നന്മ പങ്കുവെയ്ക്കുന്ന കന്യാസ്ത്രീകൾ

നന്മ പങ്കുവെയ്ക്കുന്ന കന്യാസ്ത്രീകൾ

ഡോ. മാത്യു വറുഗീസ്, ഒക്കലഹോമ

കുന്നുകളും താഴ്‌വരകളും നിറഞ്ഞ കൊച്ചു ഗ്രാമമാണ് തിരുവല്ലയ്ക്കടുത്തുള്ള മനോഹരമായ എന്റെ കുന്നന്താനം. എന്നോളം പ്രായം ഈ ഗ്രാമത്തിലെ 'ദൈവപരിപാലന ഭവൻ' എന്ന കത്തോലിക്കാ കന്യാസ്ത്രീകൾ നടത്തുന്ന (House of Divine providence) ആതുരാലയത്തിനുണ്ട്. ഞങ്ങളുടെ ഗ്രാമങ്ങളിലെ ഭവനങ്ങളിൽനിന്നും ലഭിക്കുന്ന ചക്കയും മാങ്ങയും ഓമയ്ക്കയും ഒക്കെ ശേഖരിക്കുന്ന കന്യാസ്ത്രി അമ്മമാർ നാട്ടുകാർക്കു നന്മ മാത്രം പങ്കുവച്ചവരാണ് . 

ഡോ. മേരി ലിറ്റി ഒരു ചെറിയ വാടകകെട്ടിടത്തിൽ സൗജന്യമായി നടത്തിയ ക്ലിനിക്ക് ഞങ്ങളുടെ ഗ്രാമത്തിലെ രോഗികൾക്ക് ആശ്വാസം ആയിരുന്നു. നന്മയുടെ ഉറവ വറ്റാത്ത ആ സമർപ്പിത സന്യാസസമൂഹം അംഗവൈകല്യം വന്നതും വിരൂപ ശരീരമുള്ളവരുമായ ആയിരക്കണക്കിനു ആളുകളെ ജാതി-മത വിത്യാസമില്ലാതെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. 

ദീർഘവർഷങ്ങളായി എന്റെ ഗ്രാമത്തിലെ ഈ കന്യാസ്ത്രികൾ എന്റെ അറിവിൽ ഒരു വ്യക്തിയെ പോലും മതപരിവർത്തനം ചെയിതിട്ടില്ല. ഇവർ ചെയുന്നത് നമ്മളുടെ സമൂഹത്തിനെ അപരാധമോ അതോ അനുഗ്രഹമോ ??

ഇന്ത്യൻ ഗ്രാമങ്ങളിൽ ആതുരസേവനവും അറിവിന്റെ വെളിച്ചവും പകരുന്ന അനേകരുണ്ട് . ആരൊക്കെ സാമ്പത്തിക സഹായം ചെയ്താലും വിദേശങ്ങളിൽനിന്നു സഹായം ലഭിച്ചാലും സമർപ്പിത മനസുണ്ടാകാൻ സാധ്യത വളരെ കുറവാണ്. അത് ത്യാഗപരമായ സ്നേഹത്തിനു മാത്രമേ കഴിയുള്ളു. അതെ, ക്രിസ്തുസ്നേഹത്തിനു മാത്രമേ അതിനു കഴിയൂ. ക്രിസ്തു ഉള്ളിൽ ജ്വലിച്ചപ്പോൾ കൽക്കട്ടയിലെ ചേരിയിൽ ഓടിയെത്തിയ മഹൽവനിതയല്ലേ മദർ തെരേസ?. തെരുവു വൃത്തിയാക്കുന്ന സ്ത്രീകളുടെ സാരി ഔദ്യോഗികവേഷമായി അണിഞ്ഞു തെരുവിൽ ഉറുമ്പ് അരിച്ചവരെ, പുഴുത്തു നാറിയവരെ, കുഷ്ഠരോഗികളെ ഒക്കെ വാരിയെടുത്തു ശുശ്രൂഷിച്ച് അവർക്കു ഒരമ്മയായി.

ദൈവസ്നേഹത്തിന്റെ കരുണ നിറഞ്ഞപ്പോൾ കുഷ്ഠരോഗികളെ പുറന്തള്ളുന്ന മൊറോക്കോ ദ്വീപിലേക്ക് അവരുടെ വടുക്കൾ സുഖപ്പെടുത്തി അവരെപ്പോലെയായ മനുഷ്യനാണ് ഫാദർ ഡാമിയൻ.

ഇപ്രകാരമുള്ള മനുഷ്യസ്നേഹികൾക്ക് രൂപം നൽകിയിട്ടുള്ള മറ്റ് ഏതു പ്രസ്ഥാനമുണ്ട്?

ഇപ്രകാരമുള്ള സേവനത്തിന് അനുയായികളെ വളർത്തിയിട്ടുള്ളത് ഏത് മതമുണ്ട്?

മറ്റൊരു മദർ തെരേസയ്ക്കോ മറ്റൊരു ഡാമിയാനോ ജന്മം നല്കാൻ കഴിഞ്ഞിട്ടുള്ള വേറൊരു സംഘടനയുണ്ടോ? 

ക്രിസ്തു ആരെന്നു അനുഭവിച്ചറിഞ്ഞവരെ ആ സ്നേഹം നിർബന്ധിക്കുന്നതിന്റെ കാഴ്ചയാണിത്. മാനവരാശിയുടെ ചരിത്രത്തിലെ സുന്ദരമായ കാഴ്ചകൾ... 

ആ സ്നേഹത്തെ ആരെങ്കിലും ഹൃദയപൂർവ്വം മാറോടു ചേർക്കുന്നെങ്കിൽ അതിനെ മതപരിവർത്തനം എന്ന്

എന്തിനു വിളിക്കണം??

നിങ്ങൾക്കും ആവാം ഇതുപോലെയുള്ള നന്മയുടെ മരങ്ങൾ !!!