വിമർശനങ്ങൾ അതിരുകടക്കുമ്പോൾ

വിമർശനങ്ങൾ അതിരുകടക്കുമ്പോൾ

വിമർശനങ്ങൾ അതിരുകടക്കുമ്പോൾ

 ആന്റോ അലക്സ്

നാളേറെയായി ഞാൻ തൂലിക ചലിപ്പിച്ചിട്ട്... ചിന്തകൾക്ക് ക്ളാവു പിടിച്ചതുകൊണ്ടോ, ആശയങ്ങൾക്ക് ജഡാനരകൾ ബാധിച്ചതുകൊണ്ടല്ല... മറിച്ച് സമയവും സാഹചര്യവും അനുവദിക്കാത്തതാണ് അതിനു കാരണം. എന്നാൽ അല്പസമയം വായനയ്ക്കായി മാറ്റിവെയ്ക്കാറുണ്ട് . പക്ഷെ ചില ദിവസങ്ങളായി ഒരു വാർത്ത മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുന്നു.... സത്യസന്ധൻ എന്ന് പറയപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെ അദ്ദേഹത്തിൻ്റെ മരണശേഷവും പൊതു ഇടങ്ങളിൽ അപമാനിക്കുകയും  പിച്ചിച്ചീന്തുകയും ചെയ്യുന്നതിനു, കൂടെയെന്ന് പറയുന്നവർപ്പോലും കഥകൾ മെനയുന്നു…. അദ്ദേഹത്തിൻറെ മരണംമൂലം നഷ്ടം സംഭവിച്ചിരിക്കുന്നത് ആ കുടുംബത്തിനു മാത്രമാണ്. സമൂഹത്തിനും, ചാനലുകളിൽ  വാതോരാതെ ആധാരചർവണം നടത്തുന്ന ന്യായികരണ തൊഴിലാളികൾക്കും ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല നഷ്ടപ്പെടാനുമില്ല. എന്നാൽ  മെനയുന്ന കഥകൾ ആ കുടുംബത്തെ കൂടുതൽ സങ്കടത്തിൻറെ കയത്തിലേക്ക് തള്ളിയിടുന്നു. വാക്കുകൾ പെരുകുന്നതുമൂലം ആ അമ്മയുടെയും പെൺമക്കളുടെയും ഹൃദയത്തിൽ നിന്നും പൊടിയുന്ന രക്തകണങ്ങൾ ആരും കാണുന്നില്ല.. അതുകാണാൻ ആർക്കും സമയവുമില്ല.

പറയുന്ന വാക്കുകളും കൈയിൽ നിന്നു പോയ ആയുധവും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് പറയാറുണ്ട് . പറയുന്ന വാക്കുകളെ ഗൗരവമായി എടുക്കാൻ നാം ബാധ്യസ്ഥരാണ്. നാവു പിഴയെന്നോ തെറ്റുപറ്റിയെന്നോ പറഞ്ഞിട്ട് കാര്യമില്ല. കാരണം ആ വാക്കുകൾ അന്തരീക്ഷത്തിൽ അങ്ങനെ അലയടിച്ചു കൊണ്ടിരിക്കും. പൊതുഇടങ്ങളിൽ വാക്കുകളാൽ അങ്ങനെ നഗ്നരാക്കപ്പെട്ടവരുടെ മാനസികസ്ഥിതി എന്നെങ്കിലും ഇവർ ചിന്തിച്ചിട്ടുണ്ടാകുമോ? അവർ അങ്ങനെ ഒരാവസ്ഥയിലുടെ കടന്നുപോയാൽ മാത്രമേ അതിൻറെ  ഭീകരത അവർ തിരിച്ചറിയു.

ക്രിസ്‌തുവിൻറെ പരസ്യശുശ്രുഷാകാലയളവിൽ ഇതുപോലൊരു പരസ്യ വിചാരണയിൽ യേശുവിനും പ്രതികരിക്കേണ്ടതായി വന്നു.  യോഹന്നാൻറെ സുവിശേഷം 8 ആം അധ്യായത്തിൽ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രിയെ പരീശന്മാരും ശാസ്ത്രിമാരും ചേർന്ന് യേശുവിൻറെ അടുക്കൽ കൊണ്ടുവരുന്നു. വാക്കിനാലും പ്രവർത്തിയാലും യേശുവിനെ പിടിക്കുന്നതിനുവേണ്ടിയാണ്, മോശയുടെ ന്യായപ്രമാണം ഉദ്ധരിച്ചുകൊണ്ട് അവർ അടുത്തത്. എന്നാൽ അവിടെ ഒരക്ഷരവും മിണ്ടാതെ യേശു കുനിഞ്ഞ് നിലത്തു എഴുതിക്കൊണ്ടിരുന്ന എന്ന് നാം അവിടെ കാണുന്നു. യേശു കുനിഞ്ഞ് എഴുതിയത് അവിടെ കൂട്ടിയിരുന്നവരുടെ പാപമാണെന്ന് പ്രസംഗത്തിലൊക്കെ കേട്ടിട്ടുണ്ട് . നാമായിരുന്നെങ്കിൽ  അവിടെ കൂട്ടിയവരുടെ പാപം വിളിച്ചുപറഞ്ഞ് അതിനിടയിലൂടെ ഒന്നാളാകാൻ ശ്രമിക്കുമായിരുന്നു. എന്നാൽ യേശു പറഞ്ഞവാക്കുകൾ "നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ആദ്യം കല്ലെറിയട്ടെ " എന്നാണ്.  യേശു വീണ്ടും നിലത്ത് വിരൽകൊണ്ട് എഴുതിക്കൊണ്ടിരുന്നു. നിലത്ത് എഴുതുന്നത് കണ്ടിട്ടാണെങ്കിലും അല്ലെങ്കിലും  അവരൊരുടെ പാപം അവർക്ക് തെളിഞ്ഞുവന്നതിനാൽ മൂത്തവർ മുതൽ ഇളയവർ വരെ ഓരോരുത്തരായി പിരിഞ്ഞുപോയി. അവസാനം യേശുവും സ്ത്രീയും മാത്രമായി. യേശു അവളോടു ചോദിക്കുന്നു- നിനക്കാരും ശിക്ഷാവിധിച്ചില്ലയോ ? ഇല്ല എന്ന അവളുടെ ഉത്തരത്തിനു ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല എന്ന മറുപടി ഇന്ന് ചിന്തനീയമാണ്. പൊതുഇടത്തത്തിൽ ക്രിസ്തുവിന്, അവൾക്കുനേരെ ചുരുണ്ടിയവിരലുകളുടെ കപടമുഖമൂടി പിച്ചിച്ചീന്താമായിരുന്നു... അല്ലെങ്കിൽ പാപിനിയുടെ പാപം തുറന്നുകാട്ടി അവളെ സമൂഹത്തിൽ വീണ്ടും നഗ്നയാക്കാമായിരുന്നു. അതിനുപകരം നഗ്നമാക്കപ്പെട്ട അവളുടെ ആത്മാഭിനത്തെ പൊതിയുകയാണ് യേശു ചെയ്തത്.

തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടണം. പക്ഷെ അത് വ്യക്തിഹത്യയിലേക്ക് വഴുതിവീഴരുത് ..... തെറ്റുകൾ കണ്ടാൽ രുക്ഷമായി പ്രതികരിക്കുന്ന പ്രകൃതമാണ് എൻ്റെതും.... അതും എഴുത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനു ഒരു കാരണമാണ് .... റിയൽ എസ്റ്റേറ്റിൽ ജോലിചെയ്യുന്ന എനിക്ക് പലരാജ്യക്കാരുമായും പലഭാഷക്കാരുമായും ഇടപെടേണ്ടതായിട്ടുണ്ട് ... ചില ദിവസങ്ങൾ ആരംഭിക്കുന്നത് തന്നെ രുക്ഷമായ വാദപ്രതിവാദങ്ങളിലൂടെ ആയിരിക്കും. ഇന്ത്യക്കാരിൽ എനിക്കേറ്റവും കൂടുതൽ 'തലവേദനയുണ്ടാക്കിയിട്ടുള്ളത്' മലയാളികളും പ്രത്യേകിച്ച് ഞാൻ ഉൾപ്പെട്ടുനിൽക്കുന്ന വിശ്വാസസമൂഹവുമാണ്.... മറ്റുള്ളവർ തികച്ചും മാന്യന്മാരാണ്. തലക്കനവും അഹങ്കാരവുംകൊണ്ട് മതിമറന്ന ഒരു കൂട്ടമുണ്ടെങ്കിൽ അത് അനുഭവത്തിൻറെ വെളിച്ചത്തിൽ പറയാം - മറ്റാരുമല്ല...നമ്മൾ തന്നെയാണ്. പ്രാർത്ഥനയും പാട്ടും അന്യഭാഷയുമുണ്ടെങ്കിലും സഭയ്ക്ക് പുറത്ത് ലോകമനുഷ്യരെക്കാൾ വിലയില്ലാത്തവരായി നാം അധഃപതിച്ചിരിക്കുന്നു. കഴിഞ്ഞ ചില നാളുകളായി എൻറെ പ്രാർത്ഥതനയിലെ ഒരു വാചകമാണ് 'അരുതാത്ത വാക്കുകൾ' നാവിൽ നിന്നും വീഴുന്നത് തടയണം എന്നുള്ളത്. സങ്കി.141:4 കഴിവതും വായിച്ചിട്ടാണ് ജോലിക്കിറങ്ങറുള്ളത്  .... യഹോവേ, എൻറെ  വായക്കു ഒരു കാവല്‍ നിര്‍ത്തി, എൻറെ അധരദ്വാരം കാക്കേണമേ....

ലൂക്കോസ് 6:37 -ൽ നാം കാണുന്നു, ‘ആരെയും വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല; ആർക്കും ശിക്ഷ വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; എല്ലാവരോടും ക്ഷമിക്കുവിൻ; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിയ്ക്കും.’

പൊതുഇടങ്ങളിൽ ആരെയും നഗ്നരാകാതിരിക്കുക.....

ഈ പുതുവത്സരത്തിൽ , പാപിനിയായ സ്ത്രീയോടുള്ള യേശുവിൻറെ സമീപനം തന്നെ ആയിരിക്കട്ടെ നമ്മുടേതും..... ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല….

Advertisement