്ന്യൂസുമായി ഒരു ബന്ധമുണ്ട്. ഗുഡ്ന്യൂസിൻ്റെ എംബ്ലത്തിലെ തുറന്ന ബൈബിൾ ഡെയിലി ബ്രെഡിൽ നിന്നു ഞാൻ നിർദ്ദേശിച്ചതാണ്. ഇന്നത്തെ ചിന്തയിലെ പല രചനകൾക്കും എനിക്ക് സഹായമായതും ഡെയിലി ബ്രഡ് എന്ന ചെറിയ ധ്യാനക്കുറിപ്പുകളാണ്.
ഇന്നിതു വായിക്കുമ്പോൾ ഇതിലെന്തു പുതുമ എന്നു തോന്നാം. ആദ്യാനുഭവങ്ങൾക്ക് അതിൻ്റേതായ പ്രാധാന്യമുണ്ട്. വിമാനത്തിൻ്റെ ശബ്ദം കേൾക്കുമ്പോൾ മുറ്റത്തേക്ക് ഓടിയിറങ്ങി ആകാശത്തേക്കു നോക്കുന്നവർ ഇന്നുമില്ലേ? 40 വർഷം മുമ്പുണ്ടായ അനുഭവം മറക്കാനെളുപ്പമല്ലല്ലോ! അതും ആത്മിയ പ്രവർത്തനവുമായി ബന്ധപ്പെട്ടതാകുമ്പോൾ !

