ഒരേയൊരു വഴി ഒരേയൊരു വാതിൽ

ഒരേയൊരു വഴി ഒരേയൊരു വാതിൽ

റവ. ജോർജ് മാത്യു പുതുപ്പള്ളി

ഒരു ഗ്രാമത്തിൽ ഒരു നാടകം നടക്കുകയായിരുന്നു. നാടകത്തെപ്പറ്റി നല്ല അഭിപ്രായം ആ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും പരക്കുകയുണ്ടായി.ഷേക്സ്പിയറുടെ ഒരു കഥയായിരുന്നു അതിന്റെ പ്രമേയം. നാടകത്തെ സംബന്ധിച്ചുള്ള നല്ല അഭിപ്രായങ്ങൾ ആ ഗ്രാമത്തിലെ ധനികനായ ഒരു മതഭക്തന്റെ ചെവിയിലുമെത്തി. ഏതു വിധവും നാടകമൊന്നു കാണണമെന്ന് അയാൾക്കും തോന്നി. എന്നാൽ എല്ലാവരും കാണത്തക്കവണ്ണം നാടകശാലയിൽ പോകാൻ അദ്ദേഹം മടിച്ചു. അത് തനിക്കൊരു പോരായ്മയായി തോന്നി. നാടകം കാണാനും കാണാതിരിക്കാനും വയ്യാത്ത അവസ്ഥ.

അവസാനം അദ്ദേഹം മാർഗം കണ്ടെത്തി. അദ്ദേഹം നാടകക്കമ്പനിയുടെ മാനേജർക്ക് ഇപ്രകാരം എഴുതി : 'ഞാൻ നിങ്ങളുടെ നാടകത്തെപ്പറ്റി വളരെ നല്ല അഭിപ്രായം കേട്ടിരിക്കുന്നു. എനിക്കും നാടകം കാണുവാൻ ആഗ്രഹമുണ്ട്. എന്നാൽ എല്ലാവരും കാൺകെ ഞാൻ എങ്ങനെയാണ് നിങ്ങളുടെ നാടകശാലയിൽ വരുന്നത് ? അതുകൊണ്ട് നിങ്ങളുടെ നാടകശാലയുടെ പിന്നിലൂടെ അകത്തു കടക്കുവാനുള്ള വാതിലുണ്ടെങ്കിൽ ഞാൻ അതിലൂടെ നാടകശാലയ്ക്കുള്ളിലേക്കു വരാം.' മാനേജർ അതിന് ഇപ്രകാരം മറുപടി കൊടുത്തു : 'താങ്കളെപ്പോലെയുള്ളവരെയും നാടകശാലയിലേക്കു പ്രവേശിപ്പിക്കുന്നതിനു ഞങ്ങൾ അതിന്റെ പിന്നിൽ ഒരു വാതിൽ വച്ചു പിടിപ്പിച്ചിട്ടുണ്ട്. താങ്കൾക്ക് അതിൽക്കൂടി നിർബാധം നാടകശാലയിലേക്കു പ്രവേശിക്കുകയും നാടകം കാണുകയും ചെയ്യാം.'

സ്വർഗത്തിൽ കടക്കുവാനുള്ള വാതിലാണ് താനെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിരിക്കുന്നു. യാതൊരു മതസ്ഥാപകരും അവകാശപ്പെട്ടിട്ടില്ലാത്ത ഒരു അവകാശത്തെപ്പറ്റിയാണ് യേശുക്രിസ്തു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വർഗത്തിലേക്കുള്ള വാതിലുകളിലൊന്ന് താനെന്നല്ല യേശുക്രിസ്തു പറഞ്ഞത്. പകരം, സ്വർഗത്തിലേക്കുള്ള ഏക വാതിൽ ഞാനാകുന്നുവെന്നാണ്. ഇതിൽ സ്വർഗവാതിലുകൾ എന്ന ആശയം യേശുകർത്താവ് ഉപയോഗിച്ചിട്ടേയില്ല. വാതിൽ എന്ന ഏകവചനമാണ് കർത്താവ് ഉപയോഗിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിനു മുമ്പും പിമ്പും പലരും പല അവകാശവാദങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുപോലെയുള്ള ഒരു അധികാരത്തിന്റെ ശബ്ദം ആരും ഉന്നയിച്ചിട്ടില്ല.ഒരു നാടകശാലയിൽ കടക്കാൻ അനേക വാതിലുകൾ കണ്ടേക്കാം. എന്നാൽ സ്വർഗത്തിലേക്കുള്ള വാതിൽ ഏകമായിരിക്കുന്നു.പല വാതിൽ വഴിയായി സ്വർഗത്തിൽ എത്തിച്ചേരാമെന്നുള്ള ധാരണ അനേകരെ സംബന്ധിച്ചിട്ടുണ്ട്.പല വാതിലുകൾ സ്വർഗത്തിനുണ്ടെങ്കിൽ ആർക്കു വേണമെങ്കിലും സന്ദർഭമനുസരിച്ച് സ്വർഗത്തിൽ കടക്കാമല്ലോ.

ചിന്തക്ക് : യേശു പിന്നെയും അവരോടു പറഞ്ഞത് : 'ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രെ. ആടുകളോ അവരുടെ വാക്കു കേട്ടില്ല.ഞാൻ വാതിലാകുന്നു. എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും. അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും' (യോഹന്നാൻ 10 : 7..9).