ബെഥേലിലെ മധുരിക്കും ഓർമ്മകൾ പങ്കിട്ട് പൂർവ്വ വിദ്യാർത്ഥികൾ

ബെഥേലിലെ മധുരിക്കും ഓർമ്മകൾ പങ്കിട്ട് പൂർവ്വ വിദ്യാർത്ഥികൾ

പുനലൂർ: ഒരുവട്ടംകൂടി ഓർമ്മകളുടെ പൂമുഖത്ത് ബെഥേലിലെ മധുരിക്കും 'മിഠായികൾ'  പങ്കിട്ട് പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയത് നവ്യാനുഭവമായി. അമ്പതുവർഷം മുമ്പെ അവർ ബഥേലിൽ കണ്ടതും കേട്ടതും പഠിച്ചതും ശീലിച്ചതുമെല്ലാം തമ്മിൽ പറഞ്ഞും ചിരിച്ചും ചർച്ചചെയ്തും ബാച്ചിൻ്റെ കൂട്ടായ്മ പുനലൂർ ബഥേൽ ബൈബിൾ കോളേജിൻ്റെ ചരിത്രത്തിലിടം നേടി.

ബെഥേൽ ബൈബിൾ കോളേജിലെ 1975 ലെ ഗ്രാഡുവേറ്റ്സ് ആണ് അമ്പതിൻ്റെ ഒത്തുകൂടലിനു മാധുര്യമേകിയത്. 1972 മുതൽ 75 വരെ ബെഥേലിൽ ഒരു ക്ലാസിൽ പഠിച്ചവരുടെ ഈ കൂട്ടായ്മ ഒരു വ്യത്യസ്ത അനുഭവമായി. വിവിധ തലങ്ങളിൽ സഭാ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന പാസ്റ്റേഴ്സ് അവരുടെ ഓർമ്മൾ പങ്കിട്ടു.

ബെഥേലിലെ പഠനത്തിന്റെ അമ്പതാമത് വർഷത്തിൽ ഈ ഒത്തുചേരലിനു മുൻകൈയെടുത്തത് പൂർവ്വവിദ്യാർത്ഥികളായ പാസ്റ്റർ ശശി ജോണും, ഇപ്പോൾ സൗത്ത്‌ ഇൻഡ്യാ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ജനറൽ സെക്രട്ടറിയുമായിരിക്കുന്ന ഡോ.കെ. ജെ.മാത്യുവുമാണ്.  

പാസ്റ്റർ എം.ജെ ഫിലിപ്പ്‌, പാസ്റ്റർ സാം റ്റി. ബേബി, പാസ്റ്റർ സി.വൈ.തങ്കച്ചൻ, ഡോ.കെ.ജെ.മാത്യു എന്നിവരെ കൂടാതെ പാസ്റ്റർ ശശി ജോൺ ഡൽഹിയിൽ നിന്നും പാസ്റ്റർ ജെ. സെൽവരാജ്‌ മലബാറിൽ നിന്നും എത്തി. ഈ ക്ലാസിലെ മറ്റു വിദ്യാർത്ഥികളാണ് പാസ്റ്റർ പി കെ. മാത്യുവും പാസ്റ്റർ സി.ജെ ശമുവേലും. ഇവരുടെ പിന്തുണയും ഈ കൂട്ടായ്മയെ ധന്യമാക്കി. 

ബഥേലിലെ ചാപ്പലിൽ നടന്ന സംഗമത്തിനു പ്രിൻസിപ്പൽ റവ.ഡോ. ജയിംസ്‌ ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ചു. ഈ ഉദ്യമത്തിന് മുൻകൈയെടുക്കുകയും അത് യാഥാർത്ഥ്യമാക്കുകയും ചെയ്ത 75 ലെ ഗ്രാജുവേറ്റ്സിനെ പ്രിൻസിപ്പൽ അഭിനന്ദിച്ചു. എല്ലാവരെയും ഹൃദയപൂർവ്വം വീണ്ടും ബഥേലിലേക്ക് സ്വാഗതം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ഈ മീറ്റിംഗിൽ തങ്ങളുടെ അൻപതു വർഷത്തെ ശുശ്രൂഷാനുഭവങ്ങളും ബെഥേലിലെ പഴയ ഓർമ്മകളും പങ്കു വച്ചത്‌ വിദ്യാർത്ഥികൾക്ക്‌ ആവേശവും സന്തോഷവും പകർന്നു. റവ. ഡോ. ജോൺസൺ ജി. സാമുവൽ കോളേജിനെ പ്രതിനിധീകരിച്ച് ആശംസ അറിയിച്ചു. പാസ്റ്റർ സാം പി. മാത്യു, റവ.എ.ജോസ് എന്നിവർ പ്രാർത്ഥിച്ചു.പ്രായത്തിന്റെ വെല്ലുവിളികളിൽ തളരാതെ കർത്തൃ ശുശ്രൂഷയിൽ നിറസാന്നിധ്യം ആയിരിക്കുന്ന പാസ്റ്റേഴ്സിനോട് ഒത്തൊരുമിച്ചുള്ള കൂട്ടായ്മ ബഥേലിനും ഒരു നവചൈതന്യമായി. കോളേജിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവന റവ. സാം റ്റി. ബേബി പ്രിൻസിപ്പലിന് കൈമാറി. ഓരോ വർഷത്തെയും ഗ്രാജുവേറ്റ്സ് ഒത്തുകൂടുന്നതിനും കൂട്ടായ്മ ബന്ധം വർദ്ധിപ്പിക്കുന്നതിനും ഈ തുടക്കം ഒരു വഴികാട്ടിയാകും എന്നുള്ളതിന് സംശയമില്ല. 

50 വർഷം പിന്നിടുന്ന ബെഥേൽ ബൈബിൾ കോളജിലെ (1972-75) ബാച്ചിനു ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥി സംഘടനയും ആശംസകൾ നേർന്നു.

Advertisement