കാനായിലെ കല്യാണം - സമയത്തെ നിമിഷങ്ങൾ കൊണ്ട് മറികടക്കുന്ന യേശു
യേശുക്രിസ്തുവിന്റെ പ്രഥമ അത്ഭുതമായി തിരുവെഴുത്തിൽ രേഖപ്പെടുത്തുന്നത്, കാനായിലെ കല്യാണത്തിനു വെള്ളത്തെ വീഞ്ഞാക്കുന്നതാണ്.
ഒരു സാധാരണ വിവാഹവിരുന്നു സൽക്കാരത്തിൻ്റെയിടയിലുണ്ടായ വലിയ പ്രത്യാഘാതങ്ങൾ പിന്നീട് ഉണ്ടാക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു ചെറിയ പ്രശ്നം, “ വീഞ്ഞ് തീർന്നുവെന്നത് ” യേശുവിന്റെ ഇടപെടലിലൂടെ അത്ഭുതകരമായി പരിഹരിക്കപ്പെടുന്നു.
ഈ സംഭവം തിരുവെഴുത്തിൽ കാണുന്നത് വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം രണ്ടാമധ്യായത്തിലാണ് (2:1-11).
ഈ സംഭവം ഒരു ചരിത്രസംഭവം മാത്രമല്ല; ഇന്നത്തെ പലകുടുംബങ്ങളോടും സഭാസമൂഹങ്ങളോടും സംസാരിക്കുന്ന ഒരു ആത്മീയ സന്ദേശം കൂടിയാണ്.
ഈ ഭവനത്തിന്റെ ചില പ്രത്യേകതകൾ എൻ്റെ പഠനമുറിയിൽ ഞാൻ മനസ്സിലാക്കിയതു അനുവാചകരുടെ അറിവിലേക്കു തുടർന്ന് പങ്കുവയ്ക്കട്ടെ;

1. യേശുവിനെ വിവാഹത്തിനു ക്ഷണിച്ച ഭവനം
യോഹ. 2:2-ൽ പറയുന്നു; യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. വാസ്തവത്തിൽ ഈ അത്ഭുതത്തിന്റെ പ്രഥമ കാരണമിതു മാത്രമാണ്. ആ വീട്ടുകാർ യേശുവിനെ തങ്ങളുടെ ജീവിതാഘോഷങ്ങളുടെ നടുവിലേക്കു ക്ഷണിച്ചിരുന്നു.
ഇന്നത്തെ കാലത്ത് വീടുകൾ വലുതാകുന്നു, ജീവിതം സൗകര്യപ്രദമാകുന്നു, എന്നിട്ടും മനുഷ്യർ പലപ്പോഴും ആത്മീയമായി ശൂന്യരായിത്തുടരുന്നു.
കാനായിലെ സംഭവം നമ്മോട് ചോദിക്കുന്നു: നമ്മുടെ കുടുംബജീവിതത്തിൽ യേശുവിന് സ്ഥാനം ഉണ്ടോ?. സഭയാകുന്ന വലിയ കുടുംബത്തിൽ പ്രഥമസ്ഥാനം നാം ആർക്കാണ് നൽകിയിരിക്കുന്നത്?. ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്ന ഭവനങ്ങളിൽ ദൈവികാനുഗ്രഹം അനുഭവപ്പെടും.

2. പ്രതിസന്ധികൾക്കിടയിലും യേശുവിനെ അതിലിടപെടാൻ അനുവദിച്ച ഭവനം
വിവാഹവിരുന്നിന്റെ നടുവിൽ ഒരു വലിയ പ്രശ്നം ഉണ്ടായി; വീഞ്ഞ് തീർന്നുപോയി. അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിരുന്നു സൽക്കാരത്തിനിടയിൽ വീഞ്ഞ് തീർന്നു പോയാലത് ആ കുടുംബത്തിനത് സമൂഹമധ്യേ വലിയ അവമതിപ്പുണ്ടാക്കുന്നതായിരുന്നു. മറിയ ഈ പ്രശ്നം യേശുവിന്റെ മുമ്പിൽ വെച്ചു: “അവർക്ക് വീഞ്ഞില്ല.”
ഇത് വിശ്വാസത്തിന്റെ ഒരു വലിയ പാഠമാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ വരുന്നത് സ്വാഭാവികമാണ്. ദൈവമക്കളുടെ കുടുംബങ്ങളിൽ പോലും സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ എന്നിവ ഉണ്ടാകും. എന്നാൽ യേശുവിന്റെ മുമ്പിൽ തുറന്നുപറയുന്ന വീടുകളിലവ അനുഗ്രഹത്തിന്റെ വാതിലാകുന്നു.

3. യേശുവിൻ്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച ഭവനം
അവൻ്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു (2:5). യേശു ശുശ്രൂഷക്കാരോട് കല്പാത്രങ്ങളിൽ വെള്ളം നിറയ്ക്കാൻ പറഞ്ഞു. അവർ അത് അതുപോലെ അനുസരിച്ചു.
ഇവിടെ അനുസരണത്തിലൂടെയാണ് അത്ഭുതം സംഭവിക്കുന്നത്. അത്ഭുതത്തിന്റെ രണ്ടാമത്തെ പടവ് അനുസരണമായിരുന്നു.
ദൈവത്തിന്റെ അത്ഭുത പ്രവൃത്തികൾ പലപ്പോഴും അനുസരണത്തിന്റെ വഴിയിലൂടെയാണ് ആരംഭിക്കുന്നത്. എന്നാൽ മിക്കവർക്കുമതു മനസ്സിലാക്കാൻ പോലും കഴിയുന്നില്ല. ഇവിടെ നാമൊടുവിൽ കാണുന്നത് വെള്ളം വീഞ്ഞാകുന്നതാണ്. അതായത് സമയത്തെ നിമിഷങ്ങൾ കൊണ്ട് മറികടക്കുന്നുന്ന അത്ഭുതം ഒരത്ഭുതം സംഭവിക്കുന്നു.
സാധാരണയായി മുന്തിരി വീഞ്ഞായിത്തീരുവാൻ, മണിക്കൂറുകൾ നീണ്ട പ്രയത്നവും ദീർഘകാലത്തെ കാത്തിരിപ്പുമാവശ്യമാണ്. തോട്ടത്തിൽ നിന്നും ശേഖരിച്ച മുന്തിരിപിഴിഞ്ഞു ചാർ ഭരണിയിലാക്കി ദീർഘനാളുകൾ സൂക്ഷിക്കുന്നു ഫെർമെന്റേഷൻ പ്രക്രിയയിലൂടെ മുന്തിരിച്ചാർ വീഞ്ഞാക്കുന്നു. എന്നാൽ വീഞ്ഞ് ലഹരിപിടിപ്പിക്കുന്നതാകാൻ ഏജിംഗിലൂടെ (ദീർഘകാലം സൂക്ഷിച്ചു വെക്കുന്നതുകൊണ്ടു ലഭിക്കുന്ന ഗുണമേന്മ) കടന്നു പോകേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ വേണ്ടിവരാറുണ്ട്.
എന്നാൽ കാനായിലെ വിഷണ്ണഭവനമായി തീർത്ത ആ വിരുന്നുവീട്ടിൽ ഇതൊന്നും വേണ്ടി വന്നില്ല. യേശു അവരോടു പറഞ്ഞത്:
“ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നും നിറെച്ച കല്പാത്രങ്ങൾ
“ഇപ്പോൾ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ ” എന്നുമാണ്. യേശു പറഞ്ഞതു അവർ അതുപോലെ അനുസരിച്ചു (2:8). പുറത്ത് അലക്ഷ്യമായി കിടന്നിരുത്ത ആ കല്പാത്രങ്ങളിൽ നിന്നുമാണ് വിരുന്നുവാഴിയെപ്പോലും അത്ഭുതപ്പെടുത്തിയ ലഹരിയുള്ള നല്ല വീഞ്ഞ് പുറത്തുവന്നത്.
അതായത് പ്രകൃതിക്ക് മാസങ്ങളോ വർഷങ്ങളോ വേണ്ട പ്രക്രിയ, യേശു ഒരു നിമിഷം കൊണ്ട് നടത്തി ഒരു കുടുബത്തെയാകമാനം അപമാനകയത്തിൽ നിന്നും കരകയറ്റി.
ഇതു നമ്മെ പഠിപ്പിക്കുന്നത്: നമ്മുടെ ദൈവത്തിന് സമയത്തിന്റെയോ, കാലത്തിൻ്റെയോ അതിരുകൾ ഇല്ലായെന്നാണ്.
ഇക്കാലത്തോടുള്ള സന്ദേശം:
ഇന്നു സഭാസമൂഹത്തിൽപ്പോലും കുടുംബബന്ധങ്ങൾ ദുർബലമാകുന്നു, വിവാഹബന്ധങ്ങൾ തകർന്നുപോകുന്നു, ആത്മീയ മൂല്യങ്ങൾ ക്ഷയിക്കുന്നു. ഈ സാഹചര്യത്തിൽ കാനായിലെ കല്യാണവീട്ടിൽ നടന്ന ഈ അടയാളം നമ്മോട് പറയുന്ന സന്ദേശം വ്യക്തമിതു മാത്രമാണ്; വ്യക്തിജീവിതത്തിലും,കുടുംബജീവിതത്തിലും, സഭാജീവിതത്തിലും ക്രിസ്തുവിന് പ്രഥമസ്ഥാനം നൽകുക.
പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തിലുണ്ടാകുന്നതു സ്വാഭാവികമാണ്, എന്നാലതു മറച്ചുവെക്കാതെ കർത്താവിൻ്റെ മുമ്പിൽ തുറന്നുപറയുക. ദൈവത്തെയും അവിടുത്തെ വചനത്തെയും അക്ഷരംപ്രതി അനുസരിക്കുക.
അപ്പോൾ സാധാരണ ജീവിതം പോലും വെള്ളം വീഞ്ഞായതുപോലെയുള്ള ദിവ്യാനുഭവങ്ങളായി മാറും. നമ്മുടെ ജീവിതം മാലോകർക്കു മുമ്പിൽ അടയാളപ്പെടുത്തലുകളായി നിലകൊള്ളും.



