വിശ്വാസ ജീവിതപടകിൽ സുവി. ജോർജ് പീറ്റർ സീയോനിലേക്ക് യാത്രയായി
തയ്യാറാക്കിയത്: ടോണി ഡി. ചെവ്വൂക്കാരന്‍
വിശ്വാസ ജീവിത പടകില്‍ സീയോന്‍ നഗരിയിലേക്കു യാത്ര തിരിച്ച പ്രശസ്ത ഗാനരചയിതാവ് സുവിശേഷകന്‍ ജോർജ് പീറ്റർ ചിറ്റൂർ ഈ മരുവിലെ തൻ്റെ ഓട്ടം തികച്ച് അക്കര നാട്ടിൽ പ്രവേശിച്ചു.
വിശ്വാസ നായകന്‍ യേശുവെ നോക്കിയുള്ള ആ യാത്രയ്ക്കിടയില്‍ നാനാപരീക്ഷകളുടെയും വേദനയുടെയും കാർമേഘം മൂടിയ നിരവധി അനുഭവങ്ങളിലൂടെ തന്‍റെ ജീവിത തോണി കടന്നു പോയി. രോഗത്തിന്‍റെയും കഠിന ശോധനകളുടെയും തിരമാലകള്‍ ആ പടകില്‍ ആഞ്ഞടിച്ചു.
മരണ നിഴലിൻ താഴ് വരയില്‍ കൂടെ കടന്നുപോയപ്പോള്‍ ജോർജ് പീറ്റർ പാടിയതുപോലെ ശരണമായി തന്‍റെ അരികില്‍ എത്തി കരളലിഞ്ഞ് കരങ്ങള്‍ ചേർത്തുപിടിച്ച യേശുവിന്‍റെ സ്നേഹം താന്‍ രുചിച്ചറിഞ്ഞു.
കാറും കോളും നിറഞ്ഞ ജീവിത യാത്രയില്‍ ആശ്വാസത്തിന്‍റെയും പ്രത്യാശയുടെയും നറുമണം പരത്തുന്ന 150 ല്‍പരം അനശ്വരഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച പ്രതിഭാധനനായിരുന്നു ജോർജ് പീറ്റർ ചിറ്റൂർ.
വിശ്വാസ ജീവിത പടകില്‍, യേശു എനിക്കെത്ര നല്ലവനാം, കർത്താവിലെന്നും എന്‍റെ ആശ്രയം, എത്ര നല്ലവന്‍ യേശുപരന്‍, എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശു , യേശു സന്നിധാനം എന്തൊരു സമാധാനം... എന്നു തുടങ്ങി ജീവിത അനുഭവങ്ങളുടെ കനലുകളില്‍ സ്ഫുടം ചെയ്തെടുത്ത ഒട്ടേറെ ഗാനങ്ങള്‍ ഇതിനോടകം ക്രൈസ്തവ കൈരളിക്കു അദ്ദേഹം സമ്മാനിച്ചു.
കൂരിരുള്‍ പാതയിലൂടെ കടന്നുപോകുന്ന ഭക്തന്മാരുടെ ഉള്ളില്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും തിരിനാളമായി പ്രകാശം പരത്തുവാന്‍ കരുത്തുറ്റവയാണ് ജോർജ് പീറ്ററിന്‍റെ ഗാനങ്ങള്‍.
ഭക്തകവി, ഗാനരചയിതാവ്, പ്രഭാഷകന്‍, വേദാദ്ധ്യാപകന്‍ എന്നീ നിലകളില്‍ അത്യുത്സാഹത്തോടെ കർത്തൃ ശുശ്രൂഷയില്‍ മുന്നേറിയ ഇവാ.ജോർജ് പീറ്റർ കർമ്മവേദിയില്‍ ആറുപതിറ്റാണ്ട് നിറഞ്ഞു നിന്നു.
എറണാകുളം ജില്ലയില്‍ പാമ്പാക്കുട ഗ്രാമത്തില്‍ പുത്തന്‍പുരയ്ക്കല്‍ പീടികയില്‍ പത്രോസ് -ഏലിയാമ്മ ദമ്പതികളുടെ മകനായി 1941ൽ ജോർജ് പീറ്റർ ജനിച്ചു.
യാക്കോബായ സമുദായക്കാരനായിരുന്ന പിതാവ് ചെറുപ്പത്തിൽ തന്നെ വിശ്വാസ പാതയില്‍ കടന്നു വരികയും സുവിശേഷകനായി മാറുകയും ചെയ്തു. പിതാവിന്‍റെ പ്രവർത്തന മേഖലയായിരുന്ന കുന്ദംകുളം, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലായിരുന്നു ബാല്യകാലം.
പഠിക്കാന്‍ താല്‍പര്യമുണ്ടായിട്ടും ഭവനത്തിലെ സാമ്പത്തിക പ്രതിസന്ധി നിമിത്തം അഞ്ചാം ക്ലാസ് പാസ്സായതോടെ പഠനം നിർത്തേണ്ടിവന്നു.
പിന്നീട് ഗൂഡല്ലൂരില്‍ ഒരു ആശാന്‍റെ കീഴില്‍ ഏതാനും മാസങ്ങള്‍ തയ്യല്‍ ജോലി പഠിച്ചു. തയ്യലായിരുന്നു ആദ്യ നാളുകളില്‍ ജോർജ് പീറ്ററിന്‍റെ ഉപജീവനമാർഗം.
ബാല്യം മുതല്‍ സാഹിത്യ അഭിരുചി തന്നില്‍ നാമ്പിട്ടിരുന്നു. അതുകൊണ്ട് മലയാള ഭാഷ പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായി. പലരുടെയും സഹായം കൊണ്ടും പരന്ന വായനകൊണ്ടും ഭാഷ കുറച്ചൊക്കെ വശത്താക്കി. എട്ടാം വയസില്‍ ആദ്യത്തെ കവിത രചിച്ചു. മഹാകവി കെ.വി.സൈമന്‍റെ വേദവിഹാര വായനയാണ് കവിതയില്‍ കൂടുതല്‍ അടുപ്പം സൃഷ്ടിക്കാന്‍ കാരണമായത്.
പതിനെട്ടാം വയസില്‍ ആദ്യ ഗാനം തന്‍റെ തൂലികയില്‍ നിന്നും പിറന്നുവീണു. വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ദേവാ...... എന്നു തുടങ്ങുന്ന സ്ത്രോതഗാനം.
കർത്തൃശുശ്രൂഷയില്‍ മുന്നേറണം എന്ന ഹൃദയവാഞ്ചയോടെ ബൈബിള്‍ സ്കൂളില്‍ ചേർന്നു ദൈവവചനം പഠിച്ചു.
ക്രൈസ്തവ സാഹിത്യ അക്കാദമി തൃശൂരിൽ നടത്തിയ 'കരുതുന്നവൻ' സംഗീത സായാഹ്നത്തിൽ ജോർജ് പീറ്റർ ചിറ്റൂർ പ്രസംഗിക്കുന്നു. പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ സമീപം
ദൈവം ജോർജ് പീറ്ററിനെ മുഴുവന്‍ സമയം കർത്തൃശുശ്രൂഷയ്ക്കായി വേർതിരിച്ചു. വ്യക്തമായ ആത്മീയ ദർശനത്തോടെ 1963 ല്‍ തയ്യല്‍ ജോലി ഉപേക്ഷിച്ച് സുവിശേഷ വയലിലേക്ക് ഇറങ്ങി.
വയനാട് ജില്ലയിലായിരുന്നു ആദ്യ നാളില്‍ ജോർജ് പീറ്റർ പ്രവർത്തിച്ചിരുന്നത്. 1967 ല്‍ ക്രൈസ്തവർ ആരും തന്നെ ഇല്ലാതിരുന്ന പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന ഗ്രാമത്തിൽ പ്രവർത്തനം തുടങ്ങണം എന്ന ദൈവീക നിയോഗം ഏറ്റെടുത്ത് വയനാടന്‍ ചുരമിറങ്ങി. വരണ്ടു കിടക്കുന്ന കൊല്ലങ്കോടിനെയും സമീപ പ്രദേശങ്ങളുടെ മണ്ണിനെയും വിശ്വാസത്താല്‍ ഉഴുതുമറിച്ച് വചനത്തിന്‍റെ വിത്തു വിതയ്ക്കാന്‍ ഇറങ്ങിത്തിരിച്ചു.
1971 ല്‍ താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലേക്ക് ജോർജ് പീറ്റർ താമസവും പ്രവർത്തനവും മാറ്റി. പ്രായത്തിന്‍റെ പരിമിതികള്‍ വകവയ്ക്കാതെ അരനൂറ്റാണ്ടിലധികമായി ചിറ്റൂർ കേന്ദ്രമാക്കി വിവിധ ഇടങ്ങളില്‍ സുവിശേഷ പ്രവർത്തനത്തില്‍ ജോർജ് പീറ്റർ മുന്നേറി. താൻ കടന്നുപോയ ജീവിത വഴിയിലെ തീവ്രമായ അനുഭവങ്ങളുടെ ഉള്ളറയില്‍ നിന്നും ഉറവയെടുത്ത ഏതാനും ഗാനങ്ങളിലൂടെ...
നിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ മൺപാത്രം നിൻകരത്തിൽ...
1966 - ല്‍ ആണ് ജോർജ് പീറ്റർ ഈ ഗാനം രചിച്ചത്. മീനങ്ങാടിയ്ക്കടുത്ത് ഒരു ഗ്രാമത്തില്‍ ഭവന സന്ദർശനവും രാത്രിയോഗവും കഴിഞ്ഞ് ബത്തേരിയിലെ വീട്ടിലേക്ക് മടങ്ങുവാന്‍ അല്‍പം താമസിച്ചു. ദൂരം കൂടുതല്‍ ഉള്ളതുകൊണ്ട് നടക്കുക അത്ര എളുപ്പമല്ല. കൈയിൽ പൈസ ഒന്നും ഉണ്ടായിരുന്നില്ല. നല്ല തണുപ്പുള്ള രാത്രി. കടത്തിണ്ണയില്‍ ഇരുന്ന് രാത്രി കഴിച്ചുകൂട്ടുക ബുദ്ധിമുട്ടാണല്ലോ എന്നു ചിന്തിച്ച് നില്‍ക്കുമ്പോള്‍ അതു വഴിയുള്ള അവസാനത്തെ ബസ്സ് വരുന്നതു കണ്ടു. വെറുതെ ഒന്നു തല ഉയർത്തി ബസ്സിനകത്തേക്കു നോക്കി.
'ജോർജേ, കയറികൊള്ളുക.... '
എന്ന ശബ്ദം കേട്ടു. കൃഷ്ണഗിരിയിലെ പാപ്പി എന്ന സഹോദരന്‍ ആയിരുന്നു വിളിച്ചത്. ബസ്സില്‍ കയറി എങ്കിലും ടിക്കറ്റ് എടുക്കാന്‍ പൈസയില്ലല്ലോ എന്ന് ഓർത്ത് മനം ഉരുകി നില്‍ക്കുമ്പോള്‍ പാപ്പി സഹോദരന്‍ ടിക്കറ്റ് എടുക്കുന്നത് കണ്ടു. മാത്രമല്ല, ബസ്സില്‍ നിന്നും ഇറങ്ങുമ്പോള്‍ 5 രൂപ പോക്കറ്റില്‍ വെച്ചു കൊടുക്കുകയും ചെയ്തു.
ഇരുട്ടു പിടിച്ച വഴിയിലൂടെ രണ്ടു കിലോമീറ്റർ നടന്നുവേണം വീട്ടിലെത്താന്‍. ദൈവത്തിന്‍റെ കരുതലോർത്ത് ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു, കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. കരഞ്ഞുകലങ്ങിയ മിഴികളുമായി വീട്ടിലേക്കു നടന്നു നീങ്ങുമ്പോള്‍ ഹൃദയത്തില്‍ പാടിയ വരികളാണ് നിന്നിഷ്ടം ദേവാ ആയിടട്ടെ.... എന്നു തുടങ്ങുന്ന ഗാനം.

മനോരമ മ്യൂസിക്കിന്‍റെ ക്രിസ്ത്യന്‍ ആല്‍ബത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഗായിക കെ.എസ്.ചിത്രയാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്.
കർത്താവിലെന്നും എന്‍റെ ആശ്രയം...
ഒരിക്കല്‍ പട്ടഞ്ചേരി എന്ന ഗ്രാമത്തില്‍ സുവിശേഷം അറിയിച്ച് മടങ്ങുകയായിരുന്നു. സാമ്പത്തികമായി വളരെ ക്ലേശം അനുഭവിച്ചിരുന്ന സമയം. ചെറു പുസ്തകങ്ങള്‍ വിറ്റുകിട്ടിയ പണം കയ്യില്‍ ഉണ്ട്. ബസ്സ് കാത്തിരിക്കുമ്പോള്‍ ചിന്തകളുടെ തിരമാലകള്‍ ഹൃദയത്തില്‍ ഇളകി മറിയാന്‍ തുടങ്ങി. സുവിശേഷ വേലയ്ക്കായി എടുത്ത തീരുമാനത്തെപ്പോലും ഒരു നിമിഷം സംശയിച്ചുപോയി. ഉടനെ, ദൈവാത്മാവ് ജോർജ് പീറ്ററെ തട്ടി ഉണർത്തി ഉള്ളില്‍ ബലം പകർന്നു. 'എന്തു വന്നാലും ഞാന്‍ പിന്മാറുകയില്ല കർത്താവേ... ' എന്നു ഏറ്റു പറഞ്ഞ് മനസ്സു പുതുക്കി ഉറച്ച തീരുമാനത്തോടെ വെയിറ്റിങ് ഷെഡില്‍ ഇരുന്ന് എഴുതിയ ഗാനമാണ് : കർത്താവിലെന്നും എന്‍റെ ആശ്രയം... കർത്തൃസേവ യൊന്നേയെന്‍റെ ആഗ്രഹം... എന്ന ഗാനം. ആ ഗാനത്തിലെ കഷ്ടമോ നഷ്ടമോ എന്തു വന്നീടിലും കർത്താവിന്‍ പാദം ചേർന്നു ചെല്ലും ഞാന്‍... എന്ന വരികളാണ് ആദ്യം എഴുതിയത്.
എനിക്കൊത്താശവരും കർത്താവേ....
സൈക്കിളിന് ഗവണ്‍മെന്‍റ് ടാക്സ് ഈടാക്കിയിരുന്ന കാലം. പതിവുപോലെ പ്രവർത്തനത്തിനായി സൈക്കിളില്‍ പോകുമ്പോള്‍ കവലയില്‍ ഒരു ആള്‍ക്കൂട്ടം കണ്ടു. കാര്യം തിരക്കിയപ്പോൾ ടാക്സ് അടയ്ക്കാത്തവരെ പിടികൂടാന്‍ മുനിസിപ്പാലിറ്റി അധികാരികള്‍ നില്‍ക്കുന്നതാണെന്ന് അറിഞ്ഞു. ടാക്സ് അടച്ചിട്ടില്ല. കയ്യില്‍ കാശുമില്ല, സമീപത്തുള്ള തയ്യല്‍ കടയുടെ അരികെ സൈക്കിള്‍ ഒതുക്കി മാറി നിന്നു.
അതുവഴി വന്ന പരിചയക്കാരനോട് ടാക്സ് അടയ്ക്കാനുള്ള 5 രൂപ കടം ചോദിച്ചെങ്കിലും അദ്ദേഹത്തിന്‍റെ കൈവശം പണമില്ലായിരുന്നു.
ഹൃദയഭാരത്തോടെ നില്‍ക്കുമ്പോള്‍ ദൂരെ നിന്നും പോസ്റ്റുമാന്‍ വരുന്നതുകണ്ടു. അദ്ദേഹം ജോർജ് പീറ്ററിനു നേരെ കൈ ഉയർത്തിക്കാണിച്ചു. അടുത്ത് എത്തിയപ്പോള്‍ പറഞ്ഞു: 'പാസ്റ്ററേ, മണി ഓർഡർ ഉണ്ട്..' സന്തോഷത്തോടെ ഒപ്പിട്ടു വാങ്ങി. 100 രൂപയുണ്ടായിരുന്നു അതില്‍. 5 രൂപ ടാക്സ് കൊടുത്ത് സന്തോഷത്തോടെ ഭവനത്തില്‍ ചെന്ന് എഴുതിയ ഗാനമാണ്: എനിക്കൊത്താശവരും പർവ്വതം കർത്താവേ, നീ മാത്രം എന്നാളുമേ...
വിശ്വാസ ജീവിത പടകില്‍ ഞാന്‍...
പതിവുപോലെ ഞായറാഴ്ച രാവിലെ സഭായോഗം നടത്താന്‍ ഹാളില്‍ ചെന്നപ്പോള്‍ ഉണ്ടായ ചില പ്രതിസന്ധികളാണ് വിശ്വാസ ജീവിത പടകില്‍ ഞാന്‍. . . . എന്ന ഗാനം രചിക്കാന്‍ പ്രേരണയായത്. സുവി. വി. ആന്‍റണി എഴുതിയ 'അന്‍പരില്‍ കിരുപൈകടലിലെ...' എന്ന തമിഴ്ഗാനത്തിന്‍റെ ഈണത്തിലാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.' ഗാനഗന്ധർവ്വന്‍ ഡോ.കെ.ജെ.യേശുദാസ് ഈ ഗാനം ആലപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് യിസ്രയേല്‍ സന്ദർശനത്തിനു പോകുന്ന വിശ്വാസികള്‍ ഗലീല കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ സാധാരണയായി ഈ ഗാനം പാടാറുണ്ട്.
യേശു എനിക്കെത്ര നല്ലവനാം...
1972 ലാണ് ഈ ഗാനം പിറവിയെടുക്കുന്നത്. ചിറ്റൂരിലെ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിട്ടു. സഭാ കൂടിവരവ് ആയിട്ടില്ല. സഹായത്തിന് ആരുമില്ല. ഭാര്യ രോഗിയായി കിടപ്പിലായി. പിറ്റേ ദിവസം ജോർജ് പീറ്ററിന് മലബാറിലെ പനത്തടിയില്‍ ശുശ്രൂഷയ്ക്കായി പോകണം. ദൈവസന്നിധിയില്‍ പ്രാർത്ഥിച്ചുകൊണ്ട് ആ രാത്രി കഴിച്ചുകൂട്ടി. കുഞ്ഞിനെയും ഭാര്യയെയും ആരെ ഏല്‍പിച്ചു പോകും എന്ന ചിന്തയില്‍ മനസ്സു വ്യാകുലപ്പെട്ട സമയത്ത് ഹൃദയത്തില്‍ പൊങ്ങിവന്ന തിരുവചനമാണ് “യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും (യെശ. 40: 31)” ദൈവസന്നിധിയില്‍ ഇരുന്ന് ഏറെ നേരം കരഞ്ഞു പ്രാർത്ഥിച്ചു. സമയം പുലർച്ചെ രണ്ടു മണി ആയിട്ടുണ്ട്. ദൈവസന്നിധിയില്‍ പ്രാർത്ഥനയോടെ ഇരുന്ന സമയത്ത് ഹൃദയത്തില്‍ നിന്നും ഉയർന്ന ആശ്വാസ ഗാനത്തിന്‍റെ വരികളാണ്: ഉള്ളം കലങ്ങും പ്രയാസം വന്നാല്‍ ഉണ്ടെനിക്കഭയ സ്ഥാനമൊന്ന് ഉറ്റവർ സ്നേഹിതർ വിട്ടുപോമെന്നാലും ഉന്നതന്‍ മാറില്ല കൈ വിടില്ല.....
ഇവാ.ജോർജ് പീറ്റർ കുടുംബത്തോടൊപ്പം
നേരെ വെളുത്തപ്പോള്‍ ഭാര്യയെ സൗഖ്യത്തോടെ കാണുവാന്‍ ദൈവം ഇടവരുത്തി. മലബാറിലേക്കുള്ള യാത്രയില്‍ ട്രെയിനിലിരുന്ന് ആ ഗാനത്തിന്‍റെ ബാക്കി വരികള്‍ പൂർത്തിയാക്കി.
സംഗീതരംഗത്ത് ജോർജ് പീറ്റർ നല്കിയ സംഭാവനകൾക്കുള്ള അംഗീകാരമായി ക്രൈസ്തവ സാഹിത്യ അക്കാദമി, ബൈബിൾ സാഹിത്യ പ്രവർത്തക സമിതി, ഗ്രേസ് മിനിസ്ട്രീസ് തുടങ്ങി നിരവധി സംഘടനകൾ അദ്ദേഹത്തെ അവാർഡുകൾ നല്കി ആദരിക്കുകയുണ്ടായി.
1967ൽ ജോർജ് പീറ്റർ വിവാഹിതനായി. പൊള്ളാച്ചിയിൽ സുവിശേഷ പ്രവർത്തകനായിരുന്ന ടി.ടി.വർഗീസിൻ്റെ മകൾ റോസമ്മയാണ് ജീവിത സഖി. നീണ്ട 36 വർഷം കർതൃ ശുശ്രൂഷയിൽ ഒന്നിച്ച് മുന്നേറിയ റോസമ്മ 2003 നവംബർ 27 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സുവിശേഷകനായ സജി, ബിജു എന്നിവർ മക്കളും മിനി, ഷേർളി എന്നിവർ മരുമക്കളുമാണ്.
ആശ്വാസ ഗാനങ്ങള്‍ എന്ന പേരില്‍ ആറു ആല്‍ബങ്ങളായി ജോർജ് പീറ്ററിന്‍റെ ഗാനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാണപ്രിയന്‍ എഴുന്നെള്ളാറായ്, വിണ്ണില്‍ നമ്മള്‍ ചേർന്നിടാറായ്... എന്ന പ്രത്യാശാ ഗാനമാണ് ഏറ്റവും ഒടുവില്‍ താന്‍ പൂർത്തിയാക്കിയ ഗാനം.
ദുഃഖവും വേദനയും തളം കെട്ടിയ ജീവിത വഴിയില്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ച് മുന്നോട്ടു പോകുവാന്‍ കഴിയാതെ ഉഴലുന്നവർക്ക് ജീവിത ഗന്ധിയായ ജോർജ് പീറ്ററിന്‍റെ ഗാനങ്ങള്‍ ധൈര്യവും പ്രത്യാശയും പകരുവാന്‍ പര്യാപ്തമാണ്.
തിരയും കാറ്റും കോളും നിറഞ്ഞ ജീവിതസാഗരത്തില്‍ അക്കരനാടിനെ നോക്കിയുള്ള പ്രയാണത്തില്‍ നിത്യജീവന്‍റെ നൽമൊഴികളായ് നൂറ്റമ്പതിൽ പരം ഗാനങ്ങള്‍ക്ക് ജന്മമേകുവാന്‍ ദൈവം ഇവാ. ജോർജ് പീറ്ററിന്‍റെ തൂലികയ്ക്കു കരുത്തുപകർന്നു.
പ്രശസ്ത ഗാനരചയിതാവും സുവിശേഷകനും ഗ്രന്ഥകാരനുമായ ഇവാ. ജോർജ് പീറ്ററിൻ്റെ വേർപാടിൽ ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡ് അനുശോചനം രേഖപ്പെടുത്തി.
ചീഫ് എഡിറ്റർ സി.വി. മാത്യു, എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ അനുശോചനമറിയിച്ചു.

