'ട്രാഡ് വൈഫ്' പ്രസ്ഥാനം സ്ത്രീ വിരുദ്ധമോ? | സമകാലികം
'ട്രാഡ് വൈഫ്' പ്രസ്ഥാനം സ്ത്രീ വിരുദ്ധമോ?

സമീപകാലത്തായി അമേരിക്കയിലും യൂറോപ്പിലും Traditional Wife (പരമ്പരാഗത ഭാര്യ) എന്നതിന്റെ ചുരുക്കെഴുത്തായ "Trad Wife" ജീവിത ശൈലി തെരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ജോലിക്കോ ഉപരിപഠനത്തിനോ ശ്രമിക്കാതെ ഭർത്താവിനെ അനുസരിച്ചു, കുട്ടികളെ വളർത്തി, ഗാർഹിക ജോലികൾ ചെയ്തു ജീവിക്കുന്ന സ്ത്രീകളെ അടയാളപ്പെടുത്താനാണ് ഈ പദം ഉപയോഗിക്കുന്നത്.
കുടുംബ മൂല്യങ്ങളെക്കുറിച്ചു പ്രസംഗിക്കുന്ന ക്രിസ്ത്യൻ നേതാക്കളുടെ ആവിർഭാവവും സമൂഹമാധ്യമങ്ങളുടെ വളർച്ചയും പഴയകാല വീട്ടമ്മ സംസ്കാരത്തെ മഹത്വവത്കരിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടി. ഭൂതകാല കുടുംബഘടനയെ കുറിച്ചുള്ള ഗൃഹാത്വമുണർത്തുന്ന ഓർമ്മകളിലേക്കു മടങ്ങുവാനുള്ള ആഗ്രഹമാണ് ഈ പ്രതിഭാസത്തിനു പിന്നിലെ ചാലകശക്തി. ചിലർ ഇതിനെ കേവലം വ്യക്തിഗത തിരഞ്ഞെടുപ്പായോ അല്ലെങ്കിൽ ആധുനിക സമ്മർദ്ദങ്ങളെ വെല്ലുവിളിക്കുന്ന പ്രതി സംസ്കാര പ്രവർത്തനത്തിന്റെ ഭാഗമായോ വിലയിരുത്തുന്നു. എന്നാൽ മറ്റുള്ളവർ "ട്രാഡ് വൈഫ്" പ്രസ്ഥാനം സ്ത്രീ വിമോചനത്തിലൂടെ നേടിയ പതിറ്റാണ്ടുകളുടെ പുരോഗതിയെ ദുർബലപ്പെടുത്തുന്നുവെന്ന് വാദിക്കുന്നു. ലിംഗസമത്വത്തിനായുള്ള നിരന്തരമായ പോരാട്ടത്തെ അത് വെല്ലുവിളിക്കുകയും സ്ത്രീപക്ഷ നിലപാടുകളെ സങ്കീർണ്ണമാക്കുകയും ചെയ്യുന്നുവെന്ന വിലയിരുത്തലും ഉണ്ട്.
ഓൺലൈൻ കമ്മ്യൂണിറ്റികളിലൂടെയും ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക് ടോക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും "ട്രാഡ് വൈഫ്" സമ്പ്രദായം കൂടുതൽ പ്രചാരത്തിലായി. പാചകം, ഫാഷൻ, ബന്ധങ്ങൾ, വ്യായാമം, മുതലായ വിഷയങ്ങൾ ചർച്ചചെയ്യുന്ന വിഡിയോകൾ പങ്കിടുന്ന സ്ത്രീകൾ പലപ്പോഴും ആധുനിക ഫെമിനിസത്തിന്റെയും കരിയറിന്റെയും സമ്മർദ്ദങ്ങൾക്കു പകരമായി പരമ്പരാഗത ഗാർഹിക ജീവിതരീതി തെരഞ്ഞെടുക്കുന്നു. പലപ്പോഴും അത്തരം നിലപാടുകൾക്ക് മതത്തിന്റെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പിന്തുണയും ലഭിച്ചേക്കാം.
എന്നിരുന്നാലും, "ട്രാഡ് വൈഫ്" സംസ്കാരം ലിംഗ അസമത്വവും സ്ത്രീകൾക്ക് പരിമിതമായ അവസരങ്ങളും സൃഷ്ടിക്കുന്നുവെന്നു വിമർശകർ വാദിക്കുന്നു. പുരുഷന്മാരെ സാമ്പത്തികമായി ആശ്രയിക്കേണ്ടിവരുന്ന, വ്യക്തിപരമായ അഭിലാഷങ്ങൾ പരിഗണിക്കാതെ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിക്കുന്ന ഒരു സാഹചര്യത്തിലേക്കു സ്ത്രീകൾ ഒതുക്കപ്പെടുന്നു. ഇതു സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുകയും പുരുഷാധിപത്യ അധികാര ഘടനകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ട്രാഡ് വൈഫ് എന്ന ആശയം പ്രയോഗികമാകണമെങ്കിൽ ഉയർന്ന സാമ്പത്തികഭദ്രതയോ നല്ല വരുമാനമുള്ള ജീവിത പങ്കാളിയോ ഉണ്ടായിരിക്കണം. തുഛ വേതനക്കാരായ തൊഴിലാളിവർഗ സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ, തുടങ്ങിയവർക്കു ജോലി ചെയ്യാതെ വീട്ടുകാര്യം മാത്രം നോക്കി ജീവിക്കാൻ സാധ്യമല്ല. അതിനാൽ, "ട്രാഡ് വൈഫ്" സംസ്കാരം എല്ലാ സ്ത്രീകൾക്കും പ്രയോഗികമാവില്ല.
വിശുദ്ധ വേദപുസ്തകം ഗൃഹനിർമ്മാണത്തിൽ സ്ത്രീകൾക്കുള്ള പങ്കിനെ കുറിച്ച് ഊന്നിപ്പറയുമ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാ മേഖലയിലും തുല്യത ഉറപ്പുവരുത്തുന്നു. തീത്തോസ് 2:4,5 വാക്യങ്ങളിൽ "യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ" നിഷ്കർഷിക്കുന്നു. എന്നാൽ അവരുടെ സ്ഥാനം വീടിനുള്ളിൽ മാത്രമായിരിക്കണം എന്നില്ല. ഏതു മേഖലയിൽ ജോലിചെയ്താലും അവർ കുടുംബ ഉത്തരവാദിത്തങ്ങളിൽ വിശ്വസ്തരായിരിക്കാൻ പരിശീലിക്കണം. ദൈവം ആണിനേയും പെണ്ണിനേയും തന്റെ സ്വരൂപത്തിലും പ്രതിച്ഛായയിലും മൂല്യത്തിലും ഉദ്ദേശ്യത്തിലും സൃഷ്ടിച്ചു. പുരുഷനു തുല്യ പങ്കാളിയായിട്ടാണ് സ്ത്രീയെ രൂപപ്പെടുത്തിയത്. പാപം ചെയ്തപ്പോൾ സ്ത്രീക്ക് നഷ്‌ടമായ സ്വാതന്ത്ര്യവും സമത്വവും യേശുക്രിസ്തുവിലൂടെ പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോൾ ക്രിസ്തുയേശുവിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസമില്ല. "യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ". (ഗലാത്യർ 3:28) ക്രിസ്തുവിൽ, എല്ലാ വിശ്വാസികളും - പുരുഷനും സ്ത്രീയും ഒരുപോലെ - ഒരേ മൂല്യവും, ദൈവത്തിലേക്കുള്ള പ്രവേശനവും, അവന്റെ രാജ്യത്തിലെ അവകാശവും പങ്കിടുന്നു. യേശു തന്റെ ശുശ്രൂഷ കാലത്തു സ്ത്രീകളെ ആത്മീയ മൂല്യത്തിൽ തുല്യരായും, സുവിശേഷ ദൗത്യത്തിൽ പങ്കാളികളായും കണക്കാക്കി. കർത്താവ് അവരുടെ അന്തസ്സും അഭിമാനവും ആത്മീയ പദവിയും സ്വാതന്ത്ര്യവും മാനിച്ചു.
സദൃശവാക്യങ്ങൾ 31ൽ ദൈവഭക്തയായ, സാമർത്ഥ്യമുള്ള ഒരു ഭാര്യയുടെ ഗുണങ്ങൾ പ്രകീർത്തിക്കുന്നു. അവൾ തന്റെ വീട്ടുകാരെ പരിപാലിക്കുന്നു (വാക്യം 15); സ്വത്ത് വാങ്ങുന്നു; കൈകാര്യം ചെയ്യുന്നു (വാക്യം 16); ലാഭകരമായ ഒരു ബിസിനസ്സ് നടത്തുന്നു (വാക്യം 18, 24) ജ്ഞാനത്തോടെ സംസാരിക്കുകയും ദയാതല്പരയായി പെരുമാറുകയും ചെയ്യുന്നു (വാക്യം 26). ഈ സ്ത്രീ കഠിനാധ്വാനിയും, ജ്ഞാനിയും, ആദരണീയയും, സാമ്പത്തിക ഭദ്രതയുള്ളവളുമാണ്. ചില "ട്രാഡ് വൈഫ്" തത്വങ്ങൾ മുൻപോട്ടുവെക്കുന്ന നിഷ്ക്രിയവും അലസവുമായ പ്രതിച്ഛായയിൽ നിന്ന് അവൾ എത്രയോ അകലെയാണ്.
Advt.





















Advt.
























