കാലൻ ഡിഗ്രികൾ

ഡോ. സജി ജേക്കബ് നിലമ്പൂര്‍
അടുത്തകാലത്തായി നല്‍കുന്ന ഡിഗ്രികളും ബിരുദങ്ങളും എത്രമാത്രം അംഗീകൃതവും നിലവാരം ഉള്ളവയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതെയും നിലവാരം സൂക്ഷിക്കാതെയും ബിരുദങ്ങള്‍ നല്‍കുന്നത് തികച്ചും വഞ്ചനാപരമാണ്. ഇത് ക്രിസ്തീയ ശുശ്രൂഷകരുടെ നിലവാരം ഇടിച്ചു താഴ്ത്തും. ഇത്തരം ബിരുദങ്ങള്‍ ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെയും ആ ബിരുദങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ഷന്‍ നല്‍കുന്ന ഏജന്‍സികളെയും കര്‍ശനമായ മൂല്യനിര്‍ണയത്തിനു വിധേയമാക്കേണ്ടതുണ്ട്. കാര്യമായ പഠനമോ പരിശ്രമമോ കൂടാതെ എളുപ്പവഴിയിലൂടെ ഡിഗ്രികള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എല്ലാം ഇതില്‍പ്പെടുന്നു.
ഇന്ത്യയില്‍ വേദശാസ്ത്ര ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രധാനപ്പെട്ട രണ്ട് സ്ഥാപനങ്ങളാണ് ഉള്ളത്. അതിലൊന്നാമത്തേത് യൂണിവേഴ്സിറ്റി പദവിയുള്ള സെനറ്റ് ഓഫ് സെറാമ്പൂര്‍ കോളേജ് (യൂണിവേഴ്സിറ്റി) ആണ്. രണ്ടാമത്തേത് സ്ഥാപനങ്ങളുടെയും അവ നല്‍കുന്ന ബിരുദങ്ങളുടെയും നിലവാരം പരിശോധിച്ചു കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഏഷ്യ തിയോളജിക്കല്‍ അസോസിയേഷന്‍ എന്ന അക്രഡിറ്റിങ് ഏജന്‍സിയാണ്. ഇവ രണ്ടും കൂടാതെ വ്യക്തമായ മാനദണ്ഡങ്ങളും നിലവാരവും പുലര്‍ത്തുന്ന മറ്റൊരു ഏജന്‍സിയും ഇന്ത്യയില്‍ നിലവിലില്ല. വര്‍ണ്ണപ്പകിട്ടുള്ള ചിത്രങ്ങളും വിലകൂടിയ പരസ്യങ്ങളും ആധികാരികതയുടെ തെളിവല്ല. ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ബിരുദങ്ങള്‍ എവിടെ നിന്ന് ലഭിച്ചു എന്നും ഡോക്ടറേറ്റ് ആണെങ്കില്‍ എവിടെ നിന്നാണെന്നും അവരുടെ ഗവേഷണം ഏത് വിഷയത്തെ ആസ്പദമാക്കി ആയിരുന്നു എന്നും അവ പബ്ലിഷ് ചെയ്തിട്ടുണ്ടോ എന്നും അല്ലെങ്കില്‍ പബ്ലിഷ് ചെയ്യാന്‍ തക്ക നിലവാരമുള്ളതാണെന്നതിന്‍റെ തെളിവുണ്ടോ എന്നും പരിശോധിക്കണം. ഗൗരവതരമായ ഒരു പഠനത്തിലൂടെ ഒരു ഡിഗ്രിയും കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുകയില്ല എന്ന് അറിയാവുന്നതുകൊണ്ട് പലരും കുറുക്കുവഴിയിലൂടെ എങ്ങനെ അവ നേടാം എന്ന ആലോചനയിലാണ്.
മാത്രവുമല്ല ബിരുദങ്ങളുടെ നിലവാരവും ആധികാരികതയും സഭകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മിക്കപ്പോഴും അറിവില്ല എന്നുള്ളതാണ് സത്യം. ഗള്‍ഫ് നാടുകളിലും പാശ്ചാത്യ നാടുകളിലും ഉള്ള മലയാളം സഭകളിലേക്ക് ശുശ്രൂഷകന്മാരെ നിയമിക്കുമ്പോള്‍ അവരുടെ ബിരുദങ്ങള്‍ എവിടെ നിന്ന് കിട്ടിയതാണെന്ന് പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും. അംഗീകൃത യൂണിവേഴ്സിറ്റികളിലോ സെനെറ്റ് ഓഫ് സെറാമ്പൂരിന്‍റെ അഫിലിയേഷനുള്ള സ്ഥാപനങ്ങളിലോ ഏഷ്യാ തിയോളജിക്കല്‍ അസോസിയേഷന്‍റെ (അഠഅ) അക്രഡിറ്റേഷന്‍ ഉള്ള സ്ഥാപനങ്ങളിലോ വ്യവസ്ഥാപിതമായി പഠിച്ച് ബിരുദം നേടിയവരെ മാത്രമേ പരിഗണിക്കൂ എന്ന് നിഷ്കര്‍ഷിക്കുക. കുറുക്കു വഴികളിലൂടെയും മാനദണ്ഡങ്ങള്‍ ഇല്ലാതെയും നേടിയ ഡിഗ്രിക്കാരെ ഒഴിവാക്കുക. വിദ്യാഭ്യാസം മാനദണ്ഡം ആണെങ്കില്‍ നിലവാരമുള്ള വിദ്യാഭ്യാസം മാത്രം അംഗീകരിക്കുക.
അക്രെഡിറ്റേഷന്‍ നല്‍കുന്ന ചില സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അക്രെഡിറ്റേഷന്‍ ഫീസ് മാത്രമാണ് കോഴ്സുകള്‍ അംഗീകരിക്കുന്നതിനുള്ള മാനദണ്ഡം, ഇവ തികച്ചും അധാര്‍മികമാണ്. സമഗ്രമായ നിലയില്‍ കോഴ്സുകളെ വിശകലനം ചെയ്തതിനുശേഷം മാത്രമേ അംഗീകാരം നല്‍കാവൂ. അല്ലാതെ കുറുക്കുവഴിയിലൂടെയും മാനദണ്ഡങ്ങളില്ലാതെയും നല്‍കുന്ന ഡിഗ്രികളെ സാധാരണയായി 'കാലന്‍ ഡിഗ്രികള്‍' എന്നാണ് പറയുന്നത്. വിശ്വാസികളും പാസ്റ്റര്‍മാരും അത്തരം ഡിഗ്രികളുടെ പുറകെ പോകരുത്. പഠിക്കുകയാണെങ്കില്‍ നിലവാരമുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന നിലവാരമുള്ള കോഴ്സുകള്‍ മാത്രം പഠിക്കുക.
ഒന്നുകൂടി വ്യക്തമാക്കാം. ഏഷ്യ തിയോളജിക്കല്‍ അസോസിയേഷന്‍റെ അക്രെഡിറ്റേഷനുള്ള ഒരു സ്ഥാപനത്തില്‍ ബിറ്റിഎച്ച് കോഴ്സില്‍ പഠിപ്പിക്കണമെങ്കില്‍ അധ്യാപകന്‍റെ കുറഞ്ഞ യോഗ്യത എറ്റിഎയുടെ എംഡിവ് അല്ലെങ്കില്‍ സെറാമ്പൂരിന്‍റെ ബിഡി ബിരുദമാണ്. ഇന്ത്യയില്‍ മറ്റേതെങ്കിലും ഏജന്‍സിയുടെ ഡോക്ടറേറ്റ് കിട്ടിയാലും ബിറ്റിഎച്ചിന് പോലും പഠിപ്പിക്കാന്‍ യോഗ്യതയല്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിക്കാന്‍ മടിക്കരുത്.
നാലും അഞ്ചും വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്തു നിലവാരമുള്ള ഡോക്ടറേറ്റ് നേടിയ ഒരാളെയും ഒരു മാനദണ്ഡങ്ങളും നിലവാരവും ഇല്ലാതെ ഡോക്ടറേറ്റ് നേടിയ ആളെയും ഒരുപോലെ കാണുന്നത് ഖേദകരമാണ്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയേ തീരൂ. ഒരാള്‍ ഡോക്ടറേറ്റ് നേടിയ ആള്‍ ആണെന്ന് പറഞ്ഞാല്‍ ഉടന്‍ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഒന്ന് എവിടെയാണ് പഠിച്ചത്? രണ്ട് ഏത് വിഷയത്തെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തിയത്? മൂന്ന് ഗവേഷണത്തിന്‍റെ ടൈറ്റില്‍ എന്തായിരുന്നു? നാല്, ഏതെങ്കിലും സ്ഥാപനത്തില്‍ താമസിച്ചാണോ അതോ വീട്ടിലിരുന്നു തന്നെയാണോ പഠിച്ചത്? ആറ്, ഡോക്ടറേറ്റ് പൂര്‍ത്തീകരിക്കാന്‍ എത്ര വര്‍ഷം വേണ്ടിവന്നു. ഏഴ്, സൂപ്പര്‍വൈസര്‍ ആരായിരുന്നു... ഇത്രയുമൊക്കെ ചോദിക്കുമ്പോള്‍ ചുമ്മാ ഡോ ആണെങ്കില്‍ എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കും അല്ലെങ്കില്‍ ചോദിച്ച ആളോട് ദേഷ്യപ്പെടും. നെല്ലും പതിരും അങ്ങനെ തെളിയുകയും ചെയ്യും.
ഒരു യൂണിവേഴ്സിറ്റി നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്സിന്‍റെ നിലവാരത്തിലും മാതൃകയിലും നടത്താത്ത ഡിസ്റ്റന്‍സ് കോഴ്സുകളിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ പലരും റവറെന്‍റും കൗണ്‍സലറും ഡോക്ടറും ഒക്കെ ആവുകയാണ്. മറ്റുള്ളവരുടെ അജ്ഞതയെ മുതലെടുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇത് തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ബൈബിള്‍ പഠിക്കുന്നതിന് ന്യായമായ ഏതുരീതിയും (റെസിഡന്‍ഷ്യല്‍ ആയാലും ഡിസ്റ്റന്‍സ് ആയാലും) അവലംബിക്കാം. എന്നാല്‍ ഉപരിപഠനത്തിനും അധ്യാപനത്തിനും റെസിഡന്‍ഷ്യല്‍ കോഴ്സുകള്‍ക്കാണ് കൂടുതല്‍ അംഗീകാരം. റെസിഡന്‍ഷ്യല്‍ ആയാലും ഡിസ്റ്റന്‍സ് ആയാലും മുകളില്‍ പ്രസ്താവിച്ചതുപോലെയല്ലാതെ കിട്ടുന്ന ആ.ഠവ., ങ. ഉശ്., ങ. ഠവ., ജവഉ (മറ്റേതു പേരിട്ടാലും) അവ ചുമ്മാ ഡിഗ്രികള്‍ തന്നെ. ഇവരില്‍ പലര്‍ക്കും അവരുടെ ഡിഗ്രിയുടെ ഫുള്‍ ഫോം പോലും അറിയില്ലെന്നുള്ളതാണ് വാസ്തവം.
ഇതുപറയുമ്പോള്‍ ഏതെങ്കിലും ഒരു സ്ഥാപനം നല്ല നിലയില്‍ ഒരു ഡിപ്ലോമ കോഴ്സോ സര്‍ട്ടിഫിക്കറ്റ് കോഴ്സോ മൂന്നുവര്‍ഷത്തെ ഗ്രാജുവേഷന്‍ ലെവലിലുള്ള ഒരു കോഴ്സോ ആ സ്ഥാപനത്തിന്‍റെ മാത്രം കോഴ്സായി നടത്താന്‍ ഇന്നത്തെ നിലയില്‍ കഴിയും. അതില്‍ തെറ്റില്ല. എന്നാല്‍ സമഗ്രമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അക്രെഡിറ്റിംഗ് ഏജന്‍സികളുടെ അംഗീകാരത്തിന് ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. നിര്‍ബന്ധമാണെങ്കില്‍ സേനറ്റ് ഓഫ് സെറാമ്പൂര്‍, ഏഷ്യ തിയോളജിക്കല്‍ അസോസിയേഷന്‍ എന്നിവയില്‍ ഒന്നിന്‍റെ അംഗീകാരം നേടുക. അതിന് ഒരുപാട് യോഗ്യതകളും കടമ്പകളും നടപടിക്രമങ്ങളും ഉണ്ട്.
അതുകൊണ്ട്, സഭകളും സംഘടനകളും ഇക്കാര്യത്തില്‍ കബളിപ്പിക്കപ്പെടരുത്. നിങ്ങളുടെ സമൂഹങ്ങളിലെ കുട്ടികളെ നന്നായി പറിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഉഴപ്പന്മാരെയും ഇടയ്ക്കുവച്ചു പഠനം നിര്‍ത്തി രക്ഷപ്പെടാനായി ബൈബിള്‍ കോളേജില്‍ പോകണം എന്ന് പറയുന്നവരെയും നിരുത്സാഹപ്പെടുത്തണം. പഠിക്കാന്‍ മോശമായതുകൊണ്ടും ജോലിക്ക് പോയിടത്തൊന്നും ശരിയാകാഞ്ഞതുകൊണ്ടും മക്കളെ ബൈബിള്‍ കോളേജില്‍ വിടുന്ന പരിപാടിയും നിര്‍ത്തണം. ഇന്നത്തെ കാലത്ത് കുറഞ്ഞത് പ്ലസ് ടു വരെയെങ്കിലും നന്നായി പഠിക്കാതെയും പാസ്സാകാതെയും ജോലിക്ക് പോയി ശരിയാകാതെവരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദൈവവിളിയെ രണ്ടുവട്ടം ചിന്തിച്ചിട്ട് മാത്രമേ അംഗീകരിക്കാവൂ. ഇങ്ങനെയുള്ളവരാണ് കൂടുതലും അധ്വാനിക്കാതെ കിട്ടുന്ന ബിരുദങ്ങളുടെ പുറകെ പോകുന്നത്. കഴിഞ്ഞ 28 വര്‍ഷം വേദപഠനത്തിനു വരുന്ന ധാരാളം യുവാക്കളെ ഇന്‍റര്‍വ്യൂ ചെയ്തിട്ടുള്ള അനുഭവത്തില്‍ നിന്നുമാണ് ഇത് പറയുന്നത്. ഒരുകാലത്ത് വ്യവസ്ഥാപിതമായി പഠിച്ചവരെ ആക്ഷേപിച്ച് 'ബീഡി മാത്രം പോരാ തീയും വേണം' എന്നും, 'പഠിച്ചവര്‍ അക്ഷരത്തിന്‍റെ ശുശ്രൂഷകരാണ്' എന്നും പറഞ്ഞ് നടന്നവരുടെ കൂട്ടത്തില്‍പ്പെട്ടവര്‍ ഇന്ന് വിലകുറഞ്ഞ ഡിഗ്രികളുടെ പുറകെ പോകുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, നല്ല വിദ്യാഭ്യാസം ആര്‍ക്കും കുറുക്കുവഴിയിലൂടെ ലഭിക്കുകയില്ല. കഠിനാധ്വാനം ചെയ്തു പഠിച്ച് ബിരുദങ്ങള്‍ നേടിയവരെയും അധ്വാനിക്കാതെ ചുമ്മാ ഡിഗ്രികള്‍ നേടിയവരെയും തിരിച്ചറിയാനുള്ള വിവേകം നമ്മുടെ സമൂഹത്തിനുണ്ടാകണം. മേല്‍പ്പറഞ്ഞ ദുഷിച്ച പ്രവണത പെന്തെക്കോസ്തു സമൂഹത്തിലാണ് കാണപ്പെടുന്നത് എന്നത് ദുഃഖകരമാണ്. എപ്പിസ്കോപ്പല്‍ സമൂഹങ്ങളില്‍ അവരുടെ ശുശ്രൂഷകന്മാരുടെ യോഗ്യതയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ട്. വാളെടുക്കുന്നവര്‍ക്കെല്ലാം വെളിച്ചപ്പാടന്മാരാകാന്‍ പറ്റുന്ന ഒരു സമൂഹമാകരുത് നമ്മുടേത്.
Advertisement











































































