ദൈവം മറന്നോ?

ദൈവം മറന്നോ?

ദർശനത്തിനുള്ള അവധി

 ജിൻസി ഷാന്റോ

ജീവിതത്തിൽ പലപ്പോഴും ദൈവം നമുക്ക് വാഗ്ദത്തങ്ങളും ദർശനങ്ങളും നൽകുന്നു. എന്നാൽ ആ ദർശനങ്ങൾ ജീവിതത്തിൽ വൈകുമ്പോൾ നാം സംശയിക്കാറുണ്ട്. ദൈവം മറന്നോ? എന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ലേ? എന്നാൽ ദൈവ വചനം ഇങ്ങനെ പറയുന്നു: ദർശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു. അത് സമാപ്തിയിലേക്ക് ബദ്ധപ്പെടുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്ക. അത് വരും നിശ്ചയം. താമസിക്കയുമില്ല. (ഹബക്കൂക്ക്:2:3)

ഈ വചനത്തിൽ മനുഷ്യന്റെ കാത്തിരിപ്പിനെയും ദൈവത്തിന്റെ സമയത്തെയും ശക്തമായി ഓർമപ്പെടുത്തുന്നു. ദർശനം താത്കാലികമായി വൈകിയേക്കാം. എന്നാൽ അത് ദൈവം പറഞ്ഞതാണെങ്കിൽ തീർച്ചയായും സംഭവിക്കും.

എന്നാൽ എന്തുകൊണ്ട് നമ്മോടുള്ള ദർശനം വൈകുന്നു? നാം ദൈവത്തോട് പ്രാർത്ഥിക്കുന്നത്, പ്രാർത്ഥിച്ച കാര്യങ്ങൾ ഉടനെ ലഭിക്കണം എന്ന പ്രതീക്ഷയിൽ ആണ്. പക്ഷേ കാത്തിരിപ്പിന്റെ സമയങ്ങളെ ദൈവം നമ്മെ ശുദ്ധീകരിച്ച് രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.

അതെ ദൈവ ജനമേ, ഓരോ അനുഗ്രഹങ്ങളും ദൈവം നമുക്ക് നൽകുമ്പോഴും അതിനായി നമ്മെ രൂപപ്പെടുത്തുന്നു. ആ അനുഗ്രഹങ്ങൾ നിറവേറ്റുമ്പോൾ അത് ദൈവമഹത്വത്തിനു കാരണമാകുന്നു. അതോടൊപ്പം തന്നെ നമ്മുടെ ക്ഷമയും വിശ്വാസവും പരീക്ഷിക്കപ്പെടുന്നു.

വേദപുസ്തക അടിസ്ഥാനത്തിലെ ചില ഉദാഹരണത്തിലേക്ക് നമുക്ക് പോകാം: 
ഒന്നാമതായി ഉല്പത്തി പുസ്തകം 12 ആം അദ്ധ്യായം മുതൽ 17 ആം അദ്ധ്യായം വരെ നാം വായിച്ചാൽ അതിൽ അബ്രഹാമിന് ദൈവം നൽകിയ വാഗ്ദാനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. അവനെ വലിയൊരു ജനത ആക്കുമെന്നും അവനിലൂടെ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുമെന്നും ഒരു സന്തതിയെ ലഭിക്കുമെന്നും ഉല്പത്തി പുസ്തകത്തിൽ നാം വായിക്കുന്നു. എന്നാൽ ദൈവത്തിന്റെ സമയം ആയപ്പോൾ അത് നിവർത്തിയായി.

അടുത്തതായി യോസഫിന്റെ ദർശനത്തെ പറ്റിയും നമുക്ക് അറിയാം. ഉല്പത്തി പുസ്തകം 37 ആം അദ്ധ്യായം മുതൽ നാം വായിക്കുമ്പോൾ യോസെഫ് കാണുന്ന സ്വപ്നവും ചില നാളുകൾക്ക് ശേഷം അത് നിവർത്തിയാകുന്നതും നാം കാണുന്നു. എന്നാൽ സ്വപ്നം നിവർത്തി ആകുന്നതിനു മുൻപ് യോസെഫ് പൊട്ട കിണറ്റിൽ തള്ളപ്പെടുകയും കാരാഗ്രഹത്തിൽ ആവുകയും ചെയ്തിരുന്നു.

ദൈവം നമ്മുടെ പ്രാർത്ഥനക്ക് മറുപടി നൽകാൻ വൈകുന്നത് നമ്മെ മറന്നിട്ടല്ല മറിച്ച് ആ അനുഗ്രഹത്തിന് വേണ്ടി നമ്മെ യോഗ്യരാക്കുന്നതാണ്. ഒരു വിത്ത് മണ്ണിൽ ഇട്ടാൽ അത് കിളിർത്ത് ഫലം കായ്ക്കാൻ ഒരുപാട് സമയങ്ങൾ വേണം. അതിനിടയിൽ വിത്ത് വളരാനുള്ള വളവും വെള്ളവും കൃത്യമായി നൽകുകയും പല പ്രതിസന്ധികളിലൂടെ വളർന്ന് അവ നല്ല ഫലം കായിക്കുകയും ചെയ്യുന്നു.

അതേപോലെ ദൈവം നമ്മെ കാത്തിരിപ്പിലൂടെ ഒരുക്കുന്നു. കുശവന്റെ കൈയിലെ കളിമണ്ണ് പോലെ ഈ കാത്തിരിപ്പിന്റെ ദിനങ്ങളിൽ നമ്മെ രൂപപ്പെടുത്തുന്നു.

ആകയാൽ ദൈവ മക്കളെ, വാഗ്ദത്തം ചെയ്തത് കർത്താവാണെങ്കിൽ അത് നിവർത്തി ആകാതെ നാം ഈ ലോകത്ത് നിന്ന് മാറ്റപെടുകയില്ല. ദൈവം നമുക്ക് നൽകുന്ന ദർശനങ്ങളും വാഗ്ദത്തങ്ങളും വെറും പാഴ് വാക്കുകൾ അല്ല. അത് നമുക്ക് നൽകുന്ന ദൈവീക ഉറപ്പാണ്. നീ വിശ്വസിച്ച് കാത്തിരിക്കുമോ? വിശ്വാസത്തിൽ ഉറച്ച്, വിശുദ്ധിയിൽ ജീവിച്ച്, വാഗ്ദത്ത നിവർത്തിയായി കാത്തിരിക്ക. അതിനായി നാം കാണാത്ത സഹചര്യങ്ങളിലൂടെ ദൈവം നമ്മെ നടത്തുകയും ഒരുക്കുകയും ചെയ്യുന്നു.

കാത്തിരിക്ക, ദർശനം വരും നിശ്ചയമായും വരും അത് താമസിക്കയില്ല