മലീമസമാക്കപ്പെടുന്ന തീർത്ഥജലം!
മലീമസമാക്കപ്പെടുന്ന തീർത്ഥജലം!
പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ
പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികൾ വേമ്പനാട്ട് കായൽ വഴി തോട്ടപ്പള്ളി അഴിമുഖത്ത് അറബിക്കടലിൽ ചേരുന്നു. അഴിമുഖത്തിൻ്റെ തെക്കേക്കരയിലാണ് തോട്ടപ്പള്ളി ബീച്ച്.
ഒരിക്കൽ ഞാൻ മാവേലിക്കരയിൽ നിന്നും ആലുവായിക്കുള്ള യാത്രാമധ്യേ തോട്ടപ്പള്ളി ബീച്ചിൽ അൽപസമയം ചെലവഴിച്ചു. കാഴ്ചകൾ കണ്ട് നിൽക്കുമ്പോൾ, പെട്ടെന്ന് കടൽവെള്ളവും പുഴവെള്ളവും കലർന്ന ഒരു വലിയ തിരയിലെ ജലധൂളികൾ എൻ്റെ മേൽ പെയ്തിറങ്ങി. അത് എൻ്റെ നാവിന് അല്പം ഉപ്പിൻ്റെ രുചി പകർന്നു.
ദേശീയ പാത അറുപത്തിയാറിൽ തോട്ടപ്പള്ളി സ്പിൽവേ പാലത്തിലൂടെ യാത്ര തുടർന്ന എൻ്റെ ചിന്ത ശുദ്ധജലത്തിലെ ഉപ്പ് രസമായിരുന്നു. സഹ്യൻ്റെ വിരിമാറിൽ പെയ്തിറങ്ങുന്ന അമൃതവർഷം മണ്ണിലേക്കും പല പാളി പാറകളിലേക്കും ഇറങ്ങിപ്പോകുമ്പോൾ ചെളി, പൊടി, മറ്റ് മാലിന്യങ്ങൾ എന്നിവ സ്വാഭാവികമായി നീക്കം ചെയ്യപ്പെട്ട് പരിശുദ്ധമാകുന്നു. അത് പാറയിടുക്കുകളിലൂടെ ഒഴുകുമ്പോൾ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പ്രകൃതിദത്ത ധാതുക്കൾ വെള്ളത്തിൽ ലയിച്ചുചേരുന്നു. ഇത് വെള്ളത്തിന് മികച്ച രുചിയും ഗുണവും നൽകുന്നു. മാത്രമല്ല സൂര്യപ്രകാശവും വായുവും നേരിട്ട് ഏൽക്കാതെ ഭൂമിക്കടിയിലൂടെ ഒഴുകുന്നതിനാൽ ഇതിൽ രോഗാണുക്കൾ കുറവായിരിക്കും. പ്രകൃതിദത്തമായ ഉറവയിലെ വെള്ളം അതിന്റെ ഉത്ഭവസ്ഥാനത്ത് അതീവ നിർമ്മലമായിരിക്കും.
തുടർന്ന് പരിശുദ്ധമായ ഉറവകളിൽ നിന്ന് ആരംഭിച്ച് അരുവികളായി ഒഴുകുകയും അനേക അരുവികൾ സംഗമിച്ച് നദികളായി തീരുകയും അവസാനം ആ നദി അറബിക്കടലിലെ അഴിമുഖത്തെത്തി പരിശുദ്ധിയുടെ പരിച്ഛേദം നഷ്ടപ്പെടുന്നത് വളരെ ചിന്തനീയമായ വസ്തുതയാണ്.
ആരംഭത്തിൽ അശുദ്ധിയെ ഫിൽറ്റർ ചെയ്ത്, സ്വാഭാവിക ധാതുലവണങ്ങളെ കൂട്ടിയോജിപ്പിച്ച് രോഗാണു വിമുക്തമായ പരിശുദ്ധമായ നീരുറവ. പിന്നീട് മനുഷ്യന്റെ സ്വാർത്ഥതയും ദ്രവ്യാഗ്രഹവും അധീശത്വവും അധികാര ദുർമോഹവും മൂലമുള്ള ഇടപെടലുകൾ അത് രാസവളങ്ങളായി, ഫാക്ടറി മാലിന്യങ്ങളായി, ജൈവ വിസർജ്യങ്ങളായി ഒഴുകി എത്തി. മനുഷ്യൻ്റെ ഒടുങ്ങാത്ത ആർത്തി അതിനെ അഴിമുഖത്ത് എത്തുമ്പോഴേക്കും മാലിന്യകൂമ്പാരമാക്കിയിരിക്കും.
വിശുദ്ധിയും വേർപാടും മുഖമുദ്രയായി ആരംഭം കുറിച്ച മലയാള പെന്തെക്കോസ്തും, കാലചക്രത്തിൻ്റെ പ്രയാണത്തിൽ, വ്യക്തികളുടെ സ്വാർത്ഥതയ്ക്കും ദ്രവ്യാഗ്രഹത്തിനും അധികാര ദുർമോഹത്തിനും കീഴടങ്ങുന്നുവോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. ആധുനികതയുടെയും വളർച്ചയുടെയും പേര് പറഞ്ഞ് അനുദിനം ഒഴുകിയെത്തുന്ന പല മാലിന്യങ്ങൾക്കും നേരേ നാം കണ്ണടച്ചാൽ പെന്തെക്കോസ്ത് പ്രസ്ഥാനം സമൂഹത്തിൽ പരിഹാസപാത്രമാകും. ലാഭമായതിനെ ഛേദമെന്ന് എണ്ണുന്നതിനു പകരം, ലാഭം മാത്രം ലക്ഷ്യമാക്കി പരിഹാസികൾക്ക് അവസരം ഒരുക്കുന്നത് നാം മതിയാക്കാം. ഉറവകളിലെ പരിശുദ്ധിയും നിർമ്മലതയും നഷ്ടപ്പെടുന്നത് സ്വാഭാവിക പരിണാമമായി ലാഘവത്തോടെ കാണരുത്. അത് അഴിമുഖം അടുക്കുന്നതിൻ്റെ ലക്ഷണമല്ലാതെ മറ്റെന്താണ്.
അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
( വെളിപ്പാട് 22 : 11 )
Advertisement































































